| Sunday, 24th July 2022, 10:56 am

പാപ്പന്‍ കണ്ടിറങ്ങുമ്പോള്‍ നമ്മുടെ ഉള്ളിലൊക്കെ സുരേഷേട്ടനായിരിക്കും; ഈ ചിത്രത്തെ മറ്റൊരു ചിത്രവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല: നൈല ഉഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളെ ഹരം കൊള്ളിച്ച ഒരുപാട് പൊലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് സുരേഷ് ഗോപി. അദ്ദേഹം പൊലീസായെത്തിയ സിനിമകളിലെ ഡയലോഗുകളും മാസ് സീനുകളും പ്രേക്ഷകര്‍ ഇന്നും റിപീറ്റടിച്ച് കാണുന്നവയാണ്.

ജോഷി സംവിധാനം ചെയ്യുന്ന  റിലീസാവാനിരിക്കുന്ന പാപ്പന്‍ എന്ന  ചിത്രത്തിലും പൊലീസ് വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക.

സുരേഷ് ഗോപി പണ്ട് ചെയ്തത് പോലെ മാസ് കാണിക്കുന്ന പൊലീസുകാരന്‍ തന്നെയാണോ പാപ്പന്‍ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നൈല ഉഷ. പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടി.

പാപ്പന്‍ കണ്ടിറങ്ങുമ്പോള്‍ നമ്മുടെ ഉള്ളിലൊക്കെ സുരേഷേട്ടന്‍ എന്ന പാപ്പനായിരിക്കുമെന്നും ഈ ചിത്രത്തെ മറ്റൊരു ചിത്രവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നുമാണ് നൈല ഉഷ പറഞ്ഞത്.

‘ഞങ്ങള്‍ ഈ സിനിമയുടെ പ്രീവ്യൂ കണ്ടിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് മനസിലായത് ഞാന്‍ ഇതുവരെ കാണാത്ത ഒരു സുരേഷേട്ടനാണ് ഇതില്‍. അദ്ദേഹത്തെ ഒരു കാലഘട്ടത്തില്‍ ഭയങ്കര ദേഷ്യക്കാരനായ യുവാവായി നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുണ്ട്. പാപ്പന്റെ ട്രെയ്‌ലറും പോസ്റ്ററുമൊക്കെ കാണുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ വരാം.

അദ്ദേഹം ഫുള്‍ ടൈം പൊലീസ് ഇന്‍സ്പെക്ടര്‍ ആണോ, അതോ അദ്ദേഹത്തിനൊരു പാസ്റ്റ് ഉണ്ടോ എന്നതൊന്നും നിങ്ങള്‍ക്ക് അറിയില്ല. അതൊക്കെ നിങ്ങള്‍ തിയേറ്ററില്‍ പോയി കണ്ട് മനസിലാക്കണം.

ഒരുപാട് ആക്ടേഴ്സ് ഈ സിനിമയിലുണ്ട് പക്ഷെ ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ നമ്മുടെ ഉള്ളിലൊക്കെ സുരേഷേട്ടന്‍ എന്ന പാപ്പനായിരിക്കും. ഞാനും ഒരു സുരേഷ് ഗോപി ഫാനാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ പാപ്പനെ പോലൊരു സിനിമ ഇതുവരെ വന്നിട്ടില്ല.

ജോഷി സാറിന്റെയും സുരേഷേട്ടന്റെയും വേറെ തന്നെ ഒരു സിനിമയാണ് പാപ്പന്‍. ഈ ചിത്രത്തെ മറ്റൊരു ചിത്രവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല,’ നൈല ഉഷ പറഞ്ഞു.

മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്.
കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.

Content Highlight: Nyla Usha said that when Paappan is seen, Suresh Gopi will be inside us, this film cannot be compared to another film: Nyla Usha

We use cookies to give you the best possible experience. Learn more