മലയാളികള്‍ക്ക് പ്രിയപ്പെട്ട സംവിധായകനാണ് ജോഷി. അദ്ദേഹത്തിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ സിനിമയാണ് ‘ആന്റണി’. ജോജു ജോര്‍ജ് ആന്റണിയെന്ന ടൈറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ നൈല ഉഷയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയ്ക്ക് ശേഷം ജോജു ജോര്‍ജും നൈലയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ആന്റണി’. അവര്‍ക്ക് പുറമെ ചെമ്പന്‍ വിനോദും വിജയരാഘവനും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
മാസ് ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ പൊറിഞ്ചു മറിയം ജോസില്‍ ‘കാട്ടാളന്‍ പൊറിഞ്ചു’ എന്ന കഥാപാത്രമായി അഭിനയിച്ചത് ജോജു ജോര്‍ജായിരുന്നു. നൈല ‘മറിയം’ എന്ന കഥാപാത്രത്തെയും, ജോസായി ചെമ്പന്‍ വിനോദുമായിരുന്നു സിനിമയില്‍ അഭിനയിച്ചത്. വിജയരാഘവനും പ്രധാനകഥാപാത്രമായിരുന്നു.
ഇപ്പോള്‍ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചതിനെ കുറിച്ച് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നൈല ഉഷ.
‘ആന്റണിയെന്ന സിനിമയിലേക്ക് വരുമ്പോള്‍ ജോഷി സാറിന്റെ സിനിമയിലേക്ക് തിരിച്ചു വരാന്‍ പറ്റുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു. പിന്നെ ജോജുവിന്റെയും ചെമ്പന്റെയും കൂടെ പൊറിഞ്ചു മറിയത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷവും.
ചെമ്പന്റെ കൂടെ ഇതിനിടയില്‍ ‘കിങ് ഓഫ് കൊത്ത’യില്‍ അഭിനയിച്ചിരുന്നു. പക്ഷെ ഈ സിനിമയില്‍ ഞങ്ങളുടെ പൊറിഞ്ചു മറിയത്തിന്റെ ആ ടീം ഒന്നിക്കുകയാണ്. വിജയരാഘവന്‍ സാര്‍ ഉള്‍പ്പെടെ ആന്റണിയിലേക്ക് വന്നു.
അന്ന് പൊറിഞ്ചുവില്‍ ഐപ്പിനെ കൊല്ലാമായിരുന്നില്ലേ എന്ന് പല ആളുകളും എന്നോട് ചോദിച്ചതാണ്. അത് ഈ സിനിമയില്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ ചോദ്യം.
പൊറിഞ്ചു മറിയത്തില്‍ സാറിന്റെ കൂടെ എനിക്ക് ഒരു കോമ്പിനേഷന്‍ സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഡയലോഗുകളൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ആ സിനിമയുടെ സെറ്റില്‍ പരസ്പരം സംസാരിച്ചിട്ട് പോലുമില്ലായിരുന്നു. എന്നാല്‍ ആന്റണിയില്‍ അങ്ങനെയല്ല,’ നൈല ഉഷ പറയുന്നു.
Content Highlight: Nyla Usha Talks About Porinju Mariyam Jose And Antony Movie