തിരുവനന്തപുരം: കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി ഒ. രാജഗോപാല്‍ എം.എല്‍.എ. അദ്ദേഹത്തിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നാണ് ഒ. രാജഗോപാല്‍ പറഞ്ഞത്.
ഇഷ്ടമുള്ളപ്പോഴെല്ലാം ഓടിച്ചെന്ന് കുശലാന്വേഷണം നടത്താനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസ് എന്നാണ് പ്രധാനമന്ത്രി കാണാന്‍ അനുവദിക്കുന്നില്ലെന്ന പിണറായിയുടെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് ഒ. രാജഗോപാല്‍ പറഞ്ഞത്.
ദല്‍ഹിയില്‍ പാര്‍ട്ടിയോഗത്തിന് പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നതിന് പിന്നില്‍ മറ്റുപല ഉദ്ദേശങ്ങളും കാണും. യാത്ര ഔദ്യോഗികമാക്കുന്നതുകൊണ്ട് ഗുണമുണ്ടാകും. പക്ഷേ അതിന് പ്രധാനമന്ത്രി നിന്ന് തരണമെന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്‌നമെന്നും രാജഗോപാല്‍ പറഞ്ഞു.
മോദി സര്‍ക്കാറിന് കേരളത്തോട് രാഷ്ട്രീയ വിരോധമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മോദിയോടുള്ള വിരോധം കൊണ്ടാണ്. കേരളത്തോട് കേന്ദ്രം എന്ത് വിരോധമാണ് കാട്ടിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം വകുപ്പ് മന്ത്രിക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. സഹപ്രവര്‍ത്തകരുടെ കാര്യപ്രാപ്തിയിലുള്ള പ്രധാനമന്ത്രിയുടെ വിശ്വാസമാണ് അത് തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ മുഖ്യമന്ത്രി കാണേണ്ടിയിരുന്നത് കേന്ദ്ര ഭക്ഷ്യമന്ത്രിയെയായിരുന്നു. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഉപദേശമെങ്കിലും തേടാമായിരുന്നു. പിണാറായി മോദി വിരുദ്ധ പ്രസ്താവന നടത്തുമ്പോള്‍ വി.എസ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തിയ പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ അനുകൂല നിലപാട് നേടിയെടുത്തു.
ദല്‍ഹിയിലില്ലായിരുന്ന കേന്ദ്രമന്ത്രി വി.എസിനെ കാണാനായി മാത്രം അവിടെയെത്തിയത് കേരളത്തോട് കാണിക്കുന്ന വിരോധമാണോ സ്‌നേഹമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനായ പ്രധാനമന്ത്രിയെ കാണാന്‍ മൂന്നാലുദിവസം ദല്‍ഹിയില്‍ തങ്ങേണ്ടിവന്ന അനുഭവം മുന്നിലുണ്ടെന്നു പറഞ്ഞു രാജഗോപാല്‍ പ്രധാനമന്ത്രിയുടെ നടപടിയെ ന്യായീകരിച്ചു.
മുഖ്യമന്ത്രി ദല്‍ഹിയില്‍ പോയത് കേന്ദ്രവിരുദ്ധസമരം സംഘടിപ്പിക്കാന്‍ വേണ്ടിയുള്ള സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണെന്നും ആ സമയത്ത് പ്രധാനമന്ത്രിയെ കാണാനായി കത്തുനല്‍കുക മാത്രമേ ചെയ്തുള്ളൂവെന്നും രാജഗോപാല്‍ കൊല്ലത്ത് പറഞ്ഞിരുന്നു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിവേദനം നല്‍കുന്നതിനായി പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരുന്നില്ല. ഇത് മോദി സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് സംസ്ഥാനത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് മുഖ്യമന്ത്രി ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും പലവട്ടം ശ്രമിച്ചിട്ടും പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം നല്‍കാത്ത നിലപാട് ചരിത്രത്തില്‍ ആദ്യമാണെന്നും മുഖ്യമന്ത്രി പിന്നീട് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.