കൊയിലാണ്ടി: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി ബൈപ്പാസും ചര്‍ച്ചകളില്‍ സജീവമാകുന്നു. ഗതാഗതക്കുരുക്കു കൊണ്ട് വീര്‍പ്പു മുട്ടുന്ന കൊയിലാണ്ടി നഗരത്തിലെ യാത്രാപ്രശ്‌നത്തിന് പരിഹാരം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കില്‍ പെട്ടു കിടക്കുന്നത് പതിവു കാഴ്ചാണ്.
ഈ വിഷയത്തില്‍ സി.പി.ഐ.എം കൊയിലാണ്ടി മുന്‍ ഏരിയ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ എന്‍.വി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റാണ് കൊയിലാണ്ടി ബൈപ്പാസിനെ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ചത്. കീഴാറ്റൂരില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടു വെച്ചതിനു സമാനമായ നിര്‍ദ്ദേശങ്ങള്‍ കൊയിലാണ്ടിയുടെ കാര്യത്തില്‍ തങ്ങള്‍ വളരെ മുന്‍പു തന്നെ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് എന്‍.വി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കൊയിലാണ്ടി നഗരത്തില്‍ 30 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കാന്‍ നിലവില്‍ തടസങ്ങളൊന്നുമില്ല. 30 മീറ്റര്‍ വീതിയില്‍ നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 1971-ല്‍ തന്നെ മരവിപ്പിച്ചതാണ്. പാത വികസിപ്പിക്കുന്നതിനൊപ്പം 15 മീറ്റര്‍ വീതിയില്‍ നഗരത്തിനു മുകളിലൂടെ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ആകാശ പാതയും നിര്‍മ്മിച്ചാല്‍ ഭൂമി-കെട്ടിട നാശവും പരിസ്ഥിതി നാശവും വളരെ കുറവായിരിക്കുമെന്നും സാമ്പത്തികമായും ഇത് ലാഭകരമായിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ 45 മീറ്ററില്‍ ബൈപ്പാസ് നിര്‍മ്മിക്കാന്‍ തുനിഞ്ഞാല്‍ ഉണ്ടാകുന്ന നഷ്ടം ഭയാനകമായിരിക്കും. 678 വീടുകളും അനുബന്ധ കെട്ടിടങ്ങളും നശിക്കും, ഏഴു കുന്നുകള്‍ നിരപ്പാകും, ഏഴു പാടശേഖരങ്ങള്‍ സമ്പൂര്‍ണ്ണമായി നികത്തപ്പെടും, 510 കിണറുകളും ഏഴു കുളങ്ങളും മൂടപ്പെടും, നാലു കാവുകള്‍ ഇല്ലാതെയാകും. ഇത്രയും വലിയ പരിസ്ഥിതിനാശം ഒഴിവാക്കിയില്ലെങ്കില്‍ കൊയിലാണ്ടിയില്‍ ജനവാസം അസാദ്ധ്യമാകുമെന്ന മുന്നറിയിപ്പും എന്‍.വി ബാലകൃഷ്ണന്‍ നല്‍കുന്നു.
കൊയിലാണ്ടിയിലെ ഗതാഗത കുരുക്കഴിക്കാന്‍ മറ്റുവഴികള്‍ സാധ്യമാണെന്നിരിക്കെ ബദല്‍ റോഡ് ആരുടെ താല്‍പ്പര്യമാണെന്ന് ബാലകൃഷ്ണന്‍ ചോദിക്കുന്നു. കൊയിലാണ്ടിയിലെ എല്ലാ പാര്‍ട്ടിക്കാരും ബദല്‍ റോഡ് വേണ്ട എന്നു പറയുമ്പോഴും ബദല്‍ റോഡിനായുള്ള ചരടുവലികള്‍ നടക്കുന്നുണ്ടോ എന്ന സംശയവും പോസ്റ്റില്‍ ഉന്നയിക്കുന്നു. എം.പി, എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ഇക്കാര്യത്തിലുള്ള അവരുടെ നിലപാട് പരസ്യമാക്കാത്തത് എന്തുകൊണ്ടെന്നും എന്‍.വി ബാലകൃഷ്ണന്‍ ചോദിക്കുന്നു.
എന്‍.വി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:
കീഴാറ്റൂരില്‍ നിന്ന് ഒരു കാറ്റ് ഇപ്പോള്‍ കേരളമാകെ വീശി അടിച്ചെല്ലോ. ഇനിയിപ്പോള്‍ചോദിക്കട്ടെ; കൊയിലാണ്ടിക്ക് വേണ്ടത് ദേശീയ പാത വികസനമോ; സമാന്തരപാതയോ?
തളിപ്പറമ്പില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ മുന്‍ നിരയിലേക്ക് വന്നിരിക്കുന്നു. നിലവിലുള്ള തളിപ്പറമ്പ് ദേശീയ പാത ലഭ്യമായ 30 മീറ്ററില്‍ വികസിപ്പിക്കുക.ലുര്‍ദ് ആശുപത്രി മുതല്‍ ഏഴാംമൈല്‍ വരെ, 2.1 കി.മി. നീളത്തില്‍ 10 മീറ്റര്‍ വീതിയില്‍ ആകാശപാത നിര്‍മ്മിക്കുക; എന്നതാണ് പരിഷത്തിന്റെ ബദല്‍ നിര്‍ദ്ദേശം.
കൊയിലാണ്ടിയില്‍ ഇത്തരം ഒരു നിര്‍ദ്ദേശം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഞങ്ങള്‍ മുമ്പോട്ടു വെച്ചതാണ്. 30 മീറ്ററില്‍ ദേശീയ പാത വികസിപ്പിക്കാന്‍ കൊയിലാണ്ടിയില്‍ നിലവില്‍ ഒരു തടസ്സവുമില്ല. 1971 ല്‍ 30 മീററര്‍ വീതിയില്‍ നഗരത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മരവിപ്പിച്ചതാണ്.നഗരത്തിന് മുകളിലൂടെ ഒന്നര കി.മി. നീളത്തില്‍ 15 മീറ്റര്‍ വീതിയില്‍ ആകാശപാത പണിയുക. ഇങ്ങനെ ചെയ്താല്‍ ഭൂമി,കെട്ടിട, നാശം പരിമിതമായിരിക്കും. പരിസ്ഥിതിനാശം തുലോം കുറവായിരിക്കും.സാമ്പത്തികമായും ഇതാണ് ലാഭകരം.ഇതൊക്കെ സര്‍ക്കാര്‍ നിശ്ചയിച്ച നിയസഭാ പെറ്റീഷന്‍ കമ്മറ്റിയുടെ പഠനത്തില്‍ ബോദ്ധ്യപ്പെട്ടതാണ്.
നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ 45 മീറ്ററില്‍ ഒരു പുതിയ ബദല്‍ റോഡുണ്ടാക്കാന്‍ തുനിഞ്ഞാല്‍ ഉണ്ടാകുന്ന നഷ്ടം ഭയാനകമായിരിക്കും.
678 വീടുകളും അനുബന്ധ കെട്ടിടങ്ങളും നശിക്കും. ഏഴ് കുന്നുകള്‍ നിരപ്പാക്കും. ഏഴ് പാടശേഖരങ്ങള്‍ സമ്പൂര്‍ണ്ണമായി നികത്തപ്പെടും.510 കിണറുകള്‍, ഏഴ് കുളങ്ങള്‍ മൂടപ്പെടും. നാല് കാവുകള്‍ ഇല്ലാതാവും.ഇത്രയും വലിയ പരിസ്ഥിതിനാശം ഒഴിവാക്കിയില്ലെങ്കില്‍ കൊയിലാണ്ടിയില്‍ ജനവാസം അസാദ്ധ്യമാകും.
കൊയിലാണ്ടി ദേശീയപാതക്ക് പടിഞ്ഞാറ് ഇപ്പോള്‍ തന്നെ കുടിവെള്ളം ലഭ്യമല്ല. നടേരിയില്‍ വലിയ മലയില്‍ വലിയ ടാങ്ക് പണിത് വന്‍ പദ്ധതിയിലൂടെ വെള്ളമെത്തിക്കാനുള്ള ശ്രമം വര്‍ഷങ്ങളായി നടക്കുന്നു. ഇത് വരെ വിജയിച്ചിട്ടില്ല. ദേശീയപാതക്കും റെയിലിനുമിടയില്‍ ശുദ്ധജല ലഭ്യത ഇപ്പോള്‍ തന്നെ പരിമിതമാണ്. ബദല്‍ റോഡ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന നന്തി ശ്രീശൈലം, ഗോപാലപുരം, മരളൂര്‍, പുളിയഞ്ചേരി കോട്ടക്കുന്ന്, കുന്യോറമല, നെല്ലിക്കോട്ട് കുന്ന്,കോമത്തുകര, മേലൂര്‍ പ്രദേശങ്ങളിലെ ചെങ്കല്‍ കുന്നുകളും, ഇപ്പോള്‍ തന്നെ ക്ഷയിച്ചു തുടങ്ങിയ വയലുകളുമാണ് കൊയിലാണ്ടിക്കും പരിസര പ്രദേശങ്ങള്‍ക്കും കുടിവെള്ളം കാത്തു വെക്കുന്നത്. അതിനെ മുച്ചൂടും നശിപ്പിച്ചാണ്, ഇപ്പോള്‍ ഒരു നടപ്പാത പോലുമില്ലാത്ത സ്ഥലത്തു കൂടെ 70 മീറ്റര്‍ ( റോഡ് 45 മീറ്റര്‍.ഇരു ഭാഗത്തും 15 മീറ്ററില്‍ ഭൂമി മരവിപ്പിക്കും) വീതിയില്‍ റോഡ് നിര്‍മ്മിക്കുന്നത്.
വയല്‍ഭാഗത്ത് 8 മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ടുയര്‍ത്തിയും കുന്നുകള്‍ ഇടിച്ചു നിരത്തിയും വേണം ഇത് ചെയ്യാന്‍. ഇതേ സൗകര്യങ്ങളോടെ നഗരത്തിലൂടെ റോഡ് നിര്‍മ്മിച്ചാല്‍ പരിസ്ഥിതിക്ക് ഒരു നാശവും വരില്ല; എന്നിരിക്കെ ബദല്‍ റോഡ് തന്നെ വേണമെന്നത് ആരുടെ താല്‍പ്പര്യമാണ്?
1.കൊയിലാണ്ടിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബദല്‍ റോഡല്ല,ദേശീയപാത വികസനമാണ് വേണ്ടത് എന്ന് പരസ്യമായി സമ്മതിക്കുന്നു. അപ്പോഴും രഹസ്യമായി ബദല്‍ റോഡിനു വേണ്ടിയുള്ള ചരടുവലികള്‍ നടക്കുന്നുണ്ടോ?
2.ജല പാര്‍ലമെന്റും ജല സഭയുമൊക്കെ നടത്തുന്നവര്‍ ഇത്തരം പരിസ്ഥിതിനാശത്തെ കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?
3.കേരള ശാസ്തൂ സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ളെ കൊയിലാണ്ടിയിലെ സന്നദ്ധ സം നെകള്‍ നിലപാട് വ്യക്തമാക്കാത്തതെന്തുകൊണ്ടാണ്?
4.എം.പി, എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ഇക്കാര്യത്തിലുള്ള അവരുടെ നിലപാട് പരസ്യമാക്കാത്തതെന്താണ്?
ഡൂള്‍ന്യൂസ് വീഡിയോ റിപ്പോര്‍ട്ട് കാണാം: കുടിവെള്ളമില്ലാത്ത തീരദേശം