| Tuesday, 23rd March 2021, 10:04 pm

ജോലിഭാരം കുറയ്ക്കാനും എന്നെ സ്ഥാപനത്തില്‍ നിലനിര്‍ത്താനുമാണ് ചീഫ് എഡിറ്ററാക്കിയത്, അതിനപ്പുറവും ഇപ്പുറവും ഒന്നുമില്ല: ഒ. അബ്ദുറഹ്മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമം പത്രാധിപസ്ഥാനത്ത് നിന്ന് തന്നെ മാറ്റിയ നടപടിയില്‍ വിശദീകരണവുമായി ഒ. അബ്ദുറഹ്മാന്‍. ജോലി ഭാരം അല്‍പം കുറക്കണമെന്നും സ്ഥാപനത്തില്‍ നിന്ന്ഞാന്‍ ഒഴിഞ്ഞു പോവരുതെന്നും മാധ്യമം മാനേജ്‌മെന്റിന് തോന്നിയതിന്റെ ഫലമാണ് അടുത്ത ഏപ്രില്‍ മുതല്‍ ചീഫ്എഡിറ്ററായി തന്നെ നിയമിക്കാനുള്ള തീരുമാനമെന്ന് ഒ. അബ്ദുറഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഈ തീരുമാനത്തിന്റെ മുന്നിലും പിന്നിലും മറ്റൊരു പരിഗണനയുമില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണില്‍ താന്‍ തുടക്കം മുതല്‍ വഹിച്ചിരുന്ന പദവി ഇപ്പോഴും യഥാവിധി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഒ. അബ്ദുറഹ്മാനെ പത്രാധിപസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതിന് കാരണം ജമാ അത്തെ ഇസ്‌ലാമിയുടെ പുതിയ രാഷ്ട്രീയ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കാത്തതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ തന്നെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുകയാണ് ചെയ്തതെന്നും മറ്റ് വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്നും അബ്ദുറഹ്മാന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നു.

മാധ്യമം പത്രത്തിന്റെ എഡിറ്ററായി വി.എം. ഇബ്രാഹിമിനെയും ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായി പി.ഐ. നൗഷാദിനെയുമാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

പത്ര പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, മതപണ്ഡിതന്‍, രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന ഒ അബ്ദുറഹ്മാന്‍ 1987ല്‍ മാധ്യമം പത്രം ആരംഭിച്ചത് മുതല്‍ എഡിറ്റര്‍, എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

മാധ്യമം -മീഡിയാവണ്‍ സ്ഥാപനങ്ങളിലെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ കൂടിയായ പുതുതലമുറയിലെ പത്രാധിപ സമിതി അംഗങ്ങള്‍ക്ക് ഒ. അബ്ദുറഹ്മാന്റെ പല നിലപാടുകളോടും വിയോജിപ്പുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രായാധിക്യം ചൂണ്ടിക്കാണിച്ച് ഒ. അബ്ദുറഹ്മാനെ പത്രാധിപ സ്ഥാനത്ത് നിന്നും നീക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ നടന്നിരുന്നതായാണ് സൂചനകള്‍. യു.ഡി.എഫ് ബന്ധത്തെ ചൊല്ലി ജമാഅത്തെ ഇസ്ലാമിയില്‍ നിലനില്‍ക്കുന്ന ഭിന്നതയും നടപടിയ്ക്ക് കാരണമായെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ലിബറല്‍ നിലപാടുകള്‍ സൂക്ഷിക്കുകയും ഇടതുപക്ഷവുമായി പലപ്പോഴും സൗഹൃദബന്ധം നിലനിര്‍ത്തുകയും മതേതരരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ഒ. അബ്ദുറഹ്മാനെ സ്ഥാനത്ത് നിന്ന് നീക്കുന്നതിനായി തീവ്ര സാമുദായികവാദവും ഇടതുപക്ഷ വിരുദ്ധത സമീപനങ്ങളും സ്വീകരിക്കുന്ന പുതുതലമുറയിലെ പത്രാധിപ സമിതി അംഗങ്ങള്‍ ശ്രമിച്ചിരുന്നതായാണ് വിവരങ്ങള്‍.

അബ്ദുറഹ്മാന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

മാധ്യമം പത്രാധിപര്‍ എഴുതുന്നു:

സുഹൃത്തുക്കളെ,

‘മാധ്യമം’ ദിനപത്രം 1987 ജൂണ്‍ ഒന്നിനാണ്പ്രസിദ്ധീകരണമാരംഭിച്ചത്. അതിനും ആറുമാസങ്ങള്‍ക്കെങ്കിലും മുമ്പാണ്ഞാന്‍ ഈ പത്രത്തിന്റെ പണിപ്പുരയില്‍ ചേരുന്നത്. പത്രം തുടങ്ങിയതു മുതല്‍ ഞാന്‍ അതിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജായി. 2003 മുതല്‍ എഡിറ്ററുമായി. ആ പദവിയില്‍ 17 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. പ്രായം 76.

ഇപ്പോള്‍ മാധ്യമം മാനേജ്‌മെന്റിന് അഥവാ ഐഡിയല്‍ പബ്ലിക്കേഷന്‍സ്ട്രസ്റ്റിന് എന്റെ ജോലി ഭാരം അല്‍പം കുറക്കണമെന്നും എന്നാല്‍ സ്ഥാപനത്തില്‍ നിന്ന്ഞാന്‍ ഒഴിഞ്ഞു പോവരുതെന്നും തോന്നിയതിന്റെ ഫലമാണ്അടുത്ത ഏപ്രില്‍ മുതല്‍ ചീഫ് എഡിറ്ററായി എന്നെ നിയമിക്കാനുള്ള തീരുമാനം. എക്‌സിക്യൂട്ടീവ്എഡിറ്റര്‍ പദവി വഹിക്കുന്ന വി.എം. ഇബ്രാഹീമിനെ എഡിറ്ററാക്കാനും തീരുമാനമുണ്ട്. ഈ തീരുമാനങ്ങളുടെ മുന്നിലും പിന്നിലും മറ്റൊരു പരിഗണനയുമില്ല.

ഗോസിപ്പുകളുടെ പ്രളയകാലത്ത്, അതും ഇലക്ഷന്‍ കാലത്ത് പ്രചരിക്കുന്ന കഥകളിലൊക്കെ അഭിരമിക്കുന്നവര്‍ക്ക് അതാവാം. ഒരു പരിഭവവും എനിക്കില്ല. മീഡിയവണില്‍ ഞാന്‍ തുടക്കം മുതല്‍ വഹിച്ചിരുന്ന പദവി ഇപ്പോഴും യഥാവിധി തുടരുന്നു. നന്ദി എല്ലാവര്‍ക്കും.- ഒ. അബ്ദുറഹ്മാന്‍

Content Highlight: O Abdurahman Madhyamam Jamaath Islami Welfare Party UDF

We use cookies to give you the best possible experience. Learn more