|

ശബരിമലയിലെ വഴിപാട്; തന്റെ അറിവോടെയെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, സമുദായത്തോട് മാപ്പ് പറയണം: ഒ. അബ്ദുള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതില്‍ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ. അബ്ദുല്ല. മമ്മൂട്ടിയുടെ അറിവോട് കൂടിയാണ് മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണമെന്നും മുസ്‌ലിം സമുദായത്തോടെ മാപ്പ് പറയണമെന്നുമാണ് അദ്ദേഹം പറയുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച തന്റെ ശബ്ദ സന്ദേശത്തിലൂടെയാണ് ഒ. അബ്ദുല്ലയുടെ ഈ വിമര്‍ശനം. വളരെ ഗുരുതരമായ ഒരു വീഴ്ച മമ്മൂട്ടിയെന്ന അനുഗ്രഹീത സിനിമാനടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

മമ്മൂട്ടി പറഞ്ഞേല്‍പ്പിക്കാതെ മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ചാണ് ചെയ്തതെങ്കില്‍ ആ സംഭവത്തില്‍ മമ്മൂട്ടി നിരപരാധിയാണെന്നും മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുതെന്നും ഒ. അബ്ദുല്ല പറഞ്ഞു.

എന്നാല്‍ മമ്മൂട്ടി പറഞ്ഞേല്‍പ്പിച്ചാണ് ചെയ്തതെങ്കില്‍ അത് മഹാ അപരാധമാണെന്നും അദ്ദേഹം പറയുന്നു. ഇസ്‌ലാമിക വിശ്വാസം അനുസരിച്ച് അല്ലാഹുവിന് മാത്രമേ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂവെന്നും അല്ലാഹുവിനോട് മാത്രമേ സഹായം തേടാന്‍ പാടുള്ളൂവെന്നും അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.


ഖുര്‍ആനിലെ ചില ആയത്തുകളെ ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം വിമര്‍ശിച്ചത്. ഈ കാര്യത്തില്‍ മമ്മൂട്ടിയുടെ വിശദീകരണം ആവശ്യമാണെന്നും താന്‍ അറിഞ്ഞു കൊണ്ടാണോ ചെയ്തതെന്ന് സമുദായത്തോട് വ്യക്തമാക്കണമെന്നും ഒ. അബ്ദുല്ല പറയുന്നു. മുസ്‌ലിം മതപണ്ഡിതന്മാര്‍ ഈ കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈയിടെയായിരുന്നു മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന വാര്‍ത്ത പുറത്തുവന്നത്. അതിന്റെ തൊട്ടടുത്ത ദിവസം തന്നെയായിരുന്നു മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയത്.

മമ്മൂട്ടിക്കായി ഉഷപൂജ വഴിപാടായിരുന്നു മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയതിന്റെ രസീത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Content Highlight: O Abdulla Criticize Mammootty For Mohanlal’s Offer Prayers In Shabarimala

Latest Stories

Video Stories