തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാല്‍. ബി.ജെ.പിയുടെ പ്രവര്‍ത്തനരീതി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വെറുതെ കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റാനാകണം’, രാജഗോപാല്‍ പറഞ്ഞു.
സി.പി.ഐ.എം-ബിജെ.പി കൂട്ടുകെട്ടിനെക്കുറിച്ച് അറിയില്ലെന്നും കോണ്‍ഗ്രസുമായോ സി.പി.ഐ.എമ്മുമായോ ഒരു കൂട്ടുകെട്ടിനുമില്ലെന്നും ബാലശങ്കറിന്റെ വെളിപ്പെടുത്തലിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
നേരത്തേയും ബി.ജെ.പിയെ വെട്ടിലാക്കി രാജഗോപാല്‍ രംഗത്തെത്തിയിരുന്നു. നേമത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് രാജഗോപാല്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഒ.രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
”ഞാന്‍ പ്രതിപക്ഷത്ത് തന്നെയാണ്. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: O Rajagopal BJP Kerala Conflict Kerala Election 2021