ന്യൂസിലാന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടി-20 സ്വന്തമാക്കി കിവികള്‍. ദാംബുള്ളയില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 103ന് പുറത്തായി.
ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയില്‍ അവസാനിപ്പിക്കാനും ബ്ലാക് ക്യാപ്‌സിനായി.
അവസാന ഓവറില്‍ ഹോം ടീമിന് വിജയിക്കാന്‍ എട്ട് റണ്‍സ് വേണമെന്നിരിക്കെ രണ്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ലങ്കയുടെ കയ്യില്‍ നിന്നും മത്സരം പിടിച്ചെടുത്ത് ന്യൂസിലാന്‍ഡിന് സമ്മാനിച്ചത്.
19ാം ഓവര്‍ അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയിലായിരുന്നു ആതിഥേയര്‍. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി മികച്ച രീതിയില്‍ ക്രീസില്‍ നിലയുറപ്പിച്ച പാതും നിസങ്കക്കൊപ്പം മഹീഷ് തീക്ഷണയും ലങ്കന്‍ ആരാധകര്‍ക്ക് വിജയപ്രതീക്ഷ നല്‍കി.
ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടിയ തീക്ഷണ സ്‌ട്രൈക്ക് നിസങ്കക്ക് കൈമാറി. ഓവറിലെ രണ്ടാം പന്ത് ലോങ് ഓണിന് മുകളിലൂടെ ബൗണ്ടറി കടത്താമെന്ന പ്രതീക്ഷിച്ച നിസങ്കക്ക് പിഴച്ചു. ഹെന്‌റി നിക്കോള്‍സിന്റെ കയ്യിലൊതുങ്ങി താരം മടങ്ങി.
ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ പതിരാനയെ ഗോള്‍ഡന്‍ ഡക്കാക്കിയ ഫിലിപ്‌സ് ശ്രീലങ്കയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. ഇതോടെ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കെ മൂന്ന് പന്തില്‍ ഏഴ് റണ്‍സ് എന്ന നിലയിലേക്ക് വിജയലക്ഷ്യം വഴിമാറി.
പത്താം നമ്പറിലെത്തിയ നുവാന്‍ തുഷാര നേരിട്ട ആദ്യ പന്തില്‍ തന്നെ സിംഗിള്‍ നേടി തീക്ഷണയ്ക്ക് സ്‌ട്രൈക്ക് കൈമാറി. എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ തീക്ഷണയെ മിച്ചല്‍ ഹേയുടെ കൈകളിലെത്തിച്ച ഫിലിപ്‌സ് തന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിനൊപ്പം കിവികളുടെ വിജയവും സ്വന്തമാക്കി.
മത്സരത്തില്‍ നേരത്തെ സൂപ്പര്‍ താരം ലോക്കി ഫെര്‍ഗൂസന്‍ ഹാട്രിക്കും നേടിയിരുന്നു. കുശാല്‍ പെരേര, കാമിന്ദു മെന്‍ഡിസ്, ക്യാപ്റ്റന്‍ ചരിത് അസലങ്ക എന്നിവരെയാണ് ഫെര്‍ഗൂസന്‍ മടക്കിയത്.
ആറാം ഓവറിലെ അവസാന പന്തില്‍ കുശാല്‍ പെരേരയെ മിച്ചല്‍ ഹേയുടെ കൈകളിലെത്തിച്ച ഫെര്‍ഗൂസന്‍ എട്ടാം ഓവറിലെ ആദ്യ പന്തില്‍ മെന്‍ഡിസിനെയും രണ്ടാം പന്തില്‍ അസലങ്കയെയും വിക്കറ്റ് കീപ്പര്‍ ഹേയുടെ കൈകളിലെത്തിച്ച് പുറത്താക്കി.
ഇതോടെ ടി-20യില്‍ ന്യൂസിലാന്‍ഡിനായി ഹാട്രിക് സ്വന്തമാക്കുന്ന അഞ്ചാമത് ബൗളര്‍ എന്ന നേട്ടവും താരം സ്വന്തമാക്കി.
(താരം – എതിരാളികള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)
ജേകബ് ഓറം – ശ്രീലങ്ക – 2009 – കൊളംബോ
ടിം സൗത്തി (1/2)- പാകിസ്ഥാന്‍ – 2010 – ഓക്‌ലാന്‍ഡ്
മൈക്കല്‍ ബ്രേസ്വെല്‍ – അയര്‍ലന്‍ഡ് – 2022 – ബെല്‍ഫാസ്റ്റ്
ടിം സൗത്തി (2/2) – ഇന്ത്യ – 2022 – മൗണ്ട് മംഗനൂയി
മാറ്റ് ഹെന്‌റി – പാകിസ്ഥാന്‍ – 2023 – ലാഹോര്‍
ലോക്കി ഫെര്‍ഗൂസന്‍ – ശ്രീലങ്ക – 2024 – ദാംബുള്ള
ടി-20 പരമ്പര സമനിലയില്‍ അവസാനിപ്പിച്ച കിവീസ് ഏകദിന പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. നവംബര്‍ 13നാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ദാംബുള്ളയാണ് വേദി.
Content highlight: NZ vs SL 2nd T20: Glen Philips defended 8 runs in the final over