കോഴിക്കോട്: കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്കു പിന്നാലെ സംവരണ വിരുദ്ധ നിലപാടുമായി മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാനും. എല്ലാ സംവരണ വിരുദ്ധരും പറയുന്നതുപോലെ ജാതി, മത, ലിംഗ അടിസ്ഥാനത്തിലുള്ള സംവരണം അര്‍ഹതപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് നിഷേധിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് അബ്ദുറഹ്മാനും രംഗത്തെത്തിയിരിക്കുന്നത്.
സ്ത്രീ സംവരണം അധികമായിപ്പോയി എന്ന നിലപാടാണ് കാന്തപുരം സ്വീകരിച്ചതെങ്കില്‍ എല്ലാ അര്‍ത്ഥത്തിലുള്ള സംവരണവും അധികമായിപ്പോയി എന്ന നിലപാടാണ് ഒ അബ്ദുറഹ്മാന്‍ മാധ്യമം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച “സംവരണം ഒരു വിയോജനം” എന്ന ലേഖനത്തില്‍ സ്വീകരിക്കുന്നത്.
ബുദ്ധിപരമായും യോഗ്യതയിലും എത്ര മികവ് പുലര്‍ത്തിയാലും സമൂഹത്തില്‍ മേല്‍ജാതിക്കാരായറിയപ്പെടുന്നവരുടെ തലമുറകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു. യോഗ്യത കുറഞ്ഞവര്‍ക്ക് അവരെ പിന്നിലാക്കി സ്ഥാനങ്ങള്‍ കൈയടക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു. ഇത് ജനാധിപത്യപരമായി ന്യായീകരിക്കപ്പെടാമോയെന്ന സംവരണ വിരുദ്ധരുടെ ചോദ്യമാണ് അബ്ദുറഹ്മാനും ലേഖനത്തില്‍ ഉന്നയിക്കുന്നത്.
കൂടുതല്‍ ജാതികള്‍ക്ക് മുന്നാക്ക ജാതികള്‍പോലും സംവരണത്തിനായി പൊരുതുകയും മുഖ്യ രാഷ്ട്രീയപാര്‍ട്ടികള്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്കമൂലം 60 ശതമാനത്തിലധികമായിരിക്കുന്നു ചില സംസ്ഥാനങ്ങളില്‍ സംവരണം. മെറിറ്റടിസ്ഥാനത്തില്‍ മത്സരിക്കാനുള്ള സാധ്യത ഇത് കുറയ്ക്കുകയാണെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീ സംവരണത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വാദം സ്ത്രീകള്‍ യാതൊരു കഴിവുമില്ലെന്ന തരത്തിലാണ്. “അടുക്കളയില്‍ നിന്നും അംഗനവാടികളിലും നിന്നും മത്സരരംഗത്തേക്ക്” ആനയിക്കപ്പെടുന്ന സ്ത്രീകള്‍ ഭരണം പിന്‍സീറ്റ് ഡ്രൈവിങ്ങായി പരണമിക്കാന്‍ കാരണമായെന്നാണ് അദ്ദേഹം പറയുന്നത്.
പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ സംവരണം 50 ശതമാനമാക്കിയത് ഭരണനടത്തിപ്പ് പിന്‍സീറ്റ് ഡ്രൈവിങ്ങായി പരിണമിക്കാന്‍ കാരണമായെന്നു പറയുന്ന അബ്ദുറഹ്മാന്‍ കാന്തപുരത്തിന്റെ അതേ വാദം തന്നെയാണ് ഉയര്‍ത്തുന്നത്. സ്ത്രീ സംവരണം കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ചെയര്‍പേഴ്‌സണ്‍ പദവിക്ക് സംവരണം ബാധകമാക്കിയതിനാല്‍ ചില പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണം അവതാളത്തിലായെന്നും അദ്ദേഹം പറയുന്നു.
സ്ത്രീകള്‍ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരേണ്ടവരല്ലെന്നും അവര്‍ കുടുംബം നോക്കി അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരുമാണെന്ന സ്ത്രീ വിരുദ്ധ കാഴ്ചപ്പാടിന്റെ വ്യക്തമായ തുറന്നുപറച്ചിലാണിത്.
പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നത് വയനാട് മേഖലകളില്‍ സാധാരണ പൗരന്മാര്‍ക്ക് സ്വന്തംഹിതമനുസരിച്ച് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നും അബ്ദുറഹ്മാന്‍ പറയുന്നു. മുസ്‌ലിംകളാദി അധസ്ഥിത ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളും ജാതിസംവരണം ചെയ്യപ്പെടുന്നതുമൂലം അവര്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നെന്നും അതിനു ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ വണ്ടൂര്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മേല്‍പ്പറഞ്ഞ “പ്രശ്‌നങ്ങള്‍ക്ക്” മറുമരുന്നായി അദ്ദേഹം നിര്‍ദേശിക്കുന്നത് സ്ത്രീ സംവരണം 33 ശതമാനമായി കുറക്കുയെന്നതാണ്. യോഗ്യരായ സ്ത്രീകള്‍ക്ക് ജനറല്‍ സീറ്റിലും മത്സരിക്കാമെന്നതുകൊണ്ട് സ്ത്രീക്ക് അവസര നിഷേധം ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
യോഗ്യരായ സ്ത്രീകള്‍ക്ക് ജനറല്‍ സീറ്റില്‍ അവസരം ലഭിക്കാത്തതിനാലാണ് സംവരണം തന്നെ കൊണ്ടുവന്ന വസ്തുത ഒ. അബ്ദുറഹ്മാന്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. ചെയര്‍പേഴ്‌സണ്‍ പദവിയിലുള്ള സംവരണം എടുത്തുമാറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. യോഗ്യതതെളിയിച്ചവര്‍ക്ക് ആണായാലും പെണ്ണായാലും സാരഥ്യം സ്വാഭാവികമായി കൈവരുമല്ലോ എന്ന ന്യായമാണ് അതിനു ഉന്നയിക്കുന്നത്.
പട്ടികവര്‍ഗ സംവരണം സ്ത്രീ സംവരണംപോലെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാക്കണം. അതിന് സാധ്യതയില്ലെങ്കില്‍ ദ്വയാംഗ മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പ്രതിവിധിയെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
ഉദ്യോഗ സംവരണംമൂലം സമുദായങ്ങള്‍ എത്രത്തോളം വളര്‍ന്നു, തുല്യത കൈവരിച്ചുവെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഏതെങ്കിലും സമുദായങ്ങള്‍ ഏതെങ്കിലും വകുപ്പില്‍ തുല്യത കൈവരിച്ചിട്ടുണ്ടെന്ന് കണ്ടത്തെിയാല്‍ ആ വകുപ്പില്‍ ആ സമുദായത്തിന് സംവരണം തുടരേണ്ടതില്ല. ജനസംഖ്യാനുപാതികമായി സംവരണത്തോത് പുനക്രമീകരിക്കണമെന്നും അദ്ദേഹം ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.
ഇതെല്ലാം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇത് ഏതെങ്കിലും സംഘടനയുടെയോ സമുദായത്തിന്റെയോ മാധ്യമത്തിന്റെയോ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.