കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി സര്‍ക്കാര്‍ നിയമിച്ച നടപടിയില്‍ കടുത്ത വിമര്‍ശനവുമായി കാന്തപുരം വിഭാഗക്കാരനും എഴുത്തുകാരനുമായ ഒ.എം. തരുവണ. എല്‍.ഡി.എഫിലെ സ്വതന്ത്ര എം.എല്‍.എമാരുടെയും ഐ.എന്‍.എല്ലിലെ ഏക എം.എല്‍.എയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഒ.എം. തരുവണ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിഷേധമറിയിച്ചത്.
‘ശബ്ദം നഷ്ടപ്പെട്ടവര്‍! ഓര്‍ത്തുവെച്ചോളൂ; ഞങ്ങളുടെ വോട്ടു ബലത്തിന് പുറത്താണ് നിങ്ങള്‍ മൗനീബാവകളായിരിക്കുന്നത്. നിങ്ങള്‍ക്ക് ശബ്ദം തിരിച്ചു കിട്ടുന്ന ഒരു ദിവസം വരാനിരിക്കുന്നുണ്ട്,’ എന്നാണ് ഒ.എം. തരുവണ കുറിച്ചത്.
മന്ത്രിമാരായ വി. അബ്ദുറഹ്‌മാന്‍, അഹമ്മദ് ദേവര്‍കോവില്‍, മുന്‍ മന്ത്രി കെ.ടി. ജലീല്‍, എം.എല്‍.എമാരായ പി.ടി.എ. റഹീം, പി.വി. അന്‍വര്‍ എന്നിവരുടെ ചിത്രങ്ങളാണ് ഒ.എം. തരുവണ പങ്കുവെച്ചത്. വിഷയത്തില്‍ പ്രതികരിച്ച മുന്‍ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാക്കിനെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതും ശ്രദ്ധേയമാണ്.
‘മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഇടതുപക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കും.
ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് പുനപരിശോധിക്കുന്നത് നല്ലത്,’ എന്നായിരുന്നു ശ്രീറാമിന്റെ നിയമനവുമായി ബന്ധപ്പെട്ട് കാരാട്ട് റസാക്ക് നടത്തിയ പ്രതികരണം.
2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം.
റോഡില്‍ തെറിച്ചുവീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുത്തിരുന്നു.
ഇതിന് പിന്നാലെയായിരുന്നു വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്. സംഭവത്തിന് പിന്നാലെ വിവിധ സംഘടനകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും പ്രതിഷേധം ഉണ്ടാകുന്നുണ്ട്.
CONTENT HIGHLIGHTS: O.M. Tharuvana criticized the appointment of Sreeram Venkataraman as Alappuzha District Collector