കോഴിക്കോട്: മലപ്പുറം പെരിന്തല്‍മണ്ണയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയില്‍ നിന്നും ഇറക്കിവിട്ട സമസ്ത നേതാവ് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ ഒ. അബ്ദുല്ല. പണ്ഡിതരെന്ന് പറഞ്ഞ് കൃത്രിമ വേഷം ധരിച്ച് നടക്കുന്ന ഇത്തരക്കാരെ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് ഒ.അബ്ദുല്ല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു പ്രതികരണം.
ഇസ്‌ലാമില്‍ പറയാത്ത കാര്യമാണ് താടിയും തലേക്കെട്ടും. ഇത്തരം വേഷ വിധാനങ്ങളോടെ പൊതു സമൂഹത്തെ കബളിപ്പിക്കുകയാണ് പണ്ഡിതരെന്ന് സ്വയം അവകാശപ്പെടുന്നവരെന്ന് ഒ.അബ്ദുല്ല പറഞ്ഞു. പത്താം ക്ലാസിലെ കുട്ടിയെ കണ്ട് മതത്തിന്റെ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് എന്ന് പറയുന്നത് എന്തുതരം അഭിനയമാണെന്നും ഒ. അബ്ദുല്ല ചോദിച്ചു.
‘പഠിച്ച സ്ഥലം ചെകുത്താന്‍ കുണ്ടിലായിരുന്നെങ്കില്‍ എന്തായിരിക്കും ഇവര്‍ പേരിടുക?’പണ്ഡിതന്‍മാരെ തിരുത്താന്‍ പാടില്ലെന്ന് പറയുന്നുണ്ടല്ലോ. ഞാന്‍ ചോദിക്കട്ടെ ആരാണ് പണ്ഡിതന്‍? ഞാന്‍ ജീവിതം മുഴുവന്‍ മത പഠനത്തിന് മാറ്റി വെച്ചയാളാണ്. ഈജിപ്തില്‍ നിന്നുള്ള പണ്ഡിതന്‍മാരില്‍ നിന്നാണ് ഞാന്‍ മതം പഠിക്കുന്നത്. ഇവര്‍ പണ്ഡിതനാവാന്‍ ഓതുന്ന കിതാബുകളേതാണോ ആ കിതാബുകളെല്ലാം അവസാന താള്‍ വരെ ഞങ്ങളൊക്കെ പഠിച്ചതാണ്. ഞങ്ങള്‍ക്കില്ലാത്തത് ഇവരുടെ കൃത്രിമ വേഷമാണ്. തലയില്‍ കെട്ടും താടിയും. ലോകത്തിലെ ഇസ് ലാമിക പണ്ഡിതരില്‍ ഭൂരിഭാഗം പേര്‍ക്കും താടിയില്ല. ഇസ് ലാമില്‍ തലയില്‍കെട്ടിനെ പറ്റി പറയുന്നേ ഇല്ല.
വലിയ എഞ്ചിനീയര്‍മാരും ഐ.എസ്.ആര്‍.ഒയില്‍ പഠിച്ചവരുമൊന്നും അവരുടെ പേരിനാെപ്പം പാണ്ഡിതത്തിന്റെ അടയാളം കാണിക്കുന്നില്ല. ഇവര്‍ ഹുദവി എന്നൊക്കെ പഠിച്ച സ്ഥാപനത്തിന്റെ പേര് ഒപ്പം ചേര്‍ക്കുന്നു. ഇവര്‍ പഠിച്ച സ്ഥലം ചെകുത്താന്‍ കുണ്ടിലായിരുന്നെങ്കില്‍ എന്തായിരിക്കും ഇവര്‍ പേരിടുക? ഇത്തരത്തിലുള്ള പേരുകള്‍ വെച്ചുകെട്ടി കൃത്രിമമായ ഒരു പരിവേഷം സൃഷ്ടിച്ച് കൊണ്ട് പൗരോഹിത്വത്തിന്റെ ഒരു അന്തരീക്ഷം ഉണ്ടാക്കി, സാധാരണക്കാരായ ആള്‍ക്കാരെ മയക്കുന്നു. ഇത് ഈ അവസരത്തില്‍ വെച്ച് പിടികൂടുക തന്നെ വേണം.
ഇവര്‍ വിമാനത്തില്‍ യാത്ര ചെയ്യാറില്ലേ. സീറ്റിനടുത്ത് വനിതകള്‍ പാടില്ലെന്ന് ഇവര്‍ എഴുതിക്കൊടുക്കുമോ. എയര്‍ ഹോസ്റ്റസുമാര്‍ ആണുങ്ങളാണോ. എയര്‍ഹോസ്റ്റസ് സ്ത്രീയാണെന്ന് പറഞ്ഞ് വിമാനം നിര്‍ത്തൂ എന്ന് പറഞ്ഞ് ആരെങ്കിലും ഇറങ്ങിപ്പോയിട്ടുണ്ടോ. ഇവര്‍ ബസ് യാത്ര ചെയ്യുന്നില്ലേ. അതില്‍ പെണ്ണുങ്ങളുണ്ടാവില്ലേ. ഒരു പത്താം ക്ലാസിലെ പെണ്‍കുട്ടിയെ കാണുമ്പോള്‍ മതത്തിന്റെ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് വീഴുമെന്ന് പറയുന്നത് എന്ത് തരം അഭിനയമാണ്. പൗരോഹിത്വത്തിന്റെ ധാര്‍ഷ്ട്യത്തെ ഇവിടെ വെച്ച് പിടികൂടണം. ഇയാള്‍ക്കെതിരെ കേസെടുക്കണം. സമൂഹത്തെയും ഇസ്‌ലാമിനേയും ആണ് അവര്‍ അപമാനിച്ചിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.
Content Highlights: O Abdulla against samastha leaders