കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന മുസ്‌ലിം സമുദായത്തില്‍പ്പെട്ട 258 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന പോലീസ് ഉത്തരവിട്ടുവെന്ന മാധ്യമം ആഴ്ചപ്പതിപ്പിലെ വിജു.വി.നായരുടെ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരിക്കയാണ്. മാധ്യമം റിപ്പോര്‍ട്ട് സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണുള്ളതെന്നാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ചും സര്‍ക്കാര്‍ പ്രതികരണത്തെക്കുറിച്ചും മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുന്നു.
മുസ്‌ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടതിലൂടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന രീതിയിലാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി ഇന്ന് ആരോപിക്കുകയുണ്ടായി. ഇതിനോട് എങ്ങിനെയാണ് മാധ്യമം പ്രതികരിക്കുന്നത്?
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വിജു വി.നായരാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. അദ്ദേഹത്തിന്റെ കഴിഞ്ഞ കാലത്തെ കരിയര്‍ പരിശോധിച്ചാല്‍ പൂര്‍ണ്ണമായ സെക്യുലര്‍ സ്വഭാവം പുലര്‍ത്തിയ ആളാണെന്ന് വ്യക്തമാകും. നേരത്തെ കേരള കൗമുദിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നെ മാധ്യമം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് വ്യക്തമായ കാരണങ്ങളുണ്ട്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഭരണകൂടമായാലും കടന്നുവരുന്നത് അധാര്‍മ്മികമാണ്. ഇ മെയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ച 268 പേരില്‍ 258 പേരും മുസ്‌ലിംകളായത് യാദൃശ്ചികമായല്ല ഞങ്ങള്‍ കാണുന്നത്.
പിന്നെ സൗഹാര്‍ദം തകര്‍ക്കുന്ന രീതി എന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല. ഹിന്ദു വിരുദ്ധമായോ ദേശീയ വിരുദ്ധമായോ ഒന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ വിരുദ്ധമായ റിപ്പോര്‍ട്ടാണ്. പിന്നെ മുഖ്യമന്ത്രി അങ്ങിനെ പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ്. സംഭവത്തില്‍ അന്വേഷണം വേണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങിനെ തീരുമാനിച്ചതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ മെയില്‍ ഐ.ഡികളും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന് വ്യക്തമായിരിക്കയാണ്. ഇത് മാധ്യമപ്രവര്‍ത്തകരെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ഇത് ചര്‍ച്ച ചെയ്യപ്പെടാന്‍ വേണ്ടിത്തന്നെയാണ് മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇപ്പോള്‍ സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലാണ്. ഡി.ജി.പിയുടെ പ്രസ്താവന പോലും അതാണ് തെളിയിക്കുന്നത്.
മെയില്‍ ചോര്‍ത്തിയിട്ടില്ല, വിശദാംശങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് പറഞ്ഞതെന്നാണ് കഴിഞ്ഞ ദിവസം ഡി.ജി.പി വിശദീകരിച്ചത്?
പിന്നെന്തിനാണവര്‍ ഉത്തരവില്‍ ലോഗിന്‍ വിവരം എടുക്കണമെന്ന് നിര്‍ദേശിച്ചത്?. പിന്നെ പാസ് വേര്‍ഡ് എടുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നുള്ളത് മണ്ടത്തരമാണ്. പിന്നെന്തിനാണിവിടെ സൈബര്‍ സെല്ലും ഹൈടെക് സെല്ലും പ്രവര്‍ത്തിക്കുന്നത്?. ഇവര്‍ക്ക് സിമി ബന്ധമുണ്ടെന്നും അതിനാല്‍ പരിശോധിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. അപ്പോള്‍പ്പിന്നെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. പോലീസ് ഇവരെ സംശയിക്കുന്നുണ്ടെന്നും അവര്‍ നോട്ടപ്പുള്ളികള്‍ തന്നെയാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
മാധ്യമം റിപ്പോര്‍ട്ടില്‍ മുസ്‌ലിംകളുടെ പേര് മാത്രം ഉള്‍പ്പെടുത്തിയെന്നും മറ്റുള്ളവ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ഇത് റിപ്പോര്‍ട്ടിന്റെ ഉദ്ദശ്യ ശുദ്ധിയെ സംശയത്തിലാക്കുന്നുണ്ടെന്നാണ് ആരോപണം?.
മാധ്യമത്തിന്റെ റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. 268 പേരില്‍ പത്ത് പേര്‍ മറ്റ് സമുദായക്കാരാണെന്ന് ഞങ്ങള്‍ തന്നെ പറയുന്നുണ്ട്. അപ്പോള്‍പ്പിന്നെ മറച്ചുവെച്ചുവെന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസ്സിലാവുന്നില്ല.
ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെ പത്രം എങ്ങിനെ കാണുന്നു?
മുസ്‌ലിം ലീഗ് ഭരണത്തില്‍ പങ്കാളികളാണ്. അതിനാല്‍ അവര്‍ക്ക് നിലപാടെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ലീഗ് നേതാക്കള്‍ വളരെ അസ്വസ്ഥരാണ്. സി.പി.ഐ.എം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തന്നെ ഇതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞുവല്ലോ?.
റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമത്തിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എങ്ങിനെ കാണുന്നു?.
സര്‍ക്കാര്‍ നടപടിയെടുക്കുകയാണെങ്കില്‍ അതിനെ മാധ്യമം സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. നിയമവിരുദ്ധമായത് മാധ്യമം ചെയ്തിട്ടുണ്ടെങ്കില്‍ അവിടെ തെളിയിക്കട്ടെ.
ഇ-മെയില്‍ പരിശോധന സാധാരണ നടത്തുന്നതാണെന്നും അതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും ഡി.ജി.പി വിശദീകരിക്കുകയുണ്ടായി?.
ഒരു സമുദായത്തില്‍പ്പെട്ടവരെ മാത്രം ടാര്‍ജറ്റ് ചെയ്ത് ഇത്തരത്തില്‍ സാധരാണ ഇ-മെയില്‍ ചോര്‍ത്തുന്നുണ്ടെങ്കില്‍ അത് അപടകമാണ്. കഴിഞ്ഞ കാലങ്ങളിലൊക്കെ ഇത്തരത്തില്‍ ചില ഇടപെടലുകള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്്. കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് വലിയ കോലാഹലമുണ്ടാക്കിയ സംഭവമാണ്. പിന്നീട് സിമി വേട്ടയുടെ പേരില്‍ പോലീസ് ഇത്തരത്തില്‍ ഇടപെട്ടു. അതിന്റെ മറ്റൊരുദ്ധ്യായമായിരുന്നു ലൗജിഹാദ്. ലൗജിഹാദ് കള്ളപ്രചാരണമായിരുന്നുവെന്നും ഒരു വെബ്‌സൈറ്റാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പിന്നീട് തെളിയിക്കപ്പെട്ടു. സംശയകരമായ ഒരു അന്തരീക്ഷം ഇവിടെയുണ്ടാക്കുകയെന്നത് ചിലരുടെ ആവശ്യമായി വന്നിരിക്കയാണ്.
ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ സംസ്ഥാന സര്‍ക്കാറിനപ്പുറത്തെ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടോ?.
ഇത്തരത്തിലുള്ള നീക്കം ദേശീയ തലത്തില്‍ തന്നെ നടക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര നിര്‍ദേശമായാര്‍ പോലും സംസ്ഥാന സര്‍ക്കാറിന്റെ അറിവില്ലാതെ ഇത് നടക്കുമെന്ന് പറയാനാകില്ല. സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയാതെ ഇത്തരത്തില്‍ ഇ-മെയില്‍ ചോര്‍ത്താന്‍ കഴിയില്ല. അവരിഞ്ഞുകൊണ്ട് തന്നെയായിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക.
തയ്യാറാക്കിയത്: കെ.എം ഷഹീദ്
Malayalam news
Kerala news in English