ന്യൂദല്‍ഹി: തൊഴില്‍ വിസയില്‍ വിദേശത്തേക്ക് പോകുന്ന നേഴ്‌സുമാര്‍ക്ക് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്നുള്ള കേരള സര്‍ക്കാറിന്റെ അപേക്ഷ കേന്ദ്രം തള്ളി. മൂന്ന് മാസത്തേക്ക് കൂടി ഇളവ് അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
നാളെ മുതലാണ് ഈ വ്യവസ്ഥ നിലവില്‍ വരിക. ഇതോടെ ഇനി സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് സാധ്യമാവുകയുള്ളു. നോര്‍ക്ക റൂട്ട്‌സ്, ഒ.ഡി.ഇ.പി.സി, തമിഴ്‌നാട് മാന്‍പവര്‍ കോര്‍പ്പറേഷന്‍ എന്നീ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമാണ് ഇനി വിദേശത്തേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സാധ്യമാവുക.
നേഴ്‌സിങ് തൊഴില്‍ തേടി 17 ഇ.സി.ആര്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇനി അംഗീകാരമില്ലാത്ത മറ്റ് ഏജന്‍സികള്‍ വഴി നഴ്‌സുമാര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കില്ല. വിദേശകാര്യമന്ത്രാലയം ഇന്ന് ദല്‍ഹില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന പ്രവാസികാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
സ്വകാര്യ ഏജന്‍സികളുമായി കരാറിലേര്‍പ്പെട്ട നഴ്‌സുമാരുടെ യാത്ര പ്രതിസന്ധിയിലാവുന്നത് കൊണ്ടാണ് കേരളം കൂടുതല്‍ സമയം ആവശ്യപ്പെട്ടതെന്ന് മന്ത്രി കെ.സി ജോസഫ് അറിയിച്ചു.