ഒരു ശ്രീനിവാസന്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് സി.രവിചന്ദ്രന്റെ പ്രഭാഷണത്തിന്റെ ചില ഭാഗങ്ങള്‍. ‘പണക്കാരെ ബഹുമാനിക്കാന്‍ പഠിക്കെടോ’ എന്ന ശ്രീനിവാസന്‍ ഡയലോഗ് വലിയ ഒരു തമാശയായാണ് മലയാളികള്‍ ആസ്വദിച്ചത്. പക്ഷേ രവിചന്ദ്രന്‍ ആഡംസ്മിത്തിനെ ആണയിട്ട് പറയുന്നത്, ‘സമ്പന്നന്റെ ഈഗോയും ഓണറും പ്രൈഡും ചെറുതായി ഒന്നനക്കിക്കൊടുത്താല്‍ മതി അവന്‍ പണമിറക്കിക്കോളും, അതോടെ പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ തീരും എന്നാണ്.
ശരിക്കും പറയട്ടെ രവിചന്ദ്രനെ കൈകൂപ്പി നമിക്കുകയല്ലാതെ ഇനി നമുക്കൊന്നും ചെയ്യാനില്ല. മാനവരാശിയുടെ ലിഖിത ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണ് എന്ന് കാള്‍ മാര്‍ക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ ആമുഖത്തില്‍ തന്നെ പറയുന്നുണ്ട്. മാനവരാശി അദ്ധ്വാനിച്ചുണ്ടാക്കിയ അനന്തമായ സമ്പത്ത് വിരലിലെണ്ണാവുന്ന സമ്പന്നര്‍ കയ്യടക്കി വെയ്ക്കുന്നതും മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനത അടിസ്ഥാനാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാതെ നരകിക്കുന്നതുമാണല്ലോ വര്‍ഗ്ഗ വ്യവസ്ഥയുടെ അടിസ്ഥാനം.
ഈ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ദൈവങ്ങളും മതങ്ങളും പ്രവാചകന്മാരും ഉട്ടോപ്യന്‍ ചിന്തകരും മനുഷ്യസ്നേഹികളുമൊക്കെ നിരവധി നൂറ്റാണ്ടുകള്‍ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതെന്തുകൊണ്ട് എന്ന് എന്നന്വേഷിക്കുകയാണ് കാള്‍ മാര്‍ക്സ് സ്വന്തം ജീവിതം കൊണ്ട് ചെയ്തത്.
ഇതിലൊന്നും യാതൊരു കാര്യവുമില്ല; മാര്‍ക്സിന്റേത് വെറും മനോകാമനകളാണ് എന്നാണ് രവിചന്ദ്രന്റ പക്ഷം. പ്രശ്നങ്ങള്‍ക്ക് ലളിതമായ പരിഹാരവും അദ്ദേഹത്തിന്റെ പക്കലുണ്ട്. സമ്പന്നന്റെ എന്തോ ചിലത് പിടിച്ച് ചെറുതായൊന്നനക്കി കൊടുത്താല്‍ മതിയത്രേ! ആഡംസ്മിത്തിനെ സാക്ഷിനിര്‍ത്തി രവിചന്ദ്രന്‍ ഇങ്ങനെ പറഞ്ഞാല്‍ നമിക്കുകയല്ലാതെ നമുക്കെന്തു ചെയ്യാന്‍ കഴിയും? ഇതൊന്നും ചെയ്യാന്‍ കൂട്ടാക്കാതെ മാര്‍ക്സും മാര്‍ക്സിസ്റ്റുകളും റോബിന്‍ഹുഡിന്റേയും കായംകുളം കൊച്ചുണ്ണിയുടേയും പണിയ്ക്ക് പോയി എന്നതിലാണ് രവിചന്ദ്രന് ആക്ഷേപം.
അധികസമ്പത്ത് ആരുടേയെങ്കിലും കൈവശമുണ്ടെങ്കില്‍ അത് കളവു മുതലാണന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ടത്രേ! നാല് പതിറ്റാണ്ടിലധികം മാര്‍ക്സിസ്റ്റ് സാഹിത്യവുമായി പരിചയമുണ്ടെങ്കിലും അങ്ങിനെയൊന്ന് ഞാനൊരിടത്തും കണ്ടിട്ടില്ല. മാര്‍ക്സും കായംകുളം കൊച്ചുണ്ണിയും റോബിന്‍ഹുഡും തമ്മിലെന്ത് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നുണ്ട്.
റോബിന്‍ഹുഡ് ഒരു ബ്രിട്ടീഷ് നടോടി കഥാപാത്രമാണ്. ഇയാളെക്കുറിച്ച് പല കഥകള്‍ പ്രചാരത്തിലുണ്ട്. ചലചിത്രങ്ങളില്‍ ഫിക്ഷന്‍ കഥാപാത്രമായിരുന്നിട്ടുണ്ട്. ഇയാളും മാര്‍ക്സും തമ്മിലുള്ള താരതമ്യമെന്താണ്? ഇദ്ദേഹം ‘സ്ഥിതിസമത്വവാദി’യായിരുന്നതായി കഥകളുണ്ട്. പണക്കാരനില്‍ നിന്ന് കവര്‍ന്നെടുത്ത് പാവങ്ങള്‍ക്ക് നല്‍കലായിരുന്നുവത്രേ വിനോദം. കായംകുളം കൊച്ചുണ്ണിയാവട്ടെ കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച ഒരു തസ്‌കരവീരനാണ്. ഇയാളും പണക്കാരനില്‍ നിന്ന് മോഷ്ടിച്ച് പാവങ്ങള്‍ക്ക് നല്‍കാറുണ്ടത്രേ! കൊച്ചുണ്ണിയുടെ പേരിലും സിനിമകളും ധാരാളം നാടോടിക്കഥകളുമൊക്കെയുണ്ട്.
മാര്‍ക്സും മാര്‍ക്സിസ്റ്റുകളും ഇതാണ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്നു പറയുന്നതിലെ ന്യൂനീകരണവും പരിഹാസവും വികൃതവല്‍ക്കരണവും ഒന്നാലോചിച്ചു നോക്കൂ. മനുഷ്യകുലം സ്വാഭാവികമായും വര്‍ഗ്ഗരഹിതമായ ഒരു കാലത്തിലേയ്ക്ക് വികസിച്ചു കൊണ്ടിരിക്കുകയാണ് എന്ന് കാര്യകാരണസഹിതം, പ്രപഞ്ച ചലന നിയമങ്ങളേയും സാമൂഹ്യ വികാസനിയമങ്ങളേയും ആസ്പദമാക്കി വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് മാര്‍ക്സ് ചെയതത്.
അതിലെന്തെങ്കിലും സാധൂകരിക്കപ്പെടാത്ത വൈരുദ്ധ്യങ്ങള്‍ അടങ്ങിയിട്ടുണ്ടങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നത് മനസ്സിലാക്കാം. അതിനൊന്നും മുതിരാതെ ന്യൂനോക്തികളും വികൃതവല്‍ക്കരണവും ഉപയോഗിച്ച് ഒന്നിനെ പരിഹസിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരു സദുദ്ദേശ പ്രവൃത്തിയല്ല.
മാര്‍ക്സിസത്തെ ഈ വിധം ന്യൂനീകരിക്കാന്‍ ശ്രമിക്കുന്ന രവിചന്ദ്രന്‍ ഉന്നയിക്കുന്ന മറ്റൊരു ആക്ഷേപം മാര്‍ക്സിസ്റ്റുകള്‍ മുതലാളിത്തത്തെ കൊച്ചാക്കുന്നു, നിസ്സാരവല്‍ക്കരിക്കുന്നു, ഒരു ബഹുമാനവുമില്ലാതെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നു എന്നൊക്കെയാണ്. അത് അദ്ദേഹത്തിന് കാര്യങ്ങളെ മനസ്സിലാക്കുന്നതിലുള്ള പരിമിതി മൂലമാണ് എന്ന് പറയാതെ വയ്യ. മാര്‍ക്സിസ്റ്റ് വിരുദ്ധമായ ഒരു നിലപാട്തറ ആദ്യമേ കണ്ടെത്തുകയും അവിടെ ചുവടുറപ്പിച്ച ശേഷം മാര്‍ക്സിനേയും മാര്‍ക്സിസത്തേയും അധിക്ഷേപിക്കാനുള്ള കരുക്കള്‍ അന്വേഷിച്ചു നടക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഒരു പരിമിതിയാണിത്.
രവിചന്ദ്രന്‍ മാര്‍ക്സിസത്തെ അന്വേഷിക്കേണ്ടത് വിക്കിപീഡിയയിലോ ഓണ്‍ലൈന്‍ കുറിപ്പുകളിലോ അല്ല. അതിന് മാര്‍ക്സിന്റെ കൃതികളിലൂടെത്തന്നെ കടന്നു പോയേ മതിയാവൂ. കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോയെങ്കിലും വായിച്ച ഒരാളും ഇത്തരം അസംബന്ധങ്ങള്‍ പറയില്ല. ദാസ് ക്യാപ്പിറ്റല്‍ ഉള്‍പ്പെടെയുള്ള മാര്‍ക്സിന്റെ കൃതികളില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കുന്നത് മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ സവിശേഷതകളാണല്ലോ. മറ്റ് സാമൂഹ്യ വ്യവസ്ഥകളെ അപേക്ഷിച്ച് മനുഷ്യരാശിയുടെ ജീവിതം സമ്പന്നമാക്കുന്നതില്‍ മുതലാളിത്തം വഹിച്ച പങ്ക് ആവേശത്തോടെ വാചാലമായാണ് മാര്‍ക്സ് ഓരോ സന്ദര്‍ഭങ്ങളിലും വിശദീകരിച്ചത്. വിസ്തരഭയത്താല്‍ അവയൊന്നും ഇവിടെ ഉദ്ധരിക്കുന്നില്ല.
മുതലാളിത്ത വ്യവസ്ഥ തകരണം,തകര്‍ക്കണം എന്ന് മാര്‍ക്സ് ആഗ്രഹിച്ചു എന്നത് ശരിയാണ്. അതിന് കാരണം അതൊരു ചൂഷക വ്യവസ്ഥയാണ് എന്നത് കൊണ്ടാണ്. ചൂഷക വ്യവസ്ഥകളില്‍ അവസാനത്തേതാണ് മുതലാളിത്തം, ആ വ്യവസ്ഥക്കകത്തു തന്നെ അതിന്റെ അന്ത്യം കുറിക്കാന്‍ കഴിയുന്ന ശക്തികള്‍(ആന്തരിക വൈരുദ്ധ്യങ്ങള്‍) വളരുന്നുണ്ട് എന്ന് മാര്‍ക്സ് നിരീക്ഷിച്ചു. സാമൂഹ്യമായ അദ്ധ്വാനത്തെ വലിയ തോതില്‍ വികസിപ്പിക്കുക വഴി പണിയെടുക്കുന്ന വര്‍ഗ്ഗങ്ങളെ വിലയതോതില്‍ സ്വതന്ത്രമാക്കാന്‍ മുതലാളിത്തത്തിന് സാധിച്ചതിനെക്കുറിച്ചൊക്കെ മാര്‍ക്സ് വാചാലനാകുന്നുണ്ട്.
അപ്പോഴും ഉല്പാദ ഉപാധികളുടെ സ്വകാര്യ ഉടമസ്ഥത നിമിത്തം മുതലാളിത്ത വ്യവസ്ഥ കൂലി അടിമത്തമായി നിലകൊള്ളുന്നതിനെയാണ് മാര്‍ക്സ് പരിശോധിച്ചതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയതും. ഉല്‍പ്പാദന ഉപാധികളെ കൂടി പൊതു ഉടമസ്ഥതയില്‍ ( സാമൂഹ്യ നിയന്ത്രണം) കൊണ്ടുവരുന്നതോടെ, അത് മനുഷ്യ ചരിത്രത്തിലെ വമ്പന്‍ കുതിച്ചു ചാട്ടമായി മാറും എന്നും മാര്‍ക്സ് നിരീക്ഷിച്ചു.
മാര്‍ക്സിസത്തിനെതിരെ രവിചന്ദ്രന്റെ മറ്റൊരു വിമര്‍ശനം അത് ബലപ്രയോഗത്തിന്റെ, (എടുത്തു മറിയ്ക്കലിന്റെ ) വയലെന്‍സിന്റെ ദര്‍ശനമാണ് എന്നതാണ്. ജനങ്ങളെ പഠിപ്പിച്ച്, മസ്തിഷ്‌കത്തില്‍ മാറ്റം വരുത്തി ഒന്നിനെ മാറ്റുന്നതില്‍ മാര്‍ക്സിസ്റ്റുകള്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നദ്ദേഹം ആക്ഷേപിക്കുന്നു. എല്ലാത്തിനേയും വയലെന്‍സിലൂടെ ‘എടുത്തുമറിയ്ക്കാനാണ്(വിപ്ളവങ്ങള്‍) മാര്‍ക്സിസ്റ്റുകള്‍ ശ്രമിക്കുക എന്നദ്ദേഹം ആക്ഷേപിക്കുന്നു. ഈ എടുത്തു മറിയ്ക്കല്‍ ഒരു പാട് ദുഖങ്ങള്‍ക്ക് കാരണമാകുമെന്നും ഒരു പാട് ജീവിതങ്ങളെ അത് കടപുഴക്കുമെന്നും അദ്ദേഹം പരിതപിയ്ക്കുന്നുമുണ്ട്. സമാധാനപരവും ജനാധിപത്യപരവുമായ സാമൂഹ്യ മാററങ്ങളെ മാര്‍ക്സിസ്റ്റുകള്‍ എവിടെ എതിര്‍ത്തു എന്നാണ്?
രവിചന്ദ്രന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്ന ഒരാള്‍ക്കു തോന്നുക ഈ മാര്‍ക്സിസ്റ്റുകള്‍, ഭൂമിക്ക് പുറത്തെവിടെയോ ഒരാഭിചാരക്രിയ പോലെ, വിപ്ളവങ്ങള്‍ നിര്‍മ്മിച്ചെടുത്ത് ഭൂമിയില്‍ കൊണ്ടുവന്ന് സകലവിധ അനര്‍ത്ഥങ്ങളും ക്ഷണിച്ചു വരുത്തുന്നവരാണെന്നാണ്. മാര്‍ക്സ് യഥാര്‍ത്ഥത്തില്‍ ചെയ്തത് പ്രപഞ്ചത്തിലും മനുഷ്യസമൂഹത്തിലും മാറ്റങ്ങള്‍ ഒന്നിനു പിറകെ ഒന്നായി എങ്ങിനെ സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുകയാണ്.
അദ്ദേഹത്തിന് കണ്ടെത്താനായത്(അദ്ദേഹത്തിന് മുമ്പ് തന്നെ ഹെഗലിനെപ്പോലുള്ള ചിന്തകര്‍ ഇത് വിശദീകരിച്ചിട്ടുണ്ട്) സാവധാനത്തിലുള്ള മാറ്റം, എടുത്തു ചാട്ടം എന്ന നിലയിലാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും പ്രക്രിയകളിലും പ്രതിഭാസങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നാണ്.
വിത്തില്‍ നിന്ന് ചെടിയുണ്ടാവുന്നതും ജീവിവര്‍ഗ്ഗങ്ങളുടെ പ്രത്യുല്പാദന പ്രക്രിയകളും ഖരാവസ്ഥയിലെ വസ്തു ദ്രാവകാവസ്ഥയിലേക്കും മറ്റും മറ്റും മാറി തീരുന്നതുമൊക്കെ നിരീക്ഷിച്ചാല്‍ അത് വ്യക്തമാകും. ജീവിവര്‍ഗ്ഗങ്ങളുടെ പരിണാമവും മനുഷ്യസമൂഹത്തിന്റെ വികാസവുമൊക്കെ ഈ നിയമങ്ങള്‍ക്കകത്താണ് സംഭവിക്കുന്നത് എന്നദ്ദേഹം നിരീക്ഷിച്ചു. അദ്ദേഹമതിനെ ‘പരിണാമവും വിപ്ളവവും'( Evalution and Revalution) എന്നൊരു സിദ്ധാന്തമാക്കി വികസിപ്പിച്ചു. അല്ലാതെ രവിചന്ദ്രന്‍ ആരോപിക്കുന്നത് പോലെ മാര്‍ക്സ് മനുഷ്യ സമൂഹത്തിനകത്തേക്ക് ഒളിച്ചു കടത്തിയ ഒന്നല്ല വിപ്ളവങ്ങള്‍.
മാര്‍ക്സിന് മുമ്പും ധാരാളം വിപ്ലവങ്ങളിലൂടെ മനുഷ്യ സമൂഹം കടന്നു പോയിട്ടുണ്ട്. ഇനിയും കടന്നു പോവുകയും ചെയ്യും. അദ്ദേഹം പറയുന്നത് പോലെ മനുഷ്യമനസ്സിനെ പഠിപ്പിച്ച് ബോദ്ധ്യപ്പെടുത്തി ജനാധിപത്യ രീതിയില്‍ മാറ്റങ്ങളുണ്ടാക്കുന്നതിന് തടസ്സം നില്‍ക്കുന്നത് മാര്‍ക്സിസ്റ്റുകളല്ല. സ്വത്തുടമാ വര്‍ഗ്ഗങ്ങളാണ്. ബലപ്രയോഗങ്ങളില്ലാതെ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരമാവധി നമുക്ക് പരിശ്രമിക്കുകയുമാവാം. രവിചന്ദ്രനുള്‍പ്പെടെ, നാമിന്ന് വൈകാരികമായി ഉയര്‍ത്തിപ്പിടിക്കുന്ന ‘ജനാധിപത്യ അവകാശങ്ങളുടെ’ അടിസ്ഥാന ശിലകള്‍ പോലും ബലപ്രയോഗത്തിലൂടെയാണ് സാധിതപ്രായമായത് എന്നത് വസ്തുതയാണ്. അല്ലാതെ ഏതെങ്കിലും രാജാവോ ഭരണാധികാരിയോ സദ്ബുദ്ധി തോന്നി നടപ്പിലാക്കിയതല്ല.
ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായി നാമിന്ന് വാഴ്ത്തുന്ന മാഗ്നാകാര്‍ട്ടാ എന്ന ‘മഹാരേഖ’ എങ്ങിനെ ഉണ്ടായതാണ്? പതിമൂന്നാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിന്റെ ചക്രവര്‍ത്തിയ ജോര്‍ജ് രാജാവിനെ തെംസ് നദിക്കരയിലെ റനിമിഡ് പുല്‍പ്പരപ്പില്‍ ബലമായി തടഞ്ഞുവെച്ച് ഇടപ്രഭുക്കന്മാര്‍ ഒപ്പിടുവിച്ചു വാങ്ങിയതാണ് മാഗ്നാകാര്‍ട്ടാ ലിബറേറ്റം (Magna Carta Libertatum) എന്ന ‘സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി’. ഇടപ്രഭുക്കന്മാര്‍ ‘എടുത്തു മറിച്ച് ‘വയലെന്‍സിലൂടെ രാജാവിനെ കൊണ്ട് ഒപ്പിടുവിച്ചതായത് കൊണ്ട് ഇനി മുതല്‍ ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അടിസ്ഥാന ഉടമ്പടിയായ മാഗ്നാകാര്‍ട്ട രവിചന്ദ്രന്‍ അംഗീകരിക്കാതിരിക്കുമോ?
സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തി പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ ഫ്രഞ്ചു വിപ്ളവം, രാജാവിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തും ഉപരിവര്‍ഗ്ഗമാടമ്പികള്‍ക്കെതിരേയും കത്തോലിക്കാ പൗരോഹിത്യത്തിനെതിരേയും ജനങ്ങള്‍ നടത്തിയ കലാപമായിരുന്നു. 1789 ല്‍ ബാസ്റ്റില്‍ കോട്ടയിലെ ജയില്‍ അക്രമിച്ചു കൊണ്ടാണ് വിപ്ളവം ആരംഭിച്ചത്. കലാപകാരികള്‍ രാജാവിനെ പിടികൂടി വിചാരണ നടത്തി വധശിക്ഷക്ക് വിധേയമാക്കി. ആയിരങ്ങള്‍ മരണപ്പെട്ട കലാപത്തില്‍ വ്യാപകമായ രക്തച്ചൊരിച്ചില്‍, അടിച്ചമര്‍ത്തല്‍, ഭീകരവാഴ്ച ഒക്കെ അരങ്ങേറി.
അന്ന് വിപ്ളവത്തെ എതിര്‍ക്കുന്നവരെ വധിയ്ക്കാന്‍ നിര്‍മ്മിച്ച ഉപകരണമാണ് ഗില്ലറ്റിന്‍. ഈ ഉപകരണമാണ് നാസീ ഹിറ്റ്ലര്‍ ജൂതന്മാരേയും ബോള്‍ഷേവിക്കുകളേയും വധിക്കാന്‍ ജര്‍മ്മനിയില്‍ വ്യാപകമായി ഉപയോഗിച്ചത്. ഫ്രഞ്ച് വിപ്ളവത്തിന്റെ താത്വികാചാര്യമാരില്‍ പ്രമുഖനായ റൂസ്സോവിനെ ജനാധിപത്യം സ്വാതന്ത്യം തുടങ്ങിയ മൂല്ല്യങ്ങളുടെ സമുഛയമായ ആധുനികതയുടെ പിതാക്കന്മാരില്‍ ഒരാളായി ആദരിക്കുന്നത് രവിചന്ദ്രന് അംഗീകരിക്കാനാവുമോ? അങ്ങേയറ്റത്തെ എടുത്തു മറിക്കലിലൂടെ, വയലെന്‍സിലൂടെ വികസിച്ച ആധുനിക മൂല്ല്യങ്ങളെ അംഗീകരിക്കാന്‍ രവിചന്ദ്രന് എങ്ങിനെ സാധിയ്ക്കും?
‘No taxation without Representation’ എന്ന മുദ്രാവാക്യമുയര്‍ത്തി വടക്കേ അമേരിക്കയിലെ 13 ബ്രിട്ടീഷ് കോളനിവാസികള്‍ ബ്രിട്ടനെതിരെ നടത്തിയ കലാപമാണ് ബോസ്റ്റണ്‍ ടീ പാര്‍ട്ടിയിലും ബോസ്റ്റണ്‍ കുട്ടക്കൊലയിലുമൊക്കെ അവസാനിച്ചത്. അടിമത്തം അവസാനിപ്പിക്കുന്നതിനുള്‍പ്പെടെ അടിത്തറയിട്ട അമേരിക്കന്‍ ആധുനികതയുടെ പ്രഖ്യാപനമായ ഈ ‘എടുത്തു മറിയ്ക്കലിനെ’ വയലെന്‍സിനെ രവിചന്ദ്രന് അംഗീകരിക്കാനാവുമോ ആവോ?
‘ചൈനക്കാര്‍ ഇപ്പോള്‍ കൂടുതല്‍ വായിക്കുന്നത് മാര്‍ക്സിനെയല്ല; ആദം സ്മിത്തിനെയാണ്’ എന്ന് എന്തോ ഒരു വലിയ കാര്യം പറയുന്ന പോലെ രവിചന്ദ്രന്‍ പരിഹാസത്തോടെ അവതരിപ്പിയ്ക്കുന്നുണ്ട്. രവിചന്ദ്രന് എവിടെ നിന്നാണ് ഇത്തരം ഒരു ഡാറ്റാ ലഭിച്ചത്, ആരാണിത്തരം ഒരു സര്‍വേ നടത്തിയത്, എന്നൊന്നും അദ്ദേഹം വ്യക്തമാക്കുന്നില്ല. അല്ലെങ്കിലും ഒരു വെളിപാട് പോലെ, ‘വായീത്തോനിയതൊക്കെ കോതപ്പാട്ടായി’ വെച്ചു ചീമ്പുന്നതാണല്ലോ ഇദ്ദേഹത്തിന്റെ രീതി.
എന്റെ വായനാനുഭവത്തില്‍ അത്തരമൊരു കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലന്ന് മാത്രം തല്‍ക്കാലം പറഞ്ഞുവെക്കെട്ടെ. ശാസ്ത്ര യുക്തികള്‍ക്കനുസരിച്ച് മാത്രം കാര്യങ്ങളെ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ രീതി എന്നാണല്ലോ ഇവരുടെ അവകാശവാദം. അപ്പോള്‍ എന്റെ സംശയം; മാര്‍ക്സിനെ ഉപേക്ഷിച്ച് ചൈനക്കാര്‍ ഈ നുറ്റാണ്ടില്‍ ആദംസ്മിത്തിന്റെ പിറകേ പോകുന്നതിന്റെ യുക്തി എന്താണ്?
ധനതത്വശാസ്ത്രത്തില്‍ ആദം സ്മിത്തും റെക്കാര്‍ഡേയുമാണ് തന്റെ പൂര്‍വസൂരികള്‍ എന്ന് മാര്‍ക്സ് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇവരുടെ ധനതത്വശാസ്ത്ര തത്വങ്ങളും പഠനങ്ങളുമാണ് മാര്‍ക്സിയന്‍ ധനതത്വശാസ്ത്രത്തിന്റെ ഉറവിടങ്ങളായി തീര്‍ന്നത്. ഇവരുടെ ധനതത്വശാസ്ത്രം, ഹെഗലിന്റെ തത്വശാസ്ത്രം(ഹെഗല്‍ ആശയവാദിയായിരുന്നു) ലുഡ്വിംഗ് ഫൊയര്‍ ബാഗിന്റെ ഭൗതികവാദം ഇവയൊക്കെ തന്റെ ബൗദ്ധിക മൂശയില്‍ ഉരുക്കിയെടുത്താണ് മാര്‍കസ് തന്റെ ദര്‍ശിനികനിലപാടുകള്‍ രൂപപ്പെടുത്തുന്നത്.
ചൈനയിലിപ്പോള്‍ നടപ്പഹലാക്കുന്നത് ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള മുതലാളിത്തമാണന്ന് state Capitalism) അദ്ദേഹം പറയുന്നു. അത്തരം ഒരാശയത്തിന് തന്നെ എതിരായിരുന്നല്ലോ ആദം സ്മിത്ത്. തന്റെ പ്രസിദ്ധമായ ‘വെല്‍ത്ത് ഓഫ് നേഷന്‍സ്'(An Inquiry into the Nature and Causes of the Wealth of Nations) എന്ന പുസ്തകം സ്വതന്ത്ര വിപണിയേയും സ്വതന്ത്രവ്യാപാരത്തേയുമാണ് (Free Trade and Market) മുന്നോട്ടു വെയ്ക്കുന്നത്. രവിചന്ദ്രന്‍ തന്നെ ‘An invisible Hand’ നിയന്ത്രിക്കുന്ന സര്‍വതന്ത്രസ്വതന്ത്രമായ ‘Self Regulating Market’ എന്ന ആശയത്തിന്റെ വക്താവാണദ്ദേഹം എന്ന് സമ്മതിക്കുന്നുമുണ്ട്.
അതായത് യാതൊരു തരത്തിലുള്ള ഇടപെടലും പാടില്ലാത്ത സ്വതന്ത്ര മുതലാളിത്തത്തിന്റെ(Laissez Faire Capitalism) വക്താവായ ആദം സ്മിത്തിനെ അവരെന്തിനാണ് ഇത്രയധികം ആവേശത്തോടെ വായിക്കുന്നത്? മൂലധനത്തിന്റെ സാമൂഹ്യ ഉത്തരവാദിത്വത്തേക്കുറിച്ചും സാമൂഹ്യ നിയന്ത്രണത്തെക്കുറിച്ചും ചിന്തിച്ചത് കാള്‍ മാര്‍ക്സല്ലേ? അപ്പോള്‍ അവര്‍ വായിക്കേണ്ടത് മാര്‍ക്സിനെ തന്നെയല്ലേ? അതല്ലേ കൂടുതല്‍ യുക്തിസഹം? തള്ളുകള്‍ ആയിക്കോട്ടെ; പക്ഷേ അതിനുമൊരു പരിധിയൊക്കെ വേണ്ടേ? താന്‍ ബ്രഹ്മാണ്ഡ പണ്ഡിതനാണ് എന്ന് സ്ഥാപിക്കുന്നതിന് കാലം ചവറ്റുകൊട്ടയില്‍ തള്ളിയ പരേറേറാ മോഡല്‍ പണ്ഡിതരെ ധാരാളമായി അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം.
ചരിത്രത്തില്‍ നിന്ന് ഇത്തരം ആയിരക്കണക്കിന് ചിന്തകരെ നമുക്ക് പൊടിതട്ടി എടുത്തു വെയ്ക്കാം. അവരാരും മോശക്കാരായിരുന്നു എന്ന് പറയുകയല്ല. അവരിലൂടെ ഒക്കെ തന്നെയാണ് നമ്മുടെ തത്വശാസ്ത്രവും ധനതത്വശാസ്ത്രവും സാമുഹ്യ ശാസ്ത്രങ്ങളും ചരിത്രവുമൊക്കെ വികസിച്ചത്. പലരും ചൂഷക വ്യവസ്ഥയുടെ വക്താക്കളുമായിരുന്നു.
അവരില്‍ നിന്നൊക്കെ സ്വീകരിക്കേണ്ടത് സ്വീകരിച്ചും തള്ളേണ്ടത് തള്ളിയുമൊക്കെയാണ് മാര്‍ക്സിസമുള്‍പ്പെടെയുള്ള ആധുനിക ചിന്താസരണികള്‍ വികസിച്ചത്. അതേക്കുറിച്ചുള്ള ചര്‍ച്ചയില്‍ അത്തരക്കാരെ സ്ഥാനത്തും അസ്ഥാനത്തും എഴുന്നള്ളിയ്ക്കുന്നത് തന്റെ പണ്ഡിതഗര്‍വ് പ്രകടിപ്പിക്കാന്‍ കൊള്ളാമെന്നല്ലാതെ പ്രയോജനരഹിതമാണ്.
മാര്‍ക്സിസം മുന്നോട്ടു വെയ്ക്കുന്ന സ്ഥിതിസമത്വവാദം കേവലം മനോകാമനയാണ് അത് മനുഷ്യ സമൂഹത്തിന്റെ സ്വഭാവമല്ല, മത്സരാധിഷ്ടിതമാണ് ലോകം, എന്നൊക്കെ വലിയ പണ്ഡിതനായി രവിചന്ദ്രന്‍ തട്ടി മൂളിയ്ക്കുന്നുണ്ട്. ഇവിടെയൊക്കെ നിഴലിക്കുന്നത് മാര്‍ക്സ് മുന്നോട്ടുവെച്ച പ്രപഞ്ച വീക്ഷണത്തെ ചെറുതായൊന്ന് പരിചയപ്പെടാന്‍ പോലും രവിചന്ദ്രന്‍ ശ്രമിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യമാണ്.
സ്ഥിതിസമത്വമെന്നാല്‍ എല്ലാ മനുഷ്യരേയും ‘ഒന്നുപോലെ’ ആക്കലാണ് എന്നതൊക്കെ മാര്‍ക്സിസത്തിന്റെ ആരംഭകാലത്ത് നടന്ന എതിര്‍പ്രചാരവേല മാത്രമാണ്. ഭൂമിയിലെ മനുഷ്യരൊക്കെ, മനുഷ്യന്‍ എന്ന പൊതു ഗണത്തില്‍ പെടുമ്പോഴും ഒന്നിനൊന്ന് വ്യത്യസ്ഥരാണ്. എല്ലാം കൊണ്ടും പരസ്പരം വിഭിന്നരായ മനുഷ്യരുടെ ആവശ്യങ്ങളും കഴിവുകളും നിലപാടുകളും മനോകാമനകളുമൊക്കെ വേറെ വേറെത്തന്നെയായിരിക്കും.
പക്ഷേ ഈ ഓരോ മനുഷ്യനും തന്റേതുമാത്രമായ ഒരാത്മസത്തയുണ്ട്. വര്‍ഗ്ഗ ചൂഷണം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഈ ആത്മസത്തയെ പ്രകാശിപ്പിക്കാന്‍ കഴിയാത്ത വിധം ചങ്ങലക്കെട്ടുകളിലാണ് അപമാനവീകരണത്തിന് വിധേയമാകുന്ന ഓരോ മനുഷ്യനും. ഭൗതികമോ ആത്മീയമോ ആയ ചങ്ങലക്കെട്ടുകള അറുത്തുമാറ്റി സ്വയം പ്രകാശിപ്പിക്കാന്‍ കഴിയുംവിധം ആത്മാവിഷ്‌കാരങ്ങള്‍ സാദ്ധ്യമാകുന്ന സ്വതന്ത്രമായ അവസ്ഥയെയാണ് സ്ഥിതിസമത്വം എന്ന വാക്കു കൊണ്ട് മാര്‍ക്സിസ്റ്റുകള്‍ അര്‍ത്ഥമാക്കുന്നത്. അത് കേവലമായ ഭൗതികസമൃദ്ധിയല്ല.
‘എല്ലാവരും അവരവരുടെ കഴിവിനനുസരിച്ച് അദ്ധ്വാനിക്കുകയും അദ്ധ്വാനത്തിന്റെ തോതനുസരിച്ച് പ്രതിഫലം പറ്റുകയും ചെയ്യുന്ന സോഷ്യലിസം, എല്ലാവരും അവരവരുടെ കഴിവനുസരിച്ച് അദ്ധ്വാനിക്കുകയും എല്ലാവര്‍ക്കും അവരവരുടെ ആവശ്യത്തിനനുസരിച്ച് സമൂഹം നല്‍കുകയും ചെയ്യുന്ന കമ്മ്യൂണിസം എന്നതൊക്കെ വരട്ടുതത്വവാദപരമായ നിര്‍വചനങ്ങള്‍ മാത്രമാണ് എന്ന വിശകലനമാണ് സമൂഹത്തെ പിന്നോട്ടു നടത്തുന്നത്. മനുഷ്യന്റെ ഭൗതികാവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുംവിധം ഉത്പാദനം വികസിപ്പിക്കുന്നത് സോഷ്യലിസം സ്ഥാപിക്കുന്നതിന്റെ മുന്നുപാധി തന്നെയാണ്. ഫക്ഷേ അത് വരട്ടുവാദപരമായി മനസ്സിലാക്കപ്പെടേണ്ടതല്ല.
മൂലധനത്തിന്റെ ആര്‍ത്തി മൂത്ത മത്സരങ്ങളും വെട്ടിപ്പിടുത്തങ്ങളും ഇല്ലാതാകുന്നു എന്നതിനര്‍ത്ഥം അവനവന് ആത്മാവിഷ്‌കാരങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഇല്ലാതാവും എന്നല്ല. ഭൗതിക പ്രചോദനങ്ങള്‍ ഇല്ലാതായാല്‍ പിന്നെയാരും പണിയെടുക്കാനുണ്ടാവില്ല എന്നത് കേവലമായ മുതലാളിത്ത യുക്തിയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേയ്ക്കും റൊബോട്ടിക്ക് പ്രൊഡക്ടിവിറ്റിയിലേയ്ക്കുമൊക്കെ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ അദ്ധ്വാനത്തിന്റെ വികാസത്തെക്കുറിച്ചൊക്കെ യാന്ത്രിക പരികല്പനകള്‍ മുന്നോട്ടു വെയ്ക്കുന്നത് തന്നെ അസംബന്ധമാണ്. ഇത്തരം കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ മാര്‍ക്സിസത്തെ കണ്ണടച്ചെതിര്‍ക്കാനും മുതലാളിത്തെ അന്ധമായി അനുകൂലിയ്ക്കാനുമുള്ള രവിചന്ദ്രന്റെ കസര്‍ത്തുകള്‍ സദുദ്ദേശപരമാണ് എന്ന് കരുതാനാവില്ല.
അവസാനിച്ചു