| Friday, 5th October 2018, 6:46 pm

പനീര്‍സെല്‍വത്തിന്റെ കണ്ണ് മുഖ്യമന്ത്രിക്കസേരയില്‍; സഖ്യസാധ്യത ആരായാന്‍ പനീര്‍സെല്‍വം തന്റെയടുത്തേക്ക് മധ്യസ്ഥനെ അയച്ചെന്ന് ടി.ടി.വി ദിനകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സഖ്യസാധ്യത ആരായാന്‍ ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം തന്റെയടുത്തേക്ക് മധ്യസ്ഥനെ അയച്ചെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരന്‍. പനീര്‍സെല്‍വത്തിന്റെ കണ്ണ് മുഖ്യമന്ത്രിക്കസേരയിലാണെന്നും ദിനകരന്‍ ആരോപിച്ചു.

18 എ.ഐ.ഡി.എം.കെ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരായ പരാതിയില്‍ കോടതി വിധി പറയാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.


“സെപ്റ്റംബറില്‍ ഒ. പനീര്‍സെല്‍വം കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി എന്റയരികിലേക്ക് ഒരു ദൂതനെ അയച്ചിരുന്നു. എടപ്പാടി പളനിസ്വാമിയുമായുള്ള സഖ്യം ഉപേക്ഷിക്കാനും എന്റെ ഒപ്പം ചേരാനും തയ്യാറാണെന്നായിരുന്നു ദൂതന്‍ മുഖേന നല്‍കിയ സന്ദേശം.

മന്ത്രിസഭയില്‍ ഒരു പ്രധാനസ്ഥാനം എനിക്ക് നല്‍കാനും പനീര്‍സെല്‍വത്തിന് പദ്ധതിയുണ്ടായിരുന്നു.” ടി.ടി.വി ദിനകരന്‍ പറഞ്ഞു. പനീര്‍സെല്‍വം ഇപ്പോള്‍ ഇരട്ടനിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ദിനകരന്‍ പറഞ്ഞു.

അതേസമയം, ദിനകരനുമായി പനീര്‍സെല്‍വം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് മുന്‍ എം.എല്‍.എ തങ്കത്തമില്‍ശെല്‍വന്‍ വെളിപ്പെടുത്തിയിരുന്നു. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പനീര്‍സെല്‍വം ദിനകരനോട് ആവശ്യപ്പെടുന്നതിന്റെ വീഡിയോ കയ്യിലുണ്ടെന്നും തങ്കത്തമില്‍ശെല്‍വന്‍ ആരോപിച്ചിരുന്നു.


മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുള്ള തന്റെ പിന്തുണ തുടരുമെന്ന് പനീര്‍സെല്‍വം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സര്‍ക്കാരിനെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സ്ഥാനമാനങ്ങളുടെ പിറകേ പോകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more