എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകിലല്ലോ; അവശ്യമില്ലാത്ത നെഗറ്റിവിറ്റി എന്തിനാണ്: നൈല ഉഷ
Entertainment news
എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകിലല്ലോ; അവശ്യമില്ലാത്ത നെഗറ്റിവിറ്റി എന്തിനാണ്: നൈല ഉഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th August 2023, 11:59 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കിങ് ഓഫ് കൊത്ത കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. വമ്പന്‍ പ്രതീക്ഷയിലെത്തിയ ചിത്രത്തിന് എന്നാല്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന് എതിരെ നെഗറ്റീവ് ക്യാമ്പയിന്‍ ചിലര്‍ നടത്തുവെന്നും അതില്‍ ദുല്‍ഖര്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളെ വ്യക്തിപരമായി ഉന്നം വെക്കുന്നു എന്ന് പറഞ്ഞിരിക്കുകയാണ് നടി നൈല ഉഷ.

നൈല ഉഷയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ലെന്നും ആവശ്യമില്ലാത്ത നെഗറ്റിവിറ്റി എന്തിനാണ് പ്രചരിപ്പിക്കുന്നതെന്നും നൈല ചോദിക്കുന്നു.

‘ആവശ്യമില്ലാത്ത നെഗറ്റീവിറ്റി എന്തിനാണ് ചിലര്‍ പ്രചരിപിക്കുന്നത്. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ. എല്ലാവരും സിനിമ തിയേറ്ററില്‍ കാണട്ടെ അതിന് അവസരം കൊടുക്കു, അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്, ഇവര്‍ വലിയ ആളുകളുടെ മക്കള്‍ ആണെന്ന് ഒക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല,’ നൈല പറയുന്നു.

താന്‍ ഇത് പറയുന്നത് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവര്‍ത്തകര്‍ അറിഞ്ഞിട്ടുല്ലെന്നും തനിക്ക് തോന്നിയത് കൊണ്ടാണ് ഇത് പറയുന്നതെന്നും നൈല കൂട്ടിച്ചേര്‍ത്തു.

കിങ് ഓഫ് കൊത്ത തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയെണെന്നും അത് അതില്‍ അഭിനയിച്ചത് കൊണ്ട് പറയുന്നതല്ലയെന്നും നൈല പറയുന്നുണ്ട്.

കിങ് ഓഫ് കൊത്ത സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷിയാണ്. സംവിധായകന്‍ ജോഷിയുടെ മകന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ആയിട്ടാണ് കിങ് ഓഫ് കൊത്ത എത്തിയത്.

ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്. കിങ് ഓഫ് കൊത്തയുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ചിട്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോഡ് തുകക്കാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയത്.

Content Highlight: Nyla usha against the degrading of king of kotha movie