Advertisement
Film News
സൂര്യനുദിക്കുന്നതിന് മുമ്പ് ഫൈറ്റ് തീര്‍ക്കാന്‍ പറഞ്ഞെന്ന് സുരേഷ് ഗോപി, ഇടി കൊടുക്കുന്നത് കൊണ്ടാണ് ഇത്ര ശുഷ്‌കാന്തി, കിട്ടിയാല്‍ കാണില്ലെന്ന് നൈല ഉഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 10, 12:37 pm
Wednesday, 10th August 2022, 6:07 pm

രാത്രി മുതല്‍ വെളുക്കുന്നത് വരെ ഷൂട്ടിന് നില്‍ക്കുന്ന ശീലം സംവിധായകന്‍ ജോഷിയില്‍ നിന്നും ലഭിച്ചതാണെന്ന് സുരേഷ് ഗോപി. രാത്രി ഒമ്പത് മണി കഴിഞ്ഞാല്‍ തനിക്ക് ഷൂട്ട് പറ്റില്ലായിരുന്നു എന്നും ജോഷി അത് ഉടച്ചു കളഞ്ഞുവെന്നും ഹിറ്റ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം നൈല ഉഷ, ഗോകുല്‍ സുരേഷ്, നിത പിള്ള, പാപ്പന്‍ തിരക്കഥാകൃത്ത് ഷാന്‍ എന്നിവരും അഭിമുഖത്തിനെത്തിയിരുന്നു.

‘പുതിയ സിനിമയില്‍ നാല് ദിവസം കൊണ്ട് തീര്‍ക്കാന്‍ വെച്ചിരുന്ന ഫൈറ്റുമുണ്ട്. സാധാരണ ഒമ്പത് മണിയാവുമ്പോള്‍ എനിക്ക് പ്രശ്‌നമാകും. പക്ഷേ ജോഷിയേട്ടന്റെ പടത്തിന് ചെന്നപ്പോള്‍ അത് പുള്ളി അങ്ങ് ഉടച്ചു. എന്നെക്കാളും ഏഴോ എട്ടോ വയസിന് മൂത്ത ജോഷിയേട്ടന്‍ അവിടെ വില്ല് പോലെ നിക്കുമ്പോള്‍ ഞാന്‍ നാണിച്ചു പോയി. അപ്പോള്‍ രാത്രി രണ്ട് മണി വരെയും നാല് മണി വരെയും ചില സമയം ആറ് മണി വരെയും ഇരിക്കേണ്ടി വന്നു.

അങ്ങനെ പുതിയ സിനിമയില്‍ അഞ്ച് ദിവസം പ്ലാന്‍ ചെയ്ത ഫൈറ്റ് എട്ട് ദിവസം വരെ എടുത്തു. അത് പിന്നെയും കൂടാന്‍ തുടങ്ങി. അങ്ങനെ വന്നപ്പോള്‍ അത് എനിക്കൊരു ശീലമായി. ഒരു ദിവസം നാല് മണിക്ക് നിര്‍ത്താമെന്ന് പറഞ്ഞിട്ട് 12 മണിയായപ്പോള്‍ സംവിധായകന്‍ വന്ന് ചോദിച്ചു ഞങ്ങള്‍ കഴിക്കാന്‍ ഒരു ബ്രേക്ക് എടുത്തോട്ടെന്ന്. എനിക്ക് കഴിക്കണ്ട, ഫൈറ്റ് എടുത്ത് തീര്‍ത്തിട്ട് കഴിക്കാമെന്ന് പറഞ്ഞു. സൂര്യവെളിച്ചം വീഴുന്നത് വരെ ഞാന്‍ ഇവിടെ നിക്കും, ഇന്ന് ഈ ഫൈറ്റ് തീര്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു,’ സുരേഷ് ഗോപി പറഞ്ഞു.

ഇടി കൊടുക്കുന്നത് കൊണ്ടാണ് ഇത്ര ശുഷ്‌കാന്തിയെന്നും കിട്ടിക്കഴിഞ്ഞാല്‍ ഇത്രയും ഉണ്ടാകില്ലായിരുന്നുവെന്നുമാണ് നൈല ഈ സമയം പറഞ്ഞത്.

അതേസമയം ജൂലൈ 29ന് റിലീസ് ചെയ്ത പാപ്പന്‍ 11-ാം ദിനത്തില്‍ കേരളത്തില്‍ നിന്നും നേടിയത് 60 ലക്ഷം ആണെന്നാണ് ഔദ്യോഗികമായി പുറത്തെത്തിയ കണക്ക്. കേരളം ഒഴികെയുള്ള സ്വദേശ, വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രം ഒരാഴ്ച പിന്നിട്ടപ്പോഴാണ് റിലീസ് ചെയ്തത്. ആദ്യ പത്ത് ദിനങ്ങളിലെ ചിത്രത്തിന്റെ ആഗോള ഗ്രോസ് 31.43 കോടിയാണ്.

Content Highlight: nyla usha funny reply  for suresh gopi about a fight scene