ലാലേട്ടന്റെ മുഖത്ത് നോക്കരുതെന്ന് പൃഥ്വി പറഞ്ഞു, ആ രംഗം ഉണ്ടാക്കാന്‍ പോകുന്ന ഇംപാക്ട് അപ്പോള്‍ തന്നെ അറിയാമായിരുന്നു: നൈല ഉഷ
Film News
ലാലേട്ടന്റെ മുഖത്ത് നോക്കരുതെന്ന് പൃഥ്വി പറഞ്ഞു, ആ രംഗം ഉണ്ടാക്കാന്‍ പോകുന്ന ഇംപാക്ട് അപ്പോള്‍ തന്നെ അറിയാമായിരുന്നു: നൈല ഉഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th June 2022, 11:56 am

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ 2019ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. തിരക്കഥ കൊണ്ടും മേക്കിങ് കൊണ്ടും വലിയ വാണിജ്യവിജയം സ്വന്തമാക്കിയ ചിത്രം നിരൂപക പ്രശംസയും പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ പല ഡയലോഗുകളും ട്രെന്‍ഡ് സെറ്ററായിരുന്നു. അതിലൊന്നാണ് കര്‍ഷകനല്ലേ മേഡം കള പറിക്കാനിറങ്ങിയതാണ് എന്ന ഡയലോഗ്.

ഈ രംഗം ഷോട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പറയുകയാണ് നൈല ഉഷ. ഈ രംഗം ചിത്രീകരിക്കുമ്പോള്‍ തന്നെ ഉണ്ടാവാന്‍ പോകുന്ന ഇംപാക്ടിനെ പറ്റി തനിക്കറിയാമായിരുന്നു എന്ന് നൈല ഉഷ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അരുന്ധതി എന്ന ശക്തമായ ജേണലിസ്റ്റ് കഥാപാത്രമായാണ് നൈല ഉഷ ചിത്രത്തിലെത്തിയത്.

‘കര്‍ഷകനല്ലേ മേഡം ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാ, ഈ ഡയലോഗ് ലാലേട്ടനുള്ളതാണെങ്കിലും കയ്യടി എനിക്കാണെന്ന് ഞാനങ്ങ് വിചാരിക്കും. ഇതെടുക്കുമ്പോഴും ഡബ്ബ് ചെയ്യുമ്പോഴുമൊക്കെ കയ്യടി വരാന്‍ പോകുന്ന ഡയലോഗാണെന്ന് എനിക്കറിയാം. ലാലേട്ടനുമായുള്ള എന്റെ ഏക രംഗം അത് മാത്രമായിരുന്നു. ആ ഡയലോഗ് ഉണ്ടാക്കാന്‍ പോകുന്ന ഇംപാക്ട് എനിക്കറിയാമായിരുന്നു.

ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്തൊക്കെ ചെയ്യണമെന്ന് പൃഥ്വി പറഞ്ഞുതരും. ആ സീനെടുക്കുമ്പോള്‍ ലാലേട്ടന്‍ ഓപ്പോസിറ്റ് നില്‍ക്കുന്നു എന്നൊരു ടെന്‍ഷന്‍ ഉണ്ട്. പിന്നെ മുഖത്ത് പേടിയും കണ്‍ഫ്യൂഷനും വരണം. കാരണം ചോര കണ്ട് നില്‍ക്കുന്നു, ആള്‍ സ്റ്റീഫന്‍ നെടുമ്പള്ളിയാണ്, നമ്മുടെ കയ്യില്‍ നിന്നും ഒരു അബന്ധവും പറ്റിയിട്ടുണ്ട്, ഇതൊക്കെ എന്റെ മുഖത്ത് വരുന്നുണ്ടോന്നുള്ള ടെന്‍ഷനും വരുന്നുണ്ട്. ഞാന്‍ ആദ്യം ഡയലോഗ് പറഞ്ഞപ്പോള്‍ ലാലേട്ടന്റെ മുഖത്ത് നോക്കരുത്, സ്റ്റീഫന്‍ എന്ന് പറയുമ്പോള്‍ ഷര്‍ട്ടില്‍ നോക്കണമെന്നും, ഷര്‍ട്ടില്‍ ചോര എന്ന് പറയുമ്പോള്‍ മുഖത്ത് നോക്കണമെന്നും പൃഥ്വി പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ചെയ്തത്.

എമ്പൂരാന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. ഞാനും കാത്തിരിക്കുകയാണ്. പക്ഷേ എന്റെ കഥാപാത്രത്തെ രണ്ടാം ഭാഗത്തിലേക്ക് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഉണ്ടെന്ന് തോന്നുന്നില്ല,’ നൈല ഉഷ പറഞ്ഞു.

Content Highlight: Nyla Usha said that she was aware of the impact that was going to happen while filming a scene with mohanlal in lucifer