ഒരു സിന്ദൂരപ്പൊട്ടിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍
Opinion
ഒരു സിന്ദൂരപ്പൊട്ടിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th April 2017, 2:42 pm

എന്‍.വി ബാലകൃഷ്ണന്‍


മലയാളക്കരയുടെ ജാതകം തിരുത്തിക്കുറിച്ച ആ “സിന്ദൂരപ്പൊട്ട്” പിറവിയെടുത്തിട്ട് ആറ് പതിറ്റാണ്ട് പൂര്‍ത്തിയായിരിക്കുന്നു. ഐക്യകേരളം എന്ന സ്വപ്നം യാഥാര്‍ഥ്യമായതിന് ശേഷം ആദ്യ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രി സഭ, ചരിത്രത്തില്‍ ഒരു വിസ്മയം തന്നെയായിരുന്നു. പാര്‍ലിമെന്ററി ജനാധിപത്യം ബൂര്‍ഷ്വാ വര്‍ഗ്ഗ ഭരണകൂടത്തിന്റെ ഭാഗമാണെന്നും സായുധവിപ്ലവിത്തിലൂടെ അതിനെ തകര്‍ത്ത ശേഷമേ കമ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ അധികാരം സ്ഥാപിക്കുകകയുള്ളൂ എന്നുമായിരുന്നു അതുവരെയുള്ള ധാരണ. നവ സ്വതന്ത്ര രാജ്യമായ ഇന്ത്യയില്‍ ബൂര്‍ഷ്വാ ചട്ടക്കൂടിനകത്ത് ഒരു സംസ്ഥാനത്ത് അധികാരത്തില്‍ വന്നിട്ട് ഇവര്‍ എന്ത് ചെയ്യാന്‍ പോവുന്നു എന്ന് സാകൂതം കണ്ടുനില്‍ക്കുകകയായിരുന്നു ലോകം.

ഒരര്‍ഥത്തില്‍ ആധുനിക കേരളത്തിന്റെ അസ്തിവാരം ഉറപ്പിച്ച എല്ലാ പരിഷ്‌കരണങ്ങള്‍ക്കും തുടക്കം കുറിച്ചത് ഒന്നാം ഇ.എം.എസ് സര്‍ക്കാരായിരുന്നു. ഇരുപത്തി എട്ട് മാസമേ അതിന് ആയുസുണ്ടായിരുന്നുള്ളൂ. മലയാളിക്ക് “തന്റേടം”(തന്റെ + ഇടം) പകര്‍ന്ന ഭൂപരിഷ്‌കരണം, തുടര്‍ന്നുള്ള കാര്‍ഷിക പരിഷ്‌കരണ നടപടികള്‍. പരമ്പരാഗത വ്യവസായത്തെ സഹകരണാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിച്ചത്. ബിര്‍ളയെപ്പോലുള്ള മുതലാളിമാരെ സഹകരിപ്പിച്ച് മാവൂര്‍ ഗോളിയോര്‍ റയേണ്‍സ് പോലുള്ള ആധുനിക വ്യവസായങ്ങള്‍ക്ക് തുടക്കം കുറിച്ചത്, ജാതിയുടെ ഇടാമിടുക്കുകകള്‍ക്കകത്ത് കുടുങ്ങി നിന്നിരുന്ന വിദ്യഭ്യാസത്തെ ജനാധിപത്യപരമായി പുതുക്കിപ്പണിതത്, വിദ്യഭ്യാസ ബന്ധ നിയമം, ജലവൈദ്യുത പദ്ധതികളിലൂടെ ഊര്‍ജ്ജോത്പാദന രംഗത്തെ കുതിച്ചു ചാട്ടത്തിനുള്ള ശ്രമം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് അടിത്തറ പാകല്‍, അധികാര വികേന്ദ്രീകരണ നടപടികള്‍ തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് ആ സര്‍ക്കാര്‍ കൈ വെക്കാത്ത മേഖലകളുണ്ടായിരുന്നില്ല. പ്രമാണി വര്‍ഗ്ഗം ശക്തമായി സര്‍ക്കാരിനെതിരെ നിലയുറപ്പിച്ചപ്പോഴും മാധ്യമങ്ങള്‍ ശക്തമായി എതിര്‍ പ്രചാര വേലകള്‍ ശക്തിപ്പെടുത്തിയപ്പോഴും ഇ.എം.എസ് സര്‍ക്കാരിന്റെ ചുവടു വെപ്പുകളെ അവഗണിക്കാന്‍ ഇന്ദിരാഗാന്ധി അധ്യക്ഷയായ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിന് പോലും സാധിച്ചില്ല.

ലോകചരിത്രത്തിലെ ആദ്യ സംഭവമായ കമ്യൂണിസ്റ്റ് സര്‍ക്കാരിനെക്കുറിച്ച് പഠിച്ച്, ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ അതിന്റെ സെക്രട്ടറിയായ എച്ച്.ഡി മാളവ്യയെ(ഹര്‍ഷദേവ് മാളവ്യ) പ്രസിഡന്റ് ഇന്ദിരഗാന്ധി ചുമതലപ്പെടുത്തുകയുണ്ടായി. അദ്ദേഹം കേരളത്തില്‍ വന്ന് ദീര്‍ഘനാള്‍ താമസിച്ച് പഠിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ഇന്ദിരഗാന്ധിക്ക് സമര്‍പ്പിച്ചു. “പതിനെട്ട് മാസം ചെന്ന കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചൊരു വിധി” എന്നാണതിന്റെ പേര്. ഇന്ദിരയുടെ ജീവചരിത്ര ഗ്രന്ഥങ്ങളിലൊന്നായ “ദി റെഡ് റോസ് എഗൈന്‍ (ഠവല ഞലറ ഞീലെ അഴമശി) എന്ന കെ.അബ്ബാസ് രചിച്ച ഒരു പുസ്തകമുണ്ട്. “ചെമ്പനിനീര്‍പൂവ് വീണ്ടും” എന്ന തലക്കെട്ടില്‍ പാറുക്കുട്ടി എന്നൊരു സ്ത്രീ ഈ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകത്തില്‍ പതിനെട്ട് മാസം ചെന്ന കമ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചൊരു വിധി എന്ന റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ എടുത്ത് ചേര്‍ത്തിട്ടുണ്ട്. അതില്‍ ഇങ്ങനെ പറയുന്നു: “ദിവസങ്ങള്‍ ചെല്ലുന്തോറും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശരിയായ ചുവടുവെപ്പുകളോടെ ധീരമായി മുന്നോട്ട് പോവുകയാണ്. ജന്മിക്കരം അവസാനിപ്പിക്കുന്നതിലൂടെ, (പാട്ടക്കുടിയാന്മാര്‍) കുടിയൊഴിപ്പിക്കല്‍ നിരോധിക്കുന്നതിലൂടെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ നലകൊള്ളുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിന്റെ ദണ്ഡ നീതി പ്രമാണി വര്‍ഗത്തിന്റെ ചൊല്‍പടിക്ക് ഇല്ലാതാക്കിയിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവര്‍ മുഖമുയര്‍ത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു.” ഒരു പക്ഷേ ഇ.എം.എസ് സര്‍ക്കാരിന് ലഭിച്ച ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരവും പ്രശംസയുമായിരിക്കും ഈ റിപ്പോര്‍ട്ട്. പക്ഷേ, ഈ നിലയില്‍ സര്‍ക്കാരിന് മേല്‍ പ്രശസ്തി ചൊരിഞ്ഞ കോണ്‍ഗ്രസ് തന്നെയാണ് പിന്നീട് കേരളത്തിന് ശാപമായി മാറിയ സകല ജാതി-മത ശക്തികളെയും കുടം തുറന്ന് വിട്ട് വിമോചന സമരം സംഘടിപ്പിച്ചത്. സി.ഐ.എയുടെ സാമ്പത്തിക പിന്തുണയോടെയായിരുന്നു ആ സമരം എന്ന് അന്ന് തന്നെ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. വിമോചന സമരത്തില്‍ പങ്കെടുത്തുപോയി എന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തെറ്റായിരുന്നു എന്ന് സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കുട്ടിമാളുഅമ്മ കലാകൗമുദി വാരികയിലൂടെ കുമ്പസരിച്ചത് ഓര്‍മ്മയിലുണ്ട്. അക്കാലത്ത് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡറായ ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍ എഴുതിയ പുസ്തകം “എ ഡെയ്ഞ്ചറസ് പ്ലെയിസ്” 1978-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ 41-ാം പേജില്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്. “We had twice but only twice interfeared in Indian politics to the extent of providing money to a political party, both times it was done in the face of a prospective communist victory in the state election, once in Kerala once in West Bengal were is Kolkata located. both times the money was given to Congress party, which had asked for it. once it was given to Mrs. Gandhi herself, who was then a party official”.

1978 ന് മുമ്പ് തന്നെ അമേരിക്ക രണ്ട് തവണ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നേരിട്ട് പണം നല്‍കി ഇടപെട്ടിട്ടുണ്ടെന്നും രണ്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തെത്തുടര്‍ന്നായിരുന്നുവെന്നും പണം നല്‍കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആയിരുന്നെന്നും അവരത് ആവശ്യപ്പെട്ടിരുന്നെന്നും ഒരു തവണ പാര്‍ട്ടി ഭാരവാഹിയായിരുന്ന ഇന്ദിരഗാന്ധിക്ക് നേരിട്ടാണ് പണം നല്‍കിയതെന്നും മൊയ്നിഹാന്‍ വെളിപ്പെടുത്തിയതോടെ ഇന്ദിരാഗാന്ധി നിഷേധ പ്രസ്താവനയുമായി രംഗത്തെത്തി. പണം വാങ്ങിയതിന് അവര്‍ ഒപ്പിട്ട് തന്ന രശീതി ഇപ്പോഴും ഇന്ത്യയിലെ അമേരിക്കന്‍ എംബസിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇന്ദിരാഗാന്ധിക്ക് വേണമെങ്കില്‍ അത് പരിശോധിക്കാമെന്നും മൊയ്നിഹാന്‍ മറുപടി നല്‍കി. ഇന്ദിര നിലപാടില്‍ ഉറച്ച് നില്‍ക്കുമെങ്കില്‍ തനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ഇന്ദിര പിന്നീട് മൗനിയായി. അന്ന് കേന്ദ്രഭക്ഷ്യ മന്ത്രിയായിരുന്ന എസ്.കെ പാട്ടീല്‍ മുഖാന്തിരം ഇതേ ആവശ്യത്തിന് പണം നല്‍കിയതിന്റെ വിവരങ്ങള്‍ മറ്റൊരു അമേരിക്കന്‍ അംബാസിഡറായിരുന്ന എല്‍സ്വര്‍ത്ത് ബംഗറും വെളിപ്പെടുത്തിയിട്ടുണ്ട്. 1957 മുതല്‍ അമേരിക്കന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഡെനിസ് ക്രൂക്സിന്റെ “എസ്ട്രൈയ്ജഡ് ഡെമോക്രസി” എന്ന പുസ്തകത്തില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് വിജയം വാഷിംഗ്ടണില്‍ അപകടമണി മുഴക്കിയിരുന്നു. എങ്ങനെയാണ് ഇന്ത്യയില്‍ മറ്റൊരു കേരളം രൂപം കൊള്ളുന്നത് തടയാനാവുക എന്നതായിരുന്നു വാഷിംഗ്ടണിനെ അലട്ടിയിരുന്നത്” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണം, ആ സര്‍ക്കാരിനെതിരായ വിമോചന സമരം, ഭരണ ഘടനയിലെ 356-ാം വകുപ്പ് ഉപയോഗിച്ച് നഹ്റു ഗവര്‍ണ്‍മെന്റ് ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചു വിട്ടത്, തുടങ്ങിയ നടപടികള്‍ പില്‍ക്കാല കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനങ്ങള്‍ വേണ്ട പോലെ പഠിക്കപ്പെട്ടിട്ടില്ല. ഒരു കാലത്ത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ അമേരിക്ക ഉള്‍പ്പടെയുള്ള സാമ്രാജ്യത്വ ശക്തികളും കോര്‍പ്പറേറ്റ് മുതലാളിമാരും എത്രമേല്‍ ഭയപ്പെട്ടിരുന്നുവെന്ന് മുകളില്‍ കൊടുത്ത വസ്തുതകള്‍ വ്യക്തമാക്കുന്നുണ്ട്. അന്നൊക്കെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ സാമ്പത്തികമായും ആശയപരമായും സഹായിക്കുന്നതിനോടപ്പം അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്‍കിയും നേതാക്കളെ കൊല ചെയ്തുമൊക്കെയാണ്, അമേരിക്കയും കൂട്ടാളികളും അവരുടെ ചാര സംഘടനകളും ഇടപെട്ടിരുന്നത്, എന്നാല്‍ പുതിയ കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അകത്ത് നുഴഞ്ഞ് കയറി അതിന്റെ വര്‍ഗ്ഗ സ്വഭാവം നശിപ്പിക്കുക, മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായി കമ്യൂണിസ്റ്റ് പാര്‍ട്ടികളെ മാറ്റിയെടുക്കുക, അത്തരം പാര്‍ട്ടികളുടെ നേതാക്കളെ സ്വാധീനിച്ച് കോര്‍പ്പറേറ്റ് അനുകൂല പരിഷ്‌കരണങ്ങള്‍ പ്രയോഗക്ഷമമാക്കുക തുടങ്ങിയ നടപടികള്‍ക്കാണ് സാമ്രാജ്യത്വം ഇന്ന് മുന്‍ഗണന നല്‍കുന്നത്. നവ ലിബറല്‍ കാലത്തെ മിക്കവാറും വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കകത്ത് ഇത്തരം വ്യതിയാനങ്ങള്‍ ഇപ്പോള്‍ സംഭവിച്ച് കഴിഞ്ഞിട്ടുണ്ട്. സന്നദ്ധ സംഘടനകളെ(എന്‍.ജി.ഒ) ഫണ്ട് നല്‍കി സഹായിച്ച് തങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ ശേഖരിക്കാനും അനുകൂല നയനിലപാടുകള്‍ അടിച്ചേല്‍പ്പിക്കാനും അവര്‍ക്കിപ്പോള്‍ കഴിയുന്നുമുണ്ട്. അതുകൊണ്ട് തന്നെ അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം കമ്യൂണിസ്റ്റ് മന്ത്രി സഭയുടെ പ്രഭാവം കേരളത്തില്‍ സൃഷ്ടിച്ച ആഘാത പ്രത്യാഘാതങ്ങള്‍ വലിയ തോതിലുള്ള പഠനം ആവശ്യപ്പെടുന്ന ഒരു വിഷയം തന്നെയാണ്