തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതല്‍ കടന്നാക്രമിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നത് കുറവാണെന്നും തന്റെ ബോധ്യത്തില്‍ നിന്നുമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പിണറായി വിജയനോട് വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ശരിയാണ്. കൂടുതല്‍ ശക്തമായി ഞാന്‍ ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത് എങ്ങനെ സാധിക്കും? എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അല്ലേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇപ്പോള്‍ എതിര്‍ചേരിയിലാകുന്നവര്‍ നാളെ നമ്മുടെ ചേരിയിലേക്കു വരാം എന്നതു കണ്ടു വേണം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍. രണ്ടു തരത്തില്‍ ഉള്ളവരെ രാഷ്ട്രീയത്തിലുളളൂ. ഒന്ന്, ഇപ്പോള്‍ കൂടെ നില്‍ക്കുന്നവര്‍, രണ്ട്, നാളെ കൂടെ വരേണ്ടവര്‍. ആ ഒരു സമീപനം വച്ചു കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്.
എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ നീങ്ങുക എന്നതാണ് ആത്യന്തികമായി രാഷ്ട്രീയത്തില്‍ ലാഭകരം. അന്ധമായി എതിര്‍പ്പ് പ്രയോജനം ചെയ്യില്ല. അതു പക്ഷേ, പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും ദഹിച്ചുവെന്നു വരില്ല. പക്ഷേ എനിക്കു വേറെ ഗൂഢമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അവര്‍ക്കും അറിയാം,’ ഒ രാജഗോപാല്‍ പറഞ്ഞു.
കെ. സുരേന്ദ്രന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണെന്നും രാജഗോപാല്‍ പറഞ്ഞു.
എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് ചില പരാതികളുണ്ടെന്നത് ശരിയാണ്. അതു ശരിയാക്കിക്കൊണ്ടുപോകും. ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിക്കാന്‍ നമ്മുടെ സമീപനങ്ങളിലും പെരുമാറ്റത്തിലുമെല്ലാം ചില മാറ്റം വേണ്ടി വരുമെന്നു നേതാവ് എന്ന നിലയിലുള്ള വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സുരേന്ദ്രനു തന്നെ ബോധ്യം വരുമെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനവും താനും ഒരു പോലെയല്ലെന്നും ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞിരുന്നു. താന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയായാണ് പൊതുവെ പറയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കുമ്മനത്തിന്റെ കാര്യത്തിലാണ് പ്രതീക്ഷ പലര്‍ക്കുമുള്ളത്. അതു കണ്ടറിയണം. ഞങ്ങള്‍ രണ്ടു പേരും ഒരു പോലെ അല്ല. ഞാന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയാണ് എന്നാണ് പൊതുവില്‍ പറയുന്നത്. കുമ്മനം മികച്ച സാമൂഹിക പ്രവര്‍ത്തകനാണ്. ആധ്യാത്മിക, സാമൂഹിക രംഗങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നയാളാണ്. ആ മേഖലയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും വളരെ വലുതാണ്. പക്ഷേ, എല്ലാം കൂടി ചേരുമ്പോള്‍ എത്രത്തോളം മതിയാകും എന്നത് ഇനി അറിയാനുള്ളതാണ്,’ ഒ രാജഗോപാല്‍ പറഞ്ഞു.
എന്നാല്‍ ഇത്തവണ എത്ര സമ്മര്‍ദ്ദമുണ്ടായാലും താന്‍ മത്സരിക്കില്ലെന്നും തന്റെ നിലപാട് ആദ്യമേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം പരസ്പരം വിട്ടുവീഴ്ച ചെയ്യാനുള്ള വേദിയാണെന്നും അതുകൊണ്ടാണ് താന്‍ കേരളത്തിലെ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും അകാരണമായി എതിര്‍ക്കാത്തതെന്നും കുമ്മനം പറഞ്ഞു.
പാര്‍ട്ടിയെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമാകുമെന്നും അത്തരക്കാര്‍ അത് തന്നോട് പറയാറുണ്ട്. അത് മാനിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വളരുന്ന പാര്‍ട്ടി എന്ന പ്രതിച്ഛായയാണ് ബി.ജെ.പിക്കുള്ളത്. അതിനാല്‍ വാതിലുകള്‍ തുറന്നിടുകയാണ് വേണ്ടത്. അത് സഹപ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ മത്സരത്തിനില്ലാ എന്ന് കുമ്മനം രാജശേരന്‍ വ്യക്തമാക്കിയിരുന്നു. മത്സരിക്കുന്നില്ലാ എന്നത് പാര്‍ട്ടിയുടെ തീരുമാനമല്ലെന്നും വ്യക്തിപരമായ തീരുമാനമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക