വെല്ലുവിളിക്കപ്പെടുന്ന മാധ്യമസ്വാതന്ത്ര്യം
Opinion
വെല്ലുവിളിക്കപ്പെടുന്ന മാധ്യമസ്വാതന്ത്ര്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd May 2012, 8:57 pm

തങ്ങള്‍ക്ക് അഹിതകരമായ വാര്‍ത്തകളെയെല്ലാം മാധ്യമസൃഷ്ടിയെന്ന് പുച്ഛിക്കുന്ന കേരളത്തിലെ മാടമ്പിരാഷ്ട്രീയക്കാര്‍ക്കുകൂടി വേണ്ടിയാണ് മാധ്യമങ്ങള്‍ക്ക് ഭരണകൂടനിയന്ത്രണം വേണമെന്നാവശ്യപ്പെടുന്നവര്‍ വാദിക്കുന്നതെന്ന് അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്തിലേക്കുള്ള ഈ തിരിച്ചുപോക്കിനിടയില്‍ നമ്മള്‍ വിസ്മരിക്കുന്നു. ഒ.കെ. ജോണി എഴുതുന്നു

 


ദൃശ്യപഥം/ഒ.കെ. ജോണി

O K Johni, ഒ.കെ ജോണിവാര്‍ത്താ പോര്‍ട്ടലായ തെഹല്‍ക്കയുടെ ഒളിക്യാമറയില്‍ കുടുങ്ങി കൈക്കൂലിക്കേസില്‍പ്പെട്ട ബി.ജെ.പി. അദ്ധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം കുറ്റവാളിയാണെന്ന് കോടതി വിധിച്ചപ്പോള്‍, ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളായിക്കരുതപ്പെടുന്ന മാധ്യമങ്ങളുടെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി പ്രകീര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ജനങ്ങളുടെയും കോടതിയുടെയും മുന്നില്‍ ഈ അഴിമതിക്കഥ തുറന്നുകാണിച്ച തെഹല്‍കയും അതിന്റെ ജേണലിസ്റ്റുകളും ഈ പതിനൊന്നുവര്‍ഷവും അകാരണമായി ശിക്ഷിക്കപ്പെടുകയായിരുന്നുവെന്ന വാസ്തവം എല്ലാവരും സൗകര്യപൂര്‍വ്വം വിസ്മരിച്ചു.  തെഹല്‍കയുടെ സ്റ്റിംഗ് ഓപ്പറേഷനില്‍ ബംഗാരുവിനോടൊപ്പം കുടുങ്ങിയ ജയ ജെയ്റ്റ്‌ലിയുള്‍പ്പടെയുള്ള പ്രമാണികളെ രക്ഷപ്പെടാന്‍ അനുവദിച്ച നമ്മുടെ നീതിനിര്‍വ്വഹണ വ്യവസ്ഥയില്‍ തെഹല്‍കയ്ക്കു കിട്ടിയ ശിക്ഷ നന്നെ കുറഞ്ഞുപോയോ എന്ന സംശയത്തിനും പഴുതുണ്ട്.

ഓപറേഷന്‍ വെസ്റ്റെന്റ് എന്ന പേരിലറിയപ്പെട്ട ഈ സ്റ്റിംഗ് ഓപറേഷന് നേതൃത്വം നല്‍കിയ മലയാളിയായ മാത്യു സാമുവല്‍ ഇപ്പോഴും താന്‍ചെയ്ത “തെറ്റി”നുള്ള ശിക്ഷയനുഭവിക്കുകയാണ്. ഇന്ത്യയില്‍ മുന്‍ മാതൃകകളില്ലാത്ത ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ ഞെട്ടിച്ച സാമുവല്‍ നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഔട്ട്‌ലുക് മാഗസിനില്‍ (മെയ്,14) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട ആയുധമിടപാടിലെ വന്‍ അഴിമതികളിലേക്ക് വെളിച്ചംവീശിയ തെഹല്‍ക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പതിറ്റാണ്ടായി പ്രൊസിക്യൂഷന്‍ സാക്ഷിയായ സാമുവലിന് സി.ബി.ഐയോ കോടതിയോ യാത്രച്ചിലവുപോലും നല്‍കിയിരുന്നില്ല. ഇനിയും ഇത് തുടരാനാവില്ലെന്ന് അദ്ദേഹം ഇക്കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരിക്കുകയാണ്.

വാജ്‌പേയി സര്‍ക്കാരിന്റെ ആദര്‍ശപരിവേഷത്തിനുപിന്നിലെ കാപട്യം തുറന്നുകാട്ടിയ മാത്യു സാമുവലിനും എഡിറ്റര്‍ തരുണ്‍ തേജ്പാലിനും സഹപ്രവര്‍ത്തകര്‍ക്കും അതിന് നല്‍കേണ്ടിവന്ന വില കനത്തതായിരുന്നു. വാര്‍ത്തകൊണ്ടുണ്ടായ മാനക്കേടുതീര്‍ക്കുവാന്‍ ദലിതനായ ബംഗാരു ലക്ഷ്മണിനെ അദ്ധ്യക്ഷപദവിയില്‍നിന്ന് നീക്കിയതോടൊപ്പം തെഹല്‍ക്കയ്‌ക്കെതിരെ എണ്ണമറ്റ കള്ളക്കേസുകള്‍ ചുമത്തി അതിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും ചെയ്തു.

രാജ്യത്തെ ഞെട്ടിച്ച ഗുരുതരമായ ഒരഴിമതിക്കഥ പതിവുപോലെ വിസ്മൃതിയിലായപ്പോഴും തെഹല്‍ക്കയ്‌ക്കെതിരെയുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പ്രതികാരനടപടികള്‍ തുടരുകയായിരുന്നു. ഒരു പതിറ്റാണ്ടിനുശേഷം തെഹല്‍ക്കയുടെ റിപ്പോര്‍ട്ട് സത്യസന്ധമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടെങ്കിലും മാത്യു സാമുവല്‍ നിരാശനാണ്. അതില്‍പ്പിന്നീടൊരിക്കലും താനൊരു അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിന് തുനിഞ്ഞിട്ടില്ലെന്നും സ്വയം ക്രൂശിക്കുന്നതിന് തുല്യമാണ് ഈ ജോലിയെന്നും പറയുമ്പോള്‍ അയാളനുഭവിച്ച പീഡനങ്ങളുടെ ആഴം വ്യക്തമാണ്. പ്രതിബദ്ധതയോടെ മാധ്യമപ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങളെയും ജേണലിസ്റ്റുകളെയും അതില്‍നിന്നു പിന്തിരിപ്പിക്കുവാന്‍ ഭരണകൂടങ്ങള്‍ക്ക് ഇന്ത്യയിലും അനായാസം കഴിയുമെന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. എന്നിട്ടും എല്ലാ രാഷ്ട്രീയ-വാണിജ്യ താല്‍പര്യങ്ങള്‍ക്കുമിടയിലും നമ്മുടെ ഒരു വിഭാഗം മാദ്ധ്യമങ്ങളെങ്കിലും പുലര്‍ത്തുന്ന സാമൂഹിക പ്രതിബദ്ധതയും ജാഗ്രതയും കാണാതെയാണ് പലരും മാദ്ധ്യമങ്ങളുടെ മൂല്യച്യുതിയെപ്പറ്റി വിലപിക്കുന്നത്.

മാധ്യമ മേഖലയിലെ ദുഷ്പ്രവണതകളെച്ചൂണ്ടി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ ജസ്റ്റിസ് കഠ്ജു ഇയ്യിടെ നടത്തിയ നിരീക്ഷണങ്ങളോട് മാധ്യമപ്രവര്‍ത്തകര്‍ക്കുതന്നെ വിയോജിപ്പുണ്ടാവാനിടയില്ല. വാര്‍ത്തകളെന്ന വ്യാജേന വ്യക്തികളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും പാര്‍ട്ടികളെക്കുറിച്ചുമുള്ള “പെയ്ഡ് ന്യൂസ്” വ്യാപകമായതോടെ സജീവമായ, മാധ്യമധാര്‍മ്മികതയെക്കുറിച്ചുള്ള ചര്‍ച്ചകളുടെ ഒരു തുടര്‍ച്ചയായിരുന്നു കഠ്ജുവിന്റെ സമീപകാല പ്രഭാഷണങ്ങളും ലേഖനങ്ങളും. പ്രസ് കൗണ്‍സില്‍ ചെയര്‍മാനാകുന്നതിനും മുമ്പുതന്നെ അദ്ദേഹം ഹിന്ദു ദിനപത്രത്തില്‍ എഴുതിയ നിരവധി ലേഖനങ്ങളിലും മാധ്യമങ്ങളുടെ അപചയത്തെക്കുറിച്ചാണ് ഉപന്യസിച്ചിരുന്നത്.

രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ട്, ഗര്‍ഭിണിയായ സിനിമാതാരത്തിന്റെ വിശേഷങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ചചെയ്യുന്നതിനെക്കുറിച്ചും ജ്യോത്സ്യംപോലുള്ള അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും സെന്‍സേഷനലിസത്തെക്കുറിച്ചും മറ്റും പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ നടത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ പ്രസക്തമാണെന്ന് പറയേണ്ടതില്ല. മാധ്യമരംഗത്തെ ഇത്തരം അനാശാസ്യപ്രവണതകള്‍ക്കെതിരെ പൊതുസമൂഹവും വലിയൊരു വിഭാഗം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഏറെക്കാലമായി ശബ്ദമുയര്‍ത്തുന്നുമുണ്ട്. ജസ്റ്റിസ് കഠ്ജുവിന്റെ വിമര്‍ശനം പക്ഷെ, മാധ്യമവിമര്‍ശനത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ല.

ഇന്ത്യയിലെ മാധ്യമരംഗം ശക്തിപ്രാപിച്ചുകഴിഞ്ഞതിനാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് കണിശമായ ചില നിയന്ത്രണങ്ങള്‍ (റെഗുലേഷന്‍ )വേണമെന്നാണ് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ആവശ്യപ്പെടുന്നത്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രസ് കൗണ്‍സിലിന്റെ മേധാവിതന്നെ, മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതിലെ വൈരുദ്ധ്യം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മാധ്യമങ്ങളിലെ അനാശാസ്യപ്രവണതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അവയ്ക്കുമേല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന വാസ്തവത്തിനുനേരെയാണ് മുന്‍ സുപ്രീംകോടതി ജഡ്ജി കൂടിയായ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ കണ്ണടയ്ക്കുന്നത്.

അടിയന്തരാവസ്ഥയിലെ മാധ്യമ സെന്‍സര്‍ഷിപ്പിന്റെ ഇരയായി തടവുശിക്ഷയനുഭവിക്കേണ്ടിവന്ന കുല്‍ദിപ് നയ്യാരെപ്പോലുള്ള ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, ഇതിനെ ഭയത്തോടെയാണ് വീക്ഷിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് പരിധിയും വിലക്കുകളും നിശ്ചയിക്കുവാനുള്ള ശ്രമങ്ങളെ അപ്രഖ്യാപിതമായ ഒരടിയന്തരാവസ്ഥയുടെ മുന്നോടിയായി കാണുന്നതിലും തെറ്റില്ല. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കഠ്്ജുവിന്റെ അഭിപ്രായത്തിനെതിരെ മാധ്യമങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു.

മാധ്യമവ്യവസായം കടുത്ത വാണിജ്യമത്സരത്തിലായതോടെ മാധ്യമങ്ങളുടെ ധാര്‍മ്മികത നഷ്ടപ്പെടുന്നതിനെച്ചൊല്ലിയുള്ള ജസ്റ്റിസ് കഠ്ജുവിന്റെ ഉല്‍ക്കണ്ഠയോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്കും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പോംവഴിയെക്കുറിച്ച് ആശങ്കകളുണ്ട്. ഭരണഘടന നല്‍കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ് ഇത്തരം നിയന്ത്രണങ്ങളെന്നാണ് മാധ്യമവിദഗ്ധരും നിയമജ്ഞരും മനുഷ്യാവകാശപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.

മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം മാത്രമല്ല, നിയന്ത്രണവും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മീനാക്ഷി നടരാജന്‍ എം.പി സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിനു പിന്നില്‍ രാഹുല്‍ ഗാന്ധിയാണെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. മീനാക്ഷിയുടെ സ്വകാര്യ ബില്ലിലെ നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് രാഹുലും കോണ്‍ഗ്രസും ശ്രമിക്കുന്നതെങ്കിലും കോണ്‍ഗ്രസിന്റെ രഹസ്യ അജണ്ട മാധ്യമങ്ങളിലൂടെതന്നെ പരസ്യമായിക്കഴിഞ്ഞു. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് കഠ്ജുവും എം.പിയായ മീനാക്ഷിയും രണ്ടുരീതിയിലാണെങ്കിലും ഉന്നയിക്കുന്നത് ഒരേ ആവശ്യമാണ്. അഴിമതിക്കാരായ രാഷ്ട്രീയാധികാരികള്‍ക്കും അവര്‍ നയിക്കുന്ന ഭരണകൂടങ്ങള്‍ക്കും തലവേദനയുണ്ടാക്കുന്ന മാധ്യമങ്ങളെ മര്യാദപഠിപ്പിക്കുകയെന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഗൂഢലക്ഷ്യത്തെ പിന്തുണയ്ക്കുന്ന നീക്കം പ്രസ് കൗണ്‍സില്‍ ചെയര്‍മാന്റെ ഭാഗത്തുനിന്നുണ്ടാവുന്നുവെന്നതാണ്് വൈപരീത്യം.

ജനാധിപത്യത്തിന്റെ നാല് സ്തംഭങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുകയും ആദര്‍ശവത്കരിക്കപ്പെടുകയുംചെയ്യുന്ന മാധ്യമങ്ങളെ മറ്റ് മൂന്ന് സ്തംഭങ്ങളും ( എക്‌സിക്യുട്ടിവ്, ജിഡിഷ്യറി, ലെജിസ്ലേച്ചര്‍) പലമട്ടില്‍ വെല്ലുവിളിക്കുന്ന പ്രവണത നിലനില്‍ക്കുമ്പോഴാണ് മാധ്യമനിയന്ത്രണത്തിനുവേണ്ടിയുള്ള ഈ വാദങ്ങളെന്നത് ഒരു അപായസൂചനയാണ്. പാര്‍ലമെന്റിലെ അംഗങ്ങളില്‍ വലിയൊരുവിഭാഗമാളുകളും ക്രിമിനല്‍ പശ്ചാത്താലമുള്ളവരാണെന്ന് ഭരണകൂടംതന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും പാര്‍ലമെന്ററി ജനാധിപത്യം വേണ്ടെന്ന് പറയുംപോലെ ഒരു ജനാധിപത്യനിഷേധമാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ മൂല്യച്യുതിയെച്ചൂണ്ടി മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നാവശ്യപ്പെടുന്നതും.

ഭരണകൂടത്തിന്റെയും രാഷ്ട്രീയാധികാരകേന്ദ്രങ്ങളുടെയും കൊള്ളയും കൊള്ളരുതായ്മകളും പുറത്തുകൊണ്ടുവരുന്നത് മാധ്യമങ്ങളാണെന്നതുകൊണ്ട് മാധ്യമങ്ങളെ വരുതിയിലാക്കുവാനുള്ള നീക്കം കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും ചിലപ്പോഴെങ്കിലും ജൂഡിഷ്യറിയും നടത്താറുണ്ട്. സാങ്കേതികത്തപ്പിഴവുമൂലം ഒരു സുപ്രീം കോടതി ജഡ്ജിയുടെ ഫോട്ടോ അയാളുമായി ബന്ധമില്ലാത്ത ഒരു വാര്‍ത്തയ്ക്കിടെ പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ ടൈംസ് നൗ ചാനലിനോട് നൂറുകോടിയാണ് നഷ്ടപരിഹാരമായി നല്‍കുവാന്‍ പൂനയിലെ ഒരു ജില്ലാ കോടതി വിധിച്ചത്. മാധ്യമങ്ങളെ വകവരുത്താന്‍ ജുഡിഷ്യറി സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണിത്. ജുഡിഷ്യറിയിലെ ഉന്നതരെ സംബന്ധിച്ച അഴിമതിവാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരാന്‍ തുടങ്ങിയതോടെ ജുഡിഷ്യറിയും മാധ്യമങ്ങളെ നിര്‍വ്വീര്യമാക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. ടൈംസ് നൗവിനെതിരായ നടപടിയുടെ പിന്നില്‍ ഈ പ്രതികാരമാണെന്ന് നിയമജ്ഞര്‍തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിനടപടികള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശം രൂപീകരിക്കുവാന്‍ സുപ്രീം കോടതിയെടുത്ത തീരുമാനവും സേനാനീക്കങ്ങള്‍ റിപ്പോര്‍ട്ടുചെയ്യരുതെന്ന അലഹാബാദ് ഹൈക്കോടതിയുടെ ആജ്ഞയുമെല്ലാം ഇന്ത്യയിലെ മാധ്യമങ്ങള്‍ ദശകങ്ങളിലൂടെ വികസിപ്പിച്ചെടുത്ത മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനാണെന്ന ആക്ഷേപം അസ്ഥാനത്തല്ല. ജുഡിഷ്യറിയും ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും, അവയെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ഒരുമിച്ചെതിര്‍ക്കുകയാണിപ്പോള്‍. ഭയാനകമായ ഈ സാഹചര്യത്തിലാണ് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്റെ നിര്‍ദ്ദേശം നിഷ്‌കളങ്കമല്ലെന്ന് പറയേണ്ടിവരുന്നത്.

ഏകാധിപതികളെപ്പോലെ പെരുമാറുന്ന ജയലളിതയെയും മമതാ ബാനര്‍ജിയെയും പോലുള്ള മുഖ്യമന്ത്രിമാര്‍ തങ്ങള്‍ക്കെതിരായ മാധ്യമങ്ങളെ നിശ്ശബ്ദമാക്കുവാന്‍ നടത്തുന്ന ഹീനശ്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും ഭരണകൂടവിമര്‍ശനം നടത്തുന്ന മാദ്ധ്യമസ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നു. മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ അധോലോകസംഘത്തിന്റെ സഹായത്തോടെ വധിക്കുവാന്‍ ശ്രമിച്ച നൗഷാദ് എന്ന പൊലീസ് ഓഫീസറെ സംരക്ഷിക്കുവാന്‍ കേരളത്തിലെ പൊലീസ് വകുപ്പു നടത്തിയ ഗൂഢാലോചനകളെക്കുറിച്ച് സി.ബി.ഐ നല്‍കുന്ന സൂചനകള്‍ ഞെട്ടിക്കുന്നവയാണ്. കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ സുഖവാസത്തിലായിരുന്ന ബാലകൃഷ്ണപ്പിള്ള ചട്ടം ലംഘിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നതിന് തെളിവ് ഹാജരാക്കിയ റിപ്പോര്‍ട്ടര്‍ ചാനലിനും അതിന്റെ എഡിറ്ററായ എം.വി. നികേഷ്‌കുമാറിനുമെതിരെയാണ് കേരളാ പൊലീസ് കേസെടുത്തത്. നിയമം ലംഘിച്ച ബാലകൃഷ്ണപ്പിള്ളയല്ല, അത് കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനാണ് കുറ്റവാളിയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് സ്ഥാപിച്ചത്. അധികാര രാഷ്ട്രീയത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള ഭരണകൂടത്തിന്റെയും ക്രിമിനല്‍ പൊലീസിന്റെയും ചില മുന്നറിയിപ്പുകളാണ് ഉണ്ണിത്താന്‍വധശ്രമവും നികേഷിനെതിരായ ക്രിമിനല്‍ നിയമനടപടികളും. ഈ രണ്ട് സമീപകാല സംഭവങ്ങളോടും പുരോഗമന-ജനാധിപത്യ കേരളം അനുവര്‍ത്തിച്ച നിസ്സംഗത, പൗരബോധമില്ലാത്ത ഒരു സമൂഹത്തിന്റെ ലക്ഷണമാണ്.

ഔട്ട്‌ലുക്ക് മാഗസിന്റെ കഴിഞ്ഞ ലക്കത്തില്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നത് ആരൊക്കെയെന്ന് വ്യക്തമാക്കുന്ന ഒരു പട്ടിക നല്‍കിയിട്ടുണ്ട്. ജുഡിഷ്യറി, എക്‌സിക്യുട്ടീവ്, ലെജിസ്ലേച്ചര്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയാണത്. കേരളത്തിലേക്ക് നോക്കിയിരുന്നുവെങ്കില്‍, ഇല്ലാത്ത ഏതോ മാധ്യമ സിണ്ടിക്കേറ്റിനെതിരെ കുരിശുയുദ്ധം നടത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും പൊലീസും ഗുണ്ടകളും ചേര്‍ന്ന അധോലോക സംഘങ്ങളും ആ പട്ടികയില്‍ ഇടംപിടിക്കുമായിരുന്നുവെന്ന് ഉറപ്പാണ്. തങ്ങള്‍ക്ക് അഹിതകരമായ വാര്‍ത്തകളെയെല്ലാം മാധ്യമസൃഷ്ടിയെന്ന് പുച്ഛിക്കുന്ന കേരളത്തിലെ മാടമ്പിരാഷ്ട്രീയക്കാര്‍ക്കുകൂടി വേണ്ടിയാണ് മാധ്യമങ്ങള്‍ക്ക് ഭരണകൂടനിയന്ത്രണം വേണമെന്നാവശ്യപ്പെടുന്നവര്‍ വാദിക്കുന്നതെന്ന് അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്തിലേക്കുള്ള ഈ തിരിച്ചുപോക്കിനിടയില്‍ നമ്മള്‍ വിസ്മരിക്കുന്നു.

കടപ്പാട് : മലയാളം വാരിക