| Sunday, 27th August 2023, 5:28 pm

ബോള്‍ഡായ കഥാപാത്രങ്ങളിലേക്കേ എന്നെ വിളിക്കുകയുള്ളൂ: നൈല ഉഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊറിഞ്ചു മറിയം ജോസിന് ശേഷം തനിക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലെ മഞ്ജുവെന്ന് നൈല ഉഷ. അത്തരം ബോള്‍ഡായ കഥാപാത്രങ്ങള്‍ക്കായി മാത്രമാണ് തന്നെ വിളിക്കാറുള്ളതെന്നും മഞ്ജു ഭയങ്കര അടിപൊളിയായി തോന്നിയെന്നും നൈല പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ചിലപ്പോള്‍ അഭി എന്നെ പൊറിഞ്ചു മറിയം ജോസില്‍ കണ്ടതുകൊണ്ടാവാം വിളിച്ചത്. എന്നെ എല്ലാവരും അങ്ങനത്തെ ബോള്‍ഡായ കഥാപാത്രത്തിലേക്കേ വിളിക്കാറുള്ളൂ. മറിയത്തിന് ശേഷം എനിക്ക് ഭയങ്കര അട്രാക്ഷന്‍ തോന്നിയ കഥാപാത്രമാണ് മഞ്ജു. ഡബ്ബ് ചെയ്തപ്പോള്‍ തന്നെ മഞ്ജു ഭയങ്കര അടിപൊളിയാണല്ലോ, ഇവരെ പോലെ ജീവിച്ചാല്‍ മതിയെന്ന് വിചാരിച്ചു.

ഞാന്‍ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും വലിയ മൂവിയാണ് കിങ് ഓഫ് കൊത്ത. സത്യം പറഞ്ഞാല്‍ ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത് ഒരു മലയാളം സിനിമയുടെ ഷൂട്ടിനായി പോകുന്നത്. കാരൈക്കുടിയില്‍ ദുല്‍ഖറിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനിനാണ് ഞാന്‍ ആദ്യം പോകുന്നത്. അന്ന് എനിക്ക് ഷൂട്ടില്ല. സെറ്റ് എന്താണെന്ന് ഒന്ന് പരിചയപ്പെടാമല്ലോ എന്ന് വിചാരിച്ച് പോയതാണ്.

പക്ഷേ അത് വലിയ അബദ്ധമായി പോയി. കാരണം, ഗേറ്റ് തുറന്നപ്പോള്‍ കാണുന്നത് ആയിരത്തോളം ആളുകളുടെ ഇടയില്‍ ദുല്‍ഖര്‍ നില്‍ക്കുന്നതാണ്. ഇത്രയും വലിയ സിനിമുടെ ഭാഗമാണോ ഞാന്‍ എന്നാണ് പിറ്റേന്ന് പോയപ്പോള്‍ മുതല്‍ ഞാന്‍ പിന്നെ വിചാരിക്കാന്‍ തുടങ്ങിയത്. അത്രയും നല്ല ഒരു കഥാപാത്രം എനിക്ക് തന്നതിന് അഭിലാഷിന് നന്ദി,’ നൈല പറഞ്ഞു.

ഓഗസ്റ്റ് 24നാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിച്ചിരിക്കുന്നത്.

ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്.

Content Highlight: Nyla Usha about King of kotha

We use cookies to give you the best possible experience. Learn more