| Saturday, 31st August 2019, 7:20 pm

മുതലാളിത്വം, മാര്‍ക്സിസം, യുക്തിവാദം: - ഒന്ന് - മിസ്റ്റര്‍ രവിചന്ദ്രന്‍, മുതലാളിത്തം എന്നൊരു ഇത്തമുണ്ട് സാര്‍

എന്‍.വി ബാലകൃഷ്ണന്‍

മലയാളത്തിലൊരു ചൊല്ലുണ്ട് ‘പന്നി കുഴിയില്‍ വീണപോലെ’ എന്ന്. വഴിയേ പോകുന്നവരൊക്കെ വെറുതെ ഒരു കല്ലെറിയും. എന്തിനെറിയുന്നു എന്നു ചോദിച്ചാല്‍ ഉത്തരം ‘ഒരു രസത്തിന്’ എന്നായിരിക്കും. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി ഭൂമുഖത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ദര്‍ശനമായ മാര്‍ക്സിസത്തിനെതിരായ വിമര്‍ശനങ്ങള്‍ ഈയൊരു നിലയിലേക്ക് തരംതാഴുന്നത് അഭികാമ്യമാണോ? ബ്രഹ്മാണ്ഡ പണ്ഡിതനും യുക്തിവാദികളുടെ മിശിഹായുമായ സി.രവിചന്ദ്രന്റ ‘മാര്‍ക്‌സിസ്റ്റ് വിമര്‍ശനങ്ങള്‍’ ഇങ്ങനെയൊരു ചോദ്യം പ്രസക്തമാക്കുന്നുണ്ട്.

മാര്‍ക്സിന്റെ തന്നെ പ്രശസ്തമായ ഒരു വാചകമുണ്ട്. ‘എല്ലാം എല്ലാകാലത്തേക്കുമായി പരിഹരിക്കുകയും ഭാവിയെ കരുപ്പിടിപ്പിക്കുകയുമല്ല നമ്മുടെ ലക്ഷ്യമെന്ന് തീരുമാനിച്ചാല്‍, പിന്നീടൊന്നേ ചെയ്യാനുള്ളൂ. നിലനില്‍ക്കുന്ന എല്ലാത്തിനെയും നിര്‍ദയമായി വിമര്‍ശിക്കുക’. ഇത്തരം നിര്‍ദയമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകേണ്ട ദര്‍ശനം തന്നെയാണ് മാര്‍ക്സിസം.

എഴുപത് വര്‍ഷക്കാലം ഭൂമുഖത്ത് സോഷ്യലിസത്തിന്റെ ഐക്കണായി നിലനിന്ന സോവിയറ്റ് യൂണിയന്‍ തകരുകയും അതുവഴി മാര്‍ക്‌സിസം, സോഷ്യലിസം, കമ്മ്യൂണിസം എന്നീ ആശയങ്ങള്‍ കീറിമുറിച്ച് പരിശോധിക്കുന്നതിനുള്ള ഒരു ചരിത്രസന്ദര്‍ഭം ഉയര്‍ന്നു വരികയുമുണ്ടായല്ലോ. ഇതോടൊപ്പം സോഷ്യലിസ്റ്റ് മുദ്ര പേറിയ പൂര്‍വ്വയൂറോപ്പിലെ ഒരുപിടി ഭരണകൂടങ്ങള്‍ നിലംപതിച്ചു. ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’ എന്ന ലെനിന്റെ തിസീസ് അലമാരകളില്‍ ഇപ്പോഴും പൊടിപിടിച്ച് കിടക്കുന്നുണ്ട്. (സാമ്രാജ്യത്വ ഘട്ടം എന്നതിനെ പല നിലയില്‍ നോക്കിക്കാണുന്നവര്‍ മാര്‍ക്സിസ്റ്റുകള്‍ക്കിടയില്‍ തന്നെയുണ്ട്) പക്ഷേ സാമ്രാജ്യത്വഘട്ടത്തോടെ മുതലാളിത്തം തിരോഭവിച്ചില്ല. നവലിബറല്‍ ആശയ സംഘടനാരൂപങ്ങളെയൊക്കെ വികസിപ്പിച്ച് അതിപ്പോഴും നിലനില്‍ക്കുന്നു.

ലെനിനും റോസാലക്സന്ബര്ഗും

‘തൊഴിലാളി വര്‍ഗ്ഗ ജനാധിപത്യം’ എന്ന വികസിതമായ ജനാധിപത്യരൂപം സ്വപ്നം കണ്ടവര്‍ക്ക് അങ്ങേയറ്റം കേന്ദ്രീകൃതവും ജനാധിപത്യ വിരുദ്ധവുമായ ഒരു ഘടനയാണ് സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്നത് എന്ന് അംഗീകരിക്കേണ്ടി വന്നു. ലെനിന്‍ വികസിപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടനാരൂപം, കേന്ദ്രീകൃത ജനാധിപത്യമെന്ന പേരില്‍ നടപ്പില്‍ വരുത്തിയത് ജനാധിപത്യ അടിത്തറയില്ലാത്ത കേന്ദ്രീകരണമായിരുന്നു എന്നും വ്യക്തമാക്കപ്പെട്ടു.

ലെനിനും റോസാലക്സംബര്‍ഗും തമ്മില്‍ നടന്ന സംവാദങ്ങള്‍ പ്രാദേശിക ഭാഷകളില്‍പോലും പ്രസിദ്ധീകരിക്കപ്പെട്ടതോടെ, വന്‍തോതിലുള്ള എതിര്‍ വിമര്‍ശനങ്ങള്‍ക്ക് അത് വഴിമരുന്നിട്ടു. ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തെ തുടര്‍ന്ന് ലോകമാകെ ഇരമ്പിക്കയറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കകത്ത്, 1950 കള്‍ക്ക്ശേഷം ഉയര്‍ന്നുവന്ന അഭിപ്രായവ്യത്യാസങ്ങള്‍, തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം, ചൈനയിലെ സാംസ്‌കാരിക വിപ്ലവം എന്നിവ സാധാരണ ജനങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടനയെക്കുറിച്ച് സംശയങ്ങള്‍ക്ക് കാരണമായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്നുള്ള നവലിബറല്‍ കാലഘട്ടത്തില്‍, അതിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഉപകരണമായി തീരേണ്ട വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിര്‍വീര്യമാക്കപ്പെടുകയോ തകര്‍ന്നുപോകുകയോ ചെയ്തു. വലതുപക്ഷം, ഇടതുപക്ഷം തുടങ്ങിയ തരംതിരിവ് തന്നെ അസാദ്ധ്യമായി. മാര്‍ക്സിസം മുന്നോട്ടുവെച്ച പഞ്ചഘട്ട സാമൂഹ്യ വികാസത്തെക്കുറിച്ചുള്ള പരികല്‍പനകള്‍ യാന്ത്രികമായി പിന്തുടരുന്നത്, ചോദ്യം ചെയ്യപ്പെട്ടു. തൊഴിലാളിവര്‍ഗ്ഗം, മുതലാളിവര്‍ഗ്ഗം തുടങ്ങിയ വര്‍ഗ്ഗപരികല്‍പ്പനകള്‍, യാന്ത്രികമായ നിര്‍വചനങ്ങളുടെ കൂടുപൊളിച്ച് പുറത്തുവന്നു. ഈ സമസ്യകളൊക്കെ ചേര്‍ന്നുവന്നപ്പോള്‍ മാര്‍ക്സിസത്തെ ഒരു പുനര്‍വായനക്ക് വിധേയമാക്കാനുള്ള സാഹചര്യങ്ങള്‍ ഒത്തുവന്നു എന്ന് പറയാം. ഇതിനൊക്കെ പുറമെയാണ് ഭൂമിയില്‍ ജൈവമണ്ഡലം, ഇന്നത്തെ നിലയില്‍ നിലനില്‍ക്കുമോ എന്ന ആശങ്ക, കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം, അന്തരീക്ഷതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂടെ പ്രശ്നവല്‍ക്കരിക്കപ്പെട്ടത്. ജീവന്റെ നിലനില്‍പ്പ് തന്നെ അപകടപ്പെടുമ്പോള്‍ പിന്നെ ‘മാര്‍ക്‌സിസം മുന്നോട്ട് വയ്ക്കുന്ന മനുഷ്യവിമോചനം എന്ന കാഴ്ചപ്പാടിനെന്തുപ്രസക്തി?’ എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു.

ഇത്തരം സമസ്യകളെയൊക്കെ വിമര്‍ശന പദ്ധതികളിലൂടെ നിര്‍ദ്ധാരണം ചെയ്യുകയും ഇതിനെയൊക്കെ അതിജീവിച്ച് മുന്നേറാന്‍ കഴിയുംവിധം, വലിയതോതില്‍ വികസിതവുമായ ഒരു പുതിയ പരിപ്രേക്ഷ്യത്തിലെ മാര്‍ക്സിസം എന്ന ദര്‍ശനത്തിന് ഭാവിയുള്ളൂ എന്ന്, മാര്‍ക്സിസ്റ്റുകള്‍ തന്നെ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് . അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള വിമര്‍ശനങ്ങളേയും മാര്‍ക്സിസ്റ്റുകള്‍ ഭയപ്പെടുന്നുമില്ല. ഇത്തരം വിമര്‍ശനങ്ങളെ അതിജീവിക്കാനുളള ശേഷി മാര്‍ക്സിസത്തിന് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് കാലഹരണം സംഭവിച്ചതും മൃതമാക്കപ്പെട്ടതുമാണ് എന്ന് വ്യക്തമാണല്ലോ.

അതല്ല ഇത്തരം ദാര്‍ശനികവും സാമൂഹ്യവുമായ സമസ്യകളെ അതിജീവിക്കുവാനുള്ള ആന്തരികമായ കരുത്തും വികസന ശേഷിയും മാര്‍ക്സിസത്തിനുണ്ടെങ്കില്‍ എല്ലാതരം പ്രതിസന്ധികളെയും അതിജീവിച്ച് അത് മുന്നേറുക തന്നെയാണ് ചെയ്യുക. മനുഷ്യന്‍ മനുഷ്യനെത്തന്നെയും പ്രകൃതിയേയും ചൂഷണം ചെയ്യുന്ന സാമൂഹ്യ സഹചര്യങ്ങളും വ്യവസ്ഥകളും തുടരുന്നിടത്തോളം കാലം, അതിനെതിരായ മനുഷ്യന്റെ ചെറുത്തു നില്‍പ്പുകളും പോരാട്ടങ്ങളും തുടരുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ പക്ഷാന്തരങ്ങളുണ്ടാവില്ല. അത്തരം മുന്നേറ്റങ്ങള്‍ക്ക്, ആന്തരിക ചോദനകളാല്‍, നിരന്തരം നവീകരിക്കാന്‍ കഴിവുള്ളതും, ഏറ്റവും വികസിതവുമായ ഒരു തത്വശാസ്ത്രവും അതിന്റെ സംഘടനാ രൂപങ്ങളുമൊക്കെ കൂടിയേ കഴിയൂ. ‘നാളിതുവരെയുള്ള തത്വശാസ്ത്രങ്ങള്‍ ലോകത്തെ വ്യാഖ്യാനിക്കുകയാണ് ചെയ്തതെങ്കില്‍ നമുക്കാവശ്യം ലോകത്തെ മാറ്റിപ്പണിയുകയാണ്’ എന്ന മാര്‍ക്‌സിന്റെ നിരീക്ഷണത്തില്‍ത്തന്നെയാണ് മാര്‍ക്‌സിസത്തിന്റെ സത്ത കുടികൊള്ളുന്നത്.

ലോകമാകെ ഇത്തരത്തിലുള്ള അങ്ങേയറ്റം ഗൗരവതരമായ പര്യാലോചനകള്‍ സജീവമായ സന്ദര്‍ഭത്തിലാണ്, ‘ഈ പായസച്ചെമ്പില്‍ തന്നെ തന്റെ കോണകവും പുഴുങ്ങിയെടുക്കാം’ എന്ന ഉത്സാഹത്തോടെ സി രവിചന്ദ്രന്റെ വരവ്. ‘ആനയും ഉറുമ്പും മൂലധനത്തിനൊരാമുഖം’ എന്ന് നാമകരണം ചെയ്ത അദ്ദേഹത്തിന്റെ ഒന്നാം പ്രഭാഷണവും ‘ഫാസ്റ്റിസം കൊപേ’ എന്ന പേരിലുള്ള രണ്ടാം പ്രഭാഷണവും, സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാല്‍ കൊണ്ടാടപ്പെടുന്നുണ്ട്.

കാര്യങ്ങളെ സൂഷ്മമായി പിന്തുടരുന്ന ആര്‍ക്കെങ്കിലും അതില്‍ പുതുതായെന്തെങ്കിലും അവതരിപ്പിക്കപ്പെട്ടതായി കണ്ടെത്താനാവില്ല. കാവൂട്ടിന്റെ മൂര്‍ധന്യത്തില്‍ ഉറഞ്ഞാടുന്ന കോമരങ്ങള്‍ തങ്ങളുടെ അരുളപ്പാടുകള്‍ പ്രഖ്യാപിക്കുന്നപോലെ, സി രവിചന്ദ്രനും തനിക്കേറ്റവും യുക്തം എന്ന് തോന്നിയ സമയത്ത്, തന്റെ അരുളപ്പാടുകളുമായി കാവിലെത്തി ഉറഞ്ഞാടുന്നു എന്ന് മാത്രം. ഇദ്ദേഹത്തെ നിരീക്ഷിക്കുന്നവര്‍ക്കറിയാവുന്ന ഒരു കാര്യം, യുക്തിയുടേയോ തര്‍ക്കത്തിന്റെയോ പ്രതലത്തില്‍ നിന്ന്, എന്തൊക്കെ ആടയാഭരണങ്ങളണിയിച്ച്, എന്തെല്ലാംകാര്യങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചാലും അതിനകത്തൊക്കെ മൂലധനസേവയുടെ ചേരുവകള്‍ തന്നെയാണുണ്ടാവുക. ഇത്രയുംകാലം അത് സ്ത്രീവിമോചന പ്രസ്ഥാനങ്ങളെ പരിഹസിക്കലും സംവരണവിരുദ്ധനിലപാടുകള്‍ പ്രസരിപ്പിക്കലുമൊക്കെയായിരുന്നെങ്കില്‍ ഇപ്പോഴത് തികഞ്ഞ മാര്‍ക്സിസ്റ്റ് വിരുദ്ധതയും മുതലാളിത്ത പാദസേവയുമായി നഗ്‌നമാക്കപ്പെടുന്നു എന്നുമാത്രം.

1992ല്‍ ഫ്രാന്‍സിസ്ഫുക്കുയാമയുടെ ‘ചരിത്രത്തിന്റെ അന്ത്യം’ (The End of History and The Last Man) എന്ന പുസ്തകത്തിലും 1996ല്‍ സാമുവല്‍ പി ഹണ്ടിംങ്ടണ്‍’ സംസ്‌കാരങ്ങളുടെ സംഘര്‍ഷം’ (The Clash of CIVIlizations and The Remaking of World Order) എന്ന പുസ്തകത്തിലും അദ്ദേഹത്തിന്റെ തന്നെ 2004 ല്‍ പ്രസിദ്ധീകൃതമായ ‘നമ്മളാര് ‘ (Who Are We? The Challenges to America’s National Identity) എന്ന പുസ്തകത്തിലും 1986ല്‍ തന്നെ സംഘപരിവാറുകാര്‍ മാര്‍ക്സിസത്തിനെതിരെയുള്ള കൈപ്പുസ്തകമായി കൊണ്ടു നടന്നിരുന്ന നവഭാരതി പബ്ലിക്കേഷന്റെ ‘End of A Scientific Utopia ‘ എന്ന പുസ്തകത്തിലുമൊക്കെ ഉള്ളടങ്ങി വന്ന കാര്യങ്ങള്‍ തന്നെയാണ് തന്റെയും ആസ്പദങ്ങള്‍ എന്നും ഈ പ്രഭാഷണം വിളിച്ചു പറയുന്നുണ്ട്.

ഇവയിലൊക്കെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പല കാലത്തായി പലരും മറുപടി പറഞ്ഞ് പഴകിയതുമാണ്. ഈ പ്രഭാഷണത്തിന്റെ ചരിത്ര സന്ദര്‍ഭത്തെ അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത്, തൊഴിലാളി നേതാക്കളും സോഷ്യലിസ്റ്റുകളുമൊക്കെ നായകന്‍മാരും മുതലാളികള്‍ പ്രതിനായകന്‍മാരുമായിരുന്ന ഒരു ചരിത്രഘട്ടം അവസാനിച്ച്, തൊഴിലാളി നേതാക്കളും സോഷ്യലിസ്റ്റുകളുമൊക്കെ കോമഡി കഥാപാത്രങ്ങളായി മാറിതീര്‍ന്ന കാലം എന്നാണ്. അപ്പോഴും മുതലാളിയേയും മുതലാളിത്തത്തേയും നമ്മുടെ കാലത്തിന് അത്രയ്ക്കങ്ങ് പഥ്യമായിട്ടില്ല എന്ന വേവലാതിയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ഈ അവസ്ഥയെ ഒന്ന് മാറ്റിയെടുക്കാന്‍, തന്റെ വകയായുള്ള ഒരു എളിയ സംഭാവന എന്ന നിലയിലാണ് ഈ ഉദ്യമം എന്ന് ഭംഗ്യന്തരേണ അദ്ദേഹം പറഞ്ഞുവെക്കുകയും ചെയ്യുന്നുണ്ട്.

മനുഷ്യ ജീവിതം ഒരു ഭൗതിക യാഥാര്‍ത്ഥ്യമാണ്. കട വെല്ലുര്‍ അന്ന്യോന്യത്തെ അനുസ്മരിപ്പിക്കുന്ന തര്‍ക്കങ്ങളിലൂടെയോ കേവല യുക്തി കളിലൂടെയോ മനസ്സിലാക്കാവുന്നതോ പരിഹരിയ്ക്കാവുന്നതോ അല്ല ജീവിതവുമായി ബന്ധപ്പെട്ട സമസ്യകള്‍. അത് ജീവിതത്തിനകത്ത് വെച്ച് തന്നെ നിര്‍ധാരണം ചെയ്യേണ്ടതാണ്. മനുഷ്യന്റെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ശാസ്ത്രീയമായി സമീപിക്കുന്ന ഒരാള്‍ സാമൂഹ്യ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്രം എന്നീവ അടിസ്ഥാന ഉപകരണങ്ങളായി ഉപയോഗിച്ചാണ് തന്റെ മുമ്പിലുള്ള പ്രശ്നങ്ങളെ വിശകലനം ചെയ്യുക. രവിചന്ദ്രനാകട്ടെ തന്റെ പതിവു കുതര്‍ക്കങ്ങള്‍, പരിഹാസം എന്നിവ വിളമ്പുന്നതല്ലാതെ മേല്‍ കാര്യങ്ങളില്‍ തികഞ്ഞ അജ്ഞനാണ് എന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്.

വിശ്വ പ്രസിദ്ധരായ മാന്ത്രികന്മാരൊക്കെ സ്ഥിരമായി അവതരിപ്പിക്കുന്ന ഒരു മാജിക് ഉണ്ട്. ‘വാനിഷിംഗ് ബ്യൂട്ടി'(Vanishing Beauty) എന്നൊക്കെപ്പറയും. കാര്യമിതാണ്, ഉള്ള ഒന്നിനെ ഇല്ലാതാക്കി കാണിക്കുക. ഇത്തരം ഒരു പാളിപ്പോയ കയ്യടക്കത്തിലൂടെ മുതലാളിത്തത്തെ മറച്ചു കളയാനാണ് സി.രവിചന്ദ്രനും തന്റെ പ്രഭാഷണത്തില്‍ തുടക്കത്തിലേ പരിശ്രമിക്കുന്നത്. അദ്ദേഹം പറയുന്നു. ‘മുതലാളിത്തം എന്നൊരു ഇത്തമില്ല’. അതൊരു തെറ്റായ ഭാഷാപ്രയോഗമാണ്’. ‘ക്യാപ്പിറ്റലിസം’ എന്ന ഇംഗ്ലീഷ് വാക്കിന്റെ യഥാര്‍ത്ഥ പരിഭാഷ ‘മുതലാളിത്തം’ എന്നല്ല വേണ്ടത്. അത്തരം ഒരു പരിഭാഷയാണ് ഇക്കണ്ട ആശയക്കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. യഥാര്‍ത്ഥത്തില്‍ പരിഭാഷപ്പെടുത്തേണ്ടത് ‘മൂലധന വ്യവസ്ഥ’ എന്നാണ്’. മുതലാളിത്തം എന്ന പദത്തിനെ വാനിഷിംഗ് മാജിക്കുകളിലെന്നപോലെ ഇല്ലാതാക്കി, പകരം മൂലധന വ്യവസ്ഥ എന്നാക്കിയാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെക്കുറിച്ച് എന്താണ് പറയേണ്ടത്? ഭാഷാശാസ്ത്രപരമായ കയ്യടക്കങ്ങളിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്‌നമാണോ ഇത്? ഒരു വാക്ക്, മാജിക്കില്‍ വസ്തുക്കളെന്ന പോലെ ആകാശത്ത് നിന്ന് പൊട്ടിവീഴുന്നതല്ല. ചരിത്രത്തിന്റെ തന്നെ സുദീര്‍ഘമായ പ്രക്രിയകളിലൂടെ ചരിത്രം തന്നെ നിര്‍മ്മിച്ചെടുക്കുന്നതാണ്. അത്തരത്തില്‍ ഒരു പാട് കാലം കൊണ്ട് ചരിത്രത്തില്‍ നിര്‍മ്മിക്കപ്പെടുകയും സുദീര്‍ഘമായ വ്യവഹാര പ്രക്രിയകളിലൂടെ, ആശയങ്ങളിലൂടെ, വികാരങ്ങളിലൂടെ, മൂര്‍ത്തമായ അനഭവങ്ങളിലൂടെ, വികസിച്ചു വരികയും ഭാഷയില്‍ ലബ്ധപ്രതിഷ്ഠ നേടിയെടുക്കുകയും ചെയ്ത ഒരു വാക്ക് തന്നെയാണ് ‘മുതലാളിത്തം’. ആ വാക്ക് കേള്‍ക്കുമ്പോള്‍ കേള്‍വിക്കാരിലേക്ക് ഇരമ്പിയെത്തുന്നത് ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ ആകെയാണ്. അതില്‍ അതിജീവനത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ആര്‍ത്തനാദങ്ങളുണ്ട്, ഷൈലോക്കിയന്‍ ചൂഷണത്തിന്റെ കടുത്ത വേദനകളുണ്ട്. വിമോചനത്തിന് വേണ്ടിയുള്ള കോടാനുകോടി മനുഷ്യരുടെ പിടച്ചിലുകളുണ്ട്. ഇവയൊന്നടങ്കം ചരിത്രത്തില്‍ നിന്ന് മറച്ചു വെയ്ക്കാനുള്ള മുന്ത്യടവാണ്, മുതലാളിത്തം എന്ന വാക്കിനെത്തന്നെ റദ്ദ് ചെയ്യുക വഴി രവിചന്ദ്രന്‍ മുന്നോട്ട് വയ്ക്കുന്നത്.

പക്ഷേ അത് അസാദ്ധ്യമാണ് എന്ന് ഇദ്ദേഹത്തിന് മനസ്സിലാവില്ല. ഒന്നിനെ മനസ്സിലാക്കേണ്ടത്, അതിനെ അതിന്റെ തന്നെ ചരിത്രത്തില്‍ ചേര്‍ത്തുനിര്‍ത്തിയാണ് എന്ന യുക്തി കൊണ്ട് മാത്രം കസര്‍ത്തു കളിക്കുന്ന രവിചന്ദ്രന് മനസ്സിലാവാത്തതില്‍ അത്ഭുതമൊന്നുമില്ല. ഒരു ഉദാഹരണം പറയാം. രവിചന്ദ്രന്‍ എന്ന പേരെടുക്കുക. എനിക്ക് വേണമെങ്കില്‍ യുക്തിസഹമായിത്തന്നെ അത്തരമൊരു പേര് അസംബന്ധമാണ് എന്ന് വാദിക്കാം. രവിയെന്നാല്‍ സൂര്യന്‍; സൂര്യന്‍ സ്വയം എരിയുന്നതാണ്. ചന്ദ്രന്‍ തണുത്തതാണ്. അതിന് പ്രകാശമില്ല. കേവലം റിഫ്‌ളക്ഷനാണ്. നാം കാണുന്ന സൗന്ദര്യമൊക്കെ വെറും മായക്കാഴ്ചയാണ്. ഒന്ന് മറ്റേതില്‍ നിന്ന് കോടാനുകോടി കിലോമീറ്റര്‍ അകലത്തിലാണ്. അതുകൊണ്ട് ഇവയെ പരസ്പരം ഒരു പേരില്‍ ബന്ധിപ്പിക്കുന്നത് അസംബന്ധമാണ്, എന്നൊക്കെ എനിയ്ക്ക് യുക്തിസഹമായിത്തന്നെ വാദിയ്ക്കാം. പക്ഷേ അതുകൊണ്ട് രവിചന്ദ്രന്‍ എന്ന യുക്തിവാദികളുടെ മിശിഹാ, ചരിത്രത്തില്‍ ഇല്ലാതാവില്ല. കാരണം ഈ പേരല്ല രവിചന്ദ്രന്‍. അതില്‍ അടങ്ങിയ സത്തയാണ്. ആ സത്തയുള്ളിടത്തോളം കാലം അതിനെ ആര്‍ക്കും നിരാകരിക്കാനാവില്ല.

മലയാളത്തില്‍ കേവലം ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു പദവുമല്ല മുതലാളിത്തം. ഇന്ത്യന്‍ ഭാഷകളിലാകെ, ലോകഭാഷകളാകെ എടുത്താലും ഇതേ അര്‍ത്ഥവും ആശയങ്ങളും പ്രസരിപ്പിക്കുന്ന പദങ്ങളുണ്ട്. ഇനി ഈ പദത്തിന്റെ ഭാഷാശാസ്ത്രപരമായ ചരിത്രം പരിശോധിച്ചാല്‍ ‘മുടക്കുമുതല്‍’ എന്ന വാക്കില്‍ നിന്നാണ് മുതലാളിത്തം പരിണമിച്ചുണ്ടായത് എന്ന് കാണാം. മുതല്‍ മുടക്കുന്നയാള്‍ മുതലാളിയായി. മുതലാളിമാര്‍ക്ക് മേധാവിത്വമുള്ള വ്യവസ്ഥ മുതലാളിത്തമായി. അതായത് മലയാളത്തിലെ മറ്റു പദങ്ങള്‍ പോലെ ചരിത്രത്തില്‍ രൂപം കൊണ്ട് വന്ന പദം തന്നെയാണ് മുതലാളിത്തവും. ‘മൂലധനം’ എന്ന പദമാകട്ടെ സംസ്‌കൃത മൂലങ്ങളില്‍ നിന്ന് സമാനമായി വികസിച്ച പദമാണ് എന്നും കാണാം. ഈ പദം തന്നെ റദ്ദാക്കി എളുപ്പ വഴിയില്‍ ക്രിയ ചെയ്യാനുള്ള രവിചന്ദ്രന്റെ ‘പുത്തി’ അപാരം തന്നെ.

ക്യാപ്പിറ്റലിസം അല്ലാതെ മറ്റെന്ത് വ്യവസ്ഥയാണ് ഭൂമുഖത്തുള്ളത്, ഉണ്ടായിരുന്നത്? എന്ന് ഒരു വെല്ലുവിളി പോലെ അദ്ദേഹം ചോദിക്കുന്നു. കടലില്‍ മത്സ്യം വളരുന്നത് പോലെ നാം മൂലധന വ്യവസ്ഥയില്‍ വളരുന്നു. കടലിലാണ് താന്‍ വളരുന്നത് എന്ന് മത്സ്യം അറിയാത്തത് പോലെ, രവിചന്ദ്രന്‍ ഒഴികെയുള്ള ‘നാം’ മൂലധന വ്യവസ്ഥയിലാണ് ജീവിക്കുന്നത്, ജീവിച്ചത്, എന്ന് തിരിച്ചറിയുന്നുമില്ല! അതു മാത്രമല്ല, ഒരു പടികൂടി കടന്ന് ഈ മൂലധന വ്യവസ്ഥ ശാശ്വതമാണന്നും മാര്‍ക്‌സിസ്റ്റുകള്‍ പറയുന്നത് പോലെ മുതലാളിത്തം നശിക്കുകയൊന്നുമില്ലെന്നും അദ്ദേഹം ഉറപ്പിക്കുന്നു. ഇനി അഥവാ നശിച്ചാല്‍ കുറച്ചു കൂടി മെച്ചപ്പെട്ട മറ്റൊരു മുതലാളിത്തം തന്നെയാണുണ്ടാവുക! ഏറെ രസകരമായ വസ്തുത മുതലാളിത്തം എന്ന പ്രയോഗം തന്നെ പിശകാണ് എന്ന് വിലപിക്കുന്ന ഇദ്ദേഹം തന്നെ, പ്രഭാഷണത്തിലുടനീളം മുതലാളിത്തം എന്ന വാക്ക് അറിയാതെ പ്രയോഗിച്ചു പോകുന്നുമുണ്ട്.

ഒന്നിനേയും ചരിത്രപരമായി നോക്കിക്കാണാനും മനസ്സിലാക്കാനും കഴിയാതിരിക്കുക എന്നൊരു പോരായ്മ ബ്രഹ്മാണ്ഡ പണ്ഡിതനായ രവിചന്ദ്രന് സംഭവിക്കുന്നുണ്ട് എന്ന് പറയാമോ എന്നൊരു ഭയം ഈ ലേഖകനുണ്ട്. ചരിത്ര വികാസത്തില്‍ എവിടെ വെച്ചാണ് മൂലധനം (രവിചന്ദ്രന്‍ പറയുന്ന അര്‍ത്ഥത്തില്‍ പോലും) രൂപം കൊണ്ടത്? ജീവിവര്‍ഗ്ഗങ്ങള്‍ പരിണമിച്ചുണ്ടായ മനുഷ്യന്‍ എങ്ങിനെയാണ് സ്വയം നിര്‍മ്മിക്കുന്നവനായി വളര്‍ന്നത്? ( ഗോര്‍ഡന്‍ ചൈല്‍ഡിന്റെ ‘മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു’ എന്ന പുസ്തകം കാണുക) .

മനുഷ്യന്‍ ഉപകരണങ്ങളുണ്ടാക്കി ഉപയോഗിക്കുന്ന മൃഗവും സ്വയം ഉല്പാദിപ്പിക്കുന്ന മൃഗവുമൊക്കെയായി വികസിക്കുന്നുണ്ടല്ലോ ചരിത്രത്തില്‍. മൃഗങ്ങളെ പോലെ തെണ്ടിപ്പെറുക്കി അവനവന് അവശ്യം വേണ്ട ആഹാരം മാത്രം സമ്പാദിച്ച് സ്വകാര്യ സ്വത്തൊന്നുമില്ലാതെ ജീവിച്ചിരുന്ന മനുഷ്യര്‍, ഗോത്ര ജീവിതകാലത്ത് ഗോത്രത്തിലെ അംഗങ്ങള്‍ക്ക് അവശ്യം ആവശ്യമായ ഉല്പന്നങ്ങളുടെ ഉല്പാദനത്തില്‍ നിന്ന് മിച്ചോല്‍പ്പാദനത്തിലേയ്ക്ക് പ്രവേശിക്കുന്നു. കാലക്രമത്തില്‍ അത് സ്വകാര്യ സ്വത്തിന്റെ രൂപഭാവങ്ങള്‍ ആര്‍ജിക്കുന്നു. അടിമത്ത കാലത്തും ഫ്യൂഡലിസത്തിലും അത് കേവല സ്വത്തിന്റെ രൂപത്തിലാണ് നിലനിന്നതെങ്കില്‍ മുതലാളിത്തത്തില്‍ പുനരുല്‍പ്പാദമൂല്ല്യങ്ങളും ശേഷിയുമുള്ള മൂലധനമായി വികസിക്കുന്നു. ഇതാണ് മൂലധനത്തിന്റെ ചരിത്ര സഞ്ചാരത്തിന്റെ രത്നച്ചുരുക്കം. അതുകൊണ്ടാണ് വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്ത പറവകളില്‍ നിന്ന് വാഴ്വിന്റെ സത്യം ഗ്രഹിക്കാന്‍ യേശു ശിഷ്യരെ ഉപദേശിക്കുന്നത്. അതായത് ‘മൂലധനം’ എന്നത് ഒരു പ്രകൃതി പ്രതിഭാസമായി ചരിത്രത്തില്‍ ഉടലെടുത്തതല്ല. മനുഷ്യന്റെ അധ്വാനവുമായി ബന്ധപ്പെട്ട് ഗോത്രത്തില്‍ അടിഞ്ഞുകൂടിയ (Sedimentation) മിച്ചമൂല്ല്യം, സ്വാഭാവികമല്ലാത്ത വഴികളിലൂടെ സമാഹരിക്കപ്പെടുക വഴി, ഉരുവം കൊണ്ടതാണ്. ചൂഷണത്തിന്റെ ആദ്യ തന്മാത്രകള്‍ ഇണചേര്‍ക്കപ്പെടുന്നതും ഈ ചരിത്ര സന്ധിയില്‍ത്തന്നെ. അതായത് ഇതില്‍ ഒരു സമ്പത്തുല്പാദന പ്രക്രിയയും സ്വാഭാവികമായ നൈതികതയുടെ ലംഘനവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇതിനെ പ്രകൃതിയില്‍ ഋതുകള്‍ പിറവിയെടുക്കും പോലെ, രാവും പകലും സംഭവിക്കുന്നത് പോലെ, ഒരു സ്വാഭാവിക പ്രകിയയായി കാണാനാവില്ല. അങ്ങിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്, വിവിധ ചരിത്രകലഘട്ടങ്ങളിലെ ചൂഷകവര്‍ഗ്ഗ ശക്തികളും അവര്‍ വികസിപ്പിച്ച ആശയമണ്ഡലങ്ങളുമാണ്.

പുതിയ കാലത്തിന് ഇത്തരം പ്രശ്‌നങ്ങളിലൊന്നും ഇപ്പോള്‍ ആശയക്കുഴപ്പങ്ങളൊന്നുമില്ല. അപ്പോഴാണ് ആ പഴയ പൊളിഞ്ഞ പാഴ് വഞ്ചിയില്‍ത്തന്നെ അക്കരെയെത്താന്‍ സി.രവിചന്ദ്രന്‍ ശ്രമിക്കുന്നത്. അദ്ദേഹം പറയുന്നത് ഒരു ഭീമാകാരനായ ആനയെ പ്രകൃതി നിയമമനുസരിച്ച് തികച്ചും സ്വാഭാവികമായി ഒരു ഉറുമ്പിന്‍ കൂട്ടം തിന്നു തീര്‍ക്കുന്നത് പോലെ, പ്രകൃതിയില്‍ സംഭവിച്ചതാണ് മൂലധന സഞ്ചയനം(Capital Accumulation) എന്നാണ്!

മിച്ചോല്‍പ്പാദനം ഒരു സാദ്ധ്യതയായി വികസിച്ചിട്ടില്ലാത്ത, അതുകൊണ്ട് തന്നെ സ്വത്തിന്റേയും ചൂഷണത്തിന്റേയും പ്രാഗ് രൂപങ്ങള്‍ നിലനിന്നിട്ടില്ലാത്ത പ്രാകൃത സമൂഹം (Primtiv society) ചരിത്ര വികാസ പ്രക്രിയയില്‍ അടിമ ഉടമസമ്പ്രദായത്തിലേയ്ക്ക് വികസിക്കുന്നു. കാലാവസ്ഥ, ഭൂപ്രകൃതി, മണ്ണിന്റെ ഫലപുഷ്ടി, ശാരീരികശേഷി, ഭക്ഷണലഭ്യത, കൈവശമുള്ള ഉപകരണങ്ങളുടെ നിലവാരം (ഉല്പാദനഉപകരണങ്ങളും യുദ്ധോപകരണങ്ങളും) എന്നിവയനുസരിച്ച് കൂടുതല്‍ വികസിച്ച ഗോത്രങ്ങളും, പിന്നോക്കം നില്‍ക്കുന്ന ഗോത്രങ്ങളും ഉണ്ടാകുന്നു.

ഫ്രാന്സിസ് ഫുക്കുയാമ

പിന്നോക്കം നില്‍ക്കുന്ന ഗോത്രത്തെ കീഴടക്കി വികസിത ഗോത്രം അവരെ തങ്ങളുടെ അടിമകളാക്കുന്നു. കീഴടക്കപ്പെട്ട ഗോത്രത്തിലെ മനുഷ്യര്‍ക്ക് മൃഗങ്ങള്‍ക്കുള്ള പരിഗണ മാത്രമേ ലഭിക്കുകയുള്ളൂ. ഇവരെ അടിമകളാക്കി ജോലി ചെയ്യിപ്പിച്ച് മിച്ചോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇവിടത്തെ സവിശേഷത സ്വന്തം ശരീരത്തിന് (അദ്ധ്വാനശക്തി) മേലെയോ ഉല്പാദന ഉപകരണങ്ങള്‍ക്ക് (ഭൂമി, ഉപകരണങ്ങള്‍) മേലേയോ അടിമയ്ക്ക് അവകാശാധികാരങ്ങളൊന്നുമില്ല എന്നതാണ്. സമ്പൂര്‍ണ്ണാധിപത്യം ഉടമകള്‍ക്കാണ്. ചരിത്ര വികാസഗതിയില്‍ അടിമ ഉടമ സമ്പ്രദായം തിരോഭവിക്കുകയും ജന്മി കുടിയാന്‍ വ്യവസ്ഥ നിലവില്‍ വരികയും ചെയ്യുന്നു. അടിമ ഉടമ വ്യവസ്ഥയേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട വ്യവസ്ഥ തന്നെയാണ് ജന്മിത്ത വ്യവസ്ഥ (Fuedalisam). അടിമത്തത്തില്‍ ഉല്ലാദന ഉപകരണങ്ങളും അധ്വാനശക്തിയും ഉടമയുടെ നിയന്ത്രണത്തിലായിരുന്നെങ്കില്‍ ജന്മിത്ത വ്യവസ്ഥയില്‍ അധ്വാനശക്തിക്ക് മേലെ കുടിയാന് ഭാഗികമായ നിയന്ത്രണം കൈവരുന്നുണ്ട്. ഉടമ നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും മാടുകളെപ്പോലെ പണിയെടുക്കേണ്ടവരല്ല കുടിയാന്മാര്‍. ജന്മിത്തത്തിന് ഒന്നിലധികം രൂപങ്ങളുണ്ട്. നിശ്ചയിച്ച പാട്ടമോ, പണമോ, അധ്വാനശക്തിയോ ജന്മിക്ക് നല്‍കണം എന്ന് നിഷ്‌കര്‍ഷിക്കാം. അത് പാലിച്ചില്ലങ്കില്‍ ഭൂമി തിരിച്ചെടുക്കാം. അപ്പോഴും അടിമപ്പണി ചെയ്യിക്കാന്‍ വകുപ്പില്ല. ജന്മിത്ത വ്യവസ്ഥിതി തിരോഭവിച്ചാണല്ലോ മുതലാളിത്ത വ്യവസ്ഥ (Capitalism) വികസിക്കുന്നത്. മുതലാളിത്ത വ്യവസ്ഥ അതിനു മുമ്പുള്ള മറ്റ് വ്യവസ്ഥകളേക്കാള്‍ വളരെയേറെ വികസിതവും മെച്ചപ്പെട്ടതും ആധുനിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ജന്മി വ്യവസ്ഥയില്‍ സ്വന്തം അദ്ധ്വാനശക്തിക്ക് മേല്‍ കൃഷിക്കാരന് ഭാഗികമായ നിയന്ത്രണം മാത്രമുണ്ടായിരുന്ന സ്ഥാനത്ത് സ്വന്തം അദ്ധ്വാനശക്തിയുടെ മേലെ സമ്പൂര്‍ണ്ണമായ അധികാരാവകാശങ്ങളുള്ള തൊഴിലാളിയാണ് മുതലാളിത്തത്തില്‍ പണിയെടുക്കുന്ന വര്‍ഗ്ഗം. അപ്പോഴും ഉല്പാദന ഉപകരണങ്ങളില്‍ സമ്പൂര്‍ണ്ണമായ ആധിപത്യം മുതലാളിയ്ക്കാണുതാനും.

ഫുക്കുയാമയും സി.രവിചന്ദ്രനുമൊക്കെ പറയുന്നത് പോലെ മുതലാളിത്തത്തോടെ ചരിത്രം അവസാനിയ്ക്കുമെന്നും ശാശ്വത വല്‍ക്കരിക്കപ്പെട്ട വ്യവസ്ഥയാണ് മുതലാളിത്തമെന്നുമുള്ള മുതലാളി വര്‍ഗ്ഗത്തിന്റെ ന്യായം അംഗീകരിക്കാതിരുന്നതാണ് മാര്‍ക്‌സ് ചെയ്ത കൊടുംപാതകം. സ്വകാര്യ സ്വത്തില്ലാത്ത പ്രാകൃത വ്യവസ്ഥയില്‍ നിന്ന് അടിമ വ്യവസ്ഥയിലേയ്ക്ക് സമൂഹം വികസിക്കുമ്പോള്‍ ഉല്പാദന ഉപകരണങ്ങളുടേയും അധ്വാനശക്തിയുടേയും മേലെ ഉടമയ്ക്ക് സമ്പൂര്‍ണ്ണാധിപത്യം ലഭിക്കുന്നു. എന്നാല്‍ ജന്മിത്ത വ്യവസ്ഥയില്‍ അധ്വാനശക്തിയുടെ മേലെ സമ്പൂര്‍ണ്ണാധിപതുമുണ്ടായിരുന്ന ജന്മിയുടെ പിടി ഭാഗികമായി അയയുകയും കുടിയാന് ഭാഗിക നിയന്ത്രണം കൈവരികയും ചെയ്യുന്നു. അതായത് ഗുണപരമായ ഒരു മാറ്റം ചരിത്രത്തില്‍ സംഭവിക്കുന്നു. അപ്പോഴും ഉല്പാദന ഉപകരണങ്ങള്‍ ജന്മിയുടെ നിയന്ത്രണത്തിലാണെന്നത് മറക്കരുത്.

മുതലാളിത്തത്തിലേയ്ക്ക് എത്തുമ്പോള്‍ കുറേക്കൂടി ഗുണപരമായ മാറ്റം സംഭവിക്കുന്നു. സ്വന്തം അദ്ധ്വാനശക്തിയുടെ മേലെ സമ്പൂര്‍ണ്ണമായ ആധിപത്യം തൊഴിലാളിയ്ക്ക് കൈവരുന്നു. അപ്പോഴും ഉല്പാദന ഉപകരണങ്ങളാകെ മുതലാളി കയ്യടക്കി വെക്കുകയും ചെയ്യുന്നു. അധ്വാനശക്തിക്ക് മേല്‍ ഉണ്ടായിരുന്ന എല്ലാ അവകാശാധികാരങ്ങളും നഷ്ടപ്പെട്ട മുതലാളി ഉല്പാദന ഉപാധികളെ കയ്യടക്കിവെച്ചാണ് മാനവസമൂഹത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കുന്നത്. ഉല്പാദന പ്രക്രിയ സാമൂഹ്യവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞതോടെ ഉല്ലാദന ഉപാധികള്‍ക്ക് മേലുള്ള വ്യക്തികളുടെ (മുതലാളിയുടെ) ആധിപത്യത്തിന് പകരം സാമൂഹ്യ നിയന്ത്രണം സാദ്ധ്യമായാല്‍ അസമത്വം അവസാനിപ്പിക്കാന്‍ കഴിയും. ഇത്തരം ഉദാത്തമായ ഒരു കാഴ്ചപ്പാടിനെയാണ് സോഷ്യലിസം മുന്നോട്ട് വെയ്ക്കുന്നത്. (ചരിത്ര വികാസത്തെ സംബന്ധിച്ച ഈ വീക്ഷണം യാന്ത്രികമായി മനസ്സിലാക്കേണ്ട ഒന്നല്ല. ലോകത്തൊരിടത്തും ഇത് യാന്ത്രികമായി സംഭവിച്ചിട്ടുമില്ല. ഒന്ന് സമ്പൂര്‍ണ്ണമായി നശിച്ച് മറ്റൊന്ന് ആവിര്‍ഭവിക്കുന്നതിന് പകരം ഇടകലര്‍ന്നും ഇടിച്ചു കയറിയുമൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. ചരിത്ര വികാസത്തെ പഠിക്കാനുള്ള ഒരു രൂപഘടനയായി മാത്രമേ ഇന്ന് ഈ ഘട്ട സിദ്ധാന്തത്തെ മനസ്സിലാക്കുന്നുള്ളൂ.)

ഇവിടെയാണ് മാര്‍ക്‌സിന്റെ പ്രസക്തി. മനുഷ്യസമൂഹം നിശ്ചലമായി നില്‍ക്കുകയല്ലെന്നും അത് നിരന്തരമായി വികസിക്കുകയാണെന്നും കണ്ടെത്തിയത്, മാര്‍ക്‌സല്ല. രവിചന്ദ്രന്‍ പരാമര്‍ശിക്കുക പോലും ചെയ്യാതെ വിട്ടു കളഞ്ഞ, എന്നാല്‍ ആര്‍ക്കും ഒഴിവാക്കാന്‍ കഴിയാത്ത, വൈരുദ്ധ്യവാദത്തിന്റെ ഉപജ്ഞാതാവായ മഹാനായ തത്വജ്ഞാനി ഹെഗല്‍ ( George Wilhelm Federich Hegal) ആണ്. ഹെഗലിനെ ഒഴിവാക്കി ആര്‍ക്കും മനുഷ്യ വികാസത്തെ പരിശോധിക്കാന്‍ കഴിയില്ലന്നിരിക്കെ, സി.രവിചന്ദ്രന്‍ അദ്ദേഹത്തെ പരാമര്‍ശിക്കുക പോലും ചെയ്യാതെ വിട്ടു കളഞ്ഞത് ബോധപൂര്‍വ്വമാണെന്ന് കരുതാം. ഹെഗലിനെ പഠിച്ചൊരാള്‍ക്ക് മുതലാളിത്തം ചരിത്രത്തിന്റെ അവസാനഘട്ടമാണന്ന് പറയാനാവില്ല. ഹെഗലിനെ മുന്നോട്ട് നയിച്ച മാര്‍ക്‌സ്, മനുഷ്യസമൂഹം ഇനിയും വികസിക്കുമെങ്കില്‍ അതെങ്ങിനെയായിരിക്കും എന്ന് അന്വേഷിക്കുകയാണ് ചെയ്തത്. അതിന് തന്റെ കാലം വരെയുള്ള ലോകത്തിന്റെ ചരിത്രം, ( History) തത്വശാസ്ത്രം, (Philosophy) പ്രകൃതി ശാസ്ത്രം, (Bio Science) സാമൂഹ്യ ശാസ്ത്രം, ( Social Science) ധനതത്വശാസ്ത്രം, (Economics) ദൈവശാസ്ത്രം, ( Theology) തുടങ്ങി ലഭ്യമായെതെന്തും ആര്‍ത്തിയോടെ പഠിക്കുകയായിരുന്നു അദ്ദേഹം. ഇതിനെയാണ് രവിചന്ദ്രന്‍ തീരെ നിലവാരമില്ലാത്ത ഭാഷയില്‍ പരിഹസിക്കുന്നത്. കോളനി വാഴ്ചയ്ക്കും മുതലാളിത്തത്തിനുമെതിരെ ഗീര്‍വാണമടിക്കുന്ന ഒരാള്‍, ‘കോളനികളില്‍ നിന്ന് കവര്‍ന്നുകൊണ്ടു വന്ന ചരിത്ര വസ്തുക്കളും പുസ്തകങ്ങളും കൊണ്ട് നിറഞ്ഞ ബ്രിട്ടീഷ് ലൈബ്രറിക്കകത്ത് കുത്തിയിരുന്ന്, മുതലാളിയായ ഫ്രെഡറിക്ക് ഏംഗല്‍സിന്റെ പണം കൊണ്ട് പുട്ടടിച്ച്, ഒരു തൊഴിലും ചെയ്യാതെ തൊഴിലാളികള്‍ക്ക് വേണ്ടി വാചകമടിക്കുന്നു, ‘ എന്നാണ് രവിചന്ദ്രന്‍ മാര്‍ക്‌സിനെ വളരെ മ്ലേഛമായ ഭാഷയില്‍ വിശേഷിപ്പിക്കുന്നത്.

അദ്ദേഹത്തിന്റെ കണ്ടെത്തലുകളൊന്നും ശാസ്ത്രീയമായിരുന്നില്ലെന്നും കേവലം മനോകാമനകള്‍ മാത്രമായിരുന്നു എന്നും രവിചന്ദ്രന്‍ പരിഹസിക്കുന്നു. അപ്പോഴും മാര്‍ക്‌സ് ഒരു ധീഷണാശാലിയായിരുന്നു എന്നൊരു സാക്ഷ്യപത്രവും അദ്ദേഹം വളരെ ഔദാര്യപൂര്‍വ്വം നല്‍കുന്നുണ്ട്. നമ്മുടെ ഈ കാലത്തെ ഏററവും കൂടുതല്‍ സ്വാധീനിച്ച യുഗപുരുഷനാര് എന്നൊരന്വേഷണം ബി.ബി.സി.(British Broad casting Corparaton) എതാvും വര്‍ഷം മുമ്പ് നടത്തിയിരുന്നു. അവര്‍ കണ്ടെത്തിയത് കാള്‍ മാര്‍ക്‌സിനെയാണ്. ക്രിസ്തു, മുഹമ്മദ് നബി, ബുദ്ധന്‍ എന്നി വരെപ്പോലെ ലോകത്തെ സ്വാധീനിച്ച പേരാണ് കാള്‍ മാര്‍ക്‌സിന്റെതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. മാര്‍ക്‌സിസ്റ്റ് അഭിമുഖ്യമുള്ള സ്ഥാപനമാണ് ബി.ബി.സി. എന്ന് ആരും പറയാനിടയില്ലല്ലോ. വേദപുസ്തകം കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണെന്നാണ് കണക്ക്.

തുടരും…

എന്‍.വി ബാലകൃഷ്ണന്‍

രാഷ്ട്രീയ നിരീക്ഷകന്‍

We use cookies to give you the best possible experience. Learn more