നമ്മുടെ കാലം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒരു പദമാണ് ഫാസിസം അഥവാ ഫാഷിസം. എന്നാല്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തെ മഹാഭൂരിപക്ഷത്തിന് ഈ പദത്തിന്റെ അര്‍ത്ഥം അതിന്റെ സത്തയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടോ എന്നത് വളരെ പ്രധാനപ്പെട്ടതു തന്നെയാണ്.
ഫാസിസവുമായി വ്യവഹാരതലത്തില്‍ വര്‍ത്തിച്ചതിന്റെ മുന്‍ അനുഭവങ്ങളൊന്നുമില്ലാത്തവരാണ് ഇന്ത്യന്‍ ജനത. അതെന്താണെന്ന് ബോധത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല. മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ അതിനോട് പ്രതികരിക്കുന്നത് ഫാസിസം വരട്ടേ അപ്പോള്‍ നോക്കാം അല്ലെങ്കില്‍ ഇത് ഫാസിസം തന്നെയാണോ, ഇനിയാണെങ്കില്‍ അത് മോശമാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവരെ നമുക്ക് വോട്ടിലൂടെ ഒഴിവാക്കാമല്ലോ എന്നൊക്കെ പൊതു ചര്‍ച്ചകളില്‍ പോലും പറയുന്നവരുണ്ട്.
കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഫാസിസത്തെക്കുറിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ നാം അമ്പരന്നുപോകും. മറ്റാര്‍ക്കൊക്കെ ഫാസിസത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായാലും കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ അതുണ്ടാവാന്‍ പാടില്ലാത്തതാണ്. ഫാസിസത്തിന് മുഖാമുഖം നില്‍ക്കുകയും വലിയ ആള്‍നാശവും മറ്റു നാശനഷ്ടങ്ങളും അനുഭവിച്ചുകൊണ്ടാണെങ്കിലും ഫാസിസത്തെ ചെറുത്ത് പരാജയപ്പെടുത്തിയതിന്റെ മഹത്തരമായ അനുഭവങ്ങളുള്ള പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.
സാര്‍വ്വദേശീയ ബന്ധങ്ങളും വീക്ഷണവുമൊക്കെയുള്ള ഒരു പ്രസ്ഥാനത്തിന്റെ കൈവഴിയാണ് തങ്ങളെന്നാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവകാശപ്പെടുന്നത്. സാര്‍വ്വദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടോടെയല്ലാതെ അവരുടെ രേഖകളൊന്നും ആരംഭിക്കാറില്ല.
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലാസിക്കല്‍ ഫാസിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള ധാരാളം പഠനങ്ങള്‍ അവരുടെ ഗ്രന്ഥപുരകളെ സമ്പന്നമാക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധാനന്തരം ഇറ്റലിയിലും ജര്‍മ്മനിയിലും മുസോളിനിയുടേയും ഹിറ്റ്‌ലറുടേയും നേതൃത്വത്തില്‍ ഫാസിസം അരങ്ങുവാണ സന്ദര്‍ഭങ്ങളില്‍ അവിടുത്തെ പ്രശസ്തമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ (മുതലാളിത്ത വികസനം വലിയ തോതില്‍ സംഭവിച്ചു കഴിഞ്ഞ ജര്‍മ്മനിയില്‍ ഇതാ വിപ്ലവത്തിലേക്ക് മാര്‍ച്ചു ചെയ്യുകയാണ് ജര്‍മ്മന്‍ പാര്‍ട്ടി എന്നായിരുന്നു മൂന്നാം ഇന്റര്‍നാഷണലിന്റെയൊക്കെ ധാരണ) ചെയ്ത അബദ്ധങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. അത്തരം ചരിത്രപരമായ മണ്ടത്തരങ്ങള്‍ ഇനിയും ആവര്‍ത്തിക്കും എന്നാണ് സി.പി.ഐ.എമ്മിലെ സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
മോദി സര്‍ക്കാറിന്റെ ഭരണത്തെ ഫാസിസ്റ്റ് ഭരണം എന്ന് വിശേഷിപ്പിക്കുന്നതില്‍പരം അസംബന്ധം മറ്റെന്തുണ്ട് എന്ന് സി.പി.ഐ.എം കേരളത്തിലെ താത്വിക വിശാരദന്മാരില്‍ ചിലര്‍ ചോദിക്കുന്നു. ഇന്ത്യയില്‍ ഫാസിസം വന്നു കഴിഞ്ഞെങ്കില്‍ ഇതുപോലെ ചാനലില്‍ വന്നിരുന്നു അഭിപ്രായം പറയാന്‍ അവസരമുണ്ടാകുമോ എന്ന പണ്ഡിതോചിതമായ ചോദ്യങ്ങളും അവര്‍ ചോദിക്കുന്നു. പ്രശ്‌നമിതാണ്, ഫാസിസത്തിനെതിരായ ചെറുത്ത് നില്‍പ്പിനെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത് ഫാസിസം സ്ഥാപിതമായതിനുശേഷമാവാം എന്നാണോ ഈ താത്വികാചാര്യന്മാര്‍ അര്‍ത്ഥമാക്കുന്നത്?
സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുതായൊന്ന് വിശകലനം ചെയ്താല്‍ പോലും ഇതിനുള്ള ഉത്തരം കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ല. വൈദിക പാരമ്പര്യം അംഗീകരിക്കുകയും, വേദങ്ങളെ പ്രമാണ ഗ്രന്ഥങ്ങളായി കരുതുകയും ചെയ്യുന്ന സമാജ വ്യവഹാരങ്ങള്‍ക്ക് മനുസ്മൃതിയെ അടിസ്ഥാനമാക്കുന്ന ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യം എന്നവര്‍ ഇവരുടെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാര അടിവരയിട്ടുറപ്പിച്ചിട്ടുണ്ട്. എന്താണിതിനര്‍ത്ഥം? വൈദികപാരമ്പര്യം എന്ന് പറഞ്ഞാല്‍ എന്താണ്? വേദങ്ങളെ പ്രമാണ ഗ്രന്ഥമായി അംഗീകരിക്കുന്നതാരാണ്? മനുസ്മൃതി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടെന്താണ്?
വൈദിക പാരമ്പര്യം എന്നത് ഇന്ത്യയുടെ പാരമ്പര്യത്തിന്റെ പൊതുവായ പേരല്ല. സമ്പത്തും അധികാരവുമൊക്കെ കയ്യടക്കിവെച്ച ഒരു ചെറുന്യൂനപക്ഷം വരുന്ന സവര്‍ണബ്രാഹ്മണരുടെ പിന്തുടര്‍ച്ചയെയാണ് നാം വൈദികപാരമ്പര്യം എന്ന് വിളിക്കുന്നത് എന്ന് ചരിത്രബോധമുള്ള എല്ലാവര്‍ക്കും അറിയാം.
ഈ സവര്‍ണബ്രാഹ്മണര്‍ മാത്രമാണ് വേദങ്ങളെ പ്രമാണ ഗ്രന്ഥമായി അംഗീകരിക്കുന്നത്. മനുസ്മൃതി എന്നു പറയുന്നത് പുരുഷസമൂഹ സങ്കല്പനവും ചാതുര്‍വര്‍ണ്യവ്യവസ്ഥയും അംഗീകരിക്കുന്നവരുടെ നിയമസംഹിതയാണ്. അതായത് ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര വിഭാഗങ്ങളെ മാത്രമാണ് അവര്‍ സമാജത്തിന്റെ നാല് തൂണുകളായി വിവരിക്കുന്നത്.
ഇതില്‍ അധികാരവും സമ്പത്തും ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വിഭാഗങ്ങള്‍ കയ്യടക്കുമ്പോള്‍ ശൂദ്രര്‍ അവര്‍ക്കുവേണ്ടി പണിയെടുക്കാന്‍ മാത്രമുള്ളവരാണ്. ഈ ചതുര്‍ഭുജ സമാജത്തിന് പുറത്തുള്ളവരാണ് മൃഗങ്ങളുടെ പരിഗണനപോലും ലഭിക്കാത്ത പഞ്ചമന്മാര്‍. ഇവര്‍ മ്ലേച്ഛന്മാരാണ്. അതായത് നമ്മുടെ ദളിത് വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തില്‍ മൃഗപരിഗണനപോലും ലഭിക്കില്ല.
ഇന്ത്യയില്‍ ദളിതരുടെ സംഖ്യ 16.2% വരും. ഗോത്ര വിഭാഗങ്ങള്‍ 8.2%വും. അതായത് ജനസംഖ്യയുടെ നാലില്‍ ഒന്ന് വരുന്ന ഇവര്‍ക്ക് സംഘപരിവാരത്തിന്റെ ഹിന്ദുരാഷ്ട്രത്തില്‍ മൃഗങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന്ക്കുപോലും അര്‍ഹതയില്ല.
വൈദിക പാരമ്പര്യമുള്ള സവര്‍ണ ബ്രാഹ്മണര്‍ ഇന്ത്യയില്‍ കേവലം അഞ്ചുശതമാനത്തിന് താഴെയേ വരൂ. 41% വരുന്ന പിന്നാക്ക സമുദായങ്ങളൊന്നും വൈദിക-ബ്രാഹ്മണ പാരമ്പര്യം അംഗീകരിക്കുന്നവരല്ല. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ മറ്റു മതസ്ഥര്‍ എന്നിവരൊക്കെ ചേര്‍ന്ന് 17 ശതമാനത്തിലധികം വരും. അവരും വൈദിക പാരമ്പര്യം അംഗീകരിക്കുന്നവരല്ലല്ലോ.
അതായത് കേവലം 5 ശതമാനം വരുന്ന സവര്‍ണ ബ്രാഹ്മണാധിപത്യം ഇന്ത്യന്‍ ജനതയുടെ മുകളില്‍ അടിച്ചേല്‍പ്പിച്ച് സവര്‍ണ ഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാനാണ് സംഘപരിവാര്‍ പ്രതിജ്ഞാബദ്ധമായിട്ടുള്ളത് എന്ന് വിചാരധാര വ്യക്തമാക്കിയിട്ടുണ്ട്.
എന്നാലിപ്പോള്‍ ആദിവാസി, ദളിതര്‍, പിന്നാക്ക ജാതിക്കാര്‍ ബുദ്ധ-ജൈന മതക്കാര്‍, എന്നിവര്‍ക്കൊക്കെ ഹിന്ദു സമാജത്തിന്റെ ഭാഗമായി കഴിയാമെന്ന ഔദാര്യവും അവര്‍ വെച്ചുനീട്ടുന്നുണ്ട്. അപ്പോഴും 17 ശതമാനം വരുന്ന മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊന്നും ഇവിടെ സ്ഥാനമുണ്ടാവില്ല.
ഒന്നുകില്‍ അവര്‍ക്ക് ഹിന്ദുമതം സ്വീകരിച്ച് വൈദിക പാരമ്പര്യം അംഗീകരിച്ച് ഇവിടെ കഴിയാം. അല്ലെങ്കില്‍ പാകിസ്ഥാനിലേക്കോ മറ്റോ പോകാം. ഇതാണ് സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന്റെ ഘടന. ഇത് സ്ഥാപിച്ചെടുക്കാന്‍ ഏതറ്റം വരെയും പോകാന്‍ സന്നദ്ധമായ ഒരു പ്രസ്ഥാനം ഫാസിസ്റ്റാണോ എന്ന് തര്‍ക്കമുന്നയിക്കുക എന്ന് പറഞ്ഞാല്‍ അതിന്റെ പൊരുളെന്താണ്?
നിലവിലുള്ള ഭരണവര്‍ഗത്തെ കടപുഴക്കി തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തില്‍ തൊഴിലാളി- കര്‍ഷക ഐക്യത്തിലൂന്നിയ ഒരു ജനാധിപത്യ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാനാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്ന് കമ്മ്യൂണിസ്റ്റുകാര്‍ അവകാശപ്പെടുമ്പോള്‍, അതൊരു വെറുംവാക്കായി പരിഗണിക്കാന്‍ കഴിയാത്തതുപോലെ തന്നെയാണ് സവര്‍ണാധിപത്യ ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ മാറ്റാനാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്ന സംഘപരിവാര്‍ നിലപാടിനേയും നാം കാണേണ്ടത്.
അത് വെറുംവാക്കല്ല, അവര്‍ നൂറു കണക്കിന് സംഘടനകളിലൂടെ ഈയൊരു ലക്ഷ്യത്തിലേക്ക് അടുക്കാനാണ് പരിശ്രമിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമൊക്കെ രാഷ്ട്രീയ അധികാരം ലഭിക്കുമ്പോള്‍ ഈയൊരു ലക്ഷ്യപ്രാപ്തിക്കുള്ള തിരക്കിട്ട ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നത് ആര്‍ക്കാണ് കാണാന്‍ കഴിയാത്തത്.
ഇന്ന് നാം കാണുന്ന ഇന്ത്യന്‍ ദേശീയത ബ്രിട്ടീഷ് വിരുദ്ധ സമരത്തിലൂടെ രൂപപ്പെട്ട് വന്നതാണ്. ആ ദേശീയതയുടെ അടിസ്ഥാനമാകട്ടെ ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതിസമത്വം പോലുള്ള ആധുനിക ചിന്താധാരകളുമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ചില പരിമിതികളോടെയാണെങ്കിലും ഈ ആധുനിക മൂല്യബോധമാണ് ഇന്ത്യന്‍ സ്റ്റേറ്റിന്റെ അസ്ഥിവാരമായി പ്രവര്‍ത്തിച്ചത്. ഇതൊന്നും സംഘപരിവാരം ഒരുകാലത്തും അംഗീകരിച്ചതല്ല. ബ്രിട്ടീഷുകാരല്ല ഇവരുടെ ശത്രു, ഇന്ത്യയിലെ മുസ്ലീങ്ങളാണ്.
അതുകൊണ്ടാണവര്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുക്കാതെ പുറം തിരിഞ്ഞുനിന്നത്. ചെറുപ്പക്കാരുടെ “മെയ്ക്കരുത്തും സംഘശക്തിയും ബ്രിട്ടീഷുകാര്‍ക്കെതിരെ വെറുതെ പാഴാക്കിക്കളയരുതെന്നും ഭാവിയില്‍ വരാനിരിക്കുന്ന മുസ്ലിം വിരുദ്ധ കലാപങ്ങള്‍ക്കായി കരുതി വെക്കണമെന്നും അവര്‍ ഉപദേശിച്ചു. (സംഘചരിത്രം- രാഷ്ട്രീയ സ്വംയസേവക് സംഘ്- ആര്‍.പി ഗോയല്‍) ദേശീയപതാകയെ അംഗീകരിച്ചില്ല. ദേശീയഗാനത്തേയും. ഇന്ത്യന്‍ ഭരണഘടന പശ്ചാത്യവും അതുകൊണ്ടുതന്നെ ഹിന്ദുവിരുദ്ധവും ആണെന്ന് പ്രഖ്യാപിച്ചു. മനുസ്മൃതിയെ അടിസ്ഥാനമാക്കി ഹിന്ദുത്വ ഭരണഘടന വേണമെന്ന് വാദിച്ചു. ഇത്തരം അടിസ്ഥാന താത്വിക നിലപാടുള്ള ഒരു വിഭാഗം അധികാരത്തിലേറിയാല്‍ ഫാസിസമല്ലാതെ മറ്റെന്താണ് നടപ്പിലാക്കുക?
ഇന്ത്യയിലെ ഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങളെ ഒന്നൊഴിയാതെ അവരിപ്പോള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏറെക്കുറെ സമ്പൂര്‍ണമായ നിയന്ത്രണം ന്യൂനപക്ഷ വോട്ടുകള്‍ മാത്രം നേടി കയ്യടക്കാന്‍ അവര്‍ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞു.
പൗരന്റെ ജനാധിപത്യ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട അവസാനത്തെ അത്താണിയായ കോടതികളെ കൈപ്പിടിയിലൊതുക്കാനുള്ള ഹീനമായ നടപടിക്കെതിരെ, ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകള്‍വിയില്ലാത്ത വിധം കോടതികളില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നുവന്നു. ഞങ്ങളിത് ഇപ്പോഴെങ്കിലും ജനങ്ങളോട് തുറന്നു പറഞ്ഞില്ലെങ്കില്‍ ചരിത്രത്തിന്റെ മുമ്പില്‍ കുറ്റക്കാരായി തീരും എന്ന നാലു ജഡ്ജിമാരുടെ വെളിപ്പെടുത്തലുകള്‍ക്ക് എത്രയേറെ വിപുലവും അര്‍ത്ഥ സമ്പുഷ്ടവുമാണ് എന്ന് സമാന്യബോധമുള്ള ആര്‍ക്കെങ്കിലും തിരിച്ചറിയാതിരിക്കാനാകുമോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘപരിവാര്‍ ഉപശാലയിലെ ചട്ടകമായി തീരുന്നത് ഗുജറാത്തില്‍ നാം കണ്ടു.
ദില്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട 20 എം.എല്‍.എമാരുടെ നിയമസഭാംഗത്വം പ്രസിഡന്റിന്റെ ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇല്ലാതാക്കി. ഗവര്‍ണര്‍മാരെ ഉപയോഗിച്ചുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം മികച്ച ഉദാഹരണമായി മാറുന്നു. ഭരണഘടനാ ബാഹ്യമായി ഗവര്‍ണര്‍ സംസ്ഥാനത്തെ ദൈനംദിന ഭരണത്തില്‍ ഇടപെടുന്നു.
കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍, ആസൂത്രണ കമ്മീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, അറ്റോര്‍ണി ജനറല്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, പട്ടികജാതി കമ്മീഷന്‍, പട്ടികവര്‍ഗ കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍, പിന്നോക്ക വര്‍ഗ്ഗ കമ്മീഷന്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍, രാഷ്ട്ര വികാസ് പരിഷത്ത്, തുടങ്ങിയ ഭരണഘടനാ പദവിയുള്ള മിക്കവാറും സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാതായിരിക്കുന്നു. സി.ബി.ഐപോലുള്ള കുറ്റാന്വേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ രക്ഷിക്കുകയും എതിരാളികളെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു.
തങ്ങള്‍ക്കെതിരായ എല്ലാ ആശയപ്രചരണങ്ങളേയും നിര്‍ലജ്ജം നിരോധിക്കുന്നു. വിനോദ ഉപാധിയായ സിനിമകളെപ്പോലും നിയന്ത്രിക്കുന്നു. അമര്‍ത്യാസെന്നിനെപ്പോലുള്ള ലോകമാരാധിക്കുന്ന രാജ്യസ്‌നേഹികളെപ്പോലും സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഫിലീം ഫെസ്റ്റിവലുകളില്‍പ്പോലും തങ്ങള്‍ക്കിഷ്ടമില്ലാത്ത സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ല.
ഗോ സംരക്ഷണപ്രവര്‍ത്തകരും സാദാചാരപൊലീസുകാരും അഴിഞ്ഞാടുന്നു. വസ്ത്രധാരണം, ആചാര അനുഷ്ഠാനങ്ങള്‍, സ്വകാര്യത എന്നിവയൊക്കെ ഭരണകൂടം നിരീക്ഷണത്തിന് വിധേയമാക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. പ്രണയങ്ങള്‍ക്കുപോലും ഭരണകൂടത്തിന്റേയോ മതസംഘടനകളുടേയോ മേലൊപ്പ് കൂടിയേ കഴിയൂ എന്ന് വന്നിരിക്കുന്നു.
സ്വതന്ത്ര സ്വഭാവമുള്ള യൂണിവേഴ്‌സിറ്റികളൊക്കെ കയ്യടക്കുകയും പ്രതിഷേധിക്കുന്നവരെ അധികാരമുപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതൊക്കെ സംഭവിച്ചശേഷവും ഇത് ഫാസിസത്തിന്റെ വരവാണോ അതോ അമിതാധികാര വാഴ്ച മാത്രമാണോ എന്ന് സംശയിക്കുന്നവരെക്കുറിച്ച് നാമെന്താണ് പറയുക?
സംഘപരിവാര്‍ രാഷ്ട്രീയം പരിശോധിച്ചാല്‍ അവര്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ട് എന്നത് വസ്തുത തന്നെയാണ്. എന്നാല്‍ അത് ഫാസിസം സ്ഥാപിക്കണോ വേണ്ടയോ എന്ന പ്രശ്‌നത്തിലല്ല. അതില്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. സംഘപരിവാറിലെ ഒരു വിഭാഗം വാദിക്കുന്നത് ഇന്ത്യയെ ഒരു സമ്പൂര്‍ണ ഹിന്ദു സ്റ്റേറ്റായി പരിവര്‍ത്തിപ്പിക്കുന്നതിന് ഇനിയും കാത്തുനില്‍ക്കേണ്ടതില്ല എന്നാണ്. സാഹചര്യങ്ങള്‍ എല്ലാം ഒത്തിണങ്ങി കഴിഞ്ഞിരിക്കുന്നു.
പണ്ട് ജര്‍മ്മന്‍ പാര്‍ലമെന്റായ റിസ്റ്റാഗിന് തീയിട്ട് അത് ചെയ്തത് കമ്മ്യൂണിസ്റ്റുകാരാണെന്ന് പ്രചരിപ്പിച്ച് അവരെയൊക്കെ കൊന്നൊടുക്കിയും ജനങ്ങളുടെ പൗരാവകാശങ്ങള്‍ നിഷേധിച്ചും ഹിറ്റ്‌ലര്‍ ഫാസിസം നടപ്പിലാക്കിയതുപോലെ ഇവിടെയുമാകാം എന്നാണവരുടെ വാദം. ഇന്ത്യന്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്നോ ഹിന്ദുക്കളെ ആക്രമിച്ചെന്നോ ഒക്കെ പ്രചരിപ്പിച്ച് വലിയ കലാപങ്ങള്‍ക്ക് തുടക്കം കുറിക്കാം. ഗുജറാത്തിന്റെ മാതൃക നമുക്ക് മുമ്പിലുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയുടെ വെളിപ്പെടുത്തല്‍ നിസ്സാരമല്ല.
സംഘപരിവാര്‍ ചരിത്രത്തില്‍ സമാനമായ നിരവധി സംഭവങ്ങളുണ്ട്. അദ്ദേഹം പറഞ്ഞത് വാസ്തവമാണെങ്കില്‍ ഗുജറാത്ത് പൊലീസിനേയോ രാജസ്ഥാന്‍ പൊലീസിനെയോ ഉപയോഗിച്ച് അദ്ദേഹത്തെ വകവരുത്തി മൃതശരീരം ഒരു മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ കൊണ്ടിട്ട് മുസ്ലീങ്ങള്‍ തൊഗാഡിയയെ കൊന്നു എന്ന് പ്രചരിപ്പിച്ചാല്‍ സ്ഥിതിയെന്താകുമായിരുന്നു? കലാപത്തിന് വഴിമരുന്നിടാന്‍ ഇതിലും മെച്ചപ്പെട്ട മറ്റെന്ത് അവസരമാണ് സൃഷ്ടിക്കാനാവുക?
സംഘപരിവാറില്‍ തന്നെ ഇനിയൊരു വിഭാഗം വാദിക്കുന്നത് 2019 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഇന്ത്യയെ ഒരു സമ്പൂര്‍ണ്ണ ഹിന്ദു രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കേണ്ടതുള്ളൂ എന്നാണ്. അവര്‍ പറയുന്നത് പൊതുതെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബി.ജെ.പിക്ക് ഉണ്ടാക്കാനാകും. അങ്ങനെ വന്നാല്‍ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള നിയമവിധേയമാര്‍ഗങ്ങള്‍ മുന്‍നിര്‍ത്തി തന്നെ ഹിന്ദുരാഷ്ട്ര് പ്രഖ്യാപനമാകാം എന്നാണ്.
ഇതിലേത് എപ്പോള്‍ എങ്ങനെ സംഭവിച്ചാലും സമ്പൂര്‍ണ്ണ ഹിന്ദുരാഷ്ട്രം എന്ന സംഘപരിവാര്‍ അജണ്ടക്ക് മാറ്റമുണ്ടാകും എന്ന് കരുതുന്നത് അസംബന്ധമായിരിക്കും.
മൂന്നാം ഇന്റര്‍നാഷണലിന്റെ ചരിത്രവും ദിമിത്രോവിന്റെ ചരിത്ര പ്രസിദ്ധമായ പ്രസംഗവും ഫാസിസത്തിനെതിരായ ഐക്യമുന്നണി എന്ന കാഴ്ചപ്പാടുമൊക്കെ അറിയാവുന്നവര്‍ക്ക് ഇവിടെ എവിടെയാണ് സംശയമുണ്ടാകുന്നത് ? യൂറോപ്പില്‍ ഫാസിസം ഉയര്‍ന്നുവന്നത് മുതലാളിത്തം വലിയ വെല്ലുവിളികളെ നേരിട്ടപ്പോഴാണ് എന്ന് എല്ലാവര്‍ക്കുമറിയാം.
മൂലധനം അതുവരെ തങ്ങളുടെ ചൂഷണ സംവിധാനങ്ങള്‍ മറയായുപയോഗിച്ച്, പാര്‍ലമെന്ററി ജനാധിപത്യം ഉപയോഗിച്ചു തന്നെ മൂലധന ചൂഷണത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും സോഷ്യല്‍ ഡെമോക്രാറ്റുകളുമൊക്കെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മുഖംമൂടിയൊക്കെ ഉപേക്ഷിച്ച് ചോരയുറ്റുന്ന തേറ്റകളുമായി ഫാസിസം നേരിട്ട് രംഗപ്രവേശനം ചെയ്തത്.
ഇന്ത്യയില്‍ നവലിബറല്‍ നയങ്ങളുടെ തുടര്‍ച്ചയാണ് ഫാസിസത്തിന് പ്രവേശിക്കാനുള്ള മണ്ണൊരുക്കിയത്. അത് ചെയ്തത് കോണ്‍ഗ്രസ്സാണ്. അതുകൊണ്ട് അവരുമായി കൂട്ടിത്തൊട്ട് അശുദ്ധമാകുന്ന ഒരു സംവിധാനത്തിനും ഞങ്ങളില്ല എന്ന് പ്രഖ്യാപിക്കുമ്പോള്‍ അതിലടങ്ങിയ അസംബന്ധങ്ങളെ ആര്‍ക്കാണ് തിരിച്ചറിയാനാകാത്തത്?
രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തുമെന്ന പോലെ ഗുജറാത്തിലും നവ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഹിന്ദുത്വ കാര്‍ഡിറക്കുന്നതില്‍ ബി.ജെ.പിയുടെ ബീ ടീമാണ് കോണ്‍ഗ്രസ്. അതും ശരിതന്നെ. പക്ഷേ ഗുജറാത്ത് ഇന്ത്യയില്‍ ഫാസിസത്തിന്റെ തേരോട്ടം ആരംഭിച്ച സംസ്ഥാനമാണ് എന്നത് മറക്കരുത്. അവിടെ മോദി ഭരണത്തിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നുവന്നു.
ജിഗ്നേഷ് മെവാനിയുടെ നേതൃത്വത്തിലുള്ള ദളിത് മുന്നേറ്റം, പട്ടേല്‍മാര്‍ക്കിടയിലെ അസംതൃപ്തി, നോട്ടുനിരോധനം, ജി.എസ്.ടി എന്നിവയൊക്കെ ബി.ജെ.പിക്കെതിരായി വന്നു. എല്ലാവരും ഒന്നിച്ചുനിന്നാല്‍ ബി.ജെ.പി പരാജയപ്പെട്ടേക്കാം എന്ന തോന്നലുണ്ടായി. ഗുജറാത്തില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ അത് ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്ന ഉണര്‍വ്വ് ചെറുതായിരിക്കില്ല. ഇവിടെ അത് ചെയ്യാന്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിയുന്നതാര്‍ക്കാണ്?
ഇടതുപക്ഷം എത്ര ശ്രമിച്ചാലും വിരലിലെണ്ണാവുന്ന സീറ്റുകളില്‍പോലും വിജയിച്ചുവരാന്‍ കഴിയില്ല. പിന്നെ ഗുജറാത്തില്‍ വ്യാപകമായി ജനങ്ങളെ അണിനിരത്താന്‍ കഴിയുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്. ആ സമയം കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരമായി കാണുന്നതിനു പകരം ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള സാധ്യതകളായിരുന്നു ഇടതുപക്ഷം ആരായേണ്ടിയിരുന്നത്.
നെഹ്‌റു കുടുംബത്തിലെ പ്രസവങ്ങളെക്കുറിച്ചും രാഹുല്‍ ഗാന്ധിയുടെ കുട്ടിത്തവുമൊക്കെ ചര്‍ച്ചയാക്കുന്നത് ഫലത്തില്‍ ബി.ജെ.പിക്ക് മാത്രം പ്രയോജനം ചെയ്യുന്നതാണ്. ഇവിടെയാണ് 1994 ല്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ദേശീയ രാഷ്ട്രീയത്തില്‍ വഹിച്ച പങ്കിനെ നാം അനുസ്മരിക്കേണ്ടത്.
64 സീറ്റ് ഇടതുപക്ഷം അന്ന് നേടിയത് കോണ്‍ഗ്രസിനെതിരെ മത്സരിച്ചുതന്നെയായിരുന്നു. കാരണം സി.പി.ഐ.എം സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അതിന് പൊരുതേണ്ടിയിരുന്നത് കോണ്‍ഗ്രസിനോടായിരുന്നു. എന്നിട്ടും കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ സോണിയാഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ പോലും ഞങ്ങള്‍ പിന്തുണ നല്‍കും എന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയായിരുന്നു സി.പി.ഐ.എം.
മായാവതിയേയും ജയലളിതയേയുമൊക്കെ കോണ്‍ഗ്രസിനോടൊപ്പം അണിനിരത്തി ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ അന്ന് സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുന്നു. അതുകൊണ്ടാണ് ബി.ജെ.പി ശക്തിപ്പെടുന്നത്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ വിജയിപ്പിച്ചിട്ട് എന്തു പ്രയോജനം? അവര്‍ നാളെ ബി.ജെ.പിയില്‍ ചേരില്ലെന്നാരു കണ്ടു എന്നൊക്കെ സി.പി.ഐ.എം നേതാക്കള്‍ ചോദിക്കുന്നുണ്ട്. ഇത് യുക്തിവാദമാണ്. വൈരുദ്ധ്യാത്മകമായ രാഷ്ട്രീയ പ്രയോഗമല്ല. കോണ്‍ഗ്രസ്സുകാര്‍ നാളെ ബി.ജെ.പിയില്‍ ചേര്‍ന്നേക്കാം എന്നതുകൊണ്ട് ബി.ജെ.പിക്ക് വിജയിക്കാനുള്ള സാഹചര്യം ഇപ്പോഴും ഒരുക്കി കൊടുക്കാമെന്ന വാദം എത്ര അപഹാസ്യമാണ്?
കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുന്നതിന്റെ സാംഗത്യം എന്താണ്? ഇന്ത്യയുടെ ബൂര്‍ഷ്വാ രാഷ്ട്രീയം അധികാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. അധികാര സ്ഥാനങ്ങളിലാണ് എല്ലാവരുടേയും നോട്ടം. കോണ്‍ഗ്രസില്‍ അതിന് അവസരം കുറയുകയും ബി.ജെ.പിയില്‍ അതിന് സാധ്യത കൂടുകയും ചെയ്യുമ്പോള്‍ അങ്ങോട്ടുള്ള ഒഴുക്ക് സ്വാഭാവികമല്ലേ?
കോണ്‍ഗ്രസിന്റെ അധികാര രാഷ്ട്രീയത്തെ വിമര്‍ശിച്ചതുകൊണ്ടുമാത്രം അത് തടയാനാകില്ല. ഒരു കാര്യം നാം വിസ്മരിക്കരുത്. ബൂര്‍ഷ്വ രാഷ്ട്രീയ പാര്‍ട്ടികളെ അധികാര രാഷ്ട്രീയം കളങ്കപ്പെടുത്തുന്ന അതേ വേഗതയില്ലെങ്കിലും ഇടതുപക്ഷത്തേയും അധികാര രാഷ്ട്രീയം കളങ്കപ്പെടുത്തുന്നുണ്ട്.
സെല്‍വരാജ്മാര്‍ കേരളത്തിലും തലപൊക്കുന്നത് കാണാതിരിക്കരുത്. കെ.എം മാണിയെപ്പോലുള്ളവരെ ഇടതുമുന്നണിയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ക്ക് അധികാര രാഷ്ട്രീയത്തിന്റെ കുപ്പായമല്ലാതെ മറ്റൊരു മേലങ്കിയും ചേരില്ല. ബംഗാളില്‍ സി.പി.ഐ.എം നേതൃത്വത്തിനൊപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ തൃണമൂലിലും ബി.ജെ.പിയിലുമൊക്കെ ചേക്കേറിയിട്ടില്ലേ? കോണ്‍ഗ്രസ് മിക്കപ്പോഴും മൃദു ഹിന്ദുത്വ നിലപാടുകള്‍ പിന്തുടരുന്നു എന്ന വിമര്‍ശനം അവഗണിക്കാവുന്നതല്ല.
ഈ സമസ്യക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ആഴത്തിലും കാതലിലും പരിശോധിച്ചുകൊണ്ടാവണം. ഈ ലേഖനത്തില്‍ അത് സാധ്യമല്ല. പക്ഷേ ഒരു കാര്യം നാം ഓര്‍ക്കണം. ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിനകത്ത് ആധുനികതയുടെ മൂല്യബോധങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവുമൊക്കെ തളിര്‍ത്തുവരാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ഹിന്ദു തത്വചിന്തയുടെ സ്വാധീനം അത്തരം പ്രസ്ഥാനങ്ങള്‍ക്കകത്തുണ്ടായിരുന്നു.
ബാലഗംഗാധര തിലകന്‍ മുതല്‍ മഹാത്മാഗാന്ധിയെ വരെ പരിശോധിച്ചാല്‍ നമുക്കത് കാണാം. കോണ്‍ഗ്രസില്‍ അത്തരം പ്രാങ് മുതലാളിത്ത ദര്‍ശനങ്ങള്‍ കാര്യമായി സ്വാധീനിക്കാതിരുന്ന ഏകനേതാവ് ജവഹര്‍ലാല്‍ നെഹ്‌റുവാണ് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. കേരളത്തിലും ഇത് വ്യത്യസ്തമല്ല. കെ.പി.സി.സിയുടെ നേതാക്കളായിരുന്ന കെ. കേളപ്പന്‍, സി.കെ ഗോവിന്ദന്‍ നായര്‍ എന്നിവരടക്കം എണ്ണം പറഞ്ഞ മനുഷ്യസ്‌നേഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം ഇത്തരം ഒരു പശ്ചാത്തലം ഉണ്ടായിരുന്നു.
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെപോലുള്ള ദേശീയ നേതാക്കള്‍ക്ക് പോലും അതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും അതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കത്തുപോലും അത്തരം സ്വാധീനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇന്നും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജാതിയും മതവുമൊക്കെ പരിഗണിക്കേണ്ട അവസ്ഥ ഇതുമായി ബന്ധപ്പെട്ട് നമുക്ക് പഠിക്കാനാകും. അപ്പോള്‍ അതൊന്നുമല്ല നമ്മുടെ അടിസ്ഥാന വിഷയം. അത് ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയുമൊക്കെ കാത്തുരക്ഷിക്കാന്‍ അടിയന്തരമായി നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നതുതന്നെയാണ്.
സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിനകത്ത് രൂപപ്പെട്ട ഇത്തരമൊരു തര്‍ക്കത്തെ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണോ വേണ്ടയോ എന്നനിലയില്‍ ചുരുക്കി അവതരിപ്പിക്കാനുള്ള ശക്തമായ നീക്കങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ട്. ഇത് പ്രശ്‌നത്തെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ ബോധപൂര്‍വ്വമായ പ്രചാരവേലയായേ കാണാന്‍ കഴിയൂ. കഥയറിയാതെ ആട്ടം കാണുന്ന ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ അവരുടെ സംഭാവന നല്‍കുന്നുണ്ട്. കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ സഖ്യം വേണമെന്ന് സീതാറാം യെച്ചൂരി അവതരിപ്പിച്ച ന്യൂനപക്ഷ രേഖയില്‍ എവിടെയെങ്കിലും പറയുന്നതായി ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍വെച്ച് ആര്‍ക്കും പറയാനാവില്ല.
സീതാറാം യെച്ചൂരി സൂചിപ്പിക്കുന്നതും ഇതുതന്നെ. പക്ഷേ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് ബംഗാള്‍ ഘടകവും യെച്ചൂരിയും വാദിക്കുന്നു എന്നാണ് പ്രചാരണം. യഥാര്‍ത്ഥത്തില്‍ പ്രശ്‌നമെന്താണ്? പടിവാതില്‍ക്കെലെത്തി നില്‍ക്കുന്ന ഇന്ത്യന്‍ ഫാസിസം നമ്മുടെ ഭരണഘടനയേയും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളേയും വിഴുങ്ങി ഇന്ത്യ ഒരു ഫാസിസ്റ്റ് സ്റ്റേറ്റായി മാറുന്നത് തടയാന്‍ സാധ്യമായ ഏറ്റവും വിശാലമായ ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ കഴിയണം എന്നതാണ് അടിയന്തിരമായ കടമ. ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതി സമത്വം തുടങ്ങിയ ആധുനിക മൂല്യങ്ങളോട് വിദൂരമായെങ്കിലും ചായ്‌വ് പ്രകടിപ്പിക്കുന്ന എല്ലാവരേയും അണിനിരത്തിക്കൊണ്ടേ അത് നിര്‍വഹിക്കാനാകൂ.
അതൊരു തെരഞ്ഞെടുപ്പ് മുന്നണിയോ സഖ്യമോ ഒന്നുമല്ല. ഇന്ദിരാഗാന്ധിയുടെ അര്‍ദ്ധ ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ രൂപംകൊണ്ട് വളര്‍ന്നുവന്ന ജെ.പി മൂവ്‌മെന്റ് പോലൊരു പ്രസ്ഥാനമാണത്. ഇത്തരം ഒരു പ്രസ്ഥാനത്തെ ഊട്ടി വളര്‍ത്തിക്കൊണ്ടേ ജനാധിപത്യ ഇന്ത്യക്ക് നിലനില്‍പ്പുണ്ടാവൂ. തെരഞ്ഞെടുപ്പുകള്‍ ഇതിനിടയില്‍ സംഭവിക്കുകയാണെങ്കില്‍ അപ്പോള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് അപ്പോള്‍ മാത്രം ഉയര്‍ന്നുവരുന്ന പ്രശ്‌നമാണ്. ഉത്തരവും മുന്‍കൂട്ടി നിശ്ചയിച്ചുവെക്കേണ്ടതല്ല.
ആ മൂര്‍ത്ത സാഹചര്യത്തിന്റെ വിശകലനത്തിലൂടെയേ ഒരു നിലപാടിലെത്താന്‍ കഴിയുകയുള്ളൂ. കോണ്‍ഗ്രസ്സിന്റെ സഹായമില്ലാതെ ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താവുന്നിടത്ത് അങ്ങിനെയാവാം. അങ്ങിനെ തന്നെയാണ് വേണ്ടത്. എന്നാല്‍ എല്ലായിടത്തും ഈ സാഹചര്യം ഉണ്ടാവണമെന്നില്ല. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ ബി.ജെ.പി ജയിക്കുന്നത് ഒഴിവാക്കാന്‍ വോട്ടവകാശം വിനിയോഗിക്കേണ്ടിവരാം.
പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ഉപയോഗിക്കാവുന്നിടത്തൊക്കെ അതിന് ശ്രമിക്കാം. ഇതൊന്നും ഒരു പുതിയ കാര്യമല്ല. ഇടതുപക്ഷം അതിന്റെ മറ്റ് അജണ്ടകളൊക്കെ വഴിയില്‍ ഉപേക്ഷിച്ചുകൊണ്ടല്ല ഇത് നിര്‍വഹിക്കേണ്ടത്. ജന്മി മുതലാളി ചൂഷണങ്ങളില്‍ നിന്ന് ഒരു ജനതയെ രക്ഷിക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെ അടിസ്ഥാന ദൗത്യം. അതിന് ജീവിതത്തിന്റെ എല്ലാ മാനദണ്ഡങ്ങളിലും വര്‍ഗ്ഗസമരം ശക്തിപ്പെടുത്തലാണ് ഇടതുപക്ഷത്തിന്റെ പ്രഥമവും പ്രധാനവുമായ ചുമതല. ഇത് നിര്‍വഹിക്കുന്നതിന് ആരാണ് തടസ്സം?
ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നതിന് ഇടതുപക്ഷത്തിന് ഗുരുതരമായ പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്നത് അവരുടെ തന്നെ രേഖകളിലെ വിമര്‍ശന-സ്വയം വിമര്‍ശനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത് നിര്‍വഹിക്കുന്നതിന് പകരം എം.എ യൂസഫ് അലിയേയും രവി പിള്ളയേയും വിദേശ മൂലധനത്തേയുമൊക്കെ ആശ്രയിച്ച് “വികസനം” നടപ്പാക്കലാണ് തങ്ങളുടെ ദൗത്യം എന്ന് വരുന്നത് ഒട്ടും ആശാസ്യമല്ല.
ഇടതുമുന്നണി സര്‍ക്കാര്‍ മുതലാളിത്ത വികസനത്തിന് ബദലായ ജനകീയ പുരോഗതി ലക്ഷ്യമാക്കുന്ന പദ്ധതികളാണ് മുന്നോട്ടുവെക്കേണ്ടത്. അക്കാര്യത്തില്‍ കടുത്ത നിരാശയാണ് കേരള സര്‍ക്കാര്‍ നല്‍കുന്നതെന്ന് പ്രഭാത് പട്‌നായിക്കിനെപ്പോലുള്ള ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞര്‍പോലും പരസ്യമായി അഭിപ്രായം പറയുന്ന നിലയുണ്ടാവുന്നു. ഗീതാ ഗോപിനാഥിനെപ്പോലുള്ള കോര്‍പ്പറേറ്റ് സാമ്പത്തിക വിദഗ്ധരെ ഉപദേശകരായി അവരോധിക്കുക വഴി വളരെ തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്.
ഇടതുപക്ഷത്തിന് നിര്‍വഹിക്കാനുള്ള ദൗത്യം വളരെ വലുതാണ്. സാമ്രാജ്യത്വവുമായി അപരിഹാര്യമായ വൈരുദ്ധ്യം നിലനില്‍ക്കുന്ന ഇടതുപക്ഷത്തിന് മാത്രമേ അത് നിര്‍വഹിക്കാനാകൂ. ഏതെങ്കിലും മേഖലയില്‍ ഇടതുപക്ഷത്തിനുണ്ടാവുന്ന ദൗര്‍ബല്യങ്ങള്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം.
ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യങ്ങള്‍ മുതലെടുക്കാന്‍ സുസജ്ജമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ അപ്പുറത്തുണ്ട് എന്നത് വിസ്മരിക്കരുത്. വര്‍ഗ്ഗസമരം ശക്തിപ്പെടുത്താന്‍ തൊഴിലാളിവര്‍ഗ്ഗം നിതാന്ത ജാഗ്രത പുലര്‍ത്തണം. അതിന് കഴിയണമെങ്കില്‍ എന്തൊക്കെ പരിമിതികളോടെയാണെങ്കിലും രാജ്യത്ത് ഇന്ന് നിലവില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ ഫാസിസം കയ്യടക്കാതെ സംരക്ഷിച്ചുനിര്‍ത്തേണ്ട അങ്ങേയറ്റം വിപ്ലവകരമായ കടമയാണ് ഇടതുപക്ഷത്തിന് നിര്‍വഹിക്കാനുള്ളത്.
അതിന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാകെ വ്യക്തമായ ലക്ഷ്യബോധത്തോടെ അണിനിരത്തേണ്ടതുണ്ട്. അംഗബലവും വോട്ടും ഒക്കെ പ്രധാനമായിരിക്കുമ്പോഴും ശരിയായ പ്രത്യയശാസ്ത്ര നിലപാടുയര്‍ത്തിപ്പിടിച്ച് മാത്രമേ ഇത് നിര്‍വഹിക്കാന്‍ കഴിയൂ. ഏതെങ്കിലും സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അധികാരം നിലനിര്‍ത്തണമെങ്കിലും വിട്ടുവീഴ്ചയില്ലാത്ത പ്രത്യയശാസ്ത്ര നിലപാട് തന്നെയാണ് പ്രധാനം.
ഇവിടെ നമുക്ക് പരാജയപ്പെട്ടുകൂടാ. ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ ഉദാസീന നിലപാട് പിന്തുടര്‍ന്ന യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ശരിയായ നിലപാടുയര്‍ത്തി ശരിയായ പാതയില്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള സമരം വിജയിപ്പിക്കാന്‍ സാധിച്ചാല്‍ അത് ഇടതുപക്ഷത്തിന് മുമ്പില്‍ പുതിയ വഴിത്താരകള്‍ തുറന്നിടും എന്ന കാര്യത്തിലും സംശയമില്ല.