മറ്റൊരു നടനുമായും താരതമ്യം ചെയ്യാന്‍ പറ്റാത്ത നടനാണ് ഇന്ദ്രജിത്തെന്ന് നടി നൈല ഉഷ. മലയാളം സിനിമയ്ക്ക് ലഭിച്ച മികച്ച നടനാണ് അദ്ദേഹമെന്നും നൈല പറഞ്ഞു. ഇന്ദ്രജിത്ത് ഏത് കഥാപാത്രം ചെയ്താലും അത് ശരിയായില്ല എന്ന് നമുക്ക് തോന്നില്ലെന്നും നൈല കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന സിനിമയുടെ പുതുമുഖ സംവിധായകനായ സനലിന് ഏറ്റവും ആത്മവിശ്വാസമാണ് ഇന്ദ്രജിത്ത് നല്‍കിയതെന്നും സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കവേ അവര്‍ പറഞ്ഞു.
‘അദ്ദേഹത്തെ സിനിമയില്‍ കാസ്റ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാകും. സനലിനെ പോലുള്ള ഒരു പുതുമുഖ സംവിധായകന് ഇന്ദ്രജിത്ത് എന്ന നടന്‍ എത്ര വലിയ സപ്പോര്‍ട്ടാണ് നല്‍കിയതെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങളെല്ലാവരും ഉണ്ടായിരുന്നെങ്കിലും ഇന്ദ്രനായിരുന്നു അവന് ആത്മവിശ്വാസം നല്‍കിയത്. ഇന്ദ്രന്‍ അഭിനയിച്ച് കഴിഞ്ഞാലാണ് ആത്മവിശ്വാസം ലഭിക്കുന്നത്.
ഇന്ദ്രന്‍ ചെയ്തത് നോക്കൂ എന്ന് പറഞ്ഞ് എന്നെ വന്ന് കാണിച്ച് തരും. ആരുടെ കൂടെ വര്‍ക്ക് ചെയ്യാനും കംഫര്‍ട്ടായ ഒരാളാണ് ഇന്ദ്രന്‍. ഇന്ന കഥാപാത്രം ഇന്ന നടന്‍ ചെയ്തത് ശരിയായില്ല എന്ന തോന്നല്‍ നമുക്ക് ഉണ്ടാകും. എന്നാല്‍ ഇന്ദ്രന്‍ ചെയ്തതില്‍ ശരിയായില്ല എന്ന് തോന്നിയ കഥാപാത്രങ്ങളില്ല.
ഒരു നടനെന്ന നിലയില്‍ ഇന്ദ്രനുമായി താരതമ്യം ചെയ്യാന്‍ പറ്റുന്ന നടന്മാര്‍ മലയാളം സിനിമയില്‍ ഉണ്ടോയെന്ന് എനിക്കറിയില്ല. എല്ലാ ഡയറക്ടറുടെയും സ്വപ്‌നമാണ് ഇന്ദ്രന്‍. മലയാളം സിനിമയ്ക്ക് ലഭിച്ച മികച്ച അഭിനേതാവാണ് ഇന്ദ്രന്‍,’ നൈല പറഞ്ഞു.
ഇന്ദ്രജിത്തുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്കുള്ളതെന്നും നൈല പറഞ്ഞു. എന്നാലും അദ്ദേഹത്തിന്റെ മുന്നില്‍ അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ ആകാറുണ്ടെന്നും നൈല പറയുന്നു.
‘ഇന്ദ്രന്റെ മുന്നില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ നെര്‍വസ് ആകും. ഇന്ദ്രനെ കാണുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ വരും. ഇന്ദ്രന്‍ നോക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് മാര്‍ക്കിടും എന്നാണ് തോന്നുക. എന്താ ഈ അഭിനയിക്കുന്നത് എന്നായിരിക്കും ഇന്ദ്രന്‍ ചിന്തിക്കുകയെന്നാണ് എനിക്ക് തോന്നുക.
ഞാന്‍ നൈലയെ നോക്കുന്നില്ല, ഞാന്‍ കണ്ണടച്ചിരിക്കാം എന്ന് ഇന്ദ്രന്‍ പറയും. ഇങ്ങനെ ചെയ്യണ്ട, ഇങ്ങനെ നോക്ക് എന്നൊക്കെ പറയും. കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. അന്ന് മുതലേ ഇന്ദ്രന്‍ വിമര്‍ശിക്കാറുണ്ട്,’ നൈല പറഞ്ഞു.
ഓഗസ്റ്റ് 11നാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ റിലീസ് ചെയ്തത്. ഇന്ദ്രജിത്തിനെയും നൈലയെയും കൂടാതെ പ്രകാശ് രാജ്, ബാബുരാജ്, സരയൂ മോഹന്‍, ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിര്‍മിച്ചത്. ഫാന്റസി കോമഡി ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന് അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണമെഴുതിയത്.