|

ഇതിലും വലുതല്ലല്ലോ ഇന്നിങ്‌സ് ജയം; അയാള്‍ തുടരും, ലങ്ക തകര്‍ക്കും; ലക്ഷ്യം കിരീടം മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് പടുകൂറ്റന്‍ ജയം. ഗല്ലെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 154 റണ്‍സിനുമാണ് ശ്രീലങ്ക വിജയിച്ചുകയറിയത്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് വിജയിക്കാനും ശ്രീലങ്കക്കായി.

സ്‌കോര്‍

ശ്രീലങ്ക: 602/5d

ന്യൂസിലാന്‍ഡ്: 88 & 360 (fo)

ഈ വിജയത്തേക്കാളേറെ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ തീരുമാനമാണ്. ഇടക്കാല കോച്ചായ സനത് ജയസൂര്യയുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എക്‌സ്റ്റന്‍ഡ് ചെയ്തിരിക്കുകയാണ്.

ജയസൂര്യയ്ക്ക് കീഴില്‍ സ്വപ്‌ന തുല്യമായ കുതിപ്പാണ് ശ്രീലങ്ക നടത്തുന്നത്. ഇന്ത്യക്കെതിരെ രണ്ടര പതിറ്റാണ്ടിന് ശേഷം ഏകദിന പരമ്പര വിജയിച്ച ലങ്ക കാലങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ ടെസ്റ്റ് മത്സരവും വിജയിച്ചിരുന്നു.

ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ശ്രീലങ്ക വിജയിച്ചുകയറിയത്.

മത്സരത്തില്‍ നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്നത് മുമ്പ് 602 റണ്‍സാണ് ആതിഥേയര്‍ സ്‌കോര്‍ ബോര്‍ഡില്‍ പടുത്തുയര്‍ത്തിയത്.

സൂപ്പര്‍ താരങ്ങളായ കാമിന്ദു മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ നേടിയ സെഞ്ച്വറികളുടെ കരുത്തിലാണ് ലങ്ക തകര്‍പ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

കാമിന്ദു മെന്‍ഡിസ് 250 പന്തില്‍ പുറത്താകാതെ 182 റണ്‍സ് നേടി. 16 ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ചണ്ഡിമല്‍ 116 റണ്‍സ് നേടിയപ്പോള്‍ പുറത്താകാതെ 106 റണ്‍സാണ് കുശാല്‍ മെന്‍ഡിസ് അടിച്ചുനേടിയത്.

ഇവര്‍ക്ക് പുറമെ ഏയ്ഞ്ചലോ മാത്യൂസ് (185 പന്തില്‍ 88), ദിമുത് കരുണരത്നെ (109 പന്തില്‍ 46), ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ (80 പന്തില്‍ 44) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും ലങ്കന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. വെറും 88 റണ്‍സിന് ടീം ഓള്‍ ഔട്ടായി. മൂന്ന് താരങ്ങള്‍ മാത്രമാണ് കിവീസ് നിരയില്‍ ഇരട്ടയക്കം കണ്ടത്. 29 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.

പ്രഭാത് ജയസൂര്യ ആറ് വിക്കറ്റുമായി തിളങ്ങിയതോടെയാണ് വിരുന്നെത്തിയ കിവികളുടെ പതനം ആരംഭിച്ചത്. ആറ് മെയ്ഡന്‍ അടക്കം 18 ഓവര്‍ പന്തെറിഞ്ഞ് ആറ് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. വിട്ടുനല്‍കിയതാകട്ടെ 42 റണ്‍സും.

പീരിസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അസിത ഫെര്‍ണാണ്ടോയാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

ഫോളോ ഓണിനിറങ്ങാന്‍ നിര്‍ബന്ധിതരായ ന്യൂസിലാന്‍ഡ് പൊരുതാന്‍ ശ്രമിച്ചെങ്കിലും വിജയം മാത്രം അകന്നുനിന്നു. അര്‍ധ സെഞ്ച്വരറി നേടിയ ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടോം ബ്ലണ്ടല്‍ എന്നിവര്‍ ചെറുത്തുനിന്നെങ്കിലും ലങ്ക ഉയര്‍ത്തിയ റണ്‍ മല താണ്ടാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

ഗ്ലെന്‍ ഫിലിപ്‌സ് 99 പന്തില്‍ 78 റണ്‍സ് നേടി രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറരായി. സാന്റ്‌നര്‍ 115 പന്തില്‍ 67 റണ്‍സും ബ്ലണ്ടല്‍ 64 പന്തില്‍ 60 റണ്‍സും നേടി.

രണ്ടാം ഇന്നിങ്‌സില്‍ നിഷാന്‍ പീരിസിന്റെ ഫൈഫര്‍ നേട്ടമാണ് കിവികളെ പരാജയത്തിലേക്ക് തള്ളിയിട്ടത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്.

പീരിസ് ആറ് വിക്കറ്റ് നേടിയപ്പോള്‍ പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റും ധനഞ്ജയ ഡി സില്‍വ ശേഷിച്ച വിക്കറ്റും നേടി.

കാമിന്ദു മെന്‍ഡിസ് കളിയിലെ താരമായപ്പോള്‍ പ്രഭാത് ജയസൂര്യയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.

Content highlight: NZ vs SL: Sri Lanka defeated New Zealand, clinches the series