കയ്യടി മൊത്തം ലാലേട്ടന് ആണെങ്കിലും അതെനിക്ക് കൂടെ ഉള്ളതാണെന്ന് ഞാൻ പറഞ്ഞു, പറഞ്ഞത് പോലെ സംഭവിച്ചു: നൈല ഉഷ
Entertainment
കയ്യടി മൊത്തം ലാലേട്ടന് ആണെങ്കിലും അതെനിക്ക് കൂടെ ഉള്ളതാണെന്ന് ഞാൻ പറഞ്ഞു, പറഞ്ഞത് പോലെ സംഭവിച്ചു: നൈല ഉഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th January 2024, 2:19 pm

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് എൽ.2 എമ്പുരാൻ. 2019 ൽ നടൻ പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ബോക്സ്‌ ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

രണ്ടാം ഭാഗം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ വർഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഒന്നാം ഭാഗമായ ലൂസിഫറിൽ മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്രോയ്, നൈല ഉഷ തുടങ്ങിയ വമ്പൻ താരനിര അണിനിരന്നിരുന്നു.

ഒരു മാധ്യമ പ്രവർത്തകയുടെ വേഷത്തിലായിരുന്നു നൈല ഉഷ ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ മോഹൻലാലുമൊത്തുള്ള തന്റെ സീനിനെ കുറിച്ച് പറയുകയാണ് നൈല. ‘കർഷകനല്ലേ മാഡം കള പറയ്ക്കാൻ ഇറങ്ങിയതാ’ എന്ന ഡയലോഗ് മോഹൻലാൽ നൈലയോടാണ് സിനിമയിൽ പറയുന്നത്. ആ സീൻ എടുക്കുമ്പോൾ തിയേറ്ററിൽ വലിയ കയ്യടി കിട്ടുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നാണ് താരം പറയുന്നത്. എല്ലാവരെയും പോലെ എമ്പുരാൻ എന്ന ചിത്രത്തിന് വേണ്ടി താനും കാത്തിരിക്കുകയാണെന്നും നൈല ജിഞ്ചർ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ലൂസിഫറിലെ ആ ഡയലോഗ് ഡബ്ബ് ചെയ്യുമ്പോൾ ഞാൻ പറഞ്ഞത് ഇതിപ്പോൾ ലാലേട്ടനുള്ള കൈയ്യടിയാണെങ്കിലും ഇതെനിക്ക് ഉള്ളതായിട്ടാണ് ഞാൻ വിചാരിക്കുന്നത് എന്നായിരുന്നു.

കാരണം ആ സീൻ എടുക്കുമ്പോഴും ഡബ്ബ് ചെയ്യുമ്പോഴുമൊക്കെ എനിക്കറിയാം ഇത്‌ കയ്യടി വരാൻ പോകുന്ന ഒരു ഡയലോഗ് ആണെന്ന്. കാരണം എല്ലാവരും കാത്തിരിക്കുകയായിരുന്നു ലാലേട്ടൻ ആ ഡയലോഗ് അടിച്ച് പറഞ്ഞ് പോവുന്നതിന്.

കുറച്ച് നേരമേ ഉള്ളൂവെങ്കിലും എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം ലാലേട്ടന്റെ കൂടെ എനിക്ക് ആകെയുള്ള സീൻ അതായിരുന്നു. ആ ഡയലോഗിന്റെ ഇമ്പാക്ടിനെ കുറിച്ച് എനിക്ക് നല്ല ബോധം ഉണ്ടായിരുന്നു.

കുറേ ആളുകൾ എന്നോട് ചോദിക്കുന്നുണ്ട് എമ്പുരാനിൽ ഉണ്ടാവുമോയെന്ന്. എല്ലാവരും ആ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഞാനും കാത്തിരിക്കുകയാണ് ആ സിനിമ കാണാൻ. പക്ഷെ എനിക്ക് തോന്നുന്നില്ല എന്റെ കഥാപാത്രം ആ സിനിമയിൽ ഇനി ആവശ്യമുണ്ടെന്ന്. എന്തായാലും ഞാനും ആകാംഷയിലാണ്,’ നൈല ഉഷ പറയുന്നു.

Content Highlight: Nyla Usha Talk About A Scene With Mohanlal In Lucifer Movie