Entertainment news
കിങ് ഓഫ് കൊത്തയിലെ പുലി; നൈല ഉഷ തകര്‍ത്താടിയ മഞ്ജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 24, 10:01 am
Thursday, 24th August 2023, 3:31 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കിങ് ഓഫ് കൊത്ത തിയേറ്ററുകളില്‍ റിലീസ് ആയിരിക്കുകയാണ്. വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന്റെ ആദ്യ ഷോകള്‍ കഴിയുമ്പോള്‍ വിവിധതരം ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്ന നിരവധി കഥാപാത്രങ്ങളാണുള്ളത്. ഇതില്‍ നൈല ഉഷ അവതരിപ്പിച്ച മഞ്ജുവെന്ന കഥാപാത്രത്തിന് വലിയ കയ്യടികളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

മുഴുനീള കഥാപാത്രമെന്ന നിലയില്‍ ശക്തമായ സാന്നിധ്യമാണ് നൈലയുടെ മഞ്ജുവിനുള്ളത്. മികച്ച പെര്‍ഫോമന്‍സ് കൊണ്ട് മഞ്ജുവിനെ മനോഹരമാക്കാനും നൈലക്ക് സാധിച്ചിട്ടുണ്ട്.

ഡയലോഗ് ഡെലിവറിയിലും ചില നോട്ടങ്ങള്‍ കൊണ്ട് തന്നെ നൈലയുടെ മഞ്ജു കിങ് ഓഫ് കൊത്തയില്‍ ശക്തമായ സാന്നിധ്യമാകുന്നു.

മുമ്പെങ്ങും നൈല അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് കൊത്തയിലെ മഞ്ജു. മഞ്ജുവിന്റെ സങ്കടവും, ദേഷ്യവും, അമര്‍ഷവും കൃത്യമായി തന്നെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാന്‍ നൈലക്ക് സാധിക്കുന്നുണ്ട്.

ഇതിന് മുമ്പ് ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ മറിയം എന്ന കഥാപാത്രവും നൈലയുടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളില്‍ മികച്ച ഓപ്പണിങ് ഡേ കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത്.

സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സംവിധായകന്‍ ജോഷിയുടെ മകന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ആയിട്ടാണ് കിങ് ഓഫ് കൊത്ത എത്തുന്നത്.

ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്. കിങ് ഓഫ് കൊത്തയുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ്.

Content Highlight: Nyla usha’s character in king of kotha movie getting appreciation