| Tuesday, 16th February 2016, 8:06 am

വി.പി റജീന വിവരിച്ച അനുഭവങ്ങള്‍ നിസാരം, എക്കാലത്തും ഉള്ളതുതന്നെ: മാധ്യമം പത്രാധിപര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ചിലര്‍ക്ക് ചില സമയങ്ങളില്‍ ചില ബലഹീനതകള്‍ ഉണ്ടാവും. അതിനെ സാമാന്യവല്‍ക്കരിക്കുന്നതും പെരിപ്പിച്ചു കാണിക്കുന്നതും ശരിയല്ല.”


കോഴിക്കോട്: മാധ്യമപ്രവര്‍ത്തക വി.പി റജീന ഫേസ്ബുക്കില്‍ കുറിച്ചതുപോലുള്ള അനുഭവങ്ങള്‍ എല്ലാ സമൂഹങ്ങളിലും എല്ലാ കാലത്തും ഉണ്ടായിട്ടുള്ളവയാണെന്ന് ഒ. അബ്ദുറഹ്മാന്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് പോലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്തരമൊരു കുറ്റകൃത്യം ചെയ്തയാളോട് നമസ്‌കരിച്ചിട്ടു പോകാനാണ് പ്രവാചകന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു.  മുഖ്യധാര ത്രൈമാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒ. അബ്ദുറഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

” ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അടുത്തേക്ക് ഒരാള്‍ കേറി വന്നു പറഞ്ഞു, ഞാനൊരു പെണ്‍കുട്ടിയെ ബലമായി പിടിച്ചു ചുംബിച്ചു, എന്നെ ശിക്ഷിച്ചാലും. പ്രവാചകന്‍ പ്രതികരിച്ചില്ല. പിന്നെ നമസ്‌കാരത്തിന്റെ സമയമായപ്പോള്‍ നമസ്‌കരിച്ചു. നമസ്‌കാരം കഴിഞ്ഞ് അയാളോട് പ്രവാചകന്‍ പറഞ്ഞു. നിങ്ങള്‍ നമസ്‌കരിച്ചില്ലേ. അതുമതി, നമസ്‌കാരം തെറ്റുകളെ പൊറുപ്പിക്കുമെന്ന്. ഇസ്‌ലാമിക കാര്യത്തില്‍ വിധി പറയേണ്ട പ്രവാചകന്റെ നിലപാടിതായിരുന്നു.” ഒ. അബ്ദുറഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നു.



ചിലര്‍ക്ക് ചില സമയങ്ങളില്‍ ചില ബലഹീനതകള്‍ ഉണ്ടാവും. അതിനെ സാമാന്യവല്‍ക്കരിക്കുന്നതും പെരിപ്പിച്ചു കാണിക്കുന്നതും ശരിയല്ല. ഇത്തരം കാര്യങ്ങളെ സാമാന്യവത്കരിച്ച് മദ്രസാ പ്രസ്ഥാനത്തെ താറടിക്കുന്നതിനു താന്‍ എതിരാണെന്നും അബ്ദുറഹ്മാന്‍ വ്യക്തമാക്കി.

റജീനയുടെ ഫേസ്ബുക്ക് പോസ്റ്റിനും അതിനു ലഭിച്ച പ്രതികരണങ്ങള്‍ക്കും കുളക്കടവിലെയും പുഴക്കരയിലെയും വര്‍ത്തമാനങ്ങളുടെ നിലവാരം മാത്രമാണുള്ളത്. അതിനെ അങ്ങനെ കണ്ടാല്‍ മതി.

റജീനയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ യുവ ജമാഅത്ത് നേതാക്കള്‍ മോശമായി പ്രതികരിച്ചതായി ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത്തരം വിഷയങ്ങളില്‍ അവരൊന്നും ഇടപെടരുതെന്നാണ് തന്റെ അഭിപ്രായമെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. താന്‍ ഇതിലൊന്നും ഇടപെടാറില്ല. തനിക്ക് ഫേസ്ബുക്ക് അക്കൗണ്ടില്ല- അദ്ദേഹം പറയുന്നു.



ഇസ്‌ലാമിലെ ലിംഗ നീതിയുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ അഭിപ്രായപ്രകടനങ്ങളെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. സ്ത്രീകള്‍ പള്ളിയില്‍ പോകരുതെന്ന് പറഞ്ഞ കാന്തപുരത്തില്‍ നിന്നും ഇത്തരം നിലപാടുകള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. ഇസ്‌ലാമിന്റെ ആധാരമായി കാന്തപുരത്തെ പോലുള്ള പണ്ഡിതന്‍മാര്‍ കാണുന്നത് ഫിഖ്ഹ് അഥവാ കര്‍മ ശാസ്ത്രത്തെയാണ്. ഖുര്‍ആനും സുന്നത്തുമല്ല. ഫിഖ്ഹാണ് ഇസ്‌ലാം എന്ന രീതി ശരിയല്ല. മതപണ്ഡിതന്‍മാര്‍ എന്നാല്‍ ഫിഖ്ഹ് പഠിച്ചവരാണെന്ന രീതിയും അബദ്ധമാണ്. ഫിഖ്ഹിലെ ഈ വലിയ അബദ്ധങ്ങളാണ് വലിയ സ്ത്രീ വിരുദ്ധതയായി ഇവരുടെ വായയില്‍ നിന്നും പുറത്ത് വരുന്നതെന്നും ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.

മാധ്യമത്തെ സംബന്ധിച്ച് റജീനയുടെ സംഭവങ്ങള്‍ ഒരു വാര്‍ത്തയേ അല്ല. വാര്‍ത്തയാക്കാന്‍ പറ്റിയ നിലവാരവും ആ പോസ്റ്റിനില്ല. അതുകൊണ്ടാണ് വാര്‍ത്തയാക്കാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

മുന്‍പ് സംവരണ വിരുദ്ധ ലേഖനമെഴുതിയതിനെ കുറിച്ചും അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട് “സംവരണം കാലാ കാലങ്ങളില്‍ തുടരേണ്ടതാണ് എന്നഭിപ്രായം തനിക്കില്ല” എന്ന തന്റെ പഴയ നിലപാട് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. സമൂഹത്തില്‍ എല്ലാവരും വിദ്യഭ്യാസവും ജോലിയും നേടുന്ന സാഹചര്യത്തില്‍ എന്നെങ്കിലും ഒരിക്കല്‍ സംവരണം എടുത്തു കളയേണ്ടതാണ്. പലസ്തീനികള്‍ക്ക് ഒരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. പക്ഷെ വിദ്യഭ്യാസത്തിലൂടെ അല്ലാതെ മറ്റൊന്നിലൂടെയും രക്ഷയില്ലെന്ന് മനസിലാക്കിയ പലസ്തീനികള്‍ ഇന്ന് വലിയ സാക്ഷര സമൂഹമാണ്.  അത് പോലെ ഒരിക്കലും സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവരാണ് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍. ഇപ്പോള്‍ അവര്‍ക്ക് സംവരണത്തിന്റെ ആവശ്യമില്ലെന്നും ഒ. അബ്ദുറഹ്മാന്‍ പറയുന്നു.

കേരളത്തിലെ സുന്നി സംഘടനകള്‍ പറയുന്ന “ഇസിസ് ഇസ്‌ലാമല്ല മതരാഷ്ട്രവാദികളുടെ ഇസ്‌ലാമാണ് ഇസിസ്” എന്ന പ്രചരണം അര്‍ത്ഥമില്ലാത്തതാണ്. മതരാഷ്ട്രവാദികള്‍ എന്ന് അവര്‍ ഉദ്ദേശിക്കുന്നത് ജമാഅത്ത ഇസ് ലാമിയെയായിരിക്കണം. ജമാഅത്തിന്റെയോ മഅദൂതിയുടെയോ വിചാരലോകവുമായി യാതൊരുബന്ധവും ഇസിസിനില്ല എന്നുമാത്രമല്ല അത് തികഞ്ഞ സലഫി ഗ്രൂപ്പാണെന്നും അദ്ദേഹം ആരോപിക്കുന്നു. സൗദി ഭരണകൂടത്തിന്റെയും അവിടുത്തെ സമ്പന്ന വിഭാഗത്തിന്റെയും സഹായത്തോടുകൂടിയാണ് ഇസിസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

വഹാബികള്‍ എന്നറിയപ്പെടുന്ന മുജാഹിദുകളുടെ കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഗൗരവമായി തന്നെയുണ്ട്. “ഗുലുവ്വ് എന്ന് ഖുര്‍ആന്‍ പറഞ്ഞ അതിരുകവിഞ്ഞ മതമൗലികവാദികളായിരിക്കുകയാണവര്‍. സൗദി അറേബ്യയാണല്ലോ ഒരു വഹാബി രാജ്യം. അന്ധവിശ്വാസത്തിന് എതിരെന്നപേരില്‍ ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തു കളഞ്ഞു അവര്‍. അതൊന്നും ചെയ്യാന്‍ പാടില്ലാത്തതാണ്. അതൊക്കെ വരുംതലമുറക്ക് വേണ്ടി സൂക്ഷിക്കണമായിരുന്നു. ഇവിടെയും വളരെ കുടുസ്സായ മതചിന്തയാണവര്‍ പ്രചരിപ്പിക്കുന്നത്. ഇത്രയൊന്നും തീവ്രമാകേണ്ടതില്ല. മുജാഹിദ് വിഭാഗങ്ങള്‍ ഗ്രൂപ്പുകളായി പൊട്ടിപിളരും തോറും ഇതിന്റെ തീവ്രത കൂടിവരികയാണ്. ” അദ്ദേഹം പറയുന്നു.

കൂടുതല്‍ വായനയ്ക്ക്

സംഘപരിവാര സംവരണവിരുദ്ധതയുടെ പുനരവതാരങ്ങള്‍; ഒ. അബ്ദുറഹ്മാന് മറുപടി

സംവരണവിരുദ്ധവാദം അപ്രസക്തം : ഒ. അബ്ദുറഹ്മാന് ഒരു വിയോജന കുറിപ്പ്

സംവരണ വിരുദ്ധ നിലപാടുമായി കാന്തപുരത്തിനു പിന്നാലെ മാധ്യമം എഡിറ്ററും

വി.പി റജീനയെ കല്ലെറിയുമ്പോള്‍ അഥവാ മുസ്‌ലിം ആണ്‍കോയ്മയുടെ ആക്രോശങ്ങള്‍

യെസ് ടു ‘തറ’

ഞാന്‍ പറിക്കുന്ന ആണികള്‍ ഒക്കെയും വേണ്ടാത്തതാണ്; അതായത് ആശാരിയ്ക്ക് ചുറ്റികയുടെ പാരഡിവച്ചും അടിക്കാം!

We use cookies to give you the best possible experience. Learn more