കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ലവ് ജിഹാദും പശുക്കടത്തും നടന്നുകൊണ്ടിരിക്കുകയാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തോട് മറുപടിയുമായി തൃണമൂല്‍ എം.പി നൂസ്രത് ജഹാന്‍.
യോഗിയുടെ പരാമര്‍ശം തന്നെ ഞെട്ടിക്കുന്നുവെന്നാണ് നൂസ്രത് പറഞ്ഞത്. ഹാത്രാസില്‍ ലൈംഗികമായി പീഡനത്തിനിരയായ യുവതിയുടെ പിതാവിനെ പ്രതി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു നൂസ്രത് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു നൂസ്രതിന്റെ പ്രതികരണം.
SHOCKING!
Cannot find the words to describe the horror that @BJP4India ruled Uttar Pradesh has turned into! WHY couldn’t @myogiadityanath prioritize the safety & security of this family? Is Bengal elections more important to BJP?#BJPHataoBetiBachaohttps://t.co/WPvi5GHzP4
— Nusrat Jahan Ruhi (@nusratchirps) March 2, 2021
‘ഞെട്ടിപ്പിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നടക്കുന്ന ക്രൂരതകളെ പറ്റി പറയാന്‍ വാക്കുകളില്ല. യോഗി ആദിത്യനാഥ് എന്തുകൊണ്ട് ആ കുടുംബത്തിന് വേണ്ട സുരക്ഷയൊരുക്കിയില്ല. ബംഗാള്‍ തെരഞ്ഞെടുപ്പാണോ ബി.ജെ.പിയ്ക്ക് ഇപ്പോള്‍ വലുത്? ബി.ജെ.പിയെ തുരത്തൂ. പെണ്‍മക്കളെ രക്ഷിക്കൂ’, നൂസ്രത് പറഞ്ഞു.
മാര്‍ച്ച് 2നാണ് ഹാത്രാസില്‍ പീഡനത്തിനിരയായി പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ച് കൊന്നത്. പ്രതിക്കെതിരെ പരാതിയുമായി മുന്നോട്ട് പോയതാണ് കൊലപാതകത്തിന് കാരണം. തങ്ങള്‍ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി രംഗത്തെത്തിയത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഇതിനിടെയാണ് ബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാള്‍ഡയില്‍ നടന്ന റാലിക്കിടെ വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്.
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി പ്രീണന നയമാണ് പിന്തുടരുന്നതെന്നും ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിയമവാഴ്ചയാണ് നിലനില്‍ക്കുന്നതെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന.
പശ്ചിമ ബംഗാളില്‍ ‘ലവ് ജിഹാദ്’ നടന്നുകൊണ്ടിരിക്കുകയാണെന്നും യോഗി ആരോപണം ഉന്നയിച്ചിരുന്നു. ‘ലവ് ജിഹാദ്’ തടയാനായി യു.പി സര്‍ക്കാര്‍ നിയമമുണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ പ്രീണന രാഷ്ട്രീയം നടപ്പാക്കുന്ന ബംഗാളില്‍ ഇതുവരെ അത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നിട്ടില്ലെന്നും യോഗി പറഞ്ഞു.
ലവ് ജിഹാദ് ഇവിടെ നടപ്പിലാക്കുന്നു. യു.പിയില്‍ ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കി. എന്നാല്‍ ഇവിടെ പ്രീണന രാഷ്ട്രീയം ഉണ്ട്. അതിനാല്‍ പശു കള്ളക്കടത്തും ലവ് ജിഹാദും തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല,” യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം, ‘ലവ് ജിഹാദി’നെതിരെ ഗുജറാത്തിലും മത സ്വാതന്ത്ര്യ ബില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
മത സ്വാതന്ത്ര്യ ബില്‍ ഭേദഗതികളോടെ ഗുജറാത്ത് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി പ്രദീപ് സിന്‍ഹ് ജഡേജയാണ് പറഞ്ഞത്.
ഗുജറാത്തില്‍ ‘ലവ് ജിഹാദി’ന്റെ ഭീഷണി നിയന്ത്രിക്കുക എന്നതാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും പേരുകള്‍ മാറ്റി ഹിന്ദു പെണ്‍കുട്ടികളെ വഞ്ചിക്കാന്‍ ശ്രമിക്കുന്ന എല്ലാവരെയും നിയമത്തിലൂടെ ശിക്ഷിക്കുമെന്നും ജഡേജ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Nusrath Jahan Response After Yogi Aditya Nath’s Comment