Entertainment news
അമ്മയാണെ സത്യം റിലീസ് ചെയ്ത് കഴിഞ്ഞ് ആനി സ്‌കൂളിലേക്ക് ഒരു വരവുണ്ടായിരുന്നു; പഴയകാല അനുഭവങ്ങള്‍ പറഞ്ഞ് നൈല ഉഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 21, 11:28 am
Tuesday, 21st June 2022, 4:58 pm

നൈല ഉഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രമാണ് ‘പ്രിയന്‍ ഓട്ടത്തിലാണ്’. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം ജൂണ്‍ 24നാണ് റിലീസ് ചെയ്യുന്നത്.

തന്റെ പ്രിയപ്പെട്ട, അഭിനയിക്കണമെന്ന് തോന്നിയിട്ടുള്ള മറ്റ് കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ നൈല. പ്രിയന്‍ ഓട്ടത്തിലാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഏതെങ്കിലും സിനിമ കണ്ടിട്ട്, ഈ കഥാപാത്രം ഞാന്‍ ചെയ്താല്‍ കൊള്ളാമായിരുന്നു, അവിടെ ഞാനായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ, എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നൈല.

”കുറേ സിനിമകളില്‍ തോന്നിയിട്ടുണ്ട്. പെട്ടെന്ന് ചോദിച്ച് കഴിഞ്ഞാല്‍, എല്ലാ സിനിമകളിലും, ഓ എനിക്ക് ഇങ്ങനെ ഒരു കഥാപാത്രം ചെയ്യണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

പണ്ട് മഴയെത്തും മുന്‍പേ സിനിമക്കകത്ത് ആനി ചെയ്ത കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇപ്പോഴടുത്തുള്ള സിനിമകളെക്കുറിച്ച് ചോദിക്കുകയാണെങ്കില്‍, നായാട്ടില്‍ നിമിഷ ചെയ്തത് ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അതൊക്കെ എനിക്ക് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ അടിപൊളിയായേനെ എന്ന് വിചാരിക്കാറുണ്ട്.

ആനിയുടെ ആ കഥാപാത്രം നല്ല രസമല്ലേ. അതെനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അന്ന് ഞാന്‍ ചിലപ്പൊ കോളേജിലായിരിക്കും,” നൈല ഉഷ പറഞ്ഞു.

നടി ആനി സ്‌കൂളില്‍ തന്റെ സീനിയറായിരുന്നു എന്ന് പറഞ്ഞ നൈല, ആനിയുടെ ആദ്യ സിനിമ അമ്മയാണെ സത്യം റിലീസ് ചെയ്ത സമയത്തെ അനുഭവങ്ങളും അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

ആനി സ്‌കൂളില്‍ എന്റെ സൂപ്പര്‍ സീനിയറായിരുന്നു. ആനിയും ഞാനുമൊക്കെ ഹോളി ഏഞ്ചല്‍സില്‍ പഠിക്കുകയായിരുന്നു. അന്ന് അമ്മയാണെ സത്യം റിലീസ് ചെയ്ത് കഴിഞ്ഞ് ആനി സ്‌കൂളിലേക്ക് ഒരു വരവുണ്ടായിരുന്നു. സ്‌കൂളിലെ എല്ലാ കുട്ടികളും ആനിക്ക് ചുറ്റും കൂടി നിന്ന് പ്രിന്‍സിപ്പല്‍ അവിടെ നിന്ന് മൈക്കില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ ആനി ചമ്മി ഇരിക്കുകയായിരുന്നു.

എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, സ്‌കൂള്‍ ബസില്‍ പോകുന്ന സമയത്ത് ആനി അവിടെ ബസ് സ്‌റ്റോപ്പില്‍ വെയിറ്റ് ചെയ്യുമ്പോള്‍ ‘ക്യാച് മീ ഇഫ് യു ക്യാന്‍’ എന്ന ഡയലോഗൊക്കെ ഞങ്ങള്‍ പ്ലേ ചെയ്തിരുന്നു. പിന്നീട് മഴയെത്തും മുന്‍പേ വന്നപ്പോള്‍, ഓ എനിക്കിത് ചെയ്യണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്,” നൈല ഉഷ പറഞ്ഞു.

Content Highlight: Nyla Usha about old experiences with actress Annie