| Tuesday, 16th May 2023, 10:34 pm

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാകരുത് കോണ്‍ഗ്രസിന്റെ ആത്യന്തികമായ നിലപാട്: വൈശാഖന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാകരുത് കോണ്‍ഗ്രസിന്റെ ആത്യന്തിക ലക്ഷ്യമെന്ന് സി.പി.ഐ.എം നേതാവ് എന്‍.വി. വൈശാഖന്‍. കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്നും പിടിവാശികള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട് ‘ഐക്യം ഉപാധികളിലുടക്കുമോ,’ എന്ന ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസ് എന്ന് പറയുന്ന രാഷ്ട്രീയ കക്ഷി ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. പിടിവാശികളിലേക്ക് പോകരുത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാകരുത് കോണ്‍ഗ്രസിന്റെ ആത്യന്തികമായ നിലപാട്.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസിന്റെ കക്ഷിനിലയോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കക്ഷി നിലയോ നോക്കിയതിന് ശേഷം വരുന്നതായിരിക്കും ഉചിതം.

അല്ല, ഞങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ തന്നെ പ്രധാനമന്ത്രിയാക്കിയേ പറ്റൂ അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി തന്നെ ആകട്ടേയെന്ന പിടിവാശിയില്‍ നിന്നാല്‍ ഒരു പക്ഷേ നമുക്ക് ഈ പറയുന്നത് പോലെ രാഷ്ട്രീയമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പിയെയോ സംഘപരിവാറിനെയോ ചെറുക്കാന്‍ സാധിച്ചുവെന്ന് വരില്ല.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രചരണം നമ്മള്‍ എല്ലാവരും കണ്ടതാണ്. സര്‍ക്കാരിനെതിരെ നിന്നുള്ള സര്‍ക്കാരിന്റെ അഴിമതിക്കെതിരായി കൊണ്ടുള്ള അതിശക്തമായ പ്രചരണമാണ് നടന്നത്.

മറ്റൊന്നുള്ളത് ഹിജാബ് വിഷയം, ബജ്‌റംഗ്ദള്‍ പോലുള്ള സംഘടനകളെ നിരോധിക്കും തുടങ്ങിയവയിലെ നിലപാടാണ്. ഈ നിലപാടുമായി പൊളിറ്റിക്കലായാണ് കോണ്‍ഗ്രസ് അവിടെ പോരാടിയതെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം,’ അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വക്ക് ബദല്‍ മൃദു ഹിന്ദുത്വയല്ലെന്നും ഹിന്ദുത്വക്ക് ബദല്‍ മതനിരപേക്ഷതയാണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ദക്ഷിണേന്ത്യ വിട്ട് കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ അല്‍പ്പാല്‍പ്പമായി വെള്ളം ചേര്‍ക്കുന്നത് നമുക്ക് മനസിലാകും. ചിലയിടങ്ങളില്‍ രാഹുല്‍ ഗാന്ധി പൂജാരിമാരെ പോലെ വേഷഭൂഷാധികള്‍ അണിഞ്ഞ് ഞങ്ങളാണ് യഥാര്‍ത്ഥ ഹിന്ദുക്കളെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങളാണ് യഥാര്‍ത്ഥ ശിവഭക്തര്‍ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.

നിങ്ങള്‍ മൃദു ഹിന്ദുത്വയുമായി ചെന്ന് കഴിഞ്ഞാല്‍ അതില്‍ ഹിന്ദുത്വ മാത്രമേ ആത്യന്തികമായി വിജയിക്കുകയുള്ളൂ. ഇന്ത്യയിലെ കോണ്‍ഗ്രസ് പഠിക്കേണ്ടുന്ന പാഠം കര്‍ണാടകയില്‍ നിന്നെങ്കിലും രാഷ്ട്രീയം ഉള്‍കൊണ്ട് ജനങ്ങളെ തൊടുന്ന ഹിന്ദുത്വക്ക് ബദല്‍ മൃദുഹിന്ദുത്വയല്ലെന്ന് മനസിലാക്കി ഹിന്ദുത്വക്ക് ബദല്‍ മതനിരപേക്ഷതയാണെന്ന ശക്തമായ രാഷ്ട്രീയ പാഠം ജനങ്ങളിലേക്ക് നല്‍കണം,’ വൈശാഖന്‍ പറഞ്ഞു.

അബ്‌ജോത് വര്‍ഗീസ് അവതാരകനായ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് രാജു.പി.നായര്‍, രാഷ്ട്രീയ നിരീക്ഷകന്‍ ഷാബു പ്രസാദ് എന്നിവരും പങ്കെടുത്തു.

CONTENT HIGHLIGHT: NV VAISHAKAN ABOUT CONGRESS

We use cookies to give you the best possible experience. Learn more