എസ്സേയ്‌സ് / ഒ.കെ ജോണി
നിഷ്പക്ഷവും സ്വതന്ത്രവുമെന്നു ഭാവിക്കുന്ന സ്വകാര്യ വാണിജ്യ മാദ്ധ്യമങ്ങളുടെ വര്‍ഗ്ഗീയപ്രീണനങ്ങള്‍ സമൂഹത്തിലാകെ പടര്‍ത്തുന്ന ഉന്മാദതുല്യമായ ഭക്തിപാരവശ്യം നിയമപരിപാലനത്തെപ്പോലും നിര്‍ണ്ണയിക്കുവാന്‍ തുടങ്ങിയെന്നതിന്റെ ഉദാഹരണമായിരുന്നു ആറ്റുകാല്‍ പൊങ്കാലയെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍. മതവിശ്വാസത്തെയും ആചാരങ്ങളെയും തടസപ്പെടുത്തുവാനുള്ള ഒരു ശ്രമമായി പ്രതിപക്ഷംപോലും ഇതിനെ വ്യാഖ്യാനിച്ചതോടെ ഭരണകൂടത്തിന് വിശ്വാസ സംരക്ഷകരായി അഭിനയിക്കേണ്ടിവന്നു.
ശിവാജി ഗണേശന്റെ അഭിനയത്തെക്കുറിച്ച് പറയുമ്പോലെ, കുറേയൊക്കെ അഭിനയമായിരുന്നുവെങ്കിലും ഉള്ളില്‍ത്തട്ടിയുള്ള ഭാവാഭിനയമായിരുന്നു അതെന്ന് പറയാതെവയ്യ. പൊതുവഴി തടസ്സപ്പെടുത്തിയെന്നതിന് നിയമാനുസൃതമായി നടപടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് ശിക്ഷിച്ചുകൊണ്ട് ഭക്തിമാര്‍ഗ്ഗത്തിലാണ് തങ്ങളെന്ന് സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി എന്നതാണ് അതിന്റെ പരിസമാപ്തി.
എന്നാല്‍ ഈ സംഭവത്തോട് നിയമവാഴ്ചയ്ക്കുവേണ്ടി വാദിക്കുന്നവര്‍പോലും പ്രതികരിച്ച രീതി വിചിത്രമായിരുന്നു. നിയമലംഘനമല്ല, അതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിച്ച ഉദ്യോഗസ്ഥനാണ് കുറ്റവാളിയെന്ന് ഭരണകൂടം സ്ഥാപിച്ചെടുത്തപ്പോള്‍ ഏത് നിയമത്തിന്റെ പേരിലാണ് പൊലീസ് കേസെടുത്തതെന്ന ചോദ്യംപോലും വിസ്മരിക്കപ്പെട്ടു. പൊതുനിരത്തില്‍ യോഗംചേരുന്നതിനെതിരെയും വഴിതടയുന്നതിനെതിരെയും തങ്ങള്‍തന്നെ നേടിയെടുത്ത ഒരു കോടതിവിധിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പൊതുനിരത്തില്‍ പൊങ്കാലയിട്ട ഭക്തജനങ്ങള്‍ക്കെതിരെ കേസെടുത്തതെന്ന വാസ്തവം ഭരിക്കുന്നവരും പ്രതിപക്ഷവും ഒരുപോലെ ജനങ്ങളില്‍നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഹിന്ദുക്കളെ പ്രീണിപ്പിച്ച് വോട്ടുനേടാനുള്ള മുന്നണികളുടെ ഒരു പരിഹാസ്യ- ശ്രമമായിരുന്നു ഈ വിവാദമെന്ന വാസ്തവം മറച്ചുവെയ്ക്കുവാന്‍ മാദ്ധ്യമങ്ങളും ഉത്സാഹിച്ചു
ആ നിയമം നിലവിലുള്ളപ്പോള്‍ പൊതുവഴിയോരത്ത് യോഗംചേര്‍ന്ന ഇടതുപക്ഷനേതാക്കളില്‍പ്പലരും ഇപ്പോഴും കോടതി കയറിയിറങ്ങുകയാണെന്ന തമാശയുമുണ്ട്. പൊങ്കാലയ്ക്കുമാത്രം ഈ നിയമം ബാധകമല്ലെങ്കില്‍ അത് വെളിപ്പെടുത്താന്‍ ഭരണകൂടത്തിനും കോടതികള്‍ക്കും ബാദ്ധ്യതയില്ലേ? നിലവിലുള്ള നിയമം അനുശാസിക്കുന്നതുപോലെ ഔപചാരികമായ നടപടിക്രമം പാലിച്ച പൊലീസ് ഉദ്യോഗസ്ഥനെ ശിക്ഷിച്ച മുഖ്യമന്ത്രി കോടതിയുത്തരവിനെ വെല്ലുവിളിക്കുകയായിരുന്നുവോ എന്നത് പരിശോധിക്കേണ്ടതാരാണ്? ഭരണകൂടം പരസ്യമായി നടത്തുന്ന നിയമലംഘനത്തില്‍ കോടതിക്ക് ഇടപെടാന്‍ ബാദ്ധ്യതയുണ്ടോ? എന്നാല്‍, ക്രമേണ ഒരു വെള്ളരിക്കാപ്പട്ടണമായിരിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഈവക ചോദ്യങ്ങള്‍ക്കൊന്നും ഉത്തരംകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. അത്തരം ചോദ്യങ്ങള്‍ക്കുതന്നെ അനുദിനം പ്രസക്തിയില്ലാതായിക്കൊണ്ടിരിക്കുകയുമാണ്.
പിറവം ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഹിന്ദുക്കളെ പ്രീണിപ്പിച്ച് വോട്ടുനേടാനുള്ള ഇടത്-വലത് മുന്നണികളുടെ ഒരു പരിഹാസ്യശ്രമമായിരുന്നു ഈ വിവാദമെന്ന വാസ്തവം മറച്ചുവെയ്ക്കുവാന്‍ മാദ്ധ്യമങ്ങളും ഉത്സാഹിച്ചു. മാദ്ധ്യമങ്ങള്‍തന്നെ ഉണ്ടാക്കിയെടുത്ത ഭക്തിപാരവശ്യത്തിന്റെ തുടര്‍ച്ചയായിരുന്നുവല്ലോ ഈ വിവാദംതന്നെയും. ശരിക്കുമൊരു മാദ്ധ്യമസൃഷ്ടിയായിരുന്നു അത്. എന്നാല്‍ ഭക്തിക്കും നിയമത്തിനും അതതിന്റെ സ്ഥാനം വകവെച്ചുകൊടുക്കുകയെന്ന സാമാന്യനീതി പാലിക്കുവാന്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും മാദ്ധ്യമങ്ങളും സന്നദ്ധമായില്ല. ഇത് നിര്‍ദ്ദോഷമായൊരു നിലപാടല്ല.
മതപ്രീണനം വര്‍ഗ്ഗീയപ്രീണനമാവുകയും വര്‍ഗ്ഗീയതകള്‍തമ്മിലുള്ള ബലപരീക്ഷണത്തിന് കാരണമാവുകയും ചെയ്യുമെന്ന വാസ്തവം വിസ്മരിക്കുകയാണ് എല്ലാവരും. നമ്മുടെ നാട്ടില്‍ മതങ്ങളുടെയും മതാചാരങ്ങളുടെയും പേരിലാണ് അതതു മതങ്ങള്‍ തെരുവില്‍ ശക്തിപ്രകടനം നടത്തുന്നതും വിഭാഗീയത സൃഷ്ടിക്കുന്നതുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
അടുത്ത പേജില്‍ തുടരുന്നു
ജനകീയപ്രശ്‌നങ്ങള്‍ക്കായി പൊതുനിരത്തില്‍ സമരം പാടില്ലെന്ന് നിയമം ഉണ്ടാക്കിയവര്‍ പരസ്പരം പോരടിക്കുന്ന മതങ്ങളുടെ ശക്തിപ്രകടനത്തിന് പൊതുനിരത്തുപയോഗിക്കുവാന്‍ നിയമങ്ങളെത്തന്നെ നോക്കുകുത്തിയാക്കുന്നതില്‍ കോടതിക്കും ആവലാതിയില്ല. ജനകീയസമരങ്ങള്‍ നിരോധിക്കപ്പെട്ട പൊതുനിരത്തുകള്‍ മതം കയ്യടക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍ കാണുന്നത്.
ഹൈവേകളിലും നിരത്തുകളിലും നിര്‍മ്മിച്ച പഴയതും പുതിയതുമായ എല്ലാ പ്രാര്‍ത്ഥനാകുടീരങ്ങളും നീക്കംചെയ്തുകൊണ്ട് മാതൃകകാട്ടിയ കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാരിനോളംപോലും വിവേകം കേരളത്തിലെ മതേതര പുരോഗമനകാരികള്‍ക്കില്ല. മതവികാരങ്ങളെ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിനുപയോഗിക്കുന്നത് ഒരു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു തന്നെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതും ഇവിടെ ഒരു കുറ്റമല്ലെന്നായി.
ശബരിമലയിലേക്കുള്ള ഭക്തജനപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതില്‍ ടെലിവിഷന്‍ചാനലുകള്‍ വഹിക്കുന്ന അപായകരമായ പങ്കിനെക്കുറിച്ച് പറയേണ്ടതില്ല. മണ്ഡലകാലത്ത് ചാനലുകള്‍ പെരുമാരുന്നത് സമനിലതെറ്റിയ മട്ടിലാണെന്നും പ്രേക്ഷകര്‍ക്കറിയാം. ഒരു ബഹളവുമില്ലാതെ ഭക്തര്‍ ആചരിച്ചുപോരുന്ന കേരളത്തിലെ എണ്ണമറ്റ പ്രാദേശികാഘോഷങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അതെല്ലാം ഏറ്റെടുത്തുകൊണ്ട് മാദ്ധ്യമങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്തിലഹരിയാണ് ഇവിടെ കുഴപ്പങ്ങളുണ്ടാക്കുന്നത്.
ആറ്റുകാല്‍ പൊങ്കാലകൊണ്ട് ഇന്നേവരെ കേരളത്തില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. മലയാളം ചാനലുകള്‍ സംഘാടകരില്‍നിന്ന് കാശുവാങ്ങിയും ഇപ്പോള്‍ വാങ്ങാതെയും പൊങ്കാലമഹോത്സവം കൊണ്ടാടാന്‍ തുടങ്ങിയതോടെയാണ് ഒരു കുഴപ്പവുമില്ലാതിരുന്ന ആ പ്രാദേശികാചാരം തെരുവുകളായ തെരുവുരകളിലേക്കുമുഴുവന്‍ പടര്‍ന്നത്. അതൊരു തെരഞ്ഞെടുപ്പ് ആയുധമായതും അതോടെയാണ്.
ഇക്കുറി പൊങ്കാല ദിവസം എഷ്യാനെറ്റ് ന്യൂസ് ഒരു യുദ്ധം റിപ്പോര്‍ട്ടുചെയ്യുന്നതുപോലെയാണ് സ്ത്രീകള്‍ അടുപ്പുകത്തിക്കുന്ന ആ പതിവ് ചടങ്ങ് തത്സമയം റിപ്പോര്‍ട്ടുചെയ്തത്. രാവിലെ മുതല്‍ നാലുദിക്കില്‍നിന്ന് ഒരേസമയം തത്സമയറിപ്പോര്‍ട്ടിങ് നടത്തിയ റിപ്പോര്‍ട്ടര്‍മാരുടെയും സ്റ്റുഡിയോയിലിരുന്ന ആങ്കറുടെയും ആവേശം പരിഹാസ്യമായിരുന്നുവെന്ന് പറയാതെവയ്യ. എന്തോ അവിചാരിതമായ ആപത്ത് റിപ്പോര്‍ട്ടുചെയ്യുമ്പോലെയായിരുന്നു അവര്‍ ശ്വാസംവിടാതെ മാറിമാറി അസംബന്ധം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്.
മുംബൈ ഭീകരാക്രമണം റിപ്പോര്‍ട്ടുചെയ്തവരുടെ സമനിലതെറ്റിയ മട്ടിലുള്ള പ്രകടനംപോലും വിമര്‍ശനവിധേയമായ നാട്ടില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ഈ പാവങ്ങളെക്കുറിച്ചെന്തുപറയാനാണ്? ഭയാനകമായ ഒരു ഭീകരാക്രമണം നേരിട്ട് റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ ബര്‍ക്കാ ദത്തിനെപ്പോലുള്ളവര്‍ക്കുണ്ടായ വൈകാരികക്ഷോഭം, കേരളീയവേഷമണിഞ്ഞ് സാത്വികരായ മലയാളി സഹോദരിമാര്‍ ഭക്ത്യാദരപൂര്‍വ്വം അടുപ്പുകത്തിക്കുന്ന ഒരാചാരം കാണുമ്പോഴും ഉണ്ടാവുന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് സാരമായ മാനസികപ്രശ്‌നങ്ങളുണ്ടാവണം. അവരുടെ മാനസികാരോഗ്യം സമൂഹത്തിന്റെകൂടി പ്രശ്‌നമാണ്.
ചാനല്‍മേധാവികളുടെ സത്വരശ്രദ്ധ പതിയേണ്ട ഒരു വിഷയമാണിത്. ഭീകരാക്രമണം റിപ്പോര്‍ട്ടുചെയ്യാന്‍ അവസരം കിട്ടാത്തവര്‍ പൊങ്കാലകൊണ്ട് തൃപ്തിപ്പെടാന്‍ നടത്തുന്ന ഇത്തരം അശ്ലീലപ്രകടനം ജേര്‍ണലിസത്തിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്ന് ആരാണവരെ ബോദ്ധ്യപ്പെടുത്തുക?.
ഇനിയും ഗോത്രസ്വഭാവങ്ങള്‍ ഒഴിഞ്ഞുപോയിട്ടില്ലാത്ത ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധമതവിഭാഗങ്ങളുടെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളെ അവമതിക്കേണ്ടതില്ല. മനുഷ്യര്‍ മറ്റുള്ളവര്‍ക്കും നാട്ടിലെ നീതിന്യായ വ്യവസ്ഥയ്ക്കും ഭീഷണിയാകാത്ത തരത്തില്‍ നടത്തുന്ന അനുഷ്ഠാനങ്ങള്‍ക്ക് തടസംനില്‍ക്കുന്നും സാമൂഹികവിരുദ്ധമായൊരു നിലപാടാണ്.
അടുത്ത പേജില്‍ തുടരുന്നു
ആറ്റുകാല്‍ പൊങ്കാലയും നമ്മുടെ സമൂഹത്തിലെ ഭക്തരായ ഒരു വിഭാഗമാളുകളുടെ ആചാരമാണ്. അത്തരം നിര്‍ദ്ദോഷമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് സമൂഹമനസ്സില്‍ ആഴത്തില്‍ വേരുകളമാവാം. അത് അറുത്തുമാറ്റാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതാണ് യുക്തിരാഹിത്യം. ഭാഗ്യവശാല്‍ പൊങ്കാലയ്‌ക്കെതിരെ അങ്ങനെയൊരു നീക്കം എവിടെനിന്നുമുണ്ടായില്ല.
പൊതുവഴി കയ്യേറിയ ഭക്തര്‍ക്കെതിരെ സാങ്കേതികതയുടെപേരില്‍ നിസ്സാരമായൊരു കേസെടുത്ത പൊലീസുകാരന്‍പോലും പൊങ്കാലയ്‌ക്കെതിരാവാനിടയില്ല. തന്റെ ഔദ്യോഗികകൃത്യം നിര്‍വ്വഹിച്ച പൊലീസുകാരനെ പൊങ്കാലയോടനുബന്ധിച്ച് ബലികൊടുത്ത ഭരണ-പ്രതിപക്ഷരാഷ്ട്രീയപ്പാര്‍ട്ടികളുടെ ദുരാചാരത്തിനെതിരെയാണ് യുക്തിവാദികള്‍ പ്രതികരിക്കേണ്ടത്.
പൊതുനിരത്തില്‍ പൊങ്കാലയിട്ട കണ്ടാലറിയുന്ന പതിനായിരം സ്ത്രീകളല്ല; അവരുടെ ഭക്തിയെ ചൂഷണം ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്ന, കണ്ടാലും കൊണ്ടാലുമറിയാത്ത രാഷ്ട്രീയപ്പാര്‍ട്ടികളും മാദ്ധ്യമങ്ങളുമാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. അവരാണ് ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത്.
ചാനലുകളുടെ ഭക്തിപ്രഹര്‍ഷം ജനപ്രീതിക്കുവേണ്ടിയുള്ള അഭിനയമാണെങ്കിലും, അത് സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിഭാഗീയമായ അതിവൈകാരികതകള്‍ ആപത്കരമാണ്. രാഷ്ട്രീയക്കാരല്ല, മാദ്ധ്യമങ്ങളാണ് മതകാര്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കേണ്ടതെന്നുപോലും പറയേണ്ട സന്ദര്‍ഭമാണിത്. പക്ഷെ മാദ്ധ്യമപിന്തുണയോടെയാണ് മതങ്ങള്‍ അവയുടെ ശക്തിപ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന്ത്.
പ്രാദേശികമായ നൂറുകണക്കിന് ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന നാടാണിത്. അവയെല്ലാം ശൂന്യതയില്‍നിന്ന് പെട്ടെന്നു പൊട്ടിമുളച്ചവയല്ല. ജനജീവിതവുമായും ജനങ്ങളുടെ സങ്കല്‍പങ്ങളുമായും സമൂഹത്തിന്റെയാകെ അമൂര്‍ത്ത സ്വപ്‌നങ്ങളുമായുമെല്ലാം പലതരത്തില്‍ ബന്ധപ്പെട്ട നാട്ടാചാരങ്ങള്‍ നിലനില്‍ക്കുന്നത്, അതാവിര്‍ഭവിച്ച കാലവുമായി കണക്കുതീര്‍ക്കാന്‍ ഇനിയും ആ സമൂഹം മുതിര്‍ന്നിട്ടില്ലെന്നതുകൊണ്ടുകൂടിയാവണം. അതുകൊണ്ടാണ് അവയില്‍പ്പലതും കാലഹരണപ്പെടാത്തത്.
തീപുകയാത്ത വീടുകളില്‍നിന്നുള്ള നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ അടുപ്പില്‍ തീ കത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നതും ഒരു പുണ്യകര്‍മ്മമായിരിക്കും
സമൂഹമാകെ അര്‍ത്ഥമറിഞ്ഞും അറിയാതെയും വീണ്ടെടുക്കുന്ന അമൂര്‍ത്തകവിതയാണ് ഈ അനുഷ്ഠാനങ്ങളില്‍ച്ചിലതെങ്കിലും. കവിതപോലെ അതാസ്വദിക്കുവാന്‍ കാവ്യാനുശീലനംപോലെ ചില ഗൃഹപാഠങ്ങളുണ്ടായാല്‍ അവയ്ക്ക് മതപരമെന്നതിനേക്കാള്‍ മാനവികമായ അര്‍ത്ഥങ്ങളും ചിലപ്പോള്‍ കൈവന്നേക്കാം. മാദ്ധ്യമങ്ങള്‍, മനോഹരമായ ഇത്തരം പ്രാദേശികാചാരങ്ങളെ ഏറ്റെടുത്ത ആള്‍ക്കൂട്ടത്തിന്റെ ഉന്മാദമാക്കി സാമൂഹികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കാതിരുന്നാല്‍ മതിയെന്നാണ് പ്രാര്‍ത്ഥന.
ഏത് മതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും സമൂഹത്തിന്റെയാകെ ഉത്സവമാവുകയെന്നത് ആ സമൂഹത്തിന്റെ സാംസ്‌കാരികമായ ഏതോ ചില ആഴങ്ങളെയും സമത്വബോധത്തെയുമാണ് വെളിപ്പെടുത്തുന്നത്. ജാതി-മത പരിഗണനകളുടെ സങ്കുചിത്വത്തില്‍നിന്ന് ആചാരാനുഷ്ഠാനങ്ങളെ മോചിപ്പിച്ച് സാമൂഹികമായ പൊതുബോധത്തിലേക്ക് അവയെ സ്വാംശീകരിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ജാതി-മത പ്രീണനത്തിന്റെ ദുരുപയോഗസാദ്ധ്യതകള്‍ ഇല്ലാതാവൂ. അതുകൊണ്ട് പൊങ്കാലയിടുന്ന ഭക്ത സഹോദരിമാര്‍ക്ക് പൊതുനിരത്തിലല്ലാതെ അടുപ്പുകൂട്ടാനുള്ള സൗകര്യം ചെയ്തുകൊടുക്കാന്‍ ഉത്സവക്കമ്മിറ്റി തയ്യാറാവണമെന്നാണ് വിശ്വാസികളല്ലാത്തവര്‍പോലും ആഗ്രഹിക്കുന്നത്.
തീപുകയാത്ത വീടുകളില്‍നിന്നുള്ള നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ പൊങ്കാലദിവസമെങ്കിലും അടുപ്പില്‍ തീ കത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നതും ഒരു പുണ്യകര്‍മ്മമായിരിക്കും. സ്വന്തം വീടുകളിലെ അടുക്കളകളില്‍ കുക്കിഗ് ഗ്യാസും മറ്റുമായതോടെ തീപുകയുന്ന അടുപ്പുകള്‍ നേരില്‍ക്കണ്ടിട്ടില്ലാത്ത പുതുതലമുറയ്ക്ക് പൊങ്കാലപോലുള്ള ചടങ്ങുകള്‍ നല്‍കുന്ന നേരറിവുകളെ നിസ്സാരമായിക്കാണുന്നവര്‍ യുക്തിവാദികള്‍പോലുമല്ലെന്നാണ് ഇതെഴുതുന്നയാളുടെ പക്ഷം.
കടപ്പാട്: സമകാലിക മലയാളം