| Saturday, 28th August 2021, 1:47 pm

ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; ബി.ജെ.പി പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഒ. രാജഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. ദേശീയ പാത വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും പ്രദേശവാസികള്‍ക്ക് സൗജന്യ യാത്രക്ക് സംവിധാനം ഒരുക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.

കഴക്കൂട്ടം – കാരോട് ബൈപ്പാസ് തിരുവല്ലം ടോള്‍ പ്ലാസയിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം വേണം, എന്നാല്‍ വികസനം ഉണ്ടാക്കുന്ന വിഷമങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.

‘ദേശീയ പാതയുടെ വിഷയം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. ജനങ്ങള്‍ക്ക് വിഷമം ഉണ്ടാക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കേണ്ടതാണെന്നാണ് ബി.ജെ.പിയുടെ നിലപാട്. വികസനം ഉണ്ടാവണം. അതോടൊപ്പം വികസനത്തിന്റെ ഭാഗമായുണ്ടാവുന്ന വിഷമങ്ങള്‍ പരമാവധി കുറക്കണം. ടോള്‍ പിരിക്കുന്ന സാഹചര്യത്തില്‍ സമീപവാസികള്‍ക്ക് സൗജന്യമായി കടന്നുപോകാന്‍ കഴിയണം.’ രാജഗോപാല്‍ പറഞ്ഞു.

അതേസമയം തിരുവല്ലം ടോള്‍ പ്ലാസയിലെ പിരിവിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. നിലവില്‍ ഇവിടെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

റോഡ് പണി പൂര്‍ണമാവുന്നതിന് മുമ്പ് തന്നെ ടോള്‍ പിരിവ് തുടങ്ങിയെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന പ്രദേശവാസികള്‍ക്ക് 285 രൂപയുടെ ഒരുമാസത്തെ പാസ് നല്‍കാമെന്നാണ് കരാര്‍ എടുത്ത കമ്പനി പറയുന്നത്.

എന്നാല്‍ പ്രദേശവാസികള്‍ക്ക് യാത്ര സൗജന്യമാക്കണമെന്നാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങളില്‍ ഒന്ന്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

O Rajagopal criticizes central government in BJP protest

We use cookies to give you the best possible experience. Learn more