നഴ്‌സുമാരോട് സര്‍ക്കാറിന് രണ്ടു നീതി; കേരളത്തില്‍ പോലീസ് പീഡനം; യു.പിയില്‍ ഉമ്മന്‍ചാണ്ടിയുടെ തലോടല്‍
Kerala
നഴ്‌സുമാരോട് സര്‍ക്കാറിന് രണ്ടു നീതി; കേരളത്തില്‍ പോലീസ് പീഡനം; യു.പിയില്‍ ഉമ്മന്‍ചാണ്ടിയുടെ തലോടല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2012, 3:14 pm

ന്യൂദല്‍ഹി: കേരളത്തിലെ നഴ്‌സുമാരുടെ സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നീക്കം നടത്തുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍. നോയ്ഡയില്‍ സമരം നടത്തുന്ന നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി മുഖ്യമന്ത്രി ഫോണില്‍ ചര്‍ച്ച നടത്തി.

ദല്‍ഹിയിലെ ആരോഗ്യമന്ത്രിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. പ്രശ്‌ന പരിഹാരാത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് യു.പി
മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉറപ്പുനല്‍കിയതായി ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം കേരളത്തില്‍ മാസങ്ങളായി നടക്കുന്ന നഴ്‌സസ് സമരം പലയിടത്തും എങ്ങുമെത്താതെ നില്‍ക്കുകയാണ്. ലേക് ഷോര്‍ പോലുള്ള വന്‍കിട ആശുപത്രിയില്‍ നഴ്‌സുമാര്‍ ഇപ്പോഴും സമരം തുടരുകയാണ്. നേരത്തെ സമരം നടന്നപ്പോള്‍ ഒത്തുതീര്‍പ്പ് കരാറുണ്ടായെങ്കിലും അത് നടപ്പായിരുന്നില്ല. ഇതെ തുടര്‍ന്ന് നഴ്‌സുമാര്‍ വീണ്ടും സമരം തുടങ്ങുകയായിരുന്നു. എന്നാല്‍ സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടാനാണ് ആശുപത്രി മാനേജ്‌മെന്റിന്റെ നീക്കം. പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ലേക് ഷോറില്‍ സമരം ചെയ്യുന്ന നഴ്‌സുമാരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരളത്തില്‍ നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രശ്‌നത്തില്‍ കാര്യമായി ഇടപെടാത്ത മുഖ്യമന്ത്രി അന്യസംസ്ഥാനങ്ങളില്‍ ഇടപെടുന്നതിന്റെ ആത്മാര്‍ത്ഥതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. മാനേജ്‌മെന്റിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

നഴ്‌സുമാരുടെ സമരം പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍ സര്‍ക്കാര്‍ ഏറെ അഭിമാനത്തോടെ ചൂണ്ടിക്കാട്ടിയ ഒന്നായിരുന്നു ലേക്‌ഷോറിലെ സമരം ഒത്തുതീര്‍പ്പാക്കിയെന്ന കാര്യം. എന്നാല്‍ സര്‍ക്കാരിന് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ നഴ്‌സുമാര്‍ വീണ്ടും സമരം ആരംഭിച്ചു. ഇവിടെ നഴ്‌സുമാര്‍ നിരാഹാര സമരത്തിലാണ്. സമരത്തില്‍ പങ്കെടുക്കുന്ന നഴ്‌സുമാരെ ഒരു കാരണവുമില്ലാതെ പിരിച്ചുവിട്ടപ്പോഴും, അവര്‍ക്കെതിരെ ആക്രമണമുണ്ടായപ്പോഴും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കേരളത്തില്‍ സര്‍ക്കാറില്‍ സ്വാധീനമുള്ള ആശുപത്രി മാനേജ്‌മെന്റ് ഇടപെട്ടാണ് സമരം അനിശ്ചിതമായി മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് ആരോപണ. ഇതിനിടെ സമരക്കാര്‍ക്ക് നേരെ പോലീസ് നടപടിയുമുണ്ടാകുന്നു. ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പോലീസ് നടപടിയെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നുണ്ട്.

Malayalam News

Kerala News in English