| Friday, 24th May 2019, 3:41 pm

എനിക്ക് കിട്ടിയ വോട്ടുകള്‍ കുമ്മനത്തിന് കിട്ടില്ല; ശബരിമലയുടെ നേട്ടം മണ്ണുംചാരി നിന്ന യു.ഡി.എഫ് കൊണ്ടുപോയി: ഒ. രാജഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും കേരളത്തിലുണ്ടായ തിരിച്ചടി നിരാശാജനകമാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍.

ശബരിമല വിഷയത്തില്‍ ബി.ജെ.പി നന്നായി പോരാടിയെങ്കിലും ഗുണം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം മണ്ണും ചാരി നിന്നവര്‍ കൊണ്ടുപോകുകയായിരുന്നു. ഒന്നും ചെയ്യാത്ത യു.ഡി.എഫിനാണ് ശബരിമലയുടെ ഗുണം കിട്ടിയത്. അതുകൊണ്ടാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മൂന്നാമതായതെന്നും രാജഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരത്തെ കുമ്മനത്തിന്റെ തോല്‍വിക്ക് കാരണം സി.പി.ഐ.എം വോട്ട് മറിച്ചതുകൊണ്ടാണെന്നും ഇതിന് നേതൃത്വം നല്‍കിയത് തിരുവനന്തപുരത്തെ മന്ത്രിയും മേയറും ചേര്‍ന്നാണെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.

തനിക്ക് നേമത്ത് കിട്ടിയ വോട്ടുകള്‍ കുമ്മനത്തിന് കിട്ടില്ല. കാരണം ആ വോട്ടുകളെല്ലാം വ്യക്തിബന്ധത്തിന്റെ പുറത്ത് കിട്ടിയാണ്. അത്തരം ബന്ധങ്ങള്‍ വെച്ചുകിട്ടുന്ന വോട്ടുകള്‍ മറ്റുള്ളവര്‍ക്ക് കിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു. നേമത്ത് പതിനെട്ടായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിടത്ത് ഇത്തവണ അത് എട്ടായിരമായി കുറയുകയായിരുന്നു. വട്ടിയൂര്‍കാവിലും കഴക്കൂട്ടത്തും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 4,16131 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമതെത്തിയ കുമ്മനത്തിന് 3,16,142 വോട്ടുകളാണ് നേടാനായത്. ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ 2,58,556 വോട്ടിലേക്ക് ചുരുങ്ങുകയും ചെയ്തു.

We use cookies to give you the best possible experience. Learn more