| Tuesday, 3rd September 2019, 5:55 pm

മാര്‍ക്സിനെ അധിക്ഷേപിക്കുക വഴി നിങ്ങള്‍ വിമോചന പോരാട്ടങ്ങളെയാണ് അധിക്ഷേപിക്കുന്നത്

എന്‍.വി ബാലകൃഷ്ണന്‍

1818 മെയ് 5 ന് ജര്‍മ്മനിയിലെ ട്രയറില്‍, നല്ല സാമ്പത്തിക ശേഷിയും വിദ്യാപാരമ്പര്യവുമുള്ള കുടുബത്തില്‍ ജനിച്ച കാള്‍ മാര്‍ക്സ് 83 മാര്‍ച്ച് 14 ന് നിര്യാതനായി. 65 വര്‍ഷത്തെ ആയുസ്സില്‍ 40 വര്‍ഷവും നരകതുല്യമായ യാതനകള്‍ അനുഭവിച്ച് അദ്ദേഹം ജീവിച്ചത് ‘മൂലധനം’ എന്ന, മുതലാളിത്ത വ്യവസ്ഥയെ വിശകലനം ചെയ്ത് പഠിക്കുന്ന ഗ്രന്ഥം തയാറാക്കാനായിരുന്നു എന്ന്, മാര്‍ക്സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന് വേണ്ടി മാത്രം 1500 ലധികം ബൃഹത് ഗ്രന്ഥങ്ങള്‍ അദ്ദേഹം പഠിച്ചു തീര്‍ത്തു. 66 ആകുമ്പോഴേക്കും മൂലധനത്തിന്റെ നാലു വാള്യങ്ങള്‍ക്കുമുള്ള കുറിപ്പുകള്‍ അദ്ദേഹം തയാറാക്കിയിരുന്നു. 67ല്‍ത്തന്നെ മാര്‍ക്സ് മുന്‍കൈയ്യെടുത്ത് മൂലധനം ഒന്നാം വാള്യം പ്രസിദ്ധീകരിച്ചു. ബാക്കി മൂന്ന് വാള്യങ്ങളും മാര്‍ക്സിന്റെ മരണശേഷമേ പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ.

1885 ല്‍ മൂലധനത്തിന്റെ രണ്ടാം വാള്യവും 94 ല്‍ മൂന്നാം വാള്യവും എംഗല്‍സ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. 95 ല്‍ എംഗല്‍സ് മരണപ്പെട്ടതിനെ തുടര്‍ന്ന് കാള്‍ കൗട്സ്‌കിയാണ് ‘മിച്ചമൂല്ല്യ സിദ്ധാന്തങ്ങള്‍’ എന്ന പേരില്‍ നാലാം വാള്യം പ്രസിദ്ധീകരിച്ചത്. 1985 ആകുമ്പോഴേക്ക് തന്നെ 65 ഭാഷകളിലായി 300 ലധികം പതിപ്പുകള്‍ മൂലധനത്തിനുണ്ടായി. മൂലധനം എന്ന ഗ്രന്ഥം തയാറാക്കാന്‍ താന്‍ വലിച്ചു തീര്‍ത്ത ചുരുട്ടിന്റെ പണം പോലും സാമ്പത്തികമായി തനിയ്ക്ക് ലഭിച്ചില്ലെന്ന് പരിഹാസരൂപേണ മാര്‍ക്സ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുതലാളിത്തത്തെ ഇത്രയേറെ സമഗ്രമായി പഠിച്ച മറ്റൊരു കൃതി മാര്‍ക്സിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ലന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. മൂലധനം എന്നൊരു കൃതി മാത്രമല്ല മാര്‍ക്സിന്റെ സംഭാവന.

1841 ല്‍ തന്റെ ഡോക്ടറേറ്റ് പ്രബന്ധം ജര്‍മ്മനിയിലെ ജനവാര്‍ഡ സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്നതു മുതല്‍ തന്റെ ധൈഷണിക രചനകള്‍ ആരംഭിക്കുന്നുണ്ട്. 1842 ല്‍ റൈനീഷ് സൈതൂങ്ങ് എന്ന പത്രത്തില്‍ ആദ്യ ലേഖനം പ്രസിദ്ധീകരിക്കുന്നു. ഒക്ടോബറില്‍ പത്രത്തിന്റെ പത്രാധിപരായി ഉയര്‍ത്തപ്പെടുന്നു. ലോകം ശ്രദ്ധിച്ച ധാരാളം പ്രണയകവിതകള്‍ ഇക്കാലത്ത് പ്രസിദ്ധീകരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ , പത്രം നിരോധിക്കുന്നു.1843 ല്‍ ‘ക്രിട്ടിക്ക് ഓഫ് ഹെഗല്‍ ഫിലോസഫി ഓഫ് റൈറ്റ്സ് ‘ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നു. ജര്‍മ്മനിയില്‍ ഭരണകൂടത്തിന്റെ വേട്ടയാടല്‍ ശക്തമായതോടെ പാരീസിലേയ്ക്ക് പാലായനം ചെയ്യുന്നു. 1844 ല്‍ എംഗല്‍സുമൊത്ത് ‘ഹോളീ ഫാമിലി’ എഴുതി പ്രസിദ്ധീകരിച്ചു. ഇതോടെ ഫ്രാന്‍സില്‍ നിന്ന് നാടുകടത്തപ്പെട്ടു. തുടര്‍ന്ന് ബ്രസല്‍സില്‍ താമസമാക്കിയ മാര്‍ക്സ് ‘ഫൊയര്‍ ബാഹ് തിസീസുകള്‍’ എഴുതി പ്രസിദ്ധീകരിച്ചു. 45ല്‍ത്തന്നെ എംഗല്‍സുമൊത്ത് ‘ജര്‍മ്മന്‍ ഐഡിയോളജി’ പ്രസിദ്ധീകരിച്ചു. 1848 ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എംഗല്‍സുമായി ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. 1848 ല്‍ തന്നെ ന്യൂ റൈനീഷ് സൈതുങ്ങ് എന്നൊരു പത്രം മാര്‍ക്സിന്റെ പത്രാധിപത്യത്തില്‍ കൊളോണ്‍ നഗരത്തില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും ഉടന്‍ നിരോധിക്കപ്പെട്ടു. 1848 ല്‍ ഭരണകൂട വേട്ടയാടല്‍ ശക്തമായതിനെ തുടര്‍ന്ന് അഭയാര്‍ത്ഥിയായി ലണ്ടന്‍ നഗരത്തിലെത്തി. അതേവര്‍ഷത്തില്‍ ‘ക്ലാസ്ട്രഗിള്‍സ് ഇന്‍ ഫ്രാന്‍സ്’ പ്രസിദ്ധീകരിച്ചു. 1852 ല്‍ ‘എയ്റ്റീന്‍ത് ബ്രൂമെയര്‍ ഓഫ് ലൂയീ ബോണപ്പാര്‍ട്ട്’ പ്രസിദ്ധീകരിച്ചു. 59 ല്‍ ‘എ കോണ്‍ട്രിബ്യൂഷന്‍ ടു ക്രിറ്റിക്ക് ഓഫ് പൊളിറ്റിക്കില്‍ എക്കോണമി’ പ്രസിദ്ധീകരിച്ചു. 1871 ല്‍ ‘സിവില്‍ വാര്‍ ഇന്‍ ഫ്രാന്‍സ്’ പ്രസിദ്ധീകരിച്ചു. 1875 ല്‍ ‘ക്രിറ്റിക് ഓഫ് ഗോഥാ പ്രോഗ്രാം’ പ്രവിദ്ധീകരിച്ചു.1876 ല്‍ ‘ഗണിത ശാസ്ത്ര സംബന്ധിയായ കുറിപ്പുകള്‍’ തയാറാക്കി. 1983ല്‍ മരണ ശേഷവും പ്രസിദ്ധീകരിക്കപ്പെടാത്ത ധാരാളം കയ്യെഴുത്തുപ്രതികള്‍ കണ്ടെടുക്കപ്പെടുകയുണ്ടായി. ഇതു വായിക്കുന്നവര്‍ കരുതുക പുസ്തകമെഴുത്തായിരുന്നു മാര്‍ക്സിന്റെ മുഖ്യ തൊഴില്‍ എന്നായിരിക്കും. എന്നാല്‍ പുസ്തകമെഴുത്ത് വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് ലീഗിന്റെ നേതൃനിരയില്‍ മാര്‍ക്സ് പ്രവര്‍ത്തിച്ചിരുന്നു. ബ്രസല്‍സ് കറസ്പോണ്ടന്‍സ് സൊസൈറ്റിയുടെ നേതാക്കളില്‍ ഒരാളായും മാര്‍ക്സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1864 ല്‍ ഒന്നാം ഇന്റര്‍നാഷണലിന്റെ സ്ഥാപനത്തില്‍ മുഖ്യപങ്കു വഹിച്ചത് കാള്‍ മാര്‍ക്സാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സമ്പന്ന കുടുബത്തില്‍ പിറന്ന് ഉന്നത വിദ്യാഭ്യാസം നേടി അതിസുന്ദരിയായ ജെന്നിയെ പ്രണയിച്ച് വിവാഹം കഴിച്ച മാര്‍ക്സിന്, ലോകം ശ്രദ്ധിച്ച തന്റെ പ്രണയകവിതകളുമായി, വ്യവസ്ഥക്ക് വഴങ്ങി, ലോകമറിയുന്ന ബുദ്ധിജീവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായി, സമ്പന്നതയുടെ കൊടുമുടിയില്‍ ജീവിച്ച് മരിക്കാമായിരുന്നു. പക്ഷേ മാര്‍ക്സ് ഇത്തരം സൗഭാഗ്യങ്ങളൊക്കെ വിട്ടെറിഞ്ഞ് ജീവിതം നിസ്വവര്‍ഗ്ഗത്തിന്റെ വിമോചനത്തിന് വേണ്ടി സമര്‍പ്പിച്ച്, അവരോടൊപ്പം അടിമതുല്യമായ ജീവിതം നയിക്കുകയായിരുന്നു. അധികാരികള്‍ തുടര്‍ച്ചയായി വേട്ടയാടിയപ്പോഴും, വാടക നല്‍കാന്‍ കാശില്ലാതെ കുടിയൊഴിപ്പിക്കപ്പെടുമ്പോഴും, തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു തുണ്ട് കമ്പിളി പോലുമില്ലാതെ വിറങ്ങലിക്കുമ്പോഴും ജന്നിയും എംഗല്‍സുമാണ് അദ്ദേഹത്തെ തളരാതെ താങ്ങിയത്. കടുത്ത പട്ടിണിയില്‍ എല്ലാം വിറ്റു പെറുക്കി അടിമകളെ കൊണ്ടു പോകുന്ന കപ്പലില്‍ ലണ്ടനിലെത്തി, അവിടെ ചേരിസമാനമായ തെരുവില്‍ താമസിച്ച്, വാടക നല്‍കാന്‍ കഴിയാതെ തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ടപ്പോഴും മാര്‍ക്സ്, തന്റെ വിമോചനത്തെക്കുറിച്ചല്ല, മറിച്ച് നിസ്വവര്‍ഗ്ഗത്തിന്റെ വിമോചനത്തെ കുറിച്ചാണ് പഠിച്ചത്. ഭക്ഷണം കഴിക്കാതെ ആരോഗ്യം നഷ്ടപ്പെട്ട ജെന്നി, കുഞ്ഞിന് മുലപ്പാല്‍ കിട്ടാതെ മുലഞെട്ട് പൊട്ടിയൊഴുകുന്ന ചോര വായിലായതിനെ തുടര്‍ന്ന് പൊട്ടിക്കരയുന്ന തന്റെ കുഞ്ഞിനെ ഓര്‍ക്കുന്നുണ്ട്. പട്ടിണി കിടന്ന് രണ്ട് മക്കള്‍ മരണപ്പെട്ടതും ശവമടക്കത്തിന് പണമില്ലാതെ, ശവപ്പെട്ടി വാങ്ങാന്‍ കഴിയാതെ, എംഗല്‍സിനെ കാത്തിരിയ്ക്കുന്നതും ഓര്‍ക്കുന്നുണ്ട്. ഭക്ഷണമില്ലായ്മ കൊണ്ട് ശരീരത്തില്‍ ഒരു പ്രത്യകതരം കുരുക്കളുണ്ടായി വേദന സഹിക്കാനാവാതെ, ചികിത്സ ലഭിയ്ക്കാതെ, പഴയ ഷേവിംഗ് റേസര്‍ കൊണ്ട് കുരുക്കള്‍ ചെത്തിക്കളയുന്ന ഒരു കാള്‍ മാര്‍ക്സ് ഉണ്ട്. മൂലക്കുരു പൊട്ടിയൊലിച്ച് ഇരിക്കാന്‍ കഴിയാതെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നു കൊണ്ട് പുസ്തകങ്ങള്‍ റഫര്‍ ചെയ്യുന്ന ഒരു കാള്‍മാര്‍ക്സ് ഉണ്ട്. അതൊന്നും ബ്രഹ്മാണ്ഡ പണ്ഡിതനായ രവിചന്ദ്രന്‍ അറിഞ്ഞിട്ടുണ്ടാവില്ലെങ്കിലും ലോകത്താകമാനമുള്ള നിസ്വവര്‍ഗ്ഗത്തിന് അതൊക്കെ അറിയാം. ചരിത്രത്തില്‍ ഇത്രയേറെ ഇടപെട്ട ഈ മഹാനായ മനുഷ്യന്‍ മനുഷ്യകുലത്തിന് നല്‍കിയ സംഭാവനയുടെ സത്ത എന്താണ്? മാര്‍ക്സ് തന്നെ, തന്റെ സുഹൃത്തും പട്ടാളകാരനും വിപ്ലവകാരിയുമായ ജോസഫ് വെയ്ഡേമെയര്‍ക്ക് എഴുതിയ കത്തില്‍ അത് വ്യക്തമാക്കുന്നുണ്ട്. കത്തിലെ പ്രസക്തമായ ഭാഗം ചുവടെ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലണ്ടന്‍
1852 മാര്‍ച്ച് 5
…….. ഇനി എന്നെ സംബന്ധിച്ച് പറഞ്ഞാല്‍, ആധുനിക സമൂഹത്തില്‍ വര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടന്നും ഈ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ സമരം നടക്കുന്നുണ്ടെന്നും കണ്ടു പിടിച്ചതില്‍ എനിയ്ക്ക് യാതൊരു ഖ്യാതിയും അവകാശപ്പെടാനില്ല. എന്നേക്കാള്‍ എത്രയോ മുന്‍പു തന്നെ ബൂര്‍ഷ്വാ ചരിത്രകാരന്മാര്‍ ഈ വര്‍ഗ്ഗസമരത്തിന്റെ ചരിത്രപരമായ വളര്‍ച്ചയേയും സാമ്പത്തിക ശാസ്ത്രജ്ഞര്‍ വര്‍ഗ്ഗങ്ങളുടെ സാമ്പത്തിക ഘടനയേയും പറ്റി വിവരിച്ചിരുന്നു. പുതുതായി ഞാന്‍ ചെയ്തത് മൂന്ന് കാര്യങ്ങള്‍ തെളിയിക്കുക എന്നതു മാത്രമാണ്.

1) വര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പ് ഉല്പാദന വികാസത്തിനിടയിലെ ചരിത്രപരമായ ചില പ്രത്യേകഘട്ടങ്ങളുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന സംഗതിയാണ്.
2) വര്‍ഗ്ഗസമരം ഒടുവില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തില്‍ എത്താതെ തരമില്ല.
3) ഈ സര്‍വാധിപത്യം തന്നെയും എല്ലാ വിധ വര്‍ഗ്ഗങ്ങളുടെ ഉന്മൂലനത്തിലേയ്ക്കും വര്‍ഗ്ഗ രഹിതമായ ഒരു സമൂഹത്തിലേയ്ക്കുമുള്ള പുരോഗതിക്കിടയിലെ ഒരു അന്തരാളദശ മാത്രമാണ്………
(മാര്‍ക്സ് – ഏംഗല്‍സ് തെരെഞ്ഞെടുത്ത കൃതികള്‍ വാള്യം നാല്)

അതായത് ഉല്പാദന ഉപാധികള്‍ക്ക് മേലെ സാമൂഹിക ഉടമസ്ഥത സ്ഥാപിച്ച് ചൂഷണം അവസാനിപ്പിച്ച് എങ്ങിനെയാണ് സ്ഥിതിസമത്വം കൈവരിയ്ക്കാനാവുക എന്നാണ് മാര്‍ക്സ് പരിശോധിച്ച് കണ്ടെത്തിയത്. ചരിത്രത്തില്‍ 7000 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു വര്‍ഗ്ഗ വ്യവസ്ഥ എങ്ങിനെയാണ് വര്‍ഗ്ഗ രഹിതമായ ഒന്നായി വികസിക്കാന്‍ പോകുന്നത് എന്ന് പ്രപഞ്ച ചലനതത്വങ്ങളേയും സാമൂഹ്യ ചലന നിയമങ്ങളേയും അപഗ്രഥിച്ച ശേഷം,ഭാവിയില്‍ സംഭവിക്കാനിടയുള്ള മാറ്റങ്ങളുടെ അമൂര്‍ത്തരൂപം അവതരിപ്പിയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. അത് ദൈവവിളിയുടെ അടിസ്ഥാനത്തില്‍ പ്രാവാചകര്‍ നടത്തിയ കല്ലില്‍ കൊത്തിയ ശാസനങ്ങളല്ല. അപ്പോഴും നമുക്കൊന്നറിയാം. 1848 ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകൃതമായതിന് ശേഷമുള്ള ഒന്നര നൂറ്റാണ്ടിനിടയില്‍ ലോകത്തുണ്ടായ മാറ്റങ്ങള്‍ അഭൂതപൂര്‍വ്വം തന്നെയായിരുന്നു. ട്രെയ്ഡ് യൂണിയനുകളും സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ലോകമാകെ ഇരമ്പിക്കയറി. ജനാധിപത്യം ഒരാശയാടിത്തറയായി സമൂഹം കൈക്കൊണ്ടു. ചെറുത്തുനില്‍പു പ്രസ്ഥാനങ്ങളും വിമോചന പ്രസ്ഥാനങ്ങളും ആശയങ്ങളും ചൂഷണ വ്യവസ്ഥക്കെതിരെ നിലയുറപ്പിച്ചു. 1871 ല്‍ പാരീസില്‍ തൊഴിലാളി വര്‍ഗ്ഗം രാഷ്ട്രീയ അധികാരം പിടിച്ചു. തൊഴിലാളി വര്‍ഗ്ഗം എങ്ങിനെയാണ് രാഷ്ട്രീയ അധികാരം കയ്യാളേണ്ടത് എന്ന പ്രശ്‌നം മൂര്‍ത്തമായി ഉന്നയിക്കപ്പെട്ടു. ലെനിന്റെ നേതൃത്വത്തില്‍ റഷ്യയില്‍ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് ലേബര്‍ പാര്‍ട്ടിയും (RSDLP) ബോള്‍ഷേവിക്ക് പാര്‍ട്ടിയും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയനുമൊക്കെ (CPSU) നിലവില്‍ വന്നു. മാര്‍ക്സിസത്തിന്റെ പ്രയോഗ രൂപങ്ങളെക്കുറിച്ചുള്ള അതിവിപുലമായ ചര്‍ച്ചകള്‍ ലോകമാകെ ആരംഭിച്ചു. ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തോടെ ലോകത്താകെയുള്ള നിസ്വവര്‍ഗ്ഗത്തിന് മുമ്പില്‍ പ്രതീക്ഷയുടെ ഒരു പുതുയുഗപ്പിറവി തന്നെ സംഭവിച്ചു.

കോളനികള്‍ വെട്ടിപ്പിടിയ്ക്കാനുള്ള ഒന്നും രണ്ടും മുതലാളിത്ത യുദ്ധങ്ങള്‍ക്കിടയില്‍ ലോക മുതലാളിത്ത വ്യവസ്ഥ മഹാമാന്ദ്യം( Great Dipression) എന്നറിയപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ (1928) അഭിമുഖീകരിച്ചു. യൂറോപ്പില്‍ ഹിറ്റ്ലര്‍ , മുസോളിനി , ഫ്രാങ്കോ എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസിക്കല്‍ ഫാസിസം ഉദയം ചെയ്തു. രണ്ടാം യുദ്ധാനന്തരം പൂര്‍വ്വയൂറോപ്പിലുള്‍പ്പെടെ സോഷ്യലിസ്റ്റ് മുദ്ര പേറിയ ഒരു പിടി രാജ്യങ്ങള്‍ ഉയര്‍ന്നു വന്നു. ചൈനയില്‍ മാവോയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് ആര്‍മിയുടെ മുന്നേറ്റവും ജനകീയ ചൈനയുടെ സംസ്ഥാപനവും നടന്നു. ഇന്ത്യയുള്‍പ്പെടെയുള്ള കോളനി രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടി. ലോകത്ത് മുതലാളിത്ത ചേരിയും സോഷ്യലിസ്റ്റ് ചേരിയും ചേരിചേരാ പ്രസ്ഥാനവുമൊക്കെയായി രാജ്യങ്ങളും ജനങ്ങളും ആശയപരമായും മൂര്‍ത്തമായും വിഭജിക്കപ്പെട്ടു. ഇവയൊന്നും വിശദമായി പരിശോധിക്കാന്‍ ഇവിടെ അവസരം ഇല്ല. ഒന്നു മാത്രം പറയാം ഒരു നൂറ്റാണ്ടിനിടയില്‍ ഇത്രയും ചടുലമായ ചലനങ്ങള്‍ ലോകത്തുണ്ടാവുന്നതിന് ചാലകശക്തിയായി പ്രവര്‍ത്തിച്ച പ്രഥമ ഗണനീയമായ തത്വശാസ്ത്രം മാര്‍ക്സിസം തന്നെയായിരുന്നു.

നാമിന്ന് തൊഴിലാളി ക്ഷേമ നടപടികള്‍, ( കൂലിയ്ക്ക് പകരം ശമ്പളം, ജോലി സ്ഥിരത, പലവിധ അവധികള്‍, ജോലി സമയം നിജപ്പെടുത്തല്‍, ഗ്രാറ്റിവിറ്റി, പി.എഫ്, ഇ.എസ്.ഐ ബോണസ്, പെന്‍ഷന്‍) സാമൂഹ്യക്ഷേമ നടപടികള്‍ ഒക്കെ സോവിയറ്റ് യൂണിയന്റെ ആവിര്‍ഭാവത്തിന് ശേഷമാണ് ഒരു വ്യവസ്ഥാ രൂപമായി ലോകത്ത് അംഗീകരിക്കപ്പെട്ടത്. അല്ലാതെ രവിചന്ദ്രന്‍ അവകാശപ്പെടുന്നത് പോലെ മുതലാളി ദയ തോന്നി നടപ്പാലാക്കിയ തൊന്നുമല്ല. സോവിയറ്റ് യൂണിയനെ പിന്‍പറ്റിയാണ് മുതലാളിത്ത ലോകത്തേക്കും ക്ഷേമരാഷ്ട സങ്കല്‍പ്പങ്ങളും പരിഷ്‌കാരങ്ങളും ( welfare state) കടന്നു വരുന്നത്. മാര്‍ക്സിസവും ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും ഭൂമുഖത്തുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായി എണ്ണമറ്റ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു മാത്രം നൂറ് കണക്കിന് പുസ്തകങ്ങള്‍ അനവധി വാള്യങ്ങളായി ഇന്ന് ലഭ്യവുമാണ്. രവിചന്ദ്രന്‍ നിസ്സാരവല്‍ക്കരിക്കുന്നതുകൊണ്ടോ പരിഹസിക്കുന്നത് കൊണ്ടോ അതൊന്നും ഇല്ലാതാവില്ല.

ആനയും ഉറുമ്പും’ പ്രഭാഷണത്തില്‍ മൂലധന സഞ്ചയനത്തെ (Capital Accumulation) ഒരു സ്വാഭാവിക പ്രക്രിയയായും പ്രകൃതി പ്രതിഭാസമായുമൊക്കെ മഹത്വവല്‍ക്കരിക്കാന്‍ രവിചന്ദ്രന്‍ കാണിക്കുന്ന തറവേലകള്‍ ആരിലും കൗതുകമുണര്‍ത്തും. ഉറുമ്പുകളായ സാധാരണ മനുഷ്യര്‍ അദ്ധ്വാനിച്ചുണ്ടാക്കിയ കൊച്ചു കൊച്ചു തുകകള്‍ സമാഹരിച്ചാണ് ആനയെന്ന ഭീമാകാരനായ ‘മൂലധനം’ സമാഹരിക്കപ്പെടുന്നത് എന്നദ്ദേഹം പറയുന്നു. പക്ഷേ അദ്ദേഹം കൗശലപൂര്‍വ്വം മറച്ചു വെയ്ക്കുന്ന ഒരു വലിയ സത്യമുണ്ട്. സാധാരണ മനുഷ്യര്‍ ഉറുമ്പുകളെപ്പോലെ അരിച്ചു കൂട്ടുന്ന തുക മുലധനം എന്ന ആനയായിത്തീരുമ്പോള്‍, അത് ഉണ്ടാക്കാന്‍ അദ്ധ്വാനിച്ച മനുഷ്യര്‍ പുറം തള്ളപ്പെടുകയും അതുവരെ മേലനങ്ങാതിരുന്ന ഒരാള്‍ മൂലധനത്തിന്റെ ഉടമസ്ഥനായി തീരുകയും ചെയ്യുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യമാണത്. പ്രൊഫ: എം.എന്‍.വിജയന്‍ തന്റെ പ്രഭാഷണങ്ങളിലൊന്നില്‍, ഫാക്ടറിയില്‍ കാറുണ്ടാക്കുന്ന തൊഴിലാളികളെക്കുറിച്ച് പറയുന്നുണ്ട്. ‘കുറേ തൊഴിലാളികള്‍ രാപ്പകലധ്വാനിച്ച് ഒരു കാറുണ്ടാക്കുന്നു. കാറ് നിരത്തിലിറങ്ങുമ്പോള്‍ തൊഴിലാളിക്കതിനകത്ത് കയറാനവകാശമില്ലെന്നതോ പോകട്ടെ, ‘മാന്യനായ’ മറ്റൊരാള്‍ അതിനകത്ത് കയറി ഇരിക്കുകയും ചെയ്യുന്നു. മാത്രവുമല്ല, ഈ കാര്‍ നിരത്തിലൂടെ പായുമ്പോള്‍ അതുണ്ടാക്കിയ തൊഴിലാളിയുടെ ശരീരത്തില്‍ ചളി തെറിപ്പിക്കുക കൂടി ചെയ്യുന്നു. ഇതിനെയാണ് നാം മുതലാളിത്തം എന്ന് വിളിയ്ക്കുന്നത്’. കാശില്ലാത്തത് കൊണ്ട് കല്‍ക്കരി വാങ്ങിക്കാന്‍ കഴിയാതെ തണുപ്പില്‍ മരവിച്ച് മരിച്ചു പോകുന്ന ഖനി തൊഴിലാളിയുടെ മകന്റെ കഥ പറയുന്നുണ്ട് ലെനിന്‍.

മൂലധന രൂപീകരണം എന്ന സങ്കീര്‍ണ്ണമായ അര്‍ത്ഥശാസ്ത്ര പ്രതിഭാസത്തെ ലളിതവല്‍ക്കരിച്ച് വികൃതപ്പെടുത്തി അവതരിപ്പിക്കാനുള്ള രവിചന്ദ്ര ന്റെ മിടുക്കിനേയും തൊലിക്കട്ടിയേയും സമ്മതിക്കണം. അതിനുപയോഗിക്കുന്ന ഉദാഹരണമായി പറയുന്നതോ? നാട്ടിന്‍ പുറത്തെ മദ്യപന്മാര്‍ ചെറിയ തുകകള്‍ ശേഖരിച്ച് കുപ്പി വാങ്ങി ഒന്നിച്ചു വെള്ളമടിക്കുന്നത് പോലെ (ഒട്ടിക്കലും പൊട്ടിക്കലും) ലളിതമായ ഒരു പ്രക്രിയയാണിത് എന്നാണദ്ദേഹം പറയുന്നത്. കുറേ മനുഷ്യരുടെ ആവശ്യങ്ങള്‍, അവരുടെ സ്വാതന്ത്ര്യം, വികാരങ്ങള്‍, എന്നിവ സമ്മേളിക്കുമ്പോഴാണ് മൂലധനം രൂപപ്പെടുന്നത് എന്ന് പറഞ്ഞാല്‍ ഇതില്‍പ്പരം ഒരു ലളിതവല്‍ക്കരണം മറ്റെന്താണുള്ളത്? ഫ്യൂഡല്‍ കാലഘട്ടത്തിലെ സമ്പത്താകെ രാജാക്കന്മാരും പ്രഭുക്കളും ദീവാളി കുളിച്ചു തീര്‍ത്തതാണന്നും അല്ലങ്കില്‍ ഭാര്യയുടെ ഓര്‍മ്മയുടെ പേര് പറഞ്ഞ് താജ്മഹല്‍ പണിത് ധൂര്‍ത്തടിച്ചതാണെന്നും അദ്ദേഹം പരിഹസിക്കുന്നു. ‘കാലത്തിന്റെ കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളി” എന്ന് രവീന്ദ്രനാഥ ടാഗോര്‍ താജ്മഹലിനെ കാവ്യാത്മകമായി വിശേഷിച്ചതിനേയും അദ്ദേഹം പരിഹസിക്കുന്നു. കേവലയുക്തിയിലൂടെ മാത്രം ലോകം കാണാന്‍ കഴിയുന്ന രവിചന്ദ്രന്, അടിമ ഉടമ വ്യവസ്ഥ മനുഷ്യസംസ്‌കൃതിയെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച വൈരുദ്ധ്യാത്മകമായ പങ്കൊന്നും മനസ്സിലാവില്ല. അതീ പ്രമേയത്തിന്റെ വിഷയമല്ലാത്തത് കൊണ്ട് നമുക്ക് തല്‍ക്കാലം വിടാം.

മുതലാളിത്ത ആധുനികത ‘മൂലധനം’ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്ന ഒന്നിനെ രൂപപ്പെടുത്തിയതിലെ പ്രധാന ഘടകം ജന്മിത്ത കാലഘട്ടത്തിലെ കാര്‍ഷിക മിച്ചം തന്നെയാണ്. ജ്ഞാനോദയത്തെ തുടര്‍ന്നുണ്ടായ ശാസ്ത്രവികാസം പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് കാരണമായി. സാങ്കേതികവിദ്യ വികസിച്ചതോടെ ഫ്യൂഡല്‍ കാലത്തിലെ കൈത്തൊഴില്‍ശാലകള്‍ക്ക് പകരം ഫാക്ടറി ഉല്പാദനം നിലവില്‍ വന്നു. കാര്‍ഷിക മേഖലയില്‍ നിന്ന് ധാരാളം പേര്‍ ഫാക്ടറികളില്‍ തൊഴിലാളികളായി വന്നു. പരമ്പരാഗത കൃഷിരീതികള്‍ക്ക് പകരം ട്രാക്ടറും യന്ത്രങ്ങളും രാസവളങ്ങളും കീടനാശിനികളുമൊക്കെ ഉപയോഗിച്ചുള്ള മുതലാളിത്ത കൃഷി വികസിച്ചു. കാര്‍ഷിക വ്യാവസായിക ഉത്പാദനം വന്‍തോതില്‍ വര്‍ദ്ധിച്ചു. ഇവയ്ക്ക് വിപണി കണ്ടെത്തേണ്ടത് അനിവാര്യമായി. വര്‍ത്തകസംഘങ്ങള്‍ നിലവില്‍ വന്നു. ഇവര്‍ വിപണി തേടിയും അസംസ്‌കൃത വസ്തുക്കള്‍ തേടിയും ലോകത്തിന്റെ അതിരുകളോളം സഞ്ചരിച്ചു. കടല്‍കൊള്ളക്കാരായ ചിലര്‍ കവര്‍ച്ച വഴി സമാഹരിച്ച തുകയുമായാണ് കപ്പലുകളും മറ്റും സ്വന്തമാക്കിയതെന്നും, ഇതിലാണ് ചിലര്‍ വാണിജ്യ സഞ്ചാരം തുടങ്ങിയെതെന്നും ചില പഠനങ്ങള്‍ പറയുന്നു. പിന്നീട് ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ ഉയര്‍ന്നു വന്നു. പരമ്പരാഗത കൃഷിയില്‍ നിന്ന് ജന്മിമാര്‍ സമാഹരിച്ച മിച്ചമൂല്യവും മുതലാളിത്ത കൃഷിയില്‍ നിന്ന് കാര്‍ഷിക മുതലാളിമാര്‍ സമാഹരിച്ച മിച്ചമൂല്യവും ചേര്‍ന്ന് കാര്‍ഷിക മൂലധനം (Agrarian Capital) വികസിച്ചു. ഫാക്ടറികളില്‍ നിന്ന് ഉടമകള്‍ സമാഹരിച്ച മിച്ചമൂല്ല്യം വ്യവസായ മൂലധന (Indtsurial Capital) മായി. ഉല്പന്നങ്ങളുടെ വിപണനം അസംസ്‌കൃത വസ്തുക്കളുടെ കച്ചവടം എന്നിവയില്‍ നിന്ന് വാണിജ്യ മൂലധനം ( Mercantil Capital) രൂപം കൊണ്ടു. ഇതു വഴിയൊക്കെ വിനിമയം ചെയ്യപ്പെടുന്ന പണം നിക്ഷേപിക്കുന്നതിനും സംരഭകര്‍ക്ക് വായ്പ നല്‍കുന്നതിനുമൊക്കെയായി ബാങ്കിംഗ് പണമിടപാടു സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നു. ഇതിലൂടെ സമാഹരിക്കപ്പെട്ട മൂലധനമാണ് ബാങ്കിംഗ് മുലധനം. (Finance capital) ഇവയൊക്കെ ചേര്‍ന്നാണ് നമ്മുടെ കാലത്തെ ആധുനിക മൂലധനമായി (Modern Capital) വികസിച്ചത്. ഇതൊക്കെ നടന്നത് ആരുടെയെങ്കിലും ഭൂതദയയിലോ സഹാനുഭൂതിയിലൊ ഒന്നുമല്ല. ”നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക’ എന്ന യേശുവചനമൊന്നുമല്ല ഇവിടെ പ്രാവര്‍ത്തികമായത്. മനുഷ്യന്റെ മാംസം അറുത്തെടുക്കുന്ന ഷൈലോക്കിയന്‍ മത്സരമാണ്. ഈ എല്ലാ മൂലധനവും, പണിയെടുക്കുന്നവര്‍ ഉല്പാദിപ്പിച്ച മിച്ചമൂല്ല്യം, ഒരു ചൂഷക വ്യവസ്ഥയുടെ പരിരക്ഷയില്‍ കവര്‍ന്നെടുത്ത് കുന്നുകൂട്ടിയത് തന്നെയാണ്.

രവിചന്ദ്രന്‍ പറയുന്നത് പുതിയ എന്തെങ്കിലുമൊരു മൂല്യം ഉല്പാദിപ്പിക്കുന്നതെല്ലാം മൂലധനമാണ് എന്നാണ്. നിങ്ങളുടെ സൗന്ദര്യവും പാടാനുള്ള കഴിവുമൊക്കെ നിങ്ങളുടെ മൂലധനമാണ്. ഇത് തികച്ചും അസംബന്ധമാണ്. ഈ കാഴ്ചപ്പാട് അംഗീകരിച്ചാല്‍ മൈക്കിള്‍ ജാക്സനെയൊക്കെ മുതലാളി എന്ന് വിളിക്കേണ്ടിവരും. പുനര്‍നിക്ഷേപ മൂല്യമുള്ള ഒന്നിനെയാണ് ധനതത്വശാസ്ത്രപ്രകാരം മൂലധനം എന്ന് വിളിക്കുക. അപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരും. പുതിയ മൂല്യം ഉല്പാദിപ്പിയ്ക്കാനുള്ള കഴിവ് മനുഷ്യന് മാത്രമുള്ളതാണല്ലോ. മനുഷ്യര്‍ ഇടപെടാത്തിടത്തോളം കാലം മൃഗങ്ങള്‍ എന്തെങ്കിലും പുതിയ മൂല്യം ഉല്പാദിപ്പിക്കുമോ? ഇല്ലല്ലോ. പ്രകൃതി വിഭവങ്ങളില്‍ മനുഷ്യനിടപെട്ട് സ്വന്തം അദ്ധ്വാനശക്തി അതില്‍ ചെലുത്തുമ്പോഴാണ് പുതിയതുണ്ടാവുന്നത്, അത് മൂല്യവത്താകുന്നത്. അതായത് മനുഷ്യന്റ അദ്ധ്വാനശക്തിയാണ് പുതിയ മൂല്ല്യങ്ങള്‍ സൃഷ്ടിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ പ്രശ്നം, അത് സൃഷ്ടിച്ചവനല്ല അതിന്റെ ഉടമസ്ഥനായി തീരുന്നത് എന്നതാണ്. ഒരാളുടെ സൗന്ദര്യം എന്താണ് എന്ന് നിശ്ചയിക്കുന്നത് നിലവിലുള്ള വ്യവസ്ഥയാണ്. കറുപ്പ് വൈരൂപ്യവും വെളുപ്പ് സൗന്ദര്യവുമാകുന്നത് അതുകൊണ്ടാണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളൊക്കെ വ്യവസ്ഥക്കകത്ത് നിര്‍മ്മിക്കപ്പെടുന്നതും വിപണനം ചെയ്യപ്പെടുന്നതുമാണ്. വ്യവസ്ഥ രൂപപ്പെടുത്തിയ സംസ്‌കാരത്തിനകത്ത് മാത്രമേ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. ഒരു ഗായകന് തന്റെ പാട്ട് ‘മൂലധനമാക്കാ’ന്‍ കഴിയണമെങ്കില്‍ വ്യവസ്ഥയുടെ പിന്തുണയോടെയേ കഴിയൂ. നല്ല കഴിവുള്ള ഗായകര്‍ വെറുതേ മൂളിപ്പാട്ടും പാടി തേരാപ്പാരാ നടക്കുമ്പോള്‍ അത്രയൊന്നും കഴിവില്ലാത്ത ധാരാളം പേര്‍ കൊണ്ടാടപ്പെടുന്നത് അതുകൊണ്ടാണ്. കാട്ടില്‍ ആരാലും അറിയാതെ നിറയെ നെല്ലിക്കയുമായി പൂത്തുനില്‍ക്കുന്ന നെല്ലിമരം സ്വമേധയാ ഒരു പുതിയ മൂല്യവും ഉല്പാദിപ്പിക്കുന്നില്ല. ഒരു ഗോത്രമനുഷ്യന്റെ കരം അതില്‍ സ്പര്‍ശിക്കുകയും അധ്വാനം ചെലുത്തപ്പെടുകയും ചെയ്യുമ്പോള്‍ അത് മനുഷ്യരുടെ വ്യവസ്ഥക്കകത്തേക്ക് ആനയിക്കപ്പെടുന്നു. അപ്പോള്‍ മാത്രമാണ് അത് മൂല്ല്യവത്താകുന്നത്.

മൂലധനത്തിന്റെ പ്രാകൃത രൂപീകരണഘട്ടത്തെക്കുറിച്ച് മാര്‍ക്സ് തന്നെ വൈകാരികമായി വിശദീകരിച്ചിട്ടുണ്ട്. 11 വയസ്സു മുതല്‍ മനുഷ്യരെ ഒത്ത തൊഴിലാളിയാക്കുന്നു. 35 വയസ്സാണ് തൊഴിലാളികളുടെ ശരാശരി ആയുസ്സ്. ഖനികളിലൊക്കെ കേവലം ഭക്ഷണവും നക്കാപ്പിച്ച കൂലിയും നല്‍കി 20 മണിക്കൂര്‍ വരെ പണിയെടുപ്പിക്കും. കൊച്ചു കുട്ടികശക്ക് കാലുറച്ചു കഴിഞ്ഞാല്‍ യന്ത്രങ്ങളില്‍ ഇരുത്തിപ്പണിയെടുപ്പിക്കും. മുതലാളിത്ത കൃഷിക്ക് വേണ്ടി നാട്ടിന്‍ പുെേറത്ത സാധാരണ മനുഷ്യരെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിപ്പായിച്ചതിന്റെ ചരിത്രമുണ്ട് യൂറോപ്പിന്. Enclosher Movement എന്നാണത് അറിയപ്പെടുന്നത്. മുതലാളിത്ത ഭൂപ്രഭുക്കള്‍ നാട്ടിന്‍ പുറത്തെ കൃഷിക്കാരനെ യാതൊരു നിയമ പിന്‍ബലവുമില്ലാത്തെ ആയുധങ്ങളേയും ഗുണ്ടകളേയുമുപയോഗിച്ച് മണ്ണില്‍ നിന്നും കൂരകളില്‍ നിന്നും ആട്ടിപ്പായിച്ച് ഭൂമി സ്വന്തമാക്കും. യന്ത്രവല്‍കൃത കൃഷി നടത്തി മൂലധനവും അസംസ്‌കൃത വസ്തുക്കളും സമാഹരിക്കും. കൃഷിഭൂമിയില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ട ദരിദ്ര കര്‍ഷകര്‍ നഗരങ്ങളില്‍ അഭയാര്‍ത്ഥികളായി അടിഞ്ഞുകൂടും. അവര്‍ക്ക് നക്കാപ്പിച്ചാ കൂലി നല്‍കി ഫാക്ടറികളില്‍ മാടുകളെപ്പോലെപ്പണിയെടുപ്പിക്കും. ഇതൊക്കെയായിരുന്നു ആദ്യകാല മുതലാളിത്തം മൂലധന സഞ്ചയനത്തിനായി നടത്തിയ ചെയ്തികള്‍.

മുതലാളിത്തത്തെക്കുറിച്ച് (അദ്ദേഹത്തിന്റെ ഭാഷയില്‍ മൂലധന വ്യവസ്ഥ) സംസാരിക്കുമ്പോഴൊക്കെ രോമാഞ്ചമണിയുന്നുണ്ട് രവിചന്ദ്രന്‍.  അദ്ദേഹം പറയുന്നു ഒരു സ്വതന്ത്ര വ്യവസ്ഥയാണ് മുതലാളിത്തം. സ്വതന്ത്രമായ മാര്‍ക്കറ്റ്, നിയന്ത്രണങ്ങളൊന്നുമില്ല. സ്വതന്ത്രമായ ചിന്ത, ഗോഡ് ഫാദര്‍ മാരില്ല. അതിന് വേണ്ടി വാദിക്കാനാളില്ല. അതൊരു പാര്‍ട്ടിയല്ല.  ചുരുക്കത്തില്‍ മനുഷ്യന്റെ സ്വാതന്ത്ര്യമാണ് മുതലാളിത്തം എന്നൊക്കെയാണ്. കേള്‍ക്കാന്‍ സുഖമാണ്.  പക്ഷേ എന്താണ് യാഥാര്‍ത്ഥ്യം? ഒരു മനുഷ്യന്‍ സ്വതന്ത്രനാകുന്നതെപ്പോഴാണ്? അവന്റെ നൈസര്‍ഗികവും ജനിതകപരവുമായ കഴിവുകള്‍ അവന്റെ തന്നെ സമൂഹം തടസ്സപ്പെടുത്താതിരിക്കുമ്പോഴാണ്. സ്വതന്ത്രമായ ആത്മാവിഷ്‌കാരം സാദ്ധ്യമാകുമ്പോഴാണ് ഒരാള്‍ സ്വാതന്ത്ര്യം അനുഭവിക്കുക. അതിന് ഏറ്റവും വലിയ തടസ്സമായി വര്‍ത്തിക്കുന്നത് മുതലാളിത്തമല്ലാതെ മറ്റൊന്നുമല്ല. മറ്റൊരാള്‍ അദ്ധ്വാനത്തിലൂടെ സൃഷ്ടിക്കുന്ന മൂല്യം തട്ടിയെടുക്കുന്നതാണല്ലോ ചൂഷണം. ഈ ചൂഷണത്തേയും കൊള്ളയേയും നിയമം മൂലം സാധൂകരിക്കുന്ന ഒരു വ്യവസ്ഥയാണ് മുതലാളിത്തം. ഏറ്റവും വലിയ അഴിമതിക്കാരും കൊള്ളക്കാരുമൊക്കെയാണ് മുതലാളിത്ത സമൂഹത്തിലെ ദൈവങ്ങള്‍. പണമാണ് എല്ലാം നിശ്ചയിക്കുക. റൊക്കം പണം ഒഴികെ മറ്റെല്ലാ മൂല്യങ്ങളേയും അത് തമസ്‌ക്കരിക്കുന്നു. യഥാര്‍ത്ഥ കൂലി അടിമത്തം. രാഷ്ട്രീയവും, അധികാരവും ഭരണകൂടസംവിധാനവും നീതിന്യായ വ്യവസ്ഥയുമൊക്കെ മുതലാളിത്ത ചൂഷണത്തെ സാധൂകരിക്കാനുള്ള ഉപകരണങ്ങളായിത്തീരുന്നു.  ഇന്ത്യയെത്തന്നെ ഉദാഹരണമായെടുത്താല്‍ 80 കോടി 30 ലക്ഷത്തോളം ആളുകള്‍ ഒരു ദിവസം 20 രൂപ പോലും വരുമാനമില്ലാത്തവരാണ്. പക്ഷേ നമ്മുടെ ‘ജനാധിപത്യ’പരമായ തെരഞ്ഞെടുപ്പില്‍ നമ്മുടെ പ്രതിനിധികളായി പാര്‍ലമെന്റിലെത്തുന്നത് 90 ശതമാനവും കോടീശ്വരന്മാരാണ്. എം.പി.മാര്‍ മിക്കവാറും പേര്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളുടെ പിണിയാളുകളാണ്. നിയമ നിര്‍മ്മാണമൊക്കെ ആര്‍ക് വേണ്ടിയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ഇതിനെയാണ് സ്വതന്ത്ര വ്യവസ്ഥ എന്ന് സി രവിചന്ദ്രന്‍ രോമാഞ്ചമണിയുന്നത്. ‘ഈ ഗര്‍ഭം എന്റെതല്ല, എന്റെ ഗര്‍ഭം ഇങ്ങനല്ല’ എന്നൊക്കെ മുക്രയിട്ട് കരയുന്ന ജഗതിയുടെ കഥാപാത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട് രവിചന്ദ്രന്റെ ചില വിലാപങ്ങള്‍. ‘മുതലാളിത്തത്തിന് തകര്‍ച്ചയില്ല, അഥവാ തകര്‍ന്നാല്‍ മാര്‍ക്സ് പറഞ്ഞ കാരണങ്ങള്‍ കൊണ്ടാവില്ല, എപ്പോഴെങ്കിലും മരിക്കുമായിരിക്കും അതിനിപ്പഴേ കരയണോ, മുതലാളിത്തം നശിച്ചാല്‍ കുറേക്കൂടി മെച്ചപ്പെട്ട മുതലാളിത്തമായിരിക്കും ഉണ്ടാവുക’ ഇങ്ങനെ പോകുന്നു രവിചന്ദ്രന്റെ വിലാപങ്ങള്‍.

രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ചില്ലേ, തൊള്ളായിരത്തി മുപ്പതുകളിലെ ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചില്ലേ എന്നൊക്കെ അദ്ദേഹം ചോദിക്കുന്നുണ്ട്. മുതലാളിത്തം യുദ്ധങ്ങളെ അതിജീവിച്ചതല്ല. മുതലാളിത്ത ആര്‍ത്തിയാണ് യുദ്ധങ്ങളെ ഉണ്ടാക്കിയത്. വിപണിയും അസംസ്‌കൃത വസ്തുക്കളും തേടിയുള്ള മുതലാളിത്ത കിടമത്സരങ്ങളാണ് ലോകത്ത് കോളനിവല്‍ക്കരണത്തിന് കാരണമായത്. ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരതകള്‍ക്കാണ് കോളനിവല്‍ക്കരണം ഇടയാക്കിയത്.

അമേരിക്കയിലെ ആദിമനിവാസികളെ ഒന്നടങ്കം കൊലപ്പെടുത്തിയാണ് യൂറോപ്യന്‍മാര്‍ അങ്ങോട്ടു കുടിയേറിയത്. ആ മണ്ണിന്റെ നേരവകാശികളോട് മുതലാളിത്തം കാണിച്ച ക്രൂരത ഓര്‍ക്കാന്‍ കൂടി കഴിയാത്തതാണ്. വസൂരി പിടിച്ച് കൂട്ടത്തോടെ ചത്തുപോയ ആഫ്രിക്കക്കാരുടെ, രോഗാണുകള്‍ നിറഞ്ഞ കമ്പിളി പുതപ്പുകള്‍, അടിമകളെ ഉപയോഗിച്ച് ശേഖരിച്ച്, അമേരിക്കയിലെ ഇന്‍കോകള്‍, മയന്മാര്‍ തുടങ്ങിയ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ സൗജന്യമായി വിതരണം ചെയ്തു. അവര്‍ കൂട്ടത്തോടെ വസൂരി പിടിച്ച് മരിച്ചു. അവശേഷിച്ചവരെ വെടിവെച്ച് കൊന്നു. എന്നിട്ട് അവരുടെ മണ്ണ് കയ്യടക്കി. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുവന്ന നീഗ്രോകളെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചു. ഇതൊക്കെ ചരിത്രമാണ്. ഭൂമി വിട്ടു നല്‍കണമെന്ന ആവശ്യവുമായി വന്ന അമേരിക്കന്‍ പ്രസിഡണ്ടിന്റെ ദൂതനു മുമ്പില്‍, വാഷിംഗ്ടണിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തെ ദ്വീപുകള്‍ നിറഞ്ഞ ആദിവാസി കേന്ദ്രത്തിന്റെ മൂപ്പനായിരുന്ന, സിയാറ്റില്‍ മൂപ്പന്‍ നടത്തിയ ഒരു വികാര തീവ്രമായ പ്രസംഗമുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണത്. അത് മാത്രം വായിച്ചാല്‍ മതി മുതലാളിത്തം ആദിമ മനുഷ്യന്റെ സംസ്‌കാരങ്ങളെ എങ്ങിനെയൊക്കെയാണ് കുടഞ്ഞെറിഞ്ഞത് എന്ന് മനസ്സിലാക്കാന്‍.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ബ്രിട്ടന്‍ മാറിയത് ഒരു കൗതുകത്തിനൊന്നുമായിരുന്നില്ല. മാഞ്ചസ്റ്ററിലേയും മറ്റും വ്യവസായശാലകളില്‍ മൂന്ന് ഷിഫ്റ്റായി തൊഴിലാളികള്‍ വിയര്‍പ്പു ചിന്തി ഉല്പാദിപ്പിക്കുന്ന തുണി അടക്കമുള്ള വ്യവസായിക ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പരുത്തി ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കള്‍ കൊള്ളചെയ്തെടുക്കുന്നതിനുമായിരുന്നു. യൂറോപ്പിലെ മുതലാളിത്ത രാജ്യങ്ങള്‍, ലോകമാകെ ഇങ്ങനെ വെട്ടിപ്പിടിച്ചെടുത്ത്, പങ്കിട്ടെടുത്ത്, അനുഭവിച്ചു വരികയായിരുന്നു. ഏഷ്യയും ആഫ്രിക്കയും അമേരിക്കയും ഒക്കെ യൂറോപ്പിന്റെ കോളനികളായത് അങ്ങിനെയാണ്. ഈ രാജ്യങ്ങളിലെ സാധാരണ മനുഷ്യന്റെ അധ്വാനശക്തിയെ കവര്‍ന്നെടുത്തും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ചുമാണ് യൂറോപ്യന്‍ മുതലാളിത്തം തടിച്ചുകൊഴുത്തത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ‘വിശ്വചരിത്രാവലോകനം’ എന്ന പുസ്തകത്തില്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടന്‍ പ്രതിവര്‍ഷം കടത്തിക്കൊണ്ടുപോയ സമ്പത്തിന്റെ ഞെട്ടലുളവാക്കുന്ന കണക്കുകള്‍ നല്‍കിയിട്ടുണ്ട്.

35 ലക്ഷം സാധാരണ മനുഷ്യര്‍ പട്ടിണി കിടന്ന് മരിച്ചു പോയ കുപ്രസിദ്ധമായ ‘ബംഗാള്‍ ക്ഷാമ’ത്തിന് (Bengal Famine) കാരണമായത് ബംഗാളിന്റെ ചോരയൂറ്റിയൂറ്റിയെടുത്ത ബ്രിട്ടീഷ് നടപടിയാണെന്ന് കണക്കുകള്‍ സഹിതം നെഹ്‌റു പറയുന്നുണ്ട്. ഒരു മുതലാളിത്ത രാജ്യത്തിന്റെ കീഴിലുള്ള കോളനിരാജ്യങ്ങളെ തട്ടിയെടുത്ത് പുനര്‍ വിഭജിയ്ക്കാനുള്ള അത്യാഗ്രഹമാണ് ലോകയുദ്ധങ്ങളില്‍ ചെന്നെത്തിയത്. മുതലാളിത്ത ചരിത്രകാരന്മാര്‍ മറ്റെന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും ഇതായിരുന്നു അടിസ്ഥാന പ്രശ്നം. അതായത് മുതലാളിത്തം, യുദ്ധങ്ങളെ അതിജീവിക്കുകയായിരുന്നില്ല. യുദ്ധങ്ങള്‍ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ യുദ്ധക്കെടുതികള്‍ താങ്ങേണ്ടി വന്നത് സാധാരണ ജനങ്ങളും. ലോകത്ത് യുദ്ധോപകരണങ്ങളും ശവപ്പെട്ടിയുമൊക്കെ ഉണ്ടാക്കി വിറ്റ് ലാഭം കൊയ്യുന്ന യുദ്ധപ്രഭുക്കള്‍ അന്നും ഇന്നും തടിച്ചുകൊഴുക്കുന്നു. അവര്‍ക്ക് യുദ്ധവും ലാഭാധിഷ്ടിത വ്യവസായമാണ്.

മറ്റൊന്ന് മഹാമാന്ദ്യമെന്നും (Great Dipression) ലോക സാമ്പത്തിക പ്രതിസന്ധിയെന്നും അറിയപ്പെട്ട മുതലാളിത്തക്കുഴപ്പത്തെ മുതലാളിത്തം അതിജീവിച്ചു എന്ന വീമ്പു പറച്ചിലാണ്. ഉല്പാദനം, അമിതോല്പാദനം,മാന്ദ്യം, തകര്‍ച്ച, വീണ്ടെടുപ്പ്, വീണ്ടും ഉല്പാദന വളര്‍ച്ച, മാന്ദ്യം എന്നത് മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണന്ന് കണ്ടെത്തിയത് കാള്‍ മാര്‍ക്സ് ആണ്. ഇതിനെ അദ്ദേഹം മുതലാളിത്ത കുഴപ്പമെന്നും ചാക്രികപ്രതിസന്ധി (Cyclic Crisis) എന്നും പേരിട്ട് വിളിച്ചു. പത്ത് വര്‍ഷത്തിലൊരിക്കല്‍ പൊതുവേ മുതലാളിത്ത കുഴപ്പം സംഭവിക്കുമെന്നും ഇത് പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ പണപ്പെരുപ്പം തൊഴിലില്ലായ്മ എന്നിവ രൂക്ഷമായി മുതലാളിത്ത വ്യവസ്ഥ തന്നെ പ്രതിസന്ധിയിലാകുമെന്നും മാര്‍ക്സ് നിരീക്ഷിച്ചു. 1928ല്‍ ഉണ്ടായ ഇത്തരം ഒരു പ്രതിസന്ധിയെ മറികടന്നതിനെയാണ് ഒരു വലിയ കാര്യമായി രവിചന്ദ്രന്‍ ഉയര്‍ത്തിക്കാട്ടുന്നത്! മുതലാളിത്തം അതിജീവിച്ചു എന്നത് ശരി തന്നെയാണ്. ഇവിടെയാണ് രവിചന്ദ്രന്‍ തന്നെ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ച കെയിന്‍സ് പ്രഭുവിന്റെ (John Maynard Keynes) പേര് നാം ഓര്‍ക്കേണ്ടത്. സൂക്ഷ്മ സമ്പദ് ശാസ്ത്രത്തില്‍ വിദഗ്ധനായ ഇദ്ദേഹം ‘മാര്‍ക്സ് പോയി തുലയട്ടെ” എന്നാണ് അന്ന് പറഞ്ഞത്. വിപണിയെ അതിന്റെ പാട്ടിന് വിടുക; സര്‍ക്കാര്‍ വിപണിയില്‍ നിന്ന് മാറി നില്‍ക്കുക തുടങ്ങിയ വാദമുന്നയിച്ച സി.രവിചന്ദ്രനെപ്പോലുള്ള സ്വതന്ത്ര വിപണി (Lasis Faire Capitalism) വാദക്കാരായിരുന്നു അന്നുണ്ടായിരുന്നത്. കെയിന്‍സ് പ്രഭു പറഞ്ഞത് സര്‍ക്കാരുകള്‍ വെറുതേ നോട്ടടിച്ചിറക്കി ധാരാളം പണം ജനങ്ങളില്‍ എത്തിക്കാനായിരുന്നു. അങ്ങിനെ ആളുകള്‍ കെട്ടിക്കിടക്കുന്ന ഉല്പന്നങ്ങള്‍ വാങ്ങട്ടെ. അപ്പോള്‍ വിപണി സജീവമാകും അതോടെ പ്രതിസന്ധി അകന്നു പോകും എന്നായിരുന്നു കെയിന്‍സിന്റെ സിദ്ധാന്തം. റോഡരുകില്‍ ഒരു കാര്യവുമില്ലാതെ, ആളുകളെ വിളിച്ച് കിടങ്ങു തീര്‍ക്കുക, വൈകീട്ട്, വെറുതെ അടിച്ചു വെച്ച പണം അവര്‍ക്ക് കൂലിയായി നല്‍കുക. കൂലി കിട്ടിയാല്‍ അവര്‍ സാധനങ്ങള്‍ വാങ്ങാന്‍ വിപണിയിലെത്തും അതോടെ പ്രതിസന്ധി തീരും. ഇതായിരുന്നു കെയിന്‍സിന്റെ ലൈന്‍. അപ്പാള്‍ ഒരാള്‍ ചോദിച്ചു, കുഴിച്ചു വെച്ച കിടങ്ങുകള്‍ എന്തു ചെയ്യും? കെയിന്‍സിന്റെ മറുപടി വിവരക്കേട് പറയാതെ, തലേന്നാള്‍ കഴിക്കാനെത്തിയവരെ വീണ്ടും വിളിക്കൂ. അവരോട് കുഴി മൂടാന്‍ പറയൂ. അന്നും അവര്‍ക്ക് കൂലിയായി വെറുതെ അടിച്ചു വെച്ച കറന്‍സികള്‍ നല്‍കാമല്ലോ എന്നായിരുന്നു. ഈ ധനതത്വശാസ്ത്രത്തെയാണ് ലോകം കെയ്നീഷ്യന്‍ ധനശാസ്ത്രം (keynesian Economics) എന്ന് വിളിച്ചത്. ഇത്തരം നടപടികളിലൂടെയാണ് അന്ന് മുതലാളിത്തം സാവധാനം കരകയറിയത്. ഇതില്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് സ്വതന്ത്ര വിപണിവാദം പൊളിഞ്ഞു. സര്‍ക്കാര്‍ ശക്തമായിത്തന്നെ വിപണിയിലിടപെട്ട് മുതലാളിത്തത്തെ താല്‍ക്കാലികമായി കരകയറ്റി. അതോടെ രവിചന്ദ്രനെപ്പോലുള്ളവര്‍ പറഞ്ഞു കൊണ്ടിരിക്കുന്ന മുതലാളിത്തം പ്രകൃതി പ്രതിഭാസങ്ങളെപ്പോലെ സംഭവിക്കുന്നതാണ് എന്ന വാദം പൊളിഞ്ഞു.

രണ്ട്. മുതലാളിത്ത പൊതു കുഴപ്പം താല്‍ക്കാലികമായി മാത്രമേ പരിഹരിക്കപ്പെടുന്നുള്ളൂ എന്നും പ്രതിസന്ധി ഈട്ടം കൂടി തൊഴിലില്ലായ്മയും പണപ്പെരുപ്പവും (un Employment+ Inflation) ഒന്നിച്ച് വന്ന് മറ്റൊരു കുഴപ്പമായി (Stagflation) വരുമെന്നും മാര്‍ക്സിസ്റ്റുകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അത് ചാക്രിക പ്രതിസന്ധി (Cyclic Crisis) എന്ന ലഘുരൂപത്തില്‍ നിന്ന് മുതലാളിത്ത വ്യവസ്ഥയെ തന്നെ അടിമുടി ബാധിക്കുന്ന, ഒരു പക്ഷേ വ്യവസ്ഥയെ തന്നെ തകര്‍ത്തേക്കാവുന്ന (Systemic Crisis) വമ്പന്‍ പ്രതിസന്ധിക്ക് കാരണമാകുമെന്നും മുന്നറിയിപ്പു നല്‍കപ്പെട്ടു. 2008 ഓടെ ലോകം ഇത്തരം ഒരു മഹാമാന്ദ്യത്തിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുകയാണല്ലോ. ഇത് മുതലാളിത്തത്തിന്റെ മികവാണോ ദൗര്‍ബല്ല്യമാണോ പ്രകടമാക്കുന്നത്? മുതലാളിത്ത വ്യവസ്ഥയെത്തന്നെ തകര്‍ത്തെറിഞ്ഞേക്കാവുന്ന വിതാനങ്ങളിലേക്കാണ് ലോകം നാള്‍ക്കുനാള്‍ മാറിക്കൊണ്ടിരിക്കുന്നത്. ഈ അവസരം ഉപയോഗിച്ച് വിപ്ലവ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള നിസ്വവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ ലോകത്ത് പരിമിതമാണ്. അത് പലപ്പോഴും മതം, വര്‍ഗ്ഗീയത, ഫാസിസം പോലുള്ള പ്രതിലോമ ആശയങ്ങള്‍ ലോകമാകെ ശക്തിപ്പെടാന്‍ കാരണമാകുന്നുമുണ്ട്.

ലോകത്ത് അസമത്വം (Dispartiy) ഭയാനകമായ നിലയില്‍ വര്‍ദ്ധിക്കുകയാണ് എന്ന കാര്യം സമ്മതിക്കുന്നതിന് പ്രയാസമൊന്നുമില്ല രവിചന്ദ്രന്. ലോക സമ്പത്തിന്റെ 45 ശതമാനവും കയ്യടക്കി വെച്ചത് ഒരു ശതമാനം വരുന്ന സമ്പന്നരാണന്നും മനുഷ്യ കുലം അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പത്തിന്റെ 84 ശതമാനവും 10 ശതമാനം സമ്പന്നര്‍ കയ്യടക്കിയതാണന്നും ഒക്കെ അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഇന്ത്യയുടേതുള്‍പ്പെടെ സമാനമായ കണക്കുകള്‍ യഥേഷ്ടം പുറത്തുവരുന്നുണ്ട്.

‘ഒരു ശതമാനം വരുന്ന ‘നിങ്ങള്‍’അധികാരവും സമ്പത്തും കയ്യടക്കി 99 ശതമാനം വരുന്ന ‘ഞങ്ങളെ അടിമകളാക്കി ഭരിക്കുന്നു’ എന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ ജനത നടത്തിയ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ലോകത്തെത്തന്നെ പിടിച്ചുകുലുക്കുകയുണ്ടായി. ലോകമാകെ സമാനമായ പ്രക്ഷോഭങ്ങള്‍ കത്തിപ്പടരുന്നുമുണ്ട്. പക്ഷേ അതൊന്നും താന്‍ പൊക്കിപ്പിടിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ പ്രശ്നമല്ല, പ്രകൃതി നിയമമാണ് എന്നാണ് രവിചന്ദ്രന്റെ നിലപാട്. ഈ വാദങ്ങളൊന്നും പുതിയ തല്ലെങ്കിലും നവ സിദ്ധാന്തങ്ങള്‍ ചമയ്ക്കുന്നുണ്ട് അദ്ദേഹം. അതിന് വില്‍ഫ്രെഡ് പരെറേറാ (Wilfred Parato) എന്ന പൊളിറ്റിക്കല്‍ എക്കണോമിസ്റ്റിനെ ‘സാക്ഷിയാക്കി അവതരിപ്പിക്കുന്നുമുണ്ട്. ലോകത്ത് സമ്പത്തായാലും കൃഷിഭൂമിയായാലും കലയായാലും സാഹിത്യമായാലും പ്രണയകാമനകളായാലും ഒക്കെ10 ശതമാനം വരുന്നവരുടെ നിയന്ത്രണത്തിലായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിനെ സാധൂകരിക്കാന്‍ ഭാരതീയ തത്വചിന്തയിലെ പ്രസിദ്ധമായ സ്വഭാവവാദത്തെ വരെ അദ്ദേഹം കൂട്ടുപിടിക്കുന്നു. അതൊരു പ്രകൃതി പ്രവണത (Natural tendency) യാണെന്ന് വരെ അദ്ദേഹം സമര്‍ത്ഥിച്ചു കളയുന്നു. പ്രകൃതി പ്രവണതകള്‍ മനുഷ്യര്‍ക്ക് മാത്രം ബാധകമാകുന്നതായിരിക്കുമോ? മറ്റ് ജീവജാലങ്ങള്‍ക്ക് ഈ നിയമം ബാധകമല്ലേ? അങ്ങിനെയെങ്കില്‍ മറ്റു ജീവികളിലെ 10 ശതമാനം 90 ശതമാനത്തിന്റെ ആവാസ വ്യവസ്ഥ, ഭക്ഷണം, ഇണ എന്നിങ്ങനെയെന്തെങ്കിലും കയ്യടക്കി വെയ്ക്കുന്നുണ്ടോ? മനുഷ്യന്‍ മാത്രം അങ്ങിനെ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പ്രകൃതിയുടെ തലയിലാണോ കെട്ടിവെക്കേണ്ടത്? മനുഷ്യനൊഴികെയുള്ള ജൈവമണ്ഢലവും പ്രകൃതിയും തമ്മിലുള്ള പരസ്പര ബന്ധവും (Interaction) മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര ബന്ധവും തമ്മിലുള്ള വ്യത്യാസമെന്താണ്? ഇതിനെ ശരിയായി പഠിക്കണമെങ്കില്‍ ജീവിവര്‍ഗ്ഗങ്ങളുടെ പരിണാമം, പ്രകൃതി നിര്‍ദ്ധാരണം (Natural selection) എന്നിവ വിശദമായി പ്രതിപാദിക്കേണ്ടി വരും. അതിനിവിടെ അവസരമില്ലല്ലോ. മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതി നിയമങ്ങള്‍ക്ക് കീഴ് വഴങ്ങി ജീവിക്കുമ്പോള്‍ മനുഷ്യന്‍ പ്രകൃതി നിയമങ്ങള്‍ക്ക് കീഴ് വഴങ്ങുന്നതോടൊപ്പം പ്രകൃതിയെ തന്റെ ഇച്ഛയ്ക്കും ആവശ്യങ്ങള്‍ക്കും കീഴടക്കുന്ന ജീവി കൂടിയാണ്. ഇതൊരു വൈരുദ്ധ്യാത്മക പ്രവര്‍ത്തനമാണ്.

പ്രകൃതിയിലിടപെടുക വഴി മനുഷ്യന്‍ സൃഷ്ടിക്കുന്ന അധികമൂല്യം വര്‍ഗ്ഗവ്യവസ്ഥ വഴി ഒരു ചെറു ന്യൂനപക്ഷം കൈവശപ്പെടുത്തുന്നത് പ്രകൃതി നിയമമല്ല. മനുഷ്യന്‍ സൃഷ്ടിച്ചെടുത്ത വര്‍ഗ്ഗ നിയമമാണ്. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ വര്‍ഗ്ഗ നിയമങ്ങളെ നിരാകരിച്ച് വര്‍ഗ്ഗരഹിതമായ സമൂഹം രൂപപ്പെടുമെന്ന, ചരിത്ര വികാസത്തിന്റെ ശാസ്ത്രീയ നിയമങ്ങളെ അനാവരണം ചെയ്യുകയാണ് മാര്‍ക്സ് ചെയ്തത്. ഈ യാഥാര്‍ത്ഥ്യം മറയ്ക്കുന്നതിന് പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയെ അസമത്വങ്ങളെ സാധൂകരിക്കാനുള്ള പരിചയാക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ കാപട്യമാണ്. അസമത്വത്തെ ന്യായീകരിക്കാനുള്ള വെപ്രാളത്തില്‍ അദ്ദേഹം രക്തത്തെ ഉദാഹരണമാകുന്നുണ്ട്. അദ്ദേഹത്തിന് യാത്രയിലുണ്ടായ ബോധോദയമാണത്രേ! രക്തം കുലുക്കിയെടുത്താല്‍ പ്ലാസ്മ മുകളിലും മറ്റ് രക്താണുക്കള്‍ താഴെയുയായി വേര്‍തിരിയുന്നു. ഇത് അസമത്വത്തെ മനസ്സിലാക്കാനുള്ള ക്ലാസിക്ക് ഉദാഹരണമാണത്രേ! എനിയ്ക്കത് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. പ്ലാസ്മ മുകളിലും മറ്റൊക്കെ താഴെയുമായത് കൊണ്ട് അതെങ്ങിനെ അസമത്വത്തെ സാധൂകരിക്കും! ഒരെത്തും പിടിയും കിട്ടുന്നില്ല. അത് രക്തത്തിന്റെ സ്വഭാവമാണത്രേ. ആയിക്കോട്ടെ അത് കൊണ്ടെന്താണ്? കേട്ടിരിക്കുന്നവരൊക്കെ പൊട്ടന്മാരാണന്ന അഹന്തയിലുള്ള ഇത്തരം പ്രസംഗങ്ങളുണ്ടല്ലോ. അതിത്തിരി കടന്നകയ്യാണെന്നത് പറയാതിരിക്കാന്‍ വയ്യ.

അവസര സമത്വത്തെ അപഹസിക്കുകയും മത്സരത്തെ ഒരു കേവല സിദ്ധാന്തമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന രവിചന്ദ്രന്‍ അടുത്ത ശ്വാസത്തില്‍ മുതലാളിത്തം സ്വാതന്ത്ര്യത്തിന്റെ പൂന്തോട്ടമാണെന്ന് പറയും. സാമ്പത്തിക അസമത്വവും ദാരിദ്ര്യവും ഇരട്ടപെററ കുഞ്ഞുങ്ങളാണ് എന്ന യാഥാര്‍ത്ഥ്യം ഇദ്ദേഹം നിരാകരിക്കുന്നു. ഇത് രണ്ടും വേറെ വേറെയായി മനസ്സിലാക്കേണ്ടതാണ് എന്ന വാദമാണ് രവിചന്ദ്രന്‍ ഉന്നയിക്കുന്നത്. അസമത്വം പ്രകൃതി നിയമമാണെന്ന് വാദിക്കുന്നതിന്റെ അടുത്ത ശ്വാസത്തില്‍ ദാരിദ്ര്യം ലഘൂകരിച്ചത് മുതലാളിത്തത്തിന്റെ മിടുക്കുകൊണ്ടാണെന്നും വാദിച്ചുകളയും. ദാരിദ്ര്യത്തെക്കുറിച്ചുള്ള ലോകബാങ്ക് കണക്കുകള്‍ പ്രകാരം രണ്ട് നൂറ്റാണ്ടിനിടയില്‍ ഭൂമിയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ സംഖ്യ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. കണക്കുകളിലെ കസര്‍ത്തുകള്‍ അവിടെ നില്‍ക്കട്ടെ. ജനസംഖ്യാശാസ്ത്രജ്ഞന്‍ മാല്‍ത്തൂസ്, ജനസംഖ്യ വന്‍തോതിന്‍ പെരുകുകയും ഭക്ഷണം അതിനനുസരിച്ച് നിര്‍മ്മിച്ചെടുക്കാന്‍ കഴിയാതെ വരികയും ചെയ്യുമെന്ന് പ്രവചിച്ചിരുന്നെങ്കിലും അങ്ങിനെ സംഭവിച്ചില്ല. എന്തുകൊണ്ട്? രവിചന്ദ്രന്‍ പറയുന്ന പോലെ മുതലാളിത്തത്തിന്റെ മാജിക്കാണോ? ‘സ്വയം നിര്‍മ്മിക്കാന്‍ പഠിച്ച’ മനുഷ്യന്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് ആര്‍ജിച്ച അസൂയാവഹമായ പുരോഗതിയാണതിന് കാരണം. കാര്‍ഷിക ഗവേഷണത്തിലൂടെ ഉല്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞു. ഇന്ന് ലോകത്താകെയുള്ള മനുഷ്യര്‍ക്ക് ഭക്ഷിക്കാനാവശ്യമായ ധാന്യം കൃഷി ചെയ്തെടുക്കാനുള്ള സാങ്കേതികവിദ്യകള്‍ നാം സായത്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഭൂമുഖത്ത് ഭക്ഷണം കിട്ടാത്തവരുടെ സംഖ്യ പെരുകുക തന്നെയാണ്.

ഒരു ഭാഗത്ത് മനുഷ്യര്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍ മുതലാളിമാരുടെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം എലിയും പാറ്റയും തിന്നും മഴ നനഞ്ഞും പുഴുത്തും കെട്ടുമൊക്കെ നശിക്കുന്നു. പട്ടിണി കിടന്നു മരിച്ചു കൊണ്ടിരിക്കുന്ന സ്വന്തം സഹോദരങ്ങള്‍ക്ക് സൗജന്യമായോ ന്യായവിലയ്ക്കോ ഇത് നല്‍കണം എന്ന് ആവശ്യപ്പെടുമ്പോള്‍ മുതലാളിമാര്‍ പറയുന്നത്, അത് സാദ്ധ്യമാവില്ല എന്നാണ്. അങ്ങിനെ ചെയ്താല്‍ ധാന്യങ്ങളുടെ വിലയിടിയും, അത് വ്യാപാരമിച്ചം കുറയ്ക്കും അത് നമ്മുടെ അടവുശിഷ്ടക്കമ്മി വര്‍ദ്ധിപ്പിക്കും അത് സമ്പദ് വ്യവസ്ഥക്ക് ദോഷം ചെയ്യും എന്നൊക്കെയാണ് വാദം. ഇത് ഒന്നു ലഘൂകരിച്ചു പറഞ്ഞാല്‍, പച്ചമലയാളത്തില്‍ അതിന് ഒരര്‍ത്ഥമേയുള്ളൂ. മുതലാളിമാരുടെ ലാഭം കുറയും എന്ന്. മനുഷ്യന്റെ പട്ടിണി മാറ്റേണ്ട ധാന്യം കോടികള്‍ ചെലവഴിച്ച് മുതലാളിമാരും അവരുടെ സര്‍ക്കാരുകളും കത്തിച്ചു കളയുന്നു. കുഴിച്ചുമൂടുന്നു. കപ്പലുകളില്‍ ആഴക്കടലിലെത്തിച്ച് കടലില്‍ താഴ്ത്തുന്നു. കാലിത്തീറ്റയും കോഴിത്തീറ്റയുമാക്കാന്‍ മറിച്ചുവില്‍ക്കുന്നു. അപ്പോഴും പട്ടിണി കിടക്കുന്ന സഹജീവികള്‍ക്ക് നല്‍കില്ലെന്ന് വാശി പിടിക്കുന്നു. മുതലാളിത്തത്തിന് മനുഷ്യന്റെ പട്ടിണിയല്ല പ്രശ്നം, മുതലാളിയുടെ ലാഭമാണ്. ( ഏതാനും വര്‍ഷം മുമ്പ് ഇന്ത്യന്‍ ഗോഡൗണുകളില്‍ പുഴുത്ത് കെട്ട് നശിക്കുന്ന ധാന്യം കടലില്‍ത്തള്ളാതെ പാവങ്ങള്‍ക്ക് സൗജന്യ വിലയ്ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന സുപ്രീം കോടതിയെ സമീപിച്ചതും ആ ആവശ്യം നിരാകരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും അന്ന് ആസൂത്രണക്കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്ന മൊണ്ടെക് സിംഗ് അഹലൂവാലിയ നടത്തിയ പ്രസ്താവനയും ഓര്‍ക്കുക)

സി.രവിചന്ദ്രനും ഇതേ അര്‍ത്ഥശാസ്ത്രത്തിന്റെ ആരാധകനാണല്ലോ. അദ്ദേഹം എല്ലാ ‘സൗജന്യ’ങ്ങള്‍ക്കുമെതിരാണെല്ലോ. ക്യാന്‍സര്‍ ഗവേഷണവുമായി ബന്ധപ്പെട്ട് ഈയിടെ പുറത്തു വന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ഗവേഷണ പ്രവര്‍ത്തനങ്ങളും ശാസ്ത്രജ്ഞരെത്തന്നെയും പേറ്റന്റ് ചെയ്ത് സ്വകാര്യ കസ്റ്റഡിയില്‍ വെച്ച്, കണ്ടു പിടിയ്ക്കപ്പെട്ട മരുന്നുകള്‍ മാര്‍ക്കറ്റിലിറക്കാതെ, ആയിരങ്ങളെ മരണത്തിന് വിട്ടുകൊടുത്തും തങ്ങള്‍ ഉല്പാദിപ്പിച്ച പഴയ മരുന്നുകള്‍ കൊള്ള വിലയ്ക്ക് വിറ്റും മനുഷ്യരാശിയെ മുതലാളിത്തം വെല്ലുവിളിക്കുന്നു. മഹാരാഷ്ട്രയിലെ ദരിദ്രരായ ഉരുളക്കിഴങ്ങ് കൃഷിക്കാര്‍ക്കെതിരെ, തങ്ങള്‍ക്ക് പേറ്റന്റുള്ള വിത്തുപയോഗിച്ചു എന്നാരോപിച്ച്, പെപ്സിക്കോള കോടികള്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് നല്‍കിയ കേസ്് വലിയ ചര്‍ച്ചയായതാണല്ലോ. അതായത് ശാസ്ത്ര സാങ്കേതിക രംഗത്ത് മനുഷ്യരാശി നേടിയ പുരോഗതി മനുഷ്യര്‍ക്കാകെ ഉപയോഗിക്കാന്‍ സാധിച്ചാല്‍ പട്ടിണിയും രോഗങ്ങളുമുള്‍പ്പെടെ സാധാരണ മനുഷ്യര്‍ അനുഭവിക്കുന്ന വിഭവ ദാരിദ്ര്യമാകെ പരിഹരിക്കാന്‍ കഴിയും. അതിനനുവദിക്കാതെ അതൊക്കെ തങ്ങളുടെ സ്വകാര്യ സ്വത്താക്കിവെച്ച് ജനങ്ങളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേയ്ക്ക് ചവിട്ടിത്താഴ്ത്തിക്കൊണ്ടിരിക്കുന്നത് മുതലാളിത്തമാണ്. ദാരിദ്ര്യം ലഘൂകരിക്കപ്പെട്ടിട്ടുണ്ടങ്കില്‍ അതിന് കാരണം കഴിഞ്ഞ രണ്ട് മൂന്ന് നൂറ്റാണ്ടുകളില്‍ മനുഷ്യരാശി നേടിയ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളാണ്. അത് കയ്യടക്കി വെച്ച് കൃതിമമായി ക്ഷാമമുണ്ടാക്കിയും വിഭവങ്ങള്‍ പൂഴ്ത്തിവെച്ചും സാധാരണ മനുഷ്യരെ കൊള്ളയടിക്കുകയാണ് മുതലാളിത്തം. ഇതിനെയൊക്കെ വിതണ്ഡവാദങ്ങള്‍ നിരത്തി ന്യായീകരിക്കാനാണ് രവിചന്ദ്രന്‍ ശ്രമിക്കുന്നത്.

എന്‍.വി ബാലകൃഷ്ണന്‍

രാഷ്ട്രീയ നിരീക്ഷകന്‍

We use cookies to give you the best possible experience. Learn more