ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സന്തതസഹചാരിയും ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എ.ഐ.എ.ഡി.എം.കെ) മുന്‍ നേതാവുമായ ശശികലയെ സന്ദര്‍ശിച്ചതിന് പിന്നാലെ ഒ. പനീര്‍ശെല്‍വത്തിന്റെ സഹോദരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എ.ഐ.എ.ഡി.എം.കെ.
പനീര്‍ശെല്‍വത്തിന്റെ സഹോദരന്‍ ഒ. രാജയടക്കം നാല് പേരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം പുറത്താക്കിയിരിക്കുന്നത്.
ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനിസാമിയും ചേര്‍ന്നാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കാര്യം അറിയിച്ചത്.
തേനി ജില്ലയിലെ എ.ഇ.എ.ഡി.എം.കെ ലിറ്റററി വിംഗിന്റെ സെക്രട്ടറി എസ്. മുരുകേശന്‍, മത്സ്യത്തൊഴിലാളി വിഭാഗം സെക്രട്ടറി വൈഗൈ കറുപ്പുജി, ജയലളിത പേരാവൈ സെക്രട്ടറി എസ്. സേതുപതി എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരുമായി ഒരു തതരത്തിലുള്ള ബന്ധവും വെച്ചുപുലര്‍ത്തരുതെന്നും എ.ഐ.എ.ഡി.എം.കെ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ എ.ഐ.എ.ഡി.എം.കെയ്ക്ക് ശശികലയെ പോലെ ഒരു നേതാവിനെയാണ് ആവശ്യമെന്ന് ഒ. രാജ പറഞ്ഞു.
‘എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ അവര്‍ (ഒ. പനീര്‍ശെല്‍വം, എടപ്പാടി പളനിസാമി) ആരാണ്? എം.ജി.ആര്‍ പാര്‍ട്ടി സ്ഥാപിച്ചത് മുതല്‍ ഞാന്‍ പാര്‍ട്ടിയില്‍ അംഗമാണ്.
ജയലളിത പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്തിയപ്പോഴും ഞാന്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചു നിന്നു. എന്നെ സംബന്ധിച്ച് ജയലളിതയാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. അതിനാല്‍ തന്നെ എന്നെ പുറത്താക്കിയത് നിയമവിരുദ്ധമാണ്,’ ഒ. രാജ പറഞ്ഞു.
ഇപ്പോഴുള്ള നേതൃത്വത്തിന് പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയില്ലെന്നും അതിനാല്‍ തന്നെ ശശികലയോട് പാര്‍ട്ടിയുടെ നേതൃത്വമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചുവെന്നാരോപിച്ച് അന്‍പതോളം നേതാക്കളെ എ.ഐ.എ.ഡി.എം.കെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
അതേസമയം, മാര്‍ച്ച് 2ന് തേനി ജില്ലയിലെ എ.ഐ.എ.ഡി.എം.കെ ഭാരവാഹികള്‍ പനീര്‍ശെല്‍വത്തിന്റെ ഫാം ഹൗസില്‍ യോഗം ചേരുകയും എ.ഐ.എ.ഡി.എം.കെ തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ പരാജയമേറ്റുവാങ്ങുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശശികലയെയും ദിനകരനെയും വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കണെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇനിയും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശശികല പര്യടനം നടത്തുമെന്നും, ആ അവസരത്തില്‍ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: O Panneerselvam’s brother expelled from AIADMK a day after meeting Sasikala