തിരുവനന്തപുരം: 22 ദിവസത്തെ സമരത്തിന് ശേഷം സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ സമരം വിജയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്. അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന നഴ്സുമാരുടെ ആവശ്യം മാനേജ്മെന്റുകള്‍ അംഗീകരിക്കുകയായിരുന്നു.ഇതേത്തുടര്‍ന്ന് സമരം പിന്‍വലിക്കുന്നതായി നഴ്സുമാരുടെ സംഘടനകളായ യു.എന്‍.എ, ഐ.എന്‍.എ എന്നിവ പ്രഖ്യാപിച്ചു.
ആനുകൂല്യങ്ങളടക്കം 20000 രൂപ അടിസ്ഥാന വേതനമായി നഴ്‌സുമാര്‍ക്ക് നല്‍കാനാണ് ധാരണ. 50 കിടക്കകള്‍ ഉള്ള ആശുപത്രികള്‍ 20000 രൂപ നല്‍കണം അതിനു മുകളില്‍ ഉള്ള ആശുപത്രികളിലെ വേതനത്തെ കുറിച്ചും പരാതി പഠിക്കുന്നതിനുമായി സെക്രട്ടറി തല സമതിയെ നിയോഗിച്ചു. സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയതായും ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു
Also read എടാ കൃഷ്ണാ അവരെന്നെ കൊന്നു; ദളിത് യുവാവിന്റെ ആത്മഹത്യയില്‍ പ്രതിഷേധവുമായി കളക്ടര്‍ ബ്രോ
സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ജനകീയസമരമാണ് വിജയത്തിലെത്തിയത്. രാവിലെ വരെ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഇല്ല എന്ന നിലപാടായിരുന്നു മാനേജ്മെന്റുകളുടേത്. മുഖ്യമന്ത്രി ആദ്യം നേഴ്സിങ് സംഘടനേതാക്കളുമായാണ് ചര്‍ച്ച നടത്തിയത്. നഴ്സുമാര്‍ തങ്ങളുടെ പ്രശ്നങ്ങളും ട്രെയിനിങ് സമ്പ്രദായം നിര്‍ത്തലാക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും മുഖ്യമന്ത്രിയെ അറിയിച്ചു.
ഇന്നലെ വരെ ശമ്പളം ഒരു രൂപ പോലും വര്‍ദ്ധിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റുകള്‍. എന്നാല്‍ സര്‍ക്കാര്‍ കടുത്ത നിലപാടെടുത്തതോടെ മാനേജ്‌മെന്റുകള്‍ വഴങ്ങുകയായിരുന്നു. ചര്‍ച്ച വിജയിച്ചതോടെ വന്‍ ആഹ്ലാദ പ്രകടനമാണ് നടന്നത്
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായെ എടുത്തുയര്‍ത്തി അമ്മാനമാടിയാണ് സമരപ്പന്തലിലെ നേഴ്സുമാര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.
തുടര്‍ന്ന് മുന്‍മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്‍ സമരനേതാക്കളെ നേരിട്ട് കാണുകയും നിരാഹാരം കിടക്കുകയായിരുന്ന സിസ്റ്റര്‍ പ്രവീണക്കു വെള്ളം കൊടുത്തു സെക്രട്ടറിയേറ്റിന് മുന്‍പിലെ അനിശ്ചത കാല നിരാഹാരം അവസാനിപ്പിച്ചു.
സമരം വിജയിച്ചതിന്റെ സന്തോഷവും പിന്തുണച്ചവര്‍ക്കുള്ള നന്ദിയും ഫെസ്ബുക്കിലൂടെ നഴ്‌സിങ് സംഘടനകളായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനും ഇന്ത്യന്‍ നേഴ്സസ് അസോസിയേഷനും പോസ്റ്റ് ചെയ്തു.