മുംബൈ: മഹാരാഷ്ട്രയില്‍ ആര് സര്‍ക്കാര്‍ രൂപീകരിച്ചാലും വിഷയമേ അല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതികളും നയങ്ങളും അതുപോലെ നിലനില്‍ക്കുമെന്നും ഗഡ്കരി പറഞ്ഞു.
‘ഇന്ത്യയില്‍, നമ്മുടെ ജനാധിപത്യത്തില്‍ സര്‍ക്കാരുകള്‍ മാറി മാറി വരും. പക്ഷേ, പദ്ധതികള്‍ അതുപോലെ തുടരും. ഏത് സര്‍ക്കാരാണ് അധികാരത്തില്‍ വരിക എന്നറിയില്ല. ബി.ജെ.പിയോ, ശിവസേനയോ, എന്‍.സി.പിയോ, കോണ്‍ഗ്രസോ അധികാരത്തിലെത്തിയാലും സംസ്ഥാനത്തിന്റെ വികസനത്തെ അവര്‍ പിന്തുണക്കുമെന്നാണ് പ്രതീക്ഷ.’, ഗഡ്കരി വ്യക്തമാക്കി.
രാഷ്ട്രീയത്തിലും ക്രിക്കറ്റിലും എന്തു വേണമെങ്കിലും സംഭവിക്കാമെന്നും ചിലപ്പോള്‍ മല്‍സരം തോല്‍ക്കാമെന്നും അല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കളി മാറാമെന്നും ഗഡ്കരി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിപദം പങ്കിടണമെന്ന് ശിവസേന ആവശ്യപ്പെട്ടതോടെ ബി.ജെ.പി-ശിവസേന സഖ്യം തകര്‍ന്നു. ശിവസേനയ്ക്കും എന്‍.സി.പിക്കും ഭൂരിപക്ഷം തെളിയിക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ചര്‍ച്ചകള്‍ നടന്നിരുന്നു.
മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കു തന്നെയെന്ന് സ്ഥിരീകരിച്ച് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. അഞ്ചുവര്‍ഷമല്ല, 25 വര്‍ഷം ശിവസേനയ്ക്കു മുഖ്യമന്ത്രിസ്ഥാനം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിലവില്‍ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16 മന്ത്രിസ്ഥാനമാണ് തങ്ങള്‍ക്കു വേണ്ടതെന്ന നിലപാടിലാണ് ശിവസേന. എന്‍.സി.പിക്ക് 14 സ്ഥാനം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 12 സ്ഥാനം മാത്രമാണ് ലഭിക്കുക. ഇപ്രകാരമാണ് പൊതുമിനിമം പദ്ധതി തയ്യാറായിരിക്കുന്നത്.