Advertisement
Daily News
ഗവര്‍ണര്‍ക്കെതിരായ പ്രസ്താവന: ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി ഒ. രാജഗോപാലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 15, 05:37 am
Monday, 15th May 2017, 11:07 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം കസേരിയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവന തള്ളി ഒ. രാജഗോപാലന്‍ എം.എല്‍.

പ്രസ്താവന യുവാക്കളുടെ വികാരപ്രകടനമായി കണ്ടാല്‍ മതിയെന്നും ഗവര്‍ണറെ അപമാനിക്കുക തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമല്ലെന്നും ഒ. രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എം.ടി രമേശും ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയിരുന്നു.


Dont Miss കുമ്മനത്തിനെതിരെ കേസെടുക്കേണ്ടി വരുമെന്ന് പിണറായി ; സി.പി.ഐ.എം ആഹ്ലാദപ്രകടനമെന്ന ട്വീറ്റ് വാസ്തവിരുദ്ധം 


ആരോടും ഇറങ്ങിപ്പോകാന്‍ പറയുന്നത് തങ്ങളുടെ പാര്‍ട്ടിയുടെ നയമല്ലെന്നായിരുന്നു എം.ടി രമേശിന്റെ പ്രതികരണം.

കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തിലായിരുന്നു ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്. പദവിയോടു ഗവര്‍ണര്‍ അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലൂടെ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ശോഭ സുരേന്ദ്രന്റെ പ്രതിഷേധം. കണ്ണൂരില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തിലും ഗവര്‍ണര്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു.