സംവരണവിരുദ്ധ ലേഖനം: വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ഒ. അബ്ദുറഹ്മാന്‍
Daily News
സംവരണവിരുദ്ധ ലേഖനം: വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ഒ. അബ്ദുറഹ്മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th October 2015, 11:27 am

abdu4

 

കോഴിക്കോട്: സംവരണ വിരുദ്ധ ലേഖനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഒ. അബ്ദുറഹ്മാന്‍. മാധ്യമം പ്രസിദ്ധീകരിച്ച ഒ. അബ്ദുറഹ്മാന്റെ “സംവരണം ഒരു വിയോജനം” എന്ന ലേഖനത്തിനെതിരെ പ്രതികരിച്ചിട്ടുള്ളവര്‍ക്ക് മറുപടിയെന്ന നിലയിലാണ് ഒ. അബ്ദുറഹ്മാന്റെ പ്രതികരണം വന്നിരിക്കുന്നത്.

“കടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞപ്പോള്‍” എന്ന പേരില്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഒ. അബ്ദുറഹ്മാന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുന്നത്. അബ്ദുറഹ്മാന്റെ സംവരണ വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച രാഷ്ട്രീയ നിരീക്ഷകനായ ടി.ടി ശ്രീകുമാര്‍, എഴുത്തുകാരന്‍ എം.എന്‍ കാരശേരി, ദളിത് സാമൂഹ്യപ്രവര്‍ത്തകന്‍ സണ്ണി എം.കപിക്കാട് എന്നിവരുടെ പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ടാണ് അബ്ദുറഹ്മാന്‍ മറുപടി പറയുന്നത്.

ആദ്യ ലേഖനത്തില്‍ അബ്ദുറഹ്മാന്‍ ആര്‍.എസ്.എസ് മുന്നോട്ടുവെക്കുന്ന രീതിയിലുള്ള സംവരണ വിരുദ്ധ നിലപാടാണ് പിന്തുടരുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മറുപടിയുടെ ആദ്യ ഭാഗത്ത് തന്നെ അദ്ദേഹം പറയുന്നത് താന്‍ സംവരണത്തെ ശക്തമായി പിന്താങ്ങുകയാണ് ചെയ്തത് എന്നാണ്. അതേസമയം ലേഖനത്തിലുടനീളം അദ്ദേഹം വെച്ചുപുലര്‍ത്തുന്ന നിലപാട് ഈ അവകാശവാദത്തിനു കടകവിരുദ്ധവുമാണ്.

ആദ്യഭാഗങ്ങളില്‍ സംവരണത്തേക്കാള്‍ ആവശ്യം പിന്നോക്ക വിഭാഗങ്ങളെ ശാക്തീകരിക്കലാണെന്ന അഭിപ്രായമാണ് അബ്ദുറഹ്മാന്‍ പങ്കുവെക്കുന്നത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മുസ്‌ലിം വിഭാഗത്തിലാണ് കൂടുതല്‍ ശാക്തീകരണം ആവശ്യമെന്ന വാദവും ഉയര്‍ത്തുന്നു. ഇന്ത്യയില്‍ ദളിതരെക്കാള്‍ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്‌ലീങ്ങള്‍ക്ക് സാമുദായിക സംവരണം ഇല്ലെന്നും പറയുന്നു.

“തീവ്ര ഹിന്ദുത്വ പ്രസ്ഥാനം രാഷ്ട്രീയാധികാരം ഉറപ്പിച്ചതോടെ മുസ്‌ലിം സംവരണം എന്നത് തീര്‍ത്തും അസാധ്യമായിരിക്കുകയാണ്. അപ്പോള്‍ ദലിതരെക്കാള്‍ പിന്നാക്കമായ ഈ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ എന്തുണ്ട് വഴി? സംവരണത്തിന്റെ പേരില്‍ എന്നെ സവര്‍ണ ബ്രാഹ്മണനാക്കുന്ന പലരും ഈ വലിയ യാഥാര്‍ഥ്യത്തെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്ത്?” അദ്ദേഹം ചോദിക്കുന്നു.

ആദ്യ ലേഖനത്തില്‍ തുടര്‍ന്നുവന്ന സ്ത്രീ വിരുദ്ധ നിലപാട് മറുപടി ലേഖനത്തിലും വ്യക്തമായി കാണാവുന്നത്. എം.എന്‍ കാരശ്ശേരിയുടെ ലേഖനത്തിനു മറുപടിയെന്ന നിലയിലാണ് ഈ ഭാഗത്തെ കാണാനാവുന്നത്. അബ്ദുറഹ്മാന്റെ ലേഖനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 സംവരണം നല്‍കിയതിനെതിരാണെന്നും കടുത്ത സ്ത്രീവിരുദ്ധനിലപാടാണ് അദ്ദേഹം വെച്ചുപുലര്‍ത്തുന്നതെന്നുമുള്ള വിമര്‍ശനമാണ് കാരശ്ശേരി മുന്നോട്ടുവെച്ചത്.

“പഞ്ചായത്ത് നഗരസഭകളിലെ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് യോഗ്യരായവരെ കിട്ടാതെവരുന്നു. അടുക്കളയിലും അങ്കണവാടികളിലും സ്ഥാനാര്‍ഥികളെ തിരയേണ്ടിവരുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്ക് മതിയായ അവസരം നല്‍കിക്കൊണ്ടാണ് ഭരണപരമായ ചുമതലകള്‍ ഏല്‍പിക്കേണ്ടത്.” എന്നാണ് അബ്ദുറഹ്മാന്‍ നല്‍കുന്ന വിശദീകരണം.

“ഇപ്പോള്‍ സംഭവിക്കുന്നത് അഞ്ചുവര്‍ഷം പഞ്ചായത്ത് നഗരസഭകളില്‍ പ്രവര്‍ത്തിച്ച സ്ത്രീകളില്‍ ഭൂരിഭാഗവും കാലാവധി കഴിഞ്ഞാല്‍ വന്നേടത്തേക്ക് തിരിച്ചുപോവുന്നതാണ്. വീണ്ടും പകരക്കാരെ തിരയേണ്ടിയും നിര്‍ബന്ധിക്കേണ്ടിയും വരുന്നു.” അബ്ദുറഹ്മാന്‍ പറയുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണം 33% ആക്കി കുറക്കണമെന്ന വാദം അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ മത്സരത്തിനായി മുന്നോട്ടുവരാന്‍ തയ്യാറാവുന്നില്ലെന്നതാണ് അതിനു കാരണമായി പറയുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി മത്സരിക്കുന്നവര്‍ പിന്നീട് രാഷ്ട്രീയത്തില്‍ തുടരുന്നില്ലെന്നും പറയുന്നു. രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്ക് മതിയായ അവസരം നല്‍കിക്കൊണ്ട് മാത്രമേ 50 ശതമാനം സംവരണം നടപ്പിലാക്കിയാല്‍ ഗുണകരമാകൂവെന്നും വാദിക്കുന്നു.

വനിതാ സംവരണം 50% ആക്കുന്നെങ്കില്‍ ശേഷിക്കുന്നത് പുരുഷ സംവരണമാക്കണമെന്ന വാദവും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ഉള്ള സംസ്ഥാനത്ത് വനിതാ സംവരണം 50% ആക്കുന്നതില്‍ എന്താണ് തെറ്റെന്ന കാരശ്ശേരിയുടെ വാദത്തിനു മറുപടിയായാണ് ഇതിനെ കണക്കാക്കാനാവുക.

“ജനസംഖ്യയില്‍ പകുതിയായ സ്ത്രീകള്‍ക്ക് പകുതി സീറ്റ് സംവരണം ചെയ്യാമെങ്കില്‍ പകുതിയായ പുരുഷന്മാര്‍ക്ക് മറ്റേ പകുതിയും സംവരണം ചെയ്യുന്നതിനെക്കുറിച്ച് ഇവര്‍ എന്തുപറയുന്നു? അതായത്, ലിംഗ നീതി എന്നത് ഇരു ലിംഗവിഭാഗങ്ങള്‍ക്കും ബാധകമാണല്‌ളോ?” ്അദ്ദേഹം ചോദിക്കുന്നു.

സംവരണവിരുദ്ധവാദം അപ്രസക്തം : ഒ. അബ്ദുറഹ്മാന് ഒരു വിയോജന കുറിപ്പ് (ടി.ടി ശ്രീകുമാര്‍)

സംഘപരിവാര സംവരണവിരുദ്ധതയുടെ പുനരവതാരങ്ങള്‍; ഒ. അബ്ദുറഹ്മാന് മറുപടി (സണ്ണി എം.കപിക്കാട്)

സംവരണ വിരുദ്ധ നിലപാടുമായി കാന്തപുരത്തിനു പിന്നാലെ മാധ്യമം എഡിറ്ററും