എല്‍.ഡി.എഫിന് അത് സാധിച്ചു, അതുകൊണ്ട് വിജയിച്ചു; സുരേന്ദ്രന്റെ വോട്ടുകച്ചവട ആരോപണത്തെ തള്ളി ഒ. രാജഗോപാല്‍
Kerala News
എല്‍.ഡി.എഫിന് അത് സാധിച്ചു, അതുകൊണ്ട് വിജയിച്ചു; സുരേന്ദ്രന്റെ വോട്ടുകച്ചവട ആരോപണത്തെ തള്ളി ഒ. രാജഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2020, 1:40 pm

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി പരാജയപ്പെട്ടത് എല്‍.ഡി.എഫും യു.ഡി.എഫും ഒത്ത് കളിച്ചിട്ടാണെന്ന ആരോപണത്തെ തള്ളി ഒ. രാജഗോപാല്‍ എം.എല്‍.എ.

തിരുവനന്തപുരത്ത് ബി.ജെ.പി പരാജയപ്പെട്ടതിന് കാരണം യു.ഡി.എഫും എല്‍.ഡി.എഫും ഒത്തു കളിച്ചിട്ടാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു.

ക്രോസ് വോട്ട് നടന്നെന്നതിന് ഒരു തെളിവുമില്ലെന്നും അതിന് പാര്‍ട്ടിക്കുള്ളില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം ജനങ്ങളുടെ പ്രീതി നേടുന്ന കാര്യത്തില്‍ വേണ്ടത്ര വിജയിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ജനസേവനത്തില്‍ ഏര്‍പ്പെടണം. അപ്പഴേ ജയിക്കാന്‍ സാധിക്കൂവെന്നും എല്‍ഡി.എഫിന് അത് സാധിച്ചെന്നും രാജഗോപാല്‍ പറഞ്ഞു.

സീറ്റ് വിഭജനത്തില്‍ പോരായ്മയുണ്ടായി. ഒത്തൊരുമയും കൂട്ടായ്മയും നിലനിര്‍ത്തുക പ്രധാനമാണ്. അങ്ങനെയാണ് മുന്നോട്ട് പോകേണ്ടത്. തോന്നിയ പോലെ പരീക്ഷണം നടത്തിയാല്‍ അബദ്ധത്തിലാവുമെന്നും രാജഗോപാല്‍ പറഞ്ഞു.

പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഗതി പോരെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ഉള്‍പ്പെടെ ബി.ജെ.പി പരാജയപ്പെട്ടത് എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചിട്ടാണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. തിരുവനന്തപുരത്ത് ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് മറിച്ചെന്നും സുരേന്ദ്രന്‍ വാദച്ചിരുന്നു. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് ധാരണയുണ്ടായെന്ന കാര്യം തെളിഞ്ഞെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തിരുവനന്തപുരത്തി ബി.ജെ.പിക്കെതിരെ നടന്നത് നീചമായ വോട്ടു കച്ചവടമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: O. Raja Gopal against K surendran’s allegation against cross vote