ഒ.ആര്‍. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രാജ്ഭവനിലെ ചടങ്ങിൽ പങ്കെടുത്ത് പ്രതിപക്ഷവും
Kerala News
ഒ.ആര്‍. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രാജ്ഭവനിലെ ചടങ്ങിൽ പങ്കെടുത്ത് പ്രതിപക്ഷവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2024, 5:57 pm

തിരുവനന്തപുരം: മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒ.ആര്‍. കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമമാണ് ഒ.ആര്‍ കേളുവിന് ചുമതലയുള്ള വകുപ്പുകള്‍. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സി.ഐ.ഐ.എം മന്ത്രിയാണ് ഒ.ആര്‍. കേളു. വയനാട്ടില്‍ നിന്നുള്ള ഏക കാബിനറ്റ് അംഗം കൂടിയാണ് ഇദ്ദേഹം.

സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. ആലത്തൂര്‍ എം.പിയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ.ആര്‍. കേളു കാബിനറ്റിലേക്ക് എത്തുന്നത്.

ചടങ്ങില്‍ പ്രതിപക്ഷ നേതാക്കള്‍ എത്തിയതും മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം സംസാരിക്കാതിരുന്നതും ശ്രദ്ധേയമായി. കെ.ബി. ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വയനാട്ടില്‍ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഒ.ആര്‍. കേളു പറഞ്ഞു. ജില്ലയില്‍ നിന്ന് ഒരു മന്ത്രിയുണ്ടായതില്‍ ജനങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് മെഡിക്കല്‍ കോളേജില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വന്യ ജീവി പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി സംസാരിച്ച് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: O.R. Kelu took oath as minister