കൈയൂക്ക് കൊണ്ട് നിയമവ്യവസ്ഥയെ പരിഹസിക്കുന്ന ഒരാളാണോ പ്രസ് ക്ലബിനെ നയിക്കേണ്ടത്?; ക്രിമിനല്‍ കേസ് പ്രതി തെരഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ
തിരുവനന്തപുരം: ക്രിമിനല്‍ കേസിലെ പ്രതി പ്രസ് ക്ലബ് തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിരെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ. എന്‍.ഡബ്‌ള്യു.എം.ഐ കേരള ഘടകമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങള്‍ ഒരു പാനലിനേയും അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും എന്നാല്‍ സഹപ്രവര്‍ത്തകയോട് ഹീനമായ കുറ്റം ചെയ്യുകയും പ്രസ് ക്ലബില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത എം. രാധാകൃഷ്ണന്‍ മത്സരിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്‍.ഡബ്‌ള്യു.എം.ഐ വ്യക്തമാക്കി.
‘ഇത് വര്‍ത്തമാന കാലത്തെ പത്ര പ്രവര്‍ത്തക സമൂഹത്തിന്റെ മുഴുവന്‍ നീതി പോരാട്ടങ്ങളെ വെല്ലുവിളിക്കുന്നതാണ്. എന്‍.ഡബ്‌ള്യു.എം.ഐ യ്ക്കും വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല കേരളത്തിലെ മാധ്യമ പ്രവര്‍ത്തക സമൂഹത്തിന് ഒന്നാകെ അപമാനമാണിത്.
സ്ത്രീ നീതിക്കോ അഭിമാനത്തിനോ തെല്ലും വില കല്‍പിക്കാത്ത കൈയൂക്ക് കൊണ്ട് ഏത് നിയമ വ്യവസ്ഥയെയും പ്രതിഷേധത്തെയും പരിഹസിക്കുന്ന ഈ പ്രതിയാണോ ഒരു പ്രസ് ക്ലബിന്റെ സാരഥിയാകേണ്ടത്?
ഇവിടെ നമ്മള്‍ നിശബ്ദരായാല്‍ സമൂഹ നീതിക്ക് വേണ്ടി എങ്ങനെയാണ് ശബ്ദം ഉയര്‍ത്തുന്നത്?’ എന്‍.ഡബ്‌ള്യു.എം.ഐ പ്രസ്താവനയില്‍ ചോദിക്കുന്നു.
സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന തരത്തിലാണ് തിരുവനന്തപുരം പ്രസ് ക്ലബ് പ്രവര്‍ത്തിക്കുന്നതെന്നും പത്രപ്രവര്‍ത്തക സമൂഹത്തെ ഒന്നാകെ അപകീര്‍ത്തിപ്പെടുന്ന, വെല്ലുവിളിക്കുന്ന എം. രാധാകൃഷ്ണന്റെ നീക്കം ചെറുക്കണമെന്നും എന്‍.ഡബ്‌ള്യു.എം.ഐ പറഞ്ഞു.
2019ല്‍ പ്രസ് ക്ലബില്‍ വെച്ച്, പ്രസ് ക്ലബ് സെക്രട്ടറി ആയിരുന്ന എം. രാധാകൃഷ്ണന്‍ സഹപ്രവര്‍ത്തകയെ ആക്രമിക്കുകയായിരുന്നു. കൂടാതെ രാധാകൃഷ്ണന്‍ രാത്രി വനിതാ മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു.
ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകയും അവരുടെ ഭര്‍ത്താവും ഉള്‍പ്പെടെ 400 ല്‍ പരം മാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള പ്രസ് ക്ലബ്ബിന്റെ സെക്രട്ടറി ആയിരുന്നു രാധാകൃഷ്ണന്‍.
ഇരയായ മാധ്യമ പ്രവര്‍ത്തകക്കെതിരെ രാധാകൃഷ്ണന്‍ അപവാദ പ്രചരണം നടത്തുന്നുവെന്നും നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പരാതിയും നല്‍കിയിരുന്നു.
സംഭവത്തില്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്‍.ഡബ്‌ള്യു.എം.ഐയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:
ക്രിമിനല്‍ കേസിലെ പ്രതി പ്രസ് ക്ലബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ കേരള ഘടകം പുറപ്പെടുവിക്കുന്ന പ്രസ്താവന
തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ 23 നു നടക്കുകയാണല്ലോ. വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ കൂട്ടായ്മയാണ്എന്‍.ഡബ്‌ള്യു.എം.ഐ. ഇന്ത്യ ഒട്ടാകെ എന്‍.ഡബ്‌ള്യു.എം.ഐയുടെ പ്രവര്‍ത്തന രീതിയും നയവും അധികാര സ്ഥാനങ്ങളില്‍ നിന്ന് സ്വതന്ത്രമായി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീതിയും ഇടവും ഉറപ്പാക്കുക എന്നതാണ്.
അതില്‍ ഉറച്ചു നിന്നു കൊണ്ട് തന്നെ പ്രസ് ക്ലബ് തിരഞ്ഞെടുപ്പിലെ ഒരു പാനലിനെയും ഞങ്ങള്‍ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ സഹപ്രവര്‍ത്തകയോട് അതീവ ഹീനമായ ക്രിമിനല്‍ കുറ്റകൃത്യം കാട്ടിയ, ആ കുറ്റകൃത്യത്തിന്റെ പേരില്‍ പ്രസ് ക്ലബില്‍ വച്ചു അറസ്റ്റ് ചെയ്യപ്പെട്ട, അതേ ക്രിമിനല്‍ കുറ്റത്തിന് അന്വേഷണം നടത്തി കേരള കൗമുദി പുറത്താക്കിയ എം. രാധാകൃഷ്ണന്‍ ആണ് തിരഞ്ഞെടുപ്പിലെ ഒരു പാനലിനെ നയിക്കുന്നത്. കേരള കൗമുദി പുറത്താക്കിയ രാധാകൃഷ്ണന്‍ ആ സ്ഥാപനത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത് എന്ന പച്ചക്കള്ളവും പ്രചരിപ്പിക്കുന്നുണ്ട്.
ഇതു വര്‍ത്തമാന കാലത്തെ പത്രപ്രവര്‍ത്തക സമൂഹത്തിന്റെ മുഴുവന്‍ നീതി പോരാട്ടങ്ങളെ വെല്ലുവിളിക്കുന്നതാണ്. എന്‍.ഡബ്‌ള്യു.എം.ഐയ്ക്കും വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല കേരളത്തിലെ മാധ്യമ പ്രവര്‍ത്തക സമൂഹത്തിന് ഒന്നാകെ അപമാനമാണിത്. സ്ത്രീ നീതിക്കോ അഭിമാനത്തിനോ തെല്ലും വില കല്‍പിക്കാത്ത കൈയൂക്ക് കൊണ്ട് ഏത് നിയമ വ്യവസ്ഥയെയും പ്രതിഷേധത്തെയും പരിഹസിക്കുന്ന ഈ പ്രതിയാണോ ഒരു പ്രസ് ക്ലബിന്റെ സാരഥിയാകേണ്ടത്? ഇവിടെ നമ്മള്‍ നിശബ്ദരായാല്‍ സമൂഹ നീതിക്ക് വേണ്ടി എങ്ങനെയാണ് ശബ്ദം ഉയര്‍ത്തുന്നത്?
സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലാണ് തിരുവനന്തപുരം പ്രസ് ക്ലബ് ഈ സമീപ കാലത്ത് പ്രവര്‍ത്തിച്ചു വരുന്നത്. മാധ്യമ പ്രവര്‍ത്തകയെയും കുടുംബത്തെയും മാത്രമല്ല ഈ വിഷയത്തില്‍ പ്രതികരിച്ച മറ്റു വനിതാ മാധ്യമ പ്രവത്തകരെയും, പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയും അവര്‍ക്കു നേരെ സദാചാര ആക്രമണം നടത്തുകയും ഉണ്ടായി. പത്രപ്രവര്‍ത്തക സമൂഹത്തെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്തുന്ന, വെല്ലുവിളിക്കാനുള്ള രാധാകൃഷ്ണന്റെ നീക്കം ചെറുക്കണം. അതിന് എന്‍.ഡബ്‌ള്യു.എം.ഐ ജനാധിപത്യ വിശ്വാസികളുടെ പിന്തുണ തേടുന്നു.