| Tuesday, 16th July 2019, 1:32 pm

രക്തതാരകത്തില്‍ നിന്ന് ചോരപ്പശിമയുള്ള കാറ്റ് തിരികെവീശുമ്പോള്‍

എന്‍.വി ബാലകൃഷ്ണന്‍

ഈ ലേഖനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കെ.എസ്.യുവിന്റെ പ്രകടനങ്ങളില്‍ ആരവങ്ങളുമായി നടന്ന ഒരു ബാല്യമുണ്ട് ഈയുള്ളവന്. മനസ്സിലെ ആദ്യത്തെ എസ്.എഫ്.ഐക്കാരന്‍ ഒരു പക്ഷേ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ‘ബുള്ളറ്റ് ബാലനാ’ണ്. ബോയ്‌സ് ഹൈസ്‌ക്കൂള്‍ പരിസരത്തെ വലിയ മരത്തില്‍ അതിസാഹസികമായി വലിഞ്ഞുകയറി, അതിന്റെ മണ്ടയില്‍ ഏറ്റവും ഉയരത്തില്‍, ‘സ്വാതന്ത്യം ജനാധിപത്യം സോഷ്യലിസം’ എന്നാലേഖനം ചെയ്ത, രക്തതാരകം പതിച്ച, എസ്.എഫ്.ഐ പതാക കെട്ടിയ ബുള്ളറ്റ് ബാലന്‍.

അന്ന് ബാലനും ബാലന്റെ നേതാവായി വരുന്ന സിലോണ്‍ അബൂബക്കര്‍ക്കയും ചുമട്ടുതൊഴിലാളികളുമൊക്കെ ഞങ്ങള്‍ക്ക് എസ്.എഫ്.ഐ നേതാക്കളായിരുന്നു. അത് കെ.എസ്.യുവിന്റെ കാലമായിരുന്നു. കേരളത്തിലെ കലാലയങ്ങളിലും ഹൈസ്‌ക്കൂളുകളിലും ‘ആഫ്രിക്കന്‍ പായല്‍ പോലെ’ കെ.എസ്.യു പടര്‍ന്നു കയറിയ കാലം. അന്ന് ‘കീരി ഭാസ്‌കരനാ’യിരുന്നു ഞങ്ങള്‍ കെ.എസ്.യു.ക്കാരുടെ നേതാവ്. നീല ട്രൗസറിന് മുകളില്‍ തെറുത്തുകയറ്റിക്കുത്തിയ മുണ്ടും മുട്ടന്‍ ശരീരവും പൊടിമീശയും കറുത്ത നിറവുമുള്ള കീരി ഭാസ്‌കരന്‍. (പിന്നീട് ഞാന്‍ കമ്മ്യൂണിസ്റ്റായപ്പോഴും എന്നോട് വലിയ സ്‌നേഹ ബന്ധങ്ങളൊക്കെ നില നിര്‍ത്തിയ കോണ്‍ഗ്രസ്സുകാരനായ ഭാസ്‌കരന്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മെ വിട്ടു പോയി)

ഭാസ്‌കരനോടും കെ.എസ്.യു സംഘത്തോടും ഏറ്റുമുട്ടാന്‍ ശേഷിയുള്ളവര്‍ ബോയ്‌സ് ഹൈസ്‌ക്കൂളില്‍ ആരുമുണ്ടായിരുന്നില്ല. അപ്പോഴാണ് ശ്രീശന്‍ എന്ന വെളുത്ത് മെലിഞ്ഞ പൊടിക്കുപ്പി പോലൊരു പയ്യന്‍ രംഗത്തു വരുന്നത്. ശ്രീശന്‍ എസ്.എഫ്.ഐയായിരുന്നു. അവനോടൊപ്പം മുദ്രാവാക്യം വിളിക്കാന്‍ മെലിഞ്ഞുണങ്ങിയ പുകയിലത്തണ്ടുപോലുള്ള ഏതാനും കുട്ടികളുണ്ടായിരുന്നു. അവര്‍ വെളുത്ത കൊടിയുമായി എസ്.എഫ്.ഐ സിന്ദാബാദ് എന്ന് വിളിച്ചു തുടങ്ങുമ്പോഴേക്ക് അടി വീഴും. ശ്രീശനെ ഭാസ്‌കരന്‍ കൊങ്ങക്ക് പിടിച്ചു തൂക്കി മൈതാനത്ത് കൊണ്ടിട്ട് പെരുക്കും. അങ്ങാടിയില്‍ നിന്ന് അബൂബക്കര്‍ക്കയും ബാലനും ചുമട്ടുതൊഴിലാളികളുമൊക്കെയെത്തുമ്പോഴേക്കും ഭാസ്‌കരന്‍ മുങ്ങും. അവരെത്തി ശ്രീശനെ ആശുപത്രിയില്‍ കൊണ്ടു പോകും. സ്‌കൂളിന് പുറത്ത് ചുവന്ന കൊടിയുമായി അബൂബക്കര്‍ക്കയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടക്കും. മൈതാനത്തിന്റെ മൂലയിലെ കല്‍ക്കൂനയില്‍ കയറി നിന്ന് അബൂബക്കര്‍ തീപ്പൊരി പ്രസംഗം നടത്തും. കഥയിത് തുടര്‍ന്നു വരും.

ആദ്യമൊക്കെ ശ്രീശനെ പട്ടിയെത്തല്ലുന്നത് പോലെ തല്ലുന്നത് കാണാന്‍ ഞങ്ങള്‍ കെ.എസ്.യു കുട്ടികള്‍ക്ക് ആവേശമായിരുന്നു. പിന്നീട് എനിയ്ക്കത് മനസ്സില്‍ ഒരു വേദനയായി. എത്ര തല്ലു കൊണ്ടിട്ടും പിന്തിരിയാതെ എസ്.എഫ്.ഐ സിന്ദാബാദ് വിളിയ്ക്കുന്ന ശ്രീശനോട് സ്‌നേഹവും ആദരവുമായി. അബൂബക്കര്‍ക്കയുടെ പ്രസംഗം എവിടെയൊക്കെയോ ഒരു തീപ്പൊരിയായി വീണു കത്തി. ശ്രീശന്‍ പിന്നീട് നാടുവിട്ടു പോയി. ഇപ്പോള്‍ ഉത്തരേന്ത്യയിലെവിടെയോ സി.പി.ഐ.എം നേതാവാണന്നറിയാം. അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ വാര്‍ത്തയും പടവും ഹിന്ദി പത്രത്തില്‍ വന്നത് ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നു. ഇടക്കെപ്പോഴോ നാട്ടില്‍ വന്നപ്പോള്‍ പരസ്പരം സംസാരിച്ചതും ഓര്‍ക്കുന്നു. കോണ്‍ഗ്രസ്സും കെ.എസ്.യുവും അന്നൊക്കെ ഒരാദര്‍ശമായി രക്തത്തിന് നിറമേകിയിരുന്നു.

പിന്നീട് ഡോക്ടറാകാന്‍ സെക്കന്റ് ഗ്രൂപ്പെട്ടുത്ത് മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. അന്നും കെ.എസ്.യു തന്നെ. പക്ഷേ സുഹൃത്തുക്കള്‍ മിക്കവാറും എസ്.എഫ്.ഐക്കാര്‍. വായന ഒരു ലഹരിയായി പടര്‍ന്ന കാലം. അക്കാലത്താണ് മാര്‍ക്‌സിംഗ് ഗോര്‍ക്കിയുടെ അമ്മ നോവലൊക്കെ ഒറ്റ ദിവസം കൊണ്ട് വായിച്ചു തീര്‍ത്തത്. പിന്നീട് ദേശാന്തര ഗമനം. തിരികെയെത്തി ഐ.ടി.ഐയില്‍ ചേരുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിക്കഴിഞ്ഞിരുന്നു.. ഐ .ടി .ഐ യില്‍ ഒരു രഘു ഉണ്ടായിരുന്നു. വിപ്ലവ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ്.( നക്‌സല്‍ ആശയഗതിക്കാരന്‍) ഐ.ടി.ഐയില്‍ മാത്രമല്ല ചുറ്റുപാടുമൊക്കെ മുറി ബീഡിയും വലിച്ച് ഊശാന്‍ താടിക്കാരനായ രഘു നെടുങ്കന്‍ പോസ്റ്ററുകള്‍ പതിച്ചു കൊണ്ടിരുന്നു.

ലെനിനും സ്റ്റാലിനും മാവോയും ഹോചിമിനുമൊക്കെ ആ പോസ്റ്ററുകളിലൂടെ ഞങ്ങളോട് ചിരിച്ചു.സംവദിച്ചു. രഘുവിന് മറുപടി തയാറാക്കി നല്‍കേണ്ടത് ‘താത്വികാചാര്യ’നായ എന്റെ ചുമതലയായിരുന്നു. എഴുതി കിട്ടേണ്ട താമസം അതൊക്കെ മനോഹരമായ പോസ്റ്ററുകളാക്കാന്‍ ഒരു ശങ്കരനാരായണനും സംഘവും. അത് എസ്.എഫ്.ഐ യുടെ അലതല്ലലിന്റെ കാലമായിരുന്നു. ആഫ്രിക്കന്‍ പായല്‍ പോലെ പടര്‍ന്നു കയറിയ കെ.എസ്.യു. എല്ലായിടത്തും കരിഞ്ഞുണങ്ങി. എസ്.എഫ്.ഐ ഇരമ്പിക്കയറി. രാവും പകലും ഉണ്ടാവുന്നത് പോലെ, പ്രകൃതി നിയമം പോലെ വന്നതല്ല എസ്.എഫ്.ഐ. അക്ഷരാര്‍ത്ഥത്തില്‍ പൊരുതിക്കയറിയതാണ്. പാവപ്പെട്ടവന്റെ മക്കള്‍ക്ക് പഠിക്കാനുള്ള അവകാശങ്ങള്‍ ഉറപ്പിച്ചെടുക്കുന്നതിനുള്ള ചോരയില്‍ കുതിര്‍ന്ന പോരാട്ടം. അടിച്ചൊതുക്കാന്‍ വന്ന ഗുണ്ടകളെ അടിച്ചോടിച്ചിട്ടുണ്ട്. അന്ന് കെ.എസ്.യുവിന് മാരക പ്രഹര ശേഷിയുള്ള ഗുണ്ടാസംഘങ്ങളുണ്ടായിരുന്നു. ദേവഗിരി കോളേജും ഗുരുവായൂരപ്പന്‍ കോളേജുമൊക്കെ അവരുടെ വിമോചിത മേഖലകളായിരുന്നു. മലബാര്‍ കൃസ്ത്യന്‍ കോളേജും അവരുടെ നിയന്ത്രണത്തിലായിരുന്നു.

പൊലീസ് മര്‍ദ്ദനങ്ങളെ നെഞ്ചൂക്കോടെ, ആവേശത്തോടെ പല തവണ ഞങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അത് അന്നൊരു ലഹരിയായിരുന്നു. ചേ ഗുവേര മസ്സില്‍ പടര്‍ന്നു കയറിയ കാലം. കേളുഏട്ടനെ തല്ലി വീഴ്ത്തിയത് അഭിമാനമായി പറഞ്ഞു നടന്ന ഒരു പോലീസുകാരനുണ്ടായിരുന്നു. അയാളെ കോട്ടപ്പറമ്പ് ആശുപത്രിക്ക് മുമ്പില്‍ ഒരു സമരകാലത്ത് കണ്ടുമുട്ടിയതിന്റെ ഓര്‍മ്മ കത്തിനില്‍ക്കുന്ന ആവേശമായി ഇപ്പോഴും ഇടനെഞ്ചിലുണ്ട്. ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തിനെതിരായ സമരമായിരുന്നു കഥാസന്ദര്‍ഭം. നിമിഷ നേരം കൊണ്ട് വന്‍ പൊലീസ് സേന എല്ലാ ആയുധങ്ങളുമായി ഞങ്ങളെ വളഞ്ഞു. അതിനിടയില്‍ നഗരത്തിലെ ചുവന്ന തലേക്കെട്ടും നീലക്കുപ്പായവുമണിഞ്ഞ മറ്റൊരു പൊലീസ് സേന ഞങ്ങള്‍ക്ക് സംരക്ഷണവുമായി എത്തി. ഞങ്ങളെ പൊതിഞ്ഞ് പാളയം ബസ് സ്റ്റാന്റിനകത്താക്കി, ഗേറ്റുകളില്‍ ഉപരോധം തീര്‍ത്തു. സ്റ്റാന്റിന് പിറകിലെ ഏരുമ ചെട്ടികളുടെ തെരുവിലൂടെ രക്ഷപ്പെടുത്തി. ഇതേ ചുമട്ടുതൊഴിലാളികളെ പിന്നീട് ഏറ്റവും പ്രതിലോമകരമായ സഹചര്യങ്ങളില്‍ കണ്ടു മുട്ടേണ്ടി വന്നതും ചരിത്രം.

ഞങ്ങളൊക്കെ നന്നായി പഠിക്കുമായിരുന്നു. പാഠഭാഗങ്ങള്‍ മാത്രമല്ല. സാഹിത്യവും മാര്‍ക്‌സിസവും മറ്റ് തത്വശാസ്ത്രങ്ങളും ചരിത്രവുമൊക്കെ. അന്ന് ലിറ്ററില്‍ മാഗസിനുകളുടേയും ചുമര്‍ പത്രങ്ങളുടേയും കയ്യെഴുത്ത് മാസികകളുടേയുമൊക്കെ കാലമായിരുന്നു. എസ്.എഫ്.ഐയുടെ പ്രസിദ്ധീകരണങ്ങളും ഇലക്ഷന്‍ ബുള്ളറ്റിനുകളും കോളേജ് മാഗസിനുകളുമൊക്കെ ഒന്നാം തരം സര്‍ഗ്ഗ സൃഷ്ടികള്‍ തന്നെയായിരുന്നു. നല്ല ഒന്നാം തരം മുദ്രാവാക്യങ്ങളും പടപ്പാട്ടുകളും ധാരാളമായി എഴുതേണ്ടി വന്നിട്ടുണ്ട്. എല്ലാം ചേര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു സര്‍ഗ്ഗവസന്തം തന്നെ. ഒരു പക്ഷേ ഇന്നത്തെ എഴുത്തുകള്‍ക്കുള്ള അക്ഷരമാലകള്‍ രൂപപ്പെട്ടത് അന്നായിരിക്കണം. സമരങ്ങളും ക്യാമ്പയിനുകളും കലാലയങ്ങളെ ഇളക്കിമറിയ്ക്കും. ക്ലാസ് റൂമുകളില്‍ കയറി ചോരയ്ക്ക് തീപ്പിടിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തും. മുദ്രാവാക്യങ്ങള്‍ തങ്ങളുടെ സ്വന്തമായി സംഘടനാ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുമായിരുന്നു. സമരം ഒരു ഘട്ടം കഴിയുമ്പോള്‍ നേതാക്കള്‍ സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരമാരംഭിക്കും. പൊലീസ് നടപടികള്‍ കനക്കും. അതോടെ സംഘര്‍ഷാവസ്ഥയാകും. ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസും വെടിവെപ്പും ബസ്സുകത്തിക്കലും പൊലീസ് ജീപ്പ് ആക്രമണവും, പാര്‍ട്ടി ഓഫീസുകളിലും വീടുകളിലും റെയ്ഡും അറസ്റ്റും ലോക്കപ്പ് മര്‍ദ്ദനവും കോടതിയും ജയിലുമൊക്കെ നിത്യസംഭവമാകും.

44 കേസ്സുകളിലൊക്കെ ഒരേ സമയം പ്രതിയാക്കപ്പെട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട്. മിക്കവാറും കള്ളക്കേസ്സുകളായിരിക്കും. ഒരു സംഭവമുണ്ടായാല്‍ ഒരന്വേഷണവും നടത്താതെ തങ്ങളുടെ കയ്യിലുള്ള ലിസ്റ്റ് വെച്ച് കേസ്സ് ചാര്‍ജ് ചെയ്യുന്ന രീതിയായിരുന്നു പൊലീസിന്. ഡി. വൈ എഫ്.ഐ ജില്ലാ ഭാരവാഹി സ്ഥാനത്ത് നിന്ന് ഒഴിയുന്ന കാലത്ത് ജില്ലയിലെ പേരാമ്പ്ര കോടതിയിലൊഴികെ മറ്റെല്ലാ കോടതികളിലും ഞങ്ങള്‍ക്കെതിരെ (ചന്ദ്രശേഖരനും) കേസുണ്ടായിരുന്നു.

സമ്മേളനങ്ങളും പഠന ക്യാമ്പുകളുമൊക്കെ ലോകത്തേയും രാജ്യത്തേയും മനുഷ്യരേയും കലയേയും സാഹിത്യത്തേയുമൊക്കെ അറിയാനുള്ള അരങ്ങുകളായിരുന്നു. മനുഷ്യ വിമോചനം എന്ന സ്വപ്നം സിരകളില്‍ കത്തിപ്പടരുന്നത് ഇവിടങ്ങളില്‍ വെച്ചാവും. രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ സമ്മേളന വേദിയിലെത്തുമ്പോള്‍ അതുണ്ടാക്കുന്ന വികാരവിക്ഷോഭം അത് അനുഭവിച്ചവര്‍ക്കേ അറിയൂ. മാധ്യമങ്ങള്‍ അക്രമികളായി ചിത്രീകരിക്കുമ്പോഴും, ഞങ്ങളുടേയൊന്നും കാലത്ത് എസ്.എഫ്.ഐക്കാരുടെ കഠാരയേററ് ഒരു വിദ്യാര്‍ത്ഥിക്കും കലാലയങ്ങള്‍ക്കകത്ത് ജീവന്‍ വെടിയേണ്ടിവന്നിട്ടില്ല.

എന്നാല്‍ എബി.വി.പി.ക്കാരും കെ.എസ്.യുക്കാരും മുപ്പതോളം എസ്.എഫ്.ഐക്കാരെ ഇതിനിടയില്‍ കൊലക്കത്തിക്കിരയാക്കിയിരുന്നു. പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജില്‍ സി.വി ജോസിനെ കെ.എസ്.യു.ക്കാര്‍ കൊലപ്പെടുത്തിയതിന്റെ പിറ്റേന്ന് ശവസംസ്‌കാരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അന്നത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.ശശിയുടെ രൂപം ഇപ്പാഴും മനസ്സിലുണ്ട്. അന്ന് എം.എല്‍.എ ഹോസ്റ്റലില്‍ പേരാമ്പ്ര എം.എല്‍.എ എ കെ.പത്ഭനാഭന്‍ മാസ്റ്ററുടെ മുറിയായിരുന്നു എസ്.എഫ്.ഐ സംസ്ഥാനക്കമ്മറ്റി ആപ്പീസ്. ശശി അവിടെയെത്തിയത് ആകെ വിങ്ങിപ്പൊട്ടിയായിരുന്നു. വന്നപാടെ വാതിലടച്ചു. അകത്തുണ്ടായിരുന്ന എന്നെ ചേര്‍ത്തു പിടിച്ചു. പിന്നീട് വികാരം നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടിപൊട്ടിക്കരയുകയായിരുന്നു ശശി.

‘ഇനിയുമെനിയ്ക്ക് ഇതൊന്നും കാണാന്‍ വയ്യ; എന്നെ സെക്രട്ടറി ചുമതലയില്‍ നിന്ന് ഒന്നൊഴിവാക്കിത്തരൂ’ എന്ന് പിച്ചും പേയും പറയുമ്പോലെ പുലമ്പിക്കൊണ്ടായിരുന്നു ഉച്ചത്തിലുള്ള കരച്ചില്‍. ഓഫീസില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശശിയെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാനും വിങ്ങിപ്പൊട്ടിപ്പോയി. പിന്നീട് പല രൂപത്തില്‍ അധികാരത്തിന്റെ കൊമ്പും തോറ്റയുമൊക്കെയായി ശശിയെ കാണാനിടവന്നു, അപ്പോഴൊക്കെ എന്റെ മനസ്സിലേയ്ക്ക് ആദ്യം കടന്നു വരിക അന്നത്തെ ആ രംഗമായിരുന്നു. കേരളത്തില്‍ റാഗിംഗിനെതിരെ അതിശക്തമായ സമരം നയിച്ച സംഘടനയാണ് എസ്.എഫ് ഐ. സൈമണ്‍ ബ്രിട്ടോയെ കുത്തിവീഴ്ത്തിയതിന്റെ ചരിത്രം ചുഴിഞ്ഞ് നോക്കിയാലും അവിടെ റാഗിംഗിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത എസ്.എഫ്.ഐയെ കാണാം.

എറണാകുളം മഹാരാജാസ് കോളേജ് മഹാ റൗഡികളായ ഒരു സംഘം കെ.എസ്.യു നേതാക്കള്‍ അടക്കിവാണ ഒരു കാലമുണ്ടായിരുന്നു. പെണ്‍കുട്ടികളെ അപമാനിക്കലായിരുന്നു ഇവരുടെ സ്ഥിരം കലാപരിപാടി. കോളേജിന് മുമ്പിലെ ബസ്റ്റോപ്പ് വൈകുന്നേരങ്ങളില്‍ നൂറ് കണക്കിന് പെണ്‍കുട്ടികളെക്കൊണ്ട് നിറയും. ആ സമയത്ത് അടിവസ്ത്രം ധരിക്കാതെ ഒറ്റമുണ്ടുടുത്ത് കുട്ടമായി ബസ്റ്റോപ്പിന് മുമ്പിലൂടെ ഈ റൗഡിക്കൂട്ടം നടക്കും. അവിടെയെത്തുമ്പോള്‍ ഉടുമുണ്ട് കൂട്ടമായി അഴിഞ്ഞു വീഴും. മുണ്ട് വാരിയുടുക്കും; പെണ്‍കുട്ടികള്‍ അപമാനഭാരം കൊണ്ട് കണ്ണടക്കും.’സോറി പെങ്ങളെ’ എന്നൊരു കമന്റ് കച്ചും.

ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളൊക്കെയാണ് സംഘത്തില്‍ എന്നത് കൊണ്ട് പൊലീസും നടപടിയെടുക്കാന്‍ മടിച്ചു. എസ്.എഫ്.ഐ ഈ പ്രശ്‌നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഉടുമുണ്ടഴിഞ്ഞ നിമിഷത്തില്‍ എസ്.എഫ്.ഐ വളണ്ടിയര്‍മാര്‍ ചാടി വീണു. റൗഡികളെ ഉടുമുണ്ടില്ലാതെ തന്നെ ഏറണാകുളം ടൗണിലൂടെ കിലോമീറ്ററുകളോളം തല്ലിയോടിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലിയ സംഘട്ടനം നടന്നെങ്കിലും പെണ്‍കുട്ടികളെ അപമാനിക്കുന്ന കലാപരിപാടി അതോടെ അവസാനിച്ചു. ഇതുപോലെ വൈവിധ്യപൂര്‍ണ്ണമായ സമരങ്ങള്‍ നടത്തിയതിന്റെ പൊള്ളുന്ന അനുഭവങ്ങളുണ്ട് എസ്.എഫ്.ഐയ്ക്ക്.

പുല്‍പ്പള്ളി വെടിവെപ്പിനെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ ലംഘിക്കുന്നതിന്, സുരേഷ് കുറുപ്പിന്റേയും സി.പി.ജോണിന്റെയും മത്തായി ചാക്കോയുടേയും നേതൃത്വത്തില്‍ ദിവസങ്ങള്‍ കാട്ടിലൂടേയും മറ്റും മാര്‍ച്ച് ചെയ്ത്, പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടത്തിയ പുല്‍പ്പള്ളിമാര്‍ച്ച്, പങ്കെടുത്തവര്‍ക്കൊക്കെ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത, ചോര തിളക്കുന്ന സമരാനുഭവമായിരിക്കും.

ഇത്രയേറെ ത്യാഗ-സമര-സുരഭിലമായ ചരിത്രമുള്ള ഒരു സംഘടന ഇന്നിപ്പോള്‍ വലിയ പഴി കേള്‍ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? എവിടെ നിന്നാണ് എസ്.എഫ്.ഐ യ്ക്ക് വഴി പിഴച്ചു തുടങ്ങിയത്? ചരിത്രത്തില്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി അത് തിരോഭവിക്കുകയാണോ? ഇങ്ങനെയൊക്കെ ചിന്തിച്ചു പോകാന്‍ മാത്രം പേരുദോഷം കഴിഞ്ഞ ഒന്ന് രണ്ട് പതിറ്റാണ്ടായി എസ്.എഫ്.ഐ കേട്ടുകൊണ്ടിരിക്കുന്നു.

സ്വാതന്ത്യം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ പതാകയില്‍ ആലേഖനം ചെയ്ത മുദ്രാവാക്യങ്ങളോട്, രക്തസാക്ഷികളുടെ ചോര കൊണ്ട് ചുകന്ന രക്തതാരകത്തോട് ആ സംഘടന നീതി പുലര്‍ത്തുന്നില്ല, എന്ന ആക്ഷേപം കേവലം ശത്രുക്കളുടെ പ്രചാരവേല മാത്രമാണോ? യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മാത്രമല്ല; കേരളത്തിലെ ഒരു പാട് കലാലയങ്ങളില്‍ നിന്ന് ഈ ആക്ഷേപം ഇന്നുയരുന്നുണ്ട്. ഒരു ഭരണവിലാസം സംഘടനയായി എസ്.എഫ്.ഐ അധ:പതിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ആകെക്കൂടി അവര്‍ക്കിപ്പോള്‍ വിദ്യാര്‍ത്ഥി പ്രശ്‌നം എന്നത് സ്വാശ്രയ കോളേജുകളും അവിടത്തെ അഡ്മിഷനും ഫീസുമൊക്കെയായി ചുരുങ്ങുന്നു.

കോര്‍പ്പറേറ്റ് താല്പര്യങ്ങളുടെ ഭാഗമായി നമ്മുടെ വിദ്യാഭ്യാസം അടിമുടി കച്ചവടവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഉന്നതതലം വരെ പ്രമോട്ട് ചെയ്യപ്പെട്ട ശേഷം ലക്ഷങ്ങളില്‍ നിന്ന് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ട, നല്ല വൈദഗ്ധ്യവും ബുദ്ധിശക്കിയുമുള്ള ഏതാനും പേരെ തെരഞ്ഞെടുക്കുന്ന എലിമിനേറ്റിംഗ് റൗണ്ടിലേയ്ക്കുള്ള ചവിട്ടുപടികള്‍ മാത്രമായി വിദ്യാഭ്യാസം മാറുന്നു. കോര്‍പ്പറേറ്റുകള്‍ അരിച്ചെടുത്ത ‘ഭേദപ്പെട്ടവര്‍’ കഴിഞ്ഞാല്‍ മറ്റുള്ളവര്‍ ഒന്നിനും കൊള്ളാത്ത ചണ്ടികളായി മാറ്റപ്പെടുന്നു. ഒരു നല്ല കൃഷിക്കാരനേയോ തൊഴിലാളിയേയോ ഉണ്ടാക്കിയെടുക്കുന്നത് പോലും സമൂഹത്തിന്റെ ചുമതലയല്ലാതാകുന്നു. ഇത്തരം പ്രശ്‌നങ്ങളുളയര്‍ത്തി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും അദ്ധ്യാപക സംഘടനകള്‍ക്കും ഒന്നും കഴിയുന്നില്ലങ്കില്‍ മറ്റാര്‍ക്കാണത് കഴിയുക?

ഒരു കാലത്ത് എന്തൊക്ക ദുഷ്പ്രവണതകള്‍ക്ക് എതിരെയാണോ എസ്.എഫ്.ഐ പൊരുതിക്കയറിയത് അതിന്റെയൊക്കെ വിളനിലമായി സംഘടന മാറുന്നു എന്ന ആക്ഷേപം കേവലം എതിരാളികളുടെ പ്രചാരണം മാത്രമായി എഴുതിത്തള്ളാവുന്നതല്ല. മനുഷ്യന്റെ സ്വാതന്ത്യത്തിനും സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനും സ്ഥിതിസമത്വ ബോധവുമൊക്കെ കൊടിയടയാളമായിത്തീരേണ്ട സംഘടന അതിന്റെയൊക്കെ കഴുത്തു ഞെരിക്കുന്ന ആരാച്ചാര്‍മാരായിത്തീരുന്നു എന്നാണല്ലോ യൂണിവേഴ്‌സിറ്റി കോളേജ് സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം പാര്‍ലമെന്ററി അധികാരസ്ഥാനങ്ങളിലേയ്ക്കുള്ള ചവിട്ടുപടികളായി കാണുന്ന പ്രവണത ശക്തിപ്പെട്ടത് നവലിബറല്‍ ആശയങ്ങള്‍ സമൂഹത്തില്‍ ശക്തിപ്പെട്ടത് മുതല്‍ക്കാണ് എന്നത് യാഥാര്‍ത്ഥ്യം തന്നെ. എസ്.എഫ്.ഐ പോലൊരു സംഘടനയെ നവലിബറല്‍ ആശയങ്ങള്‍ വിഴുങ്ങാന്‍ വിടാതെ കാത്ത് സംരക്ഷിക്കേണ്ടത് ഇടതുപാര്‍ട്ടികളായിരുന്നു. വിധി വൈപരീത്യം എന്ന് പറയട്ടെ; നവലിബറല്‍ നീതിബോധത്തിലേക്കും രീതി ശാസ്ത്രത്തിലേക്കും ആദ്യമേ തന്നെ അത്തരം പാര്‍ട്ടികള്‍ മുതലക്കൂപ്പുകുത്തുന്നതാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നാം കണ്ട് കൊണ്ടിരിക്കുന്നത്. വിഭാഗീയത അതിശക്തമായി പാര്‍ട്ടികളെ ഗ്രഹിച്ചതോടെ കഴിവിന്റേയും ആത്മാര്‍ത്ഥതയുടേയും ത്യാഗ മനോഭാവത്തിന്റേയും അടിസ്ഥാനത്തില്‍ ഇത്തരം സംഘടനകളുടെ നേതൃസ്ഥാനങ്ങളിലേയ്ക്ക് ഉയര്‍ന്നു വരുന്നവര്‍ തഴയപ്പെടുകയും പകരം ‘പെട്ടി താങ്ങികള്‍’ സംഘടനാ ശരീരം കയ്യടക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടായി.

ഇന്ന് കാലയങ്ങള്‍ക്കകത്തെ ഇടം(Space) കയ്യടക്കാന്‍ വര്‍ഗ്ഗീയ സംഘടനകള്‍ പല രൂപത്തില്‍ രംഗത്തുണ്ട്. ചിലര്‍ നേരിട്ടാവാം, മറ്റു ചിലര്‍ മാരീചവേഷം പൂണ്ടും. അത്തരം സംഘടനകളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെടുന്ന അപകടകരമായ പ്രവണതകള്‍ ശക്തിപ്പെടുക തന്നെയാണ്. അവരാണിന്ന് കലാലയങ്ങള്‍ക്കകത്ത് പല വിധ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവ വികാസങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി നടന്നു കൊണ്ടിരിക്കുന്ന മാധ്യമ ചര്‍ച്ചകള്‍, അങ്ങേയറ്റം അപകടകരമായ വലതുപക്ഷ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. എസ്.എഫ്.ഐ എന്ന സംഘടനയുടെ മഹത്തായ ചരിത്രവും പാരമ്പര്യവുമൊന്നും അവര്‍ പരിഗണിക്കുന്നില്ല. ഇപ്പാഴുണ്ടായ സംഭവങ്ങളെ അതിന്റെ സമ്പൂര്‍ണ്ണമായ ഉള്ളടക്കത്തില്‍ത്തന്നെ പുറത്ത് കൊണ്ടുവരിക എന്നത് മാധ്യമധര്‍മ്മമാണെന്ന് അംഗീകരിക്കുമ്പോഴും, ഈ അവസരം ഉപയോഗിച്ച് കലാലയങ്ങള്‍ക്കകത്തും വിദ്യാര്‍ത്ഥികളുടെ മനസ്സിനകത്തും ഇടം നേടാന്‍ പരിശ്രമിക്കുന്ന മത വര്‍ഗ്ഗീയ ഫാസിസ്റ്റ് രാഷ്ടീയ പ്രസ്ഥാനങ്ങള്‍ക്ക് വിടുപണി ചെയ്യലായി അത് മാറാന്‍ പാടില്ല എന്ന കാര്യവും ആരും വിസ്മരിച്ചു കൂട..

എന്‍.വി ബാലകൃഷ്ണന്‍

രാഷ്ട്രീയ നിരീക്ഷകന്‍

We use cookies to give you the best possible experience. Learn more