| Thursday, 25th May 2017, 10:51 am

'മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു'; ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടുണ്ടെന്നും ഹരീഷ് സാല്‍വേ ഹാജരായിട്ടുണ്ടെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവുമായി നേമം എം.എല്‍.എ ഒ. രാജഗോപാല്‍ രംഗത്ത്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് താന്‍ സഭയില്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് എം.എല്‍.എയുടെ ആരോപണം.

ഈ മാസം 17-ന് രാജഗോപാല്‍ സഭയില്‍ ചോദിച്ച നക്ഷത്ര ചിഹ്നമിടാത്ത 4166-ആം നമ്പര്‍ ചോദ്യവും അതിന് മുഖ്യമന്ത്രി നല്‍കിയ ഉത്തരവും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. “ലാവ്‌ലിന്‍ കേസ് സുപ്രീംകടതിയില്‍ വാദിക്കുന്നതിന് ഹരീഷ് സാല്‍വേയുടെ ഫീസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ?” എന്നായിരുന്നു ചോദ്യം.


Also Read: ബാങ്ക് ലോണെടുത്ത് മോഹനന്‍ പണിത വീടിന്റെ ക്രഡിറ്റ് ഏറ്റെടുത്ത് പിണറായി സര്‍ക്കാര്‍: നിയമസഭയില്‍ സര്‍ക്കാറിനെ നാണംകെടുത്തി വി.ഡി സതീശന്‍


ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്. ഈ ഉത്തരത്തിനെതിരെയാണ് രാജഗോപാല്‍ എം.എല്‍.എ രംഗത്തെത്തിയത്.

ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടുണ്ട് എന്നും പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വേ കേസിനായി ഹാജരായിട്ടുണ്ടെന്നുമാണ് ഒ. രാജഗോപാല്‍ അവകാശപ്പെടുന്നത്. ഇതിനായി സാല്‍വേയ്ക്ക് വന്‍തുകയാണ് ഫീസായി നല്‍കിയതെന്നും നേമം എം.എല്‍.എ പറയുന്നു.

മുഖ്യമന്ത്രി അസത്യമായ മറുപടിയാണ് സഭയില്‍ നല്‍കിയത് എന്നിരിക്കെ ഇതിനെതിരെ സഭാ ചട്ടങ്ങള്‍ പ്രകാരം വ്യാഴാഴ്ച നടപടിയെടുക്കുമെന്നും രാജഗോപാല്‍ അറിയിച്ചു. സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയ്‌ക്കെതിരെ സ്പീക്കറെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Don”t Miss: ഇനി മുതല്‍ ബി.എസ്.എന്‍.എല്‍ ‘ഫുള്‍ റേഞ്ചില്‍’; സാറ്റലൈറ്റ് ഫേണ്‍ സേവനമാരംഭിച്ച് ബി.എസ്.എന്‍.എല്‍


വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് കേസ് കോടതിയിലെത്തിയത്. ഹരീഷ് സാല്‍വെ, എഫ്.എസ്. നരിമാന്‍ എന്നീ അഭിഭാഷകരാണ് ലാവിലിന്‍ കേസിനായി സുപ്രീം കോടതിയില്‍ ഹാജരായത്. 2009 ഓഗസ്റ്റ് 30-നായിരുന്നു ഇത്. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ ഇതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. -ഒ. രാജഗോപാല്‍ പറയുന്നു.

അന്നത്തെ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്, ലാവ്‌ലിന്‍ കേസില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് അനുമതി നല്‍കി. ഇതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍, ജസ്റ്റിസ് ബി.എസ്. സുദര്‍ശന്‍ റെഡ്ഡി എന്നിവരുടെ ബെഞ്ചിലാണ് കേസ് വന്നത്. ഹര്‍ജിയില്‍ പിണറായി വിജയനു വേണ്ടി ഹാജരായത് എഫ്.എസ്. നരിമാനാണ്. സംസ്ഥാനത്തിനു വേണ്ടി ഹരീഷ് സാല്‍വെയും. ഹരീഷ് സാല്‍വെ, അന്ന് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച്, ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന് വാദിക്കുകയും ചെയ്തെന്നും രാജഗോപാല്‍ പറയുന്നു.


Also Read: ഇടതു ഭരണം നീണാള്‍ വാഴട്ടേ, വിപ്ലവം ജയിക്കട്ടെ; കേരളം ബംഗാളല്ല; റുമാനിയയോ കംപൂച്ചിയയോ ആയാലും വിജയേട്ടന് പുല്ലാണ്: ജയശങ്കര്‍


കോടതി രേഖകളില്‍ രാജഗോപാല്‍ എം.എല്‍.എയുടെ വാദങ്ങള്‍ ശരിയാണെന്ന് കാണാം. അടുത്തിടെ ലാവ്‌ലിന്‍ കേസ,് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ഹരീഷ് സാല്‍വേയായിരുന്നു പിണറായിക്ക് വേണ്ടി ഹാജരായത്. ചോദ്യം ചോദിച്ച ഒ. രാജഗോപാലിന് കോടതി മാറിപ്പോയതാണെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാജഗോപാല്‍ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more