സ്വാതന്ത്ര്യപ്പുലരിയോടെ നമ്മുടെ നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യന്‍ യൂനിയനിലും പാക്കിസ്ഥാനിലുമായി ലയിച്ചില്ലാതായി എന്നാണ് നമ്മളൊക്കെ ധരിച്ചു വെച്ചിരിയ്ക്കുന്നത്. എന്നാല്‍ അനുഭവം കൊണ്ട് ഈ ധാരണ ഈ ലേഖകന്‍ തിരുത്തുകയാണ്. കാരശ്ശേരി മാഷിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഘത്തോടൊപ്പം കക്കാടംപൊയില്‍ എന്ന ഹൈറേഞ്ച് പ്രദേശം സന്ദര്‍ശിക്കാന്‍ പോയ എല്ലാവരും ഇത്തരം തെറ്റായ ധാരണകള്‍ ഇതിനകം തിരുത്തിയിട്ടുണ്ടാവും.
രണ്ട് പ്രളയങ്ങളെ തുടര്‍ന്ന് പശ്ചിമഘട്ടത്തിലെ ‘വികസന’ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ആ മേഖലയിലെ ഭൗമഘടനയേയും പരിസ്ഥിതിയേയും എങ്ങിനെയൊക്കെയാണ് ബാധിക്കുന്നത് എന്ന് നേരില്‍ കണ്ട് മനസ്സിലാക്കാനാണ് ഞങ്ങള്‍ കക്കാടംപൊയിലില്‍ പോയത്. കേരളത്തിലെ നിയമസഭാസാമാജികരില്‍ പ്രമുഖനായ പി വി.അന്‍വറിന്റെ ഉടമസ്ഥതയിലുള്ള ഫാന്റസി പാര്‍ക്ക്, രണ്ട് മലകള്‍ക്കിടയില്‍ കൂറ്റന്‍ തടയണ നിര്‍മ്മിച്ച് അദ്ദേഹം പണിതിട്ടുള്ള റിസര്‍വോയര്‍ ,അവിടെ ബോട്ട് സര്‍വ്വീസ് ആരംഭിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ബോട്ട് ജെട്ടി, റോപ്പ് വേ, ടൂറിസ്റ്റ് വില്ലേജ്, കരിങ്കല്‍ ക്വാറികള്‍ എന്നിവ നേരില്‍ കണ്ട് ആക്ഷേപങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കലായിരുന്നു ഉദ്ദേശം.
പശ്ചിമഘട്ട മലനിരകളില്‍ കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലെ വനഗ്രാമങ്ങളിലാണ് ഇവയൊക്കെ പണിതിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലുള്ള, വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ള, പ്രകൃതി ദുര്‍ബല മേഖലകളിലാണിത്. പി.വി.അന്‍വര്‍ എന്നു പറയുന്ന ഈ ജനപ്രതിനിധിയാകട്ടെ ഒരു സാധാരണ രാഷ്ട്രീയക്കാരനായി എഴുതിത്തള്ളാവുന്ന ആളല്ല. പരിസ്ഥിതി സംരക്ഷണം മൗലികമായ ചുമതലയായി പരിഗണിക്കുന്ന ഒരിടതുപക്ഷ പാര്‍ട്ടിയുടെ എം.എല്‍.എയാണ്. സി.പി.ഐ (എം) ന്റെ പരിപാടി രേഖയില്‍ പലയിടത്തായി പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച പാര്‍ട്ടിയുടെ കാഴ്ചപ്പാട് അസന്നിഗ്ധമായ് വിശദീകരിച്ചിട്ടുമുണ്ട്.
അവിടേയും തീരുന്നില്ല. നിയമസഭയിലെ പരിസ്ഥിതി സമിതിയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന അംഗം കൂടിയാണിദ്ദേഹം. ഇങ്ങനെയുള്ള ഒരാള്‍ ജനപ്രതിനിധിയാകുമ്പോള്‍ അദ്ദേഹത്തിന് സമൂഹത്തോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് തികഞ്ഞ ജാഗ്രത ഉണ്ടാവേണ്ടതാണല്ലോ. പരിസ്ഥിതി ദുര്‍ബല പ്രദേശം കൂടിയായ ഒരു മേഖലയില്‍ സമൂഹത്തിന്റെ സ്വത്തായ ഒരു നദിയെ തടഞ്ഞുവെച്ച് തടയണ നിര്‍മ്മിക്കുന്നത്, നിയമ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ നടപടിയാണ്. ഒരു പക്ഷേ വന്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമായേക്കാവുന്ന പ്രവൃത്തിയാണിത്.
ഈ റിസര്‍വോയറിന് താഴത്തായി കുറേ ആദിവാസി കോളനികളുമുണ്ട്. ഒരു മലയിടിച്ചിലുണ്ടായാലുള്ള ദുരന്തം വാക്കുകള്‍ കൊണ്ട് വിവരിയ്ക്കാവുന്നതായിരിക്കില്ല. ഇത്തരം കാര്യങ്ങളിലൊക്കെ ആരും പറയാതെ തന്നെ ജാഗ്രത കാണിക്കേണ്ട ഈ ജനപ്രതിനിധി, പക്ഷേ ഒരാധുനിക മുതലാളിയുടെ ചിന്താനിലവാരത്തിന് പകരം ‘രാജമാണിക്യം’ സ്‌റ്റൈല്‍ മുരിക്കച്ചവടക്കാരന്റെ ഫ്യൂഡല്‍ മാടമ്പിത്തരമാണ് പ്രകടിപ്പിക്കുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകര്‍ നമ്മുടെ ‘മഴ മേഘങ്ങളെ ജപ്പാനിലെത്തിച്ച് അവിടെ മഴ പെയ്യിക്കാനും സ്വന്തം നാടിനെ തരിശാക്കാനും നില്‍ക്കുന്നവരാണന്ന’ കുപ്രസിദ്ധമായ പരിസ്ഥിതി സിദ്ധാന്തം മാത്രം മതിയല്ലോ അദ്ദേഹത്തിന്റെ ബൗദ്ധിക കാര്യപ്രാപ്തിയെ അളക്കാന്‍. നമ്മെയൊക്കെ സംസ്ഥാന നിയമ നിര്‍മ്മാണ സഭയില്‍ പ്രതിനിധീകരിക്കുന്ന ഒരു ഇടതു പക്ഷ എം.എല്‍.എയുടെ സാമാന്യ വിവരം ഇതാണെന്നറിയുമ്പോള്‍ അപമാനഭാരം കൊണ്ട് കുനിയേണ്ടത് മുഴുവന്‍ മലയാളികളുടേയും ശിരസ്സുകളാണ്. ഇത്തരമൊരവസ്ഥയില്‍ അദ്ദേഹത്തെ തിരുത്താന്‍ സഹായിക്കുകയും ശരിയായ ഒരിടതുപക്ഷ നിലപാട് സ്വീകരിക്കാന്‍ പ്രാപ്തമാക്കുകയുമാണ് അദ്ദേഹത്തെ വിജയിപ്പിച്ചയച്ച രാഷ്ട്രീയ പ്രസ്ഥാനം ചെയ്യേണ്ടത്.
അവരതാന്നും ചെയ്യുന്നില്ലന്നതോ പോകട്ടെ ഇദ്ദേഹത്തിന്റെ എല്ലാ ജനവിരുദ്ധ പരിസ്ഥിതി വിരുദ്ധ പ്രവൃത്തികള്‍ക്കും പിന്തുണ നല്‍കുകയും ചെയ്യുന്നു എന്ന ആക്ഷേപവും പൊതുമണ്ഡലത്തില്‍ ശക്തമാണ്. ഒന്നാം പ്രളയത്തെത്തുടര്‍ന്ന്, കേരള പുനര്‍നിര്‍മ്മാണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേകമായി വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍, സഖാവ് വി.എസ്.അച്യുതാനന്ദന്‍ അവതരിപ്പിച്ച പാരിസ്ഥിതികവും ശാസ്ത്രീയവുമായ കാഴ്ചപ്പാടിനെ, അവഹേളിച്ച് സംസാരിക്കാന്‍ ഇദ്ദേഹത്തേയും എസ്.രാജേന്ദ്രനെയുമാണ് സി.പി.ഐ (എം) സഭയില്‍ ചുമതലപ്പെടുത്തിയത്.
അന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരമൊരു രാഷ്ടീയ പശ്ചാത്തലത്തിലാണ് എം.എന്‍ കാരശ്ശേരി മാഷിന്റെ നേതൃത്വത്തിലുള്ള നാല്‍പ്പതിലധികം വരുന്ന സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഘം കക്കാടംപൊയില്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. എല്ലാവരും തന്നെ ഒരുതരത്തിലല്ലങ്കില്‍ മറ്റൊരു തലത്തില്‍ കേരളത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയരായവരായിരുന്നു. സി.ആര്‍.നീലകണ്ഠന്‍, കെ.അജിത, കുസുമം ജോസഫ്, ഡോ. ആസാദ്, കെ.എം.ഷാജഹാന്‍ തുടങ്ങിയവരൊയൊക്കെയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കാന്‍ ചുമതലപ്പെട്ടിരുന്നത്.
ഞങ്ങള്‍ സഞ്ചരിച്ച ബസ്സ് കൂടരഞ്ഞി കഴിഞ്ഞതോടെ തന്നെ വാഹനവും അതിലെ ആളുകളേയുമൊക്കെ നിരീക്ഷിച്ച്, ചില മോട്ടോര്‍ ബൈക്കുകളും ജീപ്പുകളും അനുഗമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. വനപാത നേര്‍ത്ത് നേര്‍ത്ത് വന്നു. ഒരു വാഹനത്തിന് മാത്രം കുത്തനെ കയറിപ്പോകാവുന്ന ചുരം റോഡിലേയ്ക്ക് പ്രവേശിച്ചതോടെ പ്രകൃതി അതിസുന്ദരിയായി. പച്ചപ്പും കുന്നും മലകളും അരുവിയും കോടയുമൊക്കെയായി ആ സൗന്ദര്യച്ചാര്‍ത്ത് ആരേയും മോഹിപ്പിക്കുന്ന വിധത്തില്‍ വന്യമായി. ജനവാസത്തിന്റെ ലക്ഷണങ്ങള്‍ വിരളമായി.
ഞങ്ങള്‍ക്ക് പുതിയ ഒരു ലോകത്തിലെത്തിയ പ്രതീതിയായി. ഇതിനിടയിന്‍ മലയടിവാരത്തെ ഒരു ചായക്കടയില്‍ ഞങ്ങള്‍ ചായ കഴിക്കാന്‍ ബസ്സ് നിര്‍ത്തിയിരുന്നു. അപ്പോഴേക്കും ചിലരൊക്കെ വന്ന് വാഹന പരിശോധന നടത്തി. ഒരു പാട് കമന്റുകള്‍ വരാന്‍ തുടങ്ങി. ഒരു മധ്യവയസ്‌കന്‍ ”സാറന്മാരെ ഞങ്ങളൊക്കെ കര്‍ഷകരാ; ഞങ്ങടെ മണ്ണായിത്. ജീവിയ്ക്കാന്‍ വിട് സാറെ, പരിസ്ഥിതി, മണ്ണാംകട്ട എന്നൊക്കെപ്പറഞ്ഞ് എന്തിനാ സാറന്മാരെ ഇങ്ങോട്ട് കേറി അലമ്പുണ്ടാക്കുന്നത്” എന്ന് തുടങ്ങി ഒരു ചെറു പ്രസംഗം നടത്തി.
ബസ്സിലുള്ളവരാരും പ്രതികരിക്കാത്തത് കൊണ്ടായിരിക്കാം അതിന്റെയൊരു വെലോസിറ്റി താനെ കുറഞ്ഞു. കക്കാടംപൊയില്‍ അങ്ങാടിയിലെത്തുമ്പോഴേക്കും നിരീക്ഷണക്കാര്‍ കൂടിക്കൂടി വന്നു. കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നൊരു തോന്നല്‍ ഞങ്ങള്‍ക്കുമുണ്ടായിരുന്നു. ആദ്യമേ തടയണ കാണാന്‍ പോകാം എന്ന മുന്‍ തീരുമാനം മാറ്റി രണ്ട് കിലോമീറ്റര്‍ മുകളിലുള്ള തേനരുവി ക്വാറി ആദ്യമേ കാണാം എന്ന് നിശ്ചയിച്ചു. നടക്കാനൊക്കെ പ്രയാസമുള്ളവര്‍ക്കായി രണ്ട് ജീപ്പ് സംഘടിപ്പിച്ചു. അതില്‍ കയറാന്‍ കഴിയാതെ ബാക്കിയായവരെ കൊണ്ടുപോകാന്‍ ജീപ്പ് തിരികെ വരുന്നതും കാത്ത് അജിതേച്ചിയും കുസുമം ജോസഫും മറ്റു ചിലരും ബസ്സിനരികില്‍ത്തന്നെ നിന്നു.
ഞങ്ങള്‍ കുറച്ചു പേര്‍ നടന്നു കയറാനും തീരുമാനിച്ചു. കുത്തനെയുള്ള കയറ്റം കയറി ക്വാറിയിലെത്തുമ്പോഴേക്കും ക്ഷീണിച്ചിരുന്നു. കയ്യില്‍ കരുതിയ വെള്ളവും പഴവുമൊക്കെ കഴിച്ച് ക്ഷീണമകറ്റി ക്വാറി നടന്നു കണ്ടു. ഇരുവഞ്ഞിപ്പുഴയുടെ പോഷകനദിയായ തേനരുവി മെല്ലെ മെല്ലെ തുള്ളികളുണര്‍ത്തി പുറപ്പെട്ട് വരുന്നത് ഈ ക്വാറി പ്രവര്‍ത്തിക്കുന്ന മലയുടെ മുകള്‍ത്തട്ടില്‍ നിന്നാണ്. ക്വാറിയുടെ മദ്യഭാഗത്ത് കൂടെയാണ് അരുവി ഒഴുകിയിരുന്നത്. ക്വാറിയുടെ സൗകര്യത്തിനായി അരികിലൂടെ ചാലെടുത്ത് തടയണ കെട്ടി അരുവിയുടെ വഴി ഇപ്പോള്‍ തിരിച്ചുവിട്ടിട്ടുണ്ട്.
നേരത്തെ ഇത് വലിയ അരുവിയായിരുന്നത്രേ. ഇപ്പോള്‍ ഒരു ചെറിയ നീര്‍ച്ചാലേയുള്ളൂ. സ്‌ഫോടന സമയം രേഖപ്പെടുത്തിയ ബോര്‍ഡും ഉടമസ്ഥതയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളടങ്ങിയ ബോര്‍ഡുമൊക്കെ അരികിലുണ്ട്. അതുപ്രകാരം അന്‍വര്‍ എം.എല്‍.എയല്ല ക്വാറി ഉടമ. ഒരു ഹാരീഷ് ആണ്. അയാളാവട്ടെ സ്വന്തമായി വീടു പോലുമില്ലാത്ത ഒരാളാണത്രേ. ബിനാമിയാണന്ന് വ്യക്തമാണല്ലോ. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത് സി.പി.ഐ.എം.പ്രവര്‍ത്തകരാണ്.
പ്രശ്‌നങ്ങളിലിടപെട്ട് പൊലീസ് സ്റ്റേഷനിലൊക്കെ പോകുന്നത് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയാണന്നും പറയുന്നു. ക്വാറിക്കെതിരെ ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസു നടത്തുന്ന സിസിലി ടീച്ചറുടെ കുടുംബ സ്വത്തായിരുന്നു ഈ ഭൂമിയെല്ലാം. അവരുടെ സഹോദരി ത്രേസ്യാമ്മ ഞങ്ങളെക്കാണാന്‍ ക്വാറിയില്‍ വന്നിരുന്നു. അവര്‍ ആ പ്രദേശത്തിന്റെ പഴയ ഭൗമഘടന ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു. തേനരുവിയുടെ സൗന്ദര്യത്തെക്കുറിച്ചും ക്വാറി മാഫിയ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെക്കുറിച്ചുമൊക്കെ വാചാലയായി.
അരുവിയുടെ ഉത്ഭവസ്ഥാനങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ മഴക്കാലത്തെ മെലിഞ്ഞ നീരൊഴുക്കല്ലാതെ വേനലില്‍ വെള്ളമേയില്ല. ഒരു കാലത്തും ജലക്ഷാമമില്ലാത്ത പ്രദേശങ്ങളായിരുന്നു ഇതൊക്കെ എന്ന് ത്രേസ്യാമ്മ ഒരു ദീര്‍ഘനിശ്വാസത്തോടെ ഓര്‍ക്കുന്നു. ഇതിനിടയില്‍ ഏതാനും അപരിചിതര്‍ ഞങ്ങള്‍ക്കരിലെത്തി. നല്ല പരിചയഭാവത്തിലായിരുന്നു അവര്‍. ഡി.വൈഎഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളെ (ഞാനും കെ.പി.ചന്ദ്രനും) അവരില്‍ ചിലര്‍ തിരിച്ചറിഞ്ഞിരുന്നു.
ഞങ്ങള്‍ക്കരികിലെത്തി താഴെ ചില പ്രശ്നങ്ങളുണ്ടെന്നും എല്ലാവരും ഒരുമിച്ച് വേഗം തന്നെ താഴോട്ടിറങ്ങുന്നതായിരിക്കും ബുദ്ധി എന്നും ഉപദേശിച്ചു. എന്താണ് പ്രശ്‌നം എന്നന്വേഷിച്ചപ്പോള്‍ താഴെയുള്ളവരെ കയറ്റി വരാന്‍ പോയ ജീപ്പുകള്‍ ചിലര്‍ തടഞ്ഞുവെച്ചിട്ടുണ്ടന്നും അവിടെയുള്ളവരെ അസഭ്യം പറയുന്നുണ്ടെന്നും കയ്യേറ്റം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നുമൊക്കെ അറിയിച്ചു. പ്രായത്തിന്റെ അസ്‌കിതകളൊക്കെ മറന്ന്, അപകടത്തില്‍ തകര്‍ന്ന കാലിന്റെ കഴപ്പ് പരിഗണിയ്ക്കാതെ കാരശ്ശേരിമാഷ് വേഗത്തില്‍ത്തന്നെ കുന്നിറങ്ങാന്‍ തുടങ്ങി.
ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ മുമ്പിലും പിമ്പിലുമൊക്കെയായി വേഗത്തില്‍ മലയിറങ്ങി. ഇടയ്ക്ക് ചില സംഘങ്ങള്‍ ഞങ്ങളെ നിരീക്ഷിച്ചും കമന്റടിച്ചുമൊക്കെ കടന്നു പോകുന്നുണ്ടായിരുന്നു. ബസ്സിനരികിലെത്തുമ്പോള്‍ അവിടെയാകെ സംഘര്‍ഷാവസ്ഥയാണ്. ഞങ്ങള്‍ക്ക് വേണ്ടിയെത്തിയ ജീപ്പുകളെ ഓടാന്‍ അനുവദിച്ചില്ല. ബസ്സിനരികിലുണ്ടായിരുന്ന കുസുമം ടീച്ചറെ കയ്യില്‍ കയറിപ്പിടിച്ച് വലിച്ചിഴച്ച് ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് കൊണ്ടുപോയി. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചെങ്കിലും തിരിച്ചുനല്‍കി.
ഞങ്ങള്‍ അന്‍വറിന്റെ എതിരാളിയായ ഏതോ ഒരു ക്വാറി മുതലാളി മുരുകേശന്റെ ആളുകളാണെന്നും ഒരെണ്ണത്തിനേയും വെറുതെ വിടില്ലന്നും ആക്രോശിച്ചായിരുന്നു അസഭ്യവര്‍ഷം. ഏതാണീ മുരുകേശന്‍ എന്ന് ഒരെത്തും പിടിയുമില്ല. അതിനിടയില്‍ ഞങ്ങളോടൊപ്പമുള്ള വിനോദ് നിലമ്പൂര്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ അവര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. അവന്‍ ഒറ്റുകാരനാണന്നും വിവരങ്ങള്‍ ശേഖരിച്ച് ഞങ്ങള്‍ക്കെത്തിക്കുന്നത് അവനാണെന്നും പറഞ്ഞ് വിനോദിനെ പിടികൂടി. അദ്ദേഹത്തിന്റെ ഷര്‍ട്ട് വലിച്ചു കീറി, ദേഹോപദ്രവമേല്‍പ്പിച്ച് കീശയിലെ മൊബൈല്‍ പിടിച്ചെടുത്തു.
സംഘത്തിലുണ്ടായിരുന്ന പലര്‍ക്കും ചെറുതായി ദേഹോപദ്രവങ്ങളേറ്റു. തെറികൊണ്ടുള്ള അഭിഷേകം അസഹ്യമായിരുന്നു. രണ്ട് വിഭാഗം ആളുകളാണ് ഒരു തിരക്കഥയിലെന്നോണം രംഗത്തുണ്ടായിരുന്നത്. ആദ്യത്തെ വിഭാഗം കാലത്ത് തന്നെ മദ്യപിച്ച് ലക്കുകെട്ട് എന്തതിക്രമത്തിനും തയാറാക്കി നിര്‍ത്തിയവരാണ് . കയ്യേറ്റം, പിടിച്ചുപറി, തെറിയഭിഷേകം എന്നിവയൊക്കെ ഇവരുടെ നേതൃത്വത്തിലാണ്. ഇവര്‍ തട്ടി മൂളിക്കുന്ന ഡയലോഗുകളൊക്കെ ഒരു ബുദ്ധി കേന്ദ്രത്തില്‍ തയാറാക്കി പഠിപ്പിച്ചെടുത്തതാണെന്ന് വ്യക്തം. രണ്ടാം വിഭാഗത്തിലുള്ളത് പൊതുപ്രവര്‍ത്തകരും സ്ഥലത്തെ പ്രധാന ദിവ്യന്മാരുമൊക്കെയാണ്. എല്ലാ രാഷ്ടീയ പാര്‍ട്ടികളില്‍പ്പെട്ടവരുമുണ്ട്.
പ്രധാനമായും സി.പി.ഐ.എം പ്രവര്‍ത്തകര്‍ തന്നെ. അത് സ്വാഭാവികം. കാരണം അന്‍വര്‍ സി.പി.ഐ.എം എം.എല്‍.എ ആണല്ലോ. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വവുമുണ്ട്. മുസ്ലീം ലീഗുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കോണ്‍ഗ്രസ്സ് വാര്‍ഡ് മെമ്പര്‍ ബി.ജെ.പി പ്രാദേശിക നേതാക്കള്‍ ഒക്കെ ഇതിലുണ്ട്. യു.ഡി.എഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അന്‍വറിന്റെ മെഗഫോണ്‍ മാത്രമാണെന്ന് നേരത്തെ തന്നെ വ്യക്തമാണ്.
മിലോവാന്‍ ജിലാസിന്റെ ‘പുത്തന്‍ വര്‍ഗ്ഗം’ എന്ന പീനം നാം ഇടക്കിടെ ചര്‍ച്ച ചെയ്യാറുണ്ട്. (അധികാരവുമായി നിരന്തര വിനിമയത്തിലേര്‍പ്പെടുന്ന, ( Negotiate) വിവിധ താല്‍പ്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷികള്‍ കാലക്രമത്തില്‍ ഒരേ താല്‍പ്പര്യങ്ങളാല്‍ ഏകീകരിക്കപ്പെടുന്നതും വിവിധ രാഷ്ട്രീയ നേതാക്കള്‍ ഒരു പുത്തന്‍ വര്‍ഗ്ഗമായി തീരുന്നതുമാണ് ജിലാസിന്റെ പ്രമേയം. കേരളത്തിലൊക്കെ ഒരുപാട് വര്‍ഷമായി ഇത് പ്രകടവുമാണ്. എന്നാല്‍ പരസ്പരം കടിച്ചുകീറുന്നു എന്ന് നാം കരുതുന്ന, രാഷ്ട്രീയ കക്ഷികള്‍ ഏറ്റവും താഴെ തലത്തില്‍പ്പോലും മൂലധന താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട് എങ്ങിനെ കണ്ണിചേര്‍ക്കപ്പെടുന്നു എന്ന് കക്കാടംപൊയില്‍ ചെന്നാല്‍ നമുക്ക് മനസ്സിലാകും) പ്രത്യക്ഷമായി ഇവരൊക്കെ സമാധാനത്തിന്റെ വക്താക്കളാണ്.
മദ്യപിച്ച് നില തെറ്റി പ്രകോപനം സൃഷ്ടിക്കുന്നവരെയെല്ലാം സമാധാനിപ്പിക്കാന്‍ ഇവര്‍ പുറമേയ്‌ക്കെങ്കിലും ശ്രമിക്കുന്നുമുണ്ടായിരുന്നു. പരിചിത ഭാവം നടിക്കുകയും രക്ഷകരായി അവതരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു അവരില്‍പ്പലരും. മാഷിനെയൊക്കെ ഞങ്ങള്‍ വളഞ്ഞ് നിന്ന് ബസ്സിനകത്ത് കയറ്റി ഇരുത്തി. മൂന്നാം വിഭാഗം പൊലീസുകാരായിരുന്നു. നേരത്തെ പരസ്യ പ്രസ്താവന നടത്തി അധികൃതരെയൊക്കെ അറിയിച്ചാണ് യാത്ര പുറപ്പെട്ടതെങ്കിലും നാമമാത്രമായ പൊലീസുകാരെ അവിടെയുണ്ടായിരുന്നുള്ളൂ.
അവരാകട്ടെ മാറിനിന്ന് കാഴ്ച കാണുന്നതല്ലാതെ ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കാര്യമായി ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. ഞങ്ങളാണ് പ്രശ്‌നമുണ്ടാക്കുന്നത്, അതുകൊണ്ട് അടിയന്തരമായി ഞങ്ങള്‍ തിരിച്ചു പോകണം എന്ന നിലപാടാണ് അവര്‍ കൈക്കൊണ്ടത്. അവിടെ നില്‍ക്കുന്നത് ഗുരുതരമായ സംഘര്‍ഷസ്ഥിതിയ്ക്ക് കാരണമാകുമെന്നും എങ്ങോട്ടും പോകാന്‍ അനുവദിയ്ക്കില്ലന്നും ഉടന്‍ മലയിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പാര്‍ക്കും തടയണയുമൊക്കെ കാണണമെന്നും അതിന് സംരക്ഷണം തരണമെന്നും ആവശ്യപ്പെട്ടെങ്കിലും അതൊന്നും അവര്‍ ചെവിക്കൊണ്ടതേയില്ല. സഞ്ചാരസ്വാതന്ത്ര്യമുള്ള ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍ക്ക് സംരക്ഷണം തരണമെന്നാവശ്യപ്പെടുമ്പോള്‍, മതിയായ ഫോഴ്‌സ് ഇല്ല എന്നായിരുന്നു മറുപടി.
വിനോദ് നിലമ്പൂരിന്റെ ഫോണ്‍ നഷ്ടപ്പെട്ട വിവരം പറഞ്ഞപ്പോള്‍ ആദ്യം ഒന്നുമറിയാത്ത പോലെ കൈ മലര്‍ത്തിയെങ്കിലും ഫോണ്‍ തിരിച്ചുകിട്ടാതെ പോവില്ലന്ന് ശഠിച്ചതോടെ ഫോണ്‍ പത്ത് മിനിറ്റിനകം തിരികെ നല്‍കാമെന്നായി. ഒരു കിലോമീറ്റര്‍ അപ്പുറത്തേയ്ക്ക് ബസ്സ് മാറ്റിയിടണമെന്നും ഫോണ്‍ അവിടെ എത്തിയ്ക്കാമെന്നും ഉറപ്പു നല്‍കി. വിനോദ് നിലമ്പൂര്‍ ഇവരുടെ കണ്ണിലെ കരടാണ് എന്ന് നേരത്തെ അറിയാമായിരുന്നു. അന്‍വറിന്റെ പ്രകൃതി കയ്യേറ്റങ്ങള്‍ ആദ്യം വാര്‍ത്തയാക്കിയതും കോടതിയെ സമീപിച്ചതുമൊക്കെ വിനോദിന്റെ നേതൃത്വത്തിലായിരുന്നു.
അവസാനം മലയിറങ്ങി മൂന്ന് മണിക്കൂറിന് ശേഷമാണ് പൊലീസ് ഫോണ്‍ തിരിച്ചെത്തിച്ചു തന്നത്. അതിനിടയില്‍ അത് നിലമ്പൂരിലെത്തിച്ച് ഡാറ്റകളൊക്കെ പകര്‍ത്തിയെടുത്തതായി വിനോദ് സംശയിക്കുന്നുമുണ്ട്. ആദ്യം ഒന്നുമറിയില്ലന്ന് പറഞ്ഞ പോലീസ് മൂന്ന് മണിക്കൂറിന് ശേഷം മലയടിവാരത്ത് ഫോണ്‍ എത്തിച്ചു തന്നതില്‍ നിന്നു തന്നെ ഇവര്‍ തമ്മിലുള്ള ‘അന്തര്‍ധാര’ വ്യക്തമാണല്ലോ.
ഞങ്ങള്‍ ആദ്യമേ തന്നെ തടയണ സന്ദര്‍ശിക്കാനെത്തും എന്നായിരുന്നു അവര്‍ മനസ്സിലാക്കിയത്. അങ്ങിനെയായിരുന്നു ആദ്യം തീരുമാനിച്ചതും. അവിടെ എല്ലാ സംവിധാനങ്ങളുമൊരുക്കി ഞങ്ങളെ കൈകാര്യം ചെയ്യാന്‍ ഇവര്‍ തയാറെടുത്ത് നില്‍ക്കുകയും ചെയ്തിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ സംഘാങ്ങളില്‍ മിക്കവാറും പേരെ ആശുപത്രിയില്‍ ചെന്ന് കാണേണ്ട അവസ്ഥയുണ്ടാകുമായിരുന്നു.
പരിപാടി മാറ്റി ആദ്യം തന്നെ ക്വാറി കാണാന്‍ പോയതോടെ അവരുടെ ആസൂത്രണങ്ങളും പാളി. തടയണ പരിസരത്ത് നിന്ന് വാഹനങ്ങളില്‍ എത്തിച്ചവരാണ് ഞങ്ങളെ ക്വാറിയുടെ താഴെ പൊതുനിരത്തില്‍ തടഞ്ഞത്. അവിടെ വെച്ച് അവരുദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നില്ല. ഏതാനും മാസങ്ങളായി ഒറ്റയ്ക്കും തെറ്റയ്ക്കുമായി തടയണയും പാര്‍ക്കുമൊക്കെ കാണാനെത്തുന്നവരെപ്പോലും ഗുണ്ടകള്‍ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.
മാധ്യമപ്രവര്‍ത്തകരോ പരിസ്ഥിതി പ്രവര്‍ത്തകരോ അല്ലെന്ന് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്തുന്നുമുണ്ട്. ഹൈക്കോടതി മൂന്ന് തവണ ഉത്തരവിട്ടിട്ടും തടയണയ്ക്ക് അരികിലായി ഒരു ചാലുകീറി അല്പം വെള്ളം ഒഴുക്കിക്കളഞ്ഞതല്ലാതെ തടയണ പൊളിച്ചിട്ടില്ല. ഇതിനകം പണി തീര്‍ന്ന മറ്റു നിര്‍മിതികളും അതേപോലെ നിലനില്‍ക്കുന്നുണ്ട്. എന്താണിതൊക്കെ കാണിക്കുന്നത്?കക്കാടംപൊയില്‍ എന്നത് പി.വി.അന്‍വര്‍ എന്ന മാടമ്പിയായ ഒരു നാട്ടുരാജാവിന്റെ നേതൃത്വത്തിലുള്ള നാട്ടുരാജ്യമാണ് എന്നല്ലേ?
ഇന്ത്യാ രാജ്യത്തിന്റെ നീതിന്യായ കോടതികളുടെ തീര്‍പ്പുകള്‍ ആ നാട്ടുരാജ്യത്തിന് ബാധകമല്ലന്നും അന്‍വര്‍ രാജാവിന്റെ വിധിതീര്‍പ്പുകള്‍ മാത്രമേ അവിടെ നടപ്പിലാകൂ എന്നുമല്ലേ? സ്റ്റാറും തൊപ്പിയും ബാഡ്ജും യൂണിഫോമുമൊക്കെയുള്ള, നമ്മുടെ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന പൊലീസുകാരാണ് അവിടെ ഉള്ളത് എങ്കിലും അവര്‍ അനുസരിക്കുന്ന ഉത്തരവുകള്‍ കേരളാ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ളതല്ല, പകരം കക്കാടംപൊയില്‍ നാട്ടുരാജാവിന്റെതാണ്. പാസ്‌പോര്‍ട്ടോ വിസയോ ഒന്നുമില്ലാതെ ഓരോ ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എവിടെയും സഞ്ചരിക്കാമെന്നിരിക്കെ കക്കാടംപൊയിലില്‍ പ്രവേശിക്കാന്‍ പി.വി. അന്‍വര്‍ ഒപ്പിട്ട പ്രത്യേക പാസ്‌പോര്‍ട്ട് വേണം എന്നതാണ് നിലവിലെ അവസ്ഥ.
ഇന്ത്യന്‍ പീനല്‍ കോഡും സി.ആര്‍.പി.സി യുമനുസരിച്ചുള്ള വിചാരണയും ശിക്ഷാവിധികളുമല്ല അന്‍വര്‍ രാജാവ് നിശ്ചയിക്കുന്നതനുസരിച്ചുള്ള വിചാരണയും ശിക്ഷാവിധികളുമാണ് അവിടെ നടപ്പിലാകുക. ഇടതുപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം എന്നും ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധിയാണിദ്ദേഹമെന്നതും ഓര്‍ക്കുമ്പോള്‍ നമുക്ക് ഒരല്പം ലജ്ജയെങ്കിലും തോന്നേണ്ടതല്ലേ?
WATCH THIS VIDEO: