തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി വളരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയുമായി ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാല്‍. സംസ്ഥാനത്തെ സാക്ഷരതയും വിദ്യാഭ്യാസവും ചൂണ്ടിക്കാട്ടിയായിരുന്നു ഒ. രാജഗോപാലിന്റെ മറുപടി.
കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച പെട്ടെന്ന് സാധ്യമാകാത്തതിന് സാക്ഷരത പ്രധാന ഘടകമാണെന്നും, കേരളത്തില്‍ 90 ശതമാനം സാക്ഷരതയുണ്ടെന്നും അദ്ദേഹം പറയുന്നു.
‘മറ്റിടങ്ങളില്‍ നിന്നും വ്യത്യാസമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ രണ്ട് മൂന്ന് വ്യത്യസ്ത ഘടകങ്ങളുണ്ട്. കേരളത്തില്‍ 90 ശതമാനം സാക്ഷരതയുണ്ട്. അവര്‍ ചിന്തിക്കുന്നു, സംവദിക്കുന്നു. ഇവ വിദ്യാസമ്പന്നരുടെ ശീലങ്ങളാണ്. അത് ഒരു പ്രശ്നമാണ്.
രണ്ടാമത്തെ പ്രത്യേകത സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതിനാല്‍ എല്ലാ കണക്കുകൂട്ടലുകളിലും ഈ വ്യത്യസ്തത കടന്നുവരും.
അതുകൊണ്ടാണ് കേരളത്തെ മറ്റേതൊരു സംസ്ഥാനവുമായും താരതമ്യപ്പെടുത്താന്‍ കഴിയാത്തത്. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. എന്നാല്‍ ഞങ്ങള്‍ പതിയെ വളരുകയാണ്. സാവധാനത്തിലും സ്ഥിരതയോടെയും.’ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
ത്രിപുരയിലും ഹരിയാനയിലും ഇടംകണ്ടെത്തിയ ബി.ജെ.പി കേരളത്തില്‍ രാഷ്ട്രീയ ഇടം കണ്ടെത്താത്തത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിനായിരുന്നു രാജഗോപാലിന്റെ മറുപടി.
ആരോഗ്യകാരണങ്ങളാലാണ് നേമത്ത് മത്സരിക്കാത്തതെന്നും തനിക്ക് 93 വയസായെന്നും രാജഗോപാല്‍ പറഞ്ഞു. എങ്കിലും ഇത്തവണ നേമത്ത് പ്രചരണത്തിനിറങ്ങുമെന്നും രാജഗോപാല്‍ പറഞ്ഞു.
നേമത്ത് ഇത്തവണ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ. മുരളീധരന്‍ വന്നതോടെ മണ്ഡലം ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
മുരളീധരന്റെ പിതാവ് കെ. കരുണാകരന്‍ ഒരു സമര്‍ത്ഥനായ രാഷ്ട്രീയ നേതാവായിരുന്നു. മുരളീധരനുമായി തനിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ അച്ഛന്‍ അച്ഛനും മകന്‍ മകനും മാത്രമാണ്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും കോണ്‍ഗ്രസിന്റെ പ്രതിച്ഛായ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷത്തിരിക്കുന്ന അവരെ വിശ്വാസത്തിലെടുക്കാന്‍ ജനങ്ങള്‍ തയ്യാറല്ലെന്നും രാജഗോപാല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഇത്തവണ ഇടതുമുന്നണിക്കാണ് മുന്‍തൂക്കമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയാം. അദ്ദേഹം കുറച്ചേ സംസാരിക്കൂ. എന്നാല്‍ ലക്ഷ്യം നിറവേറ്റും.
അദ്ദേഹത്തിന്റെ മേന്മകള്‍ നിഷേധിക്കാനാവില്ല. സത്യം അംഗീകരിച്ചേ മതിയാകൂവെന്നും മനപൂര്‍വം കള്ളംപറഞ്ഞിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.
പെട്രോളിന്റേയും ഡീസലിന്റേയും വിലവര്‍ധനവ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഒരു സംസ്ഥാനവും വിലവര്‍ധനവിനെതിരെ ഇതുവരെ രംഗത്തെത്തിയിട്ടില്ലെന്നും വിലവര്‍ധനവിന്റെ ഗുണം ലഭിക്കുന്നതും സംസ്ഥാനങ്ങള്‍ക്ക് കൂടി ആണെന്നതുകൊണ്ടാണ് അതെന്നുമായിരുന്നു രാജഗോപാലിന്റെ മറുപടി.
പക്ഷേ അത് സാധാരണക്കാരെ ബാധിക്കുന്നില്ലേ എന്ന ചോദ്യത്തിന് അതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അന്താരാഷ്ട്ര ശക്തികളാണ് അതില്‍ ഇടപെടുന്നത് എന്നുമായിരുന്നു രാജഗോപാലിന്റെ മറുപടി. ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ലെന്നും അറബ് രാജ്യങ്ങളും അവരുടെ രാഷ്ട്രീയവും അമേരിക്കയുടെ താത്പര്യവും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്നും ഇത് നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കില്ലെന്നുമായിരുന്നു രാജഗോപാലിന്റെ മറുപടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക