| Thursday, 6th September 2012, 11:44 am

മദര്‍ ആശുപത്രിയില്‍ സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: തൃശൂര്‍ മദര്‍ ആശുപത്രിയില്‍ സമരം ചെയ്ത അഞ്ച് നഴ്‌സുമാരെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന്  നഴ്‌സസ്‌ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.[]

വേതന വര്‍ധനയ്ക്കായി സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ചെയ്തത്. ഇത് സംബന്ധിച്ച് മാനേജ്‌മെന്റ് പോലീസില്‍ പരാതി നല്‍കുകയും, തുടര്‍ന്ന് സമരം ചെയ്ത അഞ്ച് നഴ്‌സുമാരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയത്.

മൂന്ന് ആവശ്യങ്ങളാണ് നഴ്‌സുമാര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടി അവസാനിപ്പിക്കുക, സസ്‌പെന്‍ഷന്‍ ഭീഷണി പിന്‍വലിക്കണം, സെക്ഷന്‍ ഡ്യൂട്ടി മാറ്റി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

പ്രശ്‌നത്തില്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും അനുഭാവപൂര്‍വ്വമായ നടപടിയുണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നഴ്‌സുമാരുടെ ഏകോപനസമിതി അറിയിച്ചു.

We use cookies to give you the best possible experience. Learn more